ഇസ് ലാമികവാസ്തുശില്‍പാവിഷ്‌കാരങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതില്‍ മതേതര- വിശ്വാസ രീതികളുടെ സമ്മിശ്രഭാവം കാണാമെന്നത് ശ്രദ്ധേയമാണ്. പള്ളികള്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. മുഹമ്മദ് നബിയുടെ കാലത്ത് പള്ളിനിര്‍മാണത്തിന് റോമന്‍ വാസ്തുകലാവിദ്യകളുപയോഗപ്പെടുത്തിയതായി കാണാനാകും.
ഇസ് ലാമികചരിത്രത്തിലെ ആദ്യത്തെ പള്ളി ഇബ്‌റാഹീം നബി പണികഴിപ്പിച്ചിട്ടുള്ള കഅ്ബ യാണ്. കഅ്ബ എന്നതിനര്‍ഥം ഘനചതുരം എന്നാണ്. അങ്ങേയറ്റം ലളിതമായാണ് അത് പണികഴിപ്പിച്ചത്.ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസും മദീനയിലെ മസ്ജിദുന്നബവിയുമാണ് ഇസ് ലാമികവാസ്തുവിദ്യയിലെ മറ്റ് ആദ്യകാല മാതൃകകള്‍.
തുണീഷ്യയിലെ ഖൈറുവാന്‍ മസ്ജിദ് ആദ്യകാല ഇസ് ലാമികചരിത്രത്തിലെ പള്ളികളുടെ മാതൃകയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ക്രിസ്ത്വാബ്ദം 670 ലാണ് അത് പണികഴിപ്പിച്ചിട്ടുള്ളത്. മിനാരവും പോര്‍ട്ടികോകളാല്‍ ചുറ്റപ്പെട്ട പള്ളിവളപ്പും നമസ്‌കാരസ്ഥലവും ചേര്‍ന്നതായിരുന്നു അക്കാലത്തെ പള്ളിമന്ദിരങ്ങള്‍.
ഉമവീകാലഘട്ടം
ഖലീഫ അബ്ദുല്‍ മലിക് (685-705)ന്റെ കാലത്ത് മസ്ജിദുല്‍ അഖ്‌സ്വായില്‍ പണിതീര്‍ത്ത ഖുബ്ബത്തുസ്വഖ്‌റാ ഇസ് ലാമികവാസ്തുശില്‍പത്തിന്റെ കിടയുറ്റ മാതൃകയാണ്. ഇത്് സിറിയയിലെയും ഫലസ്തീനിലെയും ബൈസാന്റിയന്‍ വാസ്തുനിര്‍മിതികളുമായി ഘടനാപരമായ സാമ്യം പുലര്‍ത്തുന്നത് കാണാനാകും. ആകെ ഒരു വ്യത്യാസമുള്ളത് മനുഷ്യരുടെയോ പക്ഷി-മൃഗാദികളുടെയോ രൂപങ്ങള്‍ അതില്‍ വന്നിട്ടില്ലെന്നതാണ്. അബ്ദുല്‍മലികിന്റെ പുത്രന്‍ അല്‍വലീദ് ദമസ്‌കസില്‍ പണിത പള്ളിയും മറ്റൊരു ഉദാഹരണമായി കാണാനാകും. മാര്‍ബിളും ഗ്ലാസും കൊണ്ടുള്ള അലങ്കാലവേലകളാല്‍ ആകര്‍ഷകമായിരുന്ന ആ പള്ളി 1893 ലെ അഗ്നിബാധയില്‍ നാശനഷ്ടങ്ങള്‍ക്ക് വിധേയമായി.
