വിശിഷ്ടനാമങ്ങള്‍

അല്‍ മലിക് (രാജാവ്)

പരിമിതമായ അര്‍ത്ഥത്തില്‍ ഈ ശബ്ദം മനുഷ്യനെ സംബന്ധിച്ചും ഉപയോഗിക്കാറുണ്ടെങ്കിലും അല്ലാഹുവിനെക്കുറിച്ചുപയോഗിക്കുമ്പോള്‍ അതിന്റെ ആത്യന്തികവും പൂര്‍ണവുമായ അര്‍ത്ഥം കൈവരുന്നു. ഉടമസ്ഥത, പരമാധികാരം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘മലിക്’ എന്ന പദം. പ്രപഞ്ചത്തിലെ സകല സൃഷ്ടി ജാലങ്ങളുടെയും രാജാവും രാജാധിരാജനുമാണ് അല്ലാഹു. ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ‘ജനങ്ങളുടെ രാജാവ്’ (മലികിന്നാസ്) എന്നാണ്. അല്ലാഹുവിനെക്കുറിച്ച് മലിക് (രാജാവ്) മാലിക് (ഉടമസ്ഥന്‍) മലീക് (രാജാധിരാജന്‍) മാലികുല്‍ മുല്‍ക് (ആധിപത്യത്തിന്റെ ഉടമ) എന്നീ സംജ്ഞകള്‍ മാറിമാറി ഉപയോഗിച്ചിരിക്കുന്നതായി കാണാം. എല്ലാ രാജാക്കന്‍മാര്‍ക്കും ഉപരി ഒരു രാജാവുണ്ടെന്നും യഥാര്‍ത്ഥത്തില്‍ കാര്യങ്ങളുടെ നിയന്ത്രണം അവന്റെ ഹസ്തങ്ങളില്‍ നിക്ഷിപ്തമാണെന്നും മനുഷ്യരെ ബോധവാന്‍മാരാക്കുകയാണ് ഈ വിശേഷണം ചെയ്യുന്നത്.
”പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് ആധിപത്യം നീക്കിക്കളയുന്നു. ഈ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.”(ആലുഇംറാന്‍:26).
ദൈവവും അവന്റെ ദാസനും തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള ഒരു സൂചനയും ഇതിലടങ്ങിയിരിക്കുന്നു.

Topics