അലി(റ)

അലിയ്യുബ്‌നു അബീത്വാലിബ് (റ)

ഇസ്‌ലാമികചരിത്രത്തിലെ നാലാം ഖലീഫ. നബിയുടെ പിതാവിന്റെ സഹോദരനായ അബൂത്വാലിബിന്റെ മകനാണ് അലി. ഹാശിമിന്റെ മകന്‍ അസദിന്റെ പുത്രി ഫാത്തിമയാണ് മാതാവ്. ഹിജ്‌റയുടെ 23 വര്‍ഷംമുമ്പ് ആനക്കലഹവര്‍ഷം 30 റജബ് 13 ന്(ക്രി. വ. 610) ജനിച്ചു. അബുല്‍ ഹസന്‍, അബൂസ്വിബ്‌തൈന്‍, അബൂതുറാബ്, മുര്‍ത്തദാ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. നബിയുടെ സംരക്ഷണത്തിലായിരുന്നു ശൈശവത്തിലേ അലി വളര്‍ന്നത്. മക്കയില്‍ ക്ഷാമംബാധിച്ച സമയത്ത് ദരിദ്രനായ അബൂത്വാലിബിന്റെ മക്കളായ ജഅ്ഫറിനെയും അലിയെയും യഥാക്രമം അബ്ബാസ് ഇബ്‌നു അബ്ദില്‍ മുത്തലിബും നബിയും ഏറ്റെടുക്കുകയായിരുന്നു. നബിക്ക് അലിയോടുണ്ടായിരുന്ന വാത്സല്യത്തിനും സ്‌നേഹത്തിനും അതിരില്ലായിരുന്നുവെന്ന് സ്വഹാബിമാരുടെ വിവരണങ്ങളില്‍നിന്ന് മനസ്സിലാകുന്നു.

പ്രവാചകത്വം ലഭിച്ച നബിയും ഭാര്യ ഖദീജയും വീട്ടില്‍ വെച്ച് നമസ്‌കാരം ആരംഭിച്ചു. ഒരിക്കല്‍ അവര്‍ നമസ്‌കരിക്കുന്നത് കാണാനിടയായ അലി അതെക്കുറിച്ച് നബിയോട് ചോദിച്ചു. ഏകദൈവത്തെക്കുറിച്ച് വിവരിച്ച നബി, അലിക്ക് ഖുര്‍ആന്‍ കേള്‍പ്പിച്ചുകൊടുത്തു. അലി അതില്‍ ആകൃഷ്ടനായി. നബി അലിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പിതാവുമായി ആലോചിക്കാന്‍ സമയം വേണമെന്ന് അലി പറഞ്ഞു. എന്നാല്‍ പിറ്റേന്ന് രാവിലെ പിതാവുമായി ആലോചിക്കാതെ തന്നെ അദ്ദേഹം ഇസ്‌ലാംസ്വീകരിച്ചു.
പിതാവായ അബൂത്വാലിബിനോട് കൂടിയാലോചിച്ചിട്ടല്ല അല്ലാഹു തന്നെ സൃഷ്ടിച്ചതെന്നും അതിനാല്‍ അല്ലാഹുവെ ആരാധിക്കാന്‍ പിതാവിന്റെ സമ്മതം വേണമെന്നില്ല എന്നുമായിരുന്നു ബാലനായ അലി അതിന് പറഞ്ഞ ന്യായം. ഇസ്‌ലാം സ്വീകരിച്ച ആദ്യത്തെ ബാലനാണ് അലി. ഇസ്‌ലാംസ്വീകരിക്കുമ്പോള്‍ അലിക്ക് പത്തുവയസ്സായിരുന്നു പ്രായം. ജീവിതത്തില്‍ ഒരിക്കല്‍ പോലും വിഗ്രഹാരാധന നടത്തിയിട്ടില്ല. ഇക്കാരണത്താലാണ് അദ്ദേഹത്തെക്കുറിച്ച് കര്‍റമല്ലാഹു വജ്ഹഹു(അല്ലാഹു അദ്ദേഹത്തിന്റെ മുഖത്തെ ആദരിച്ചിരിക്കുന്നു) എന്ന് പറയാറുള്ളത്.