അബ്ബാസീ കാലഘട്ടം
നിയതമായ ഇസ് ലാമിക വാസ്തുവിദ്യ ഉരുത്തിരിഞ്ഞുവന്നത് ഈ കാലത്താണ്. ഇസ് ലാമികനാഗരികതയുടെ വൈജ്ഞാനിക- കലാചക്രവാളം വികസിപ്പിച്ച് ചരിത്രത്തിലിടംനേടിയ അബ്ബാസീ ഭരണാധികാരികള്‍ ബഗ്ദാദ് നഗരം, കൊര്‍ദോവ, സമര്‍റാ ഫുസ്ത്വാത്(ഇബ്‌നുതൂലൂന്‍ പള്ളി), എന്നിവിടങ്ങളില്‍ അതിന്റെ ദൃഷ്ടാന്തമായി നിരവധി പള്ളികളും കൊട്ടാരങ്ങളും പണിതുയര്‍ത്തി. പള്ളിക്കുപുറത്ത് മിഹ്‌റാബിന് എതിര്‍വശത്ത് ഗോപുരം പണിയുന്ന രീതി അബ്ബാസീകാലത്താണ് ആവിഷ്‌കരിച്ചത്. ഖൈറുവാന്‍ മസ്ജിദിന്റെ മിഹ്‌റാബ് മാര്‍ബിളും ടൈല്‍സുംകൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.ചതുരംഗപ്പലകയുടെ രീതിയില്‍ ചുമരിലെല്ലാം ടൈല്‍ സംവിധാനിച്ചിരിക്കുന്നു. ചെറുനമസ്‌കാരപ്പള്ളിക്ക് ഉദാഹരണമാണ് ഖൈറുവാനിലെ മൂന്നുവാതില്‍പള്ളി. തൂണ്‍നിരകളാല്‍ അലംകൃതമായ ദല്‍ഹിയിലെ ഖുവ്വതുല്‍ ഇസ് ലാം പള്ളിയും , തൂണുകള്‍ക്ക് പകരം ഒരുവശം തുറന്ന ബാരല്‍ പോലെ കമാനങ്ങളുള്ള ഇസ്ഫഹാനിലെ പള്ളിയും വാസ്തുകലയിലെ വിസ്മയങ്ങള്‍ തന്നെ.
ഉസ്മാനിയാ കാലഘട്ടം
പള്ളിനിര്‍മാണത്തിലെ വാസ്തുവിദ്യകളാല്‍ സവിശേഷമായി ശ്രദ്ധിക്കപ്പെട്ടവയാണ് 14-15 നൂറ്റാണ്ടുകളിലെ ഉസ്മാനിയകാലഘട്ടത്തിലെ ആരാധനാലയങ്ങള്‍. സല്‍ജൂഖ്, ബൈസാന്റൈന്‍, പേര്‍ഷ്യന്‍, മംലൂക് രാജവംശങ്ങളുടെയെല്ലാം വാസ്തുനിര്‍മാണവിദ്യകള്‍ അതില്‍ സന്നിവേശിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പള്ളിയുടെ അകത്തളങ്ങളില്‍ ഭാരമില്ലാതെ എന്നാല്‍ അസാധാരണവലിപ്പത്തോടെ ഖുബ്ബകള്‍ സംവിധാനിച്ചിരിക്കുന്നത് അത്ഭുതകരമാണ്. അവിടെ ഇരുട്ടുംവെളിച്ചവും തമ്മിലുള്ള സന്തുലനം പാലിച്ചിട്ടുണ്ടെന്നതാണ് എടുത്തുപറയേണ്ട സവിശേഷത. പള്ളിയുടെ മിനാരങ്ങള്‍ ഉയര്‍ത്താനുള്ള സ്തൂപങ്ങള്‍ , ഖുബ്ബകള്‍, ചതുരാകൃതിപൂണ്ട ഖുബ്ബകള്‍ ഇവയിലെല്ലാമുള്ള സാങ്കേതികമികവും സൗന്ദര്യാവിഷ്‌കാരങ്ങളും എത്രമാത്രം മികവുറ്റതാണെന്ന് തുര്‍ക്കി ഇസ്തംബൂളിലെ ബ്ലൂമോസ്‌ക് ദര്‍ശിക്കുന്നവര്‍ക്ക് ബോധ്യമാകും.
Add Comment