അറബികളില്‍ ‘ഒന്നാമത്തെ തത്ത്വജ്ഞാനി’ എന്ന പേരില്‍ വിഖ്യാതനായ ‘അബൂയൂസുഫ് യഅ്ഖൂബ് ഇബ്‌നു ഇസ്ഹാഖ് അല്‍ കിന്ദി’ അല്‍കിന്ദി എന്നാണറിയപ്പെടുന്നു. മെസപ്പെട്ടോമിയയിലെ ബസ്വറയില്‍ എ.ഡി. 801 ല്‍ ജനിച്ചു. ഖലീഫ ഹാറൂണ്‍ അല്‍ റശീദിന്റെ കീഴില്‍ ഗവര്‍ണറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. വിദ്യാഭ്യാസം ബസ്വറ, ബഗ്ദാദ് എന്നിവിടങ്ങളില്‍