മദീനയിലേക്ക് പലായനംചെയ്ത രാത്രിയില്‍ അലിയെ തന്റെ വിരിപ്പില്‍ കിടത്തിയാണ് നബി തന്നെ വധിക്കാന്‍ വീടുവളഞ്ഞിരിക്കുന്ന ഖുറൈശികളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത്. തന്നെ ജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച അമാനത്തുകള്‍ അലിയെ ഏല്‍പിച്ചു. അവ ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ പറഞ്ഞാണ് നബി പോയത്. അമാനത്തുകളെല്ലാം അതതിന്റെ ഉടമകളെ തിരിച്ചേല്‍പിച്ചശേഷം അലിയും മദീനയിലേക്ക് യാത്രയായി. ഹിജ്‌റ രണ്ടാം വര്‍ഷം നബിയുടെ പുത്രി ഫാത്വിമയെ അലി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടുസന്താനങ്ങള്‍ പിറന്നു. അവരാണ് ഹസനും ഹുസൈനും. മറ്റു ബന്ധങ്ങളില്‍ മുപ്പതോ മുപ്പത്തിയൊന്നോ മക്കള്‍ അലിക്കുള്ളതായി റിപ്പോര്‍ട്ടുണ്ട്.
അസാമാന്യ ദേഹബലമുണ്ടായിരുന്ന അലി യുദ്ധവീരനായിരുന്നു. ബദ്ര്‍, ഉഹുദ്, ഖന്‍ദഖ്, ഹുനൈന്‍ തുടങ്ങി പ്രമുഖ യുദ്ധങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തു. ബദ്‌റില്‍ ഉത്ബയുടെ വെല്ലുവിളി സ്വീകരിച്ചു. ആദ്യം ദ്വന്ദ്വയുദ്ധത്തിനിറങ്ങിയ മൂന്നുപേരില്‍ ഒരാള്‍ അലിയായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഖുറൈശി പതാകാവാഹകനായ ത്വല്‍ഹയുടെ വെല്ലുവിളിയും അലി സ്വീകരിച്ചു. ത്വല്‍ഹ തല്‍ക്ഷണം കഥാവശേഷനായി. ബനൂനളീര്‍ ഗോത്രക്കാരുമായുള്ള യുദ്ധത്തില്‍ (ഹി. 4 ) അലി വിജയിച്ചു. ഹി. അഞ്ചാംവര്‍ഷം നടന്ന മൂന്നുയുദ്ധങ്ങളിലും (ബനൂ മുസ്ത്വലഖ്, ഖന്‍ദഖ്, ബനൂ ഖൈനുഖാഅ്)അലിക്കായിരുന്നു നേതൃത്വം. ഹിജ്‌റ ആറാംവര്‍ഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഫദക് പ്രവിശ്യയിലേക്ക് നടത്തിയ സൈനികനീക്കം രക്തചൊരിച്ചിലില്ലാതെതന്നെ അവിടം ഇസ് ലാമിന് അധീനമാക്കി. ഹുദൈബിയാസന്ധി (ഹി. 6)യുടെ കരാര്‍ എഴുതിയത് അലി(റ) ആയിരുന്നു. ഹിജ്‌റ ഏഴാംവര്‍ഷം ഖൈബര്‍ യുദ്ധത്തിന്റെ നായകത്വവും അലിക്കായിരുന്നു.
ഹൈദര്‍(വീരപുലി) എന്ന അപരനാമം അലിക്ക് നബി നല്‍കിയതാണ്. ‘ദുല്‍ഫുഖാര്‍ ‘എന്ന കരവാളും നബി അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. പാണ്ഡിത്യത്തിലും അലി സ്വഹാബികള്‍ക്ക് മാതൃകയായിരുന്നു. പ്രവാചകനുമായുള്ള നിരന്തരസമ്പര്‍ക്കം ദീനി വിഷയത്തില്‍ അലിയെ അഗാധജ്ഞാനിയാക്കി. സ്വതേയുള്ള നിരീക്ഷണപാടവം ഈ വിജ്ഞാനത്തിന് മാറ്റുകൂട്ടുകയും ചെയ്തു.
അലിയുടെ പ്രഭാഷണങ്ങളും മൊഴികളും രേഖപ്പെടുത്തിയ കൃതിയാണ് നഹ് ജുല്‍ ബലാഗഃ. ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെയും സാഹിത്യവൈഭവത്തിന്റെയും ഉദാഹരണമാണ്. ‘ഞാന്‍ വിജ്ഞാനത്തിന്റെ നഗരവും അലി അതിന്റെ കവാടവുമാണ് ‘ എന്ന് നബി അരുളിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അബൂബക്ര്‍ , ഉമര്‍, ഉസ് മാന്‍ എന്നീ ഖലീഫമാര്‍ അലിയോട് ഉപദേശം തേടാറുണ്ടായിരുന്നു.
അബൂബക്ര്‍ സിദ്ദീഖ് ഖിലാഫത്തേറ്റെടുത്ത് ആറുമാസം കഴിഞ്ഞാണ് -അപ്പോഴേക്കും ഫാത്വിമ മൃതിയടഞ്ഞിരുന്നു- അലി അദ്ദേഹത്തിന് ബൈഅത്ത് ചെയ്തതെന്ന് ഒരു അഭിപ്രായമുണ്ട്.

ഉസ്മാന്‍ വധിക്കപ്പെട്ടതിനുശേഷം മദീനക്കാരുടെ അഭ്യര്‍ഥന മാനിച്ച് അലി ഭരണമേറ്റു. മസ്ജിദുന്നബവിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍വെച്ച് ഇരുപതില്‍ താഴെ സ്വഹാബികളൊഴികെ അന്‍സ്വാറുകളിലും മുഹാജിറുകളിലും പെട്ട മുഴുവന്‍ സ്വഹാബിമാരും അലിക്ക് ബൈഅത്ത് ചെയ്തു. ഖിലാഫത്തിന്റെ തുടക്കത്തിലേ അലി ധാരാളം പ്രശ്‌നങ്ങളെ നേരിട്ടു. ഉസ് മാന്റെ ഘാതകരെ കണ്ടുപിടിച്ച് ശിക്ഷിക്കാന്‍ അലിക്ക്  കഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ച് നബി പത്‌നി ആഇശയുടെ നേതൃത്വത്തില്‍ ത്വല്‍ഹ, സുബൈര്‍ തുടങ്ങിയ സ്വഹാബിമാര്‍ അലിക്കെതിരെ സംഘടിച്ചു. തുടര്‍ന്നു നടന്ന ജമല്‍ യുദ്ധത്തില്‍ അലി ജയിച്ചു. അനന്തരം അദ്ദേഹം തലസ്ഥാനം മദീനയില്‍നിന്ന് കൂഫയിലേക്ക് മാറ്റി. സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയ അലിയുടെ ഖിലാഫത്ത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇവര്‍ തമ്മില്‍ സ്വിഫ്ഫീനില്‍ ഏറ്റുമുട്ടി. ഈ യുദ്ധത്തെ തുടര്‍ന്ന് മുസ്‌ലിംകള്‍ പരസ്പരം ഏറ്റുമുട്ടാന്‍ കാരണക്കാരായ അലി , മുആവിയ, അംറുബ്‌നുല്‍ ആസ്വ് എന്നിവരെ വധിക്കാന്‍ ഒരു കൂട്ടം ഖവാരിജുകള്‍ തീരുമാനിച്ചു. അലിയൊഴികെ രണ്ടുപേരും കൊലക്കെണിയില്‍നിന്ന് രക്ഷപ്പെട്ടു. അലിയ വധിക്കാനേറ്റ ഇബ്‌നുമുല്‍ജിം തന്റെ ദൗത്യം പൂര്‍ത്തിയാക്കി. സുബ്ഹി നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോകുന്ന വഴിമധ്യേ അലി വധിക്കപ്പെട്ടു.(ഹി. 40)
നാലരക്കൊല്ലമാണ് അലി ഭരണം നടത്തിയത്. സിറിയയും ഈജിപ്തും ഒഴികെയുള്ള പ്രദേശങ്ങള്‍ അദ്ദേഹത്തിന് അധീനമായിരുന്നു. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. നീതിപാലിക്കുന്നതില്‍ അദ്ദേഹം സ്വന്തം കുടുംബക്കാര്‍ക്കുപോലും വിട്ടുവീഴ്ച അനുവദിച്ചില്ല.
നബിക്കുശേഷം ഖിലാഫത്ത് ലഭിക്കേണ്ടിയിരുന്നത് അലി(റ)നാണ് എന്നുവാദിക്കുന്ന ആളുകളാണ് ശീഅത്തു അലി അഥവാ അലിയുടെ കക്ഷി എന്നറിയപ്പെടുന്ന വിഭാഗം(ശീഈകള്‍). ഇവര്‍ അലിയെ തങ്ങളുടെ പ്രഥമഇമാമായി ഗണിക്കുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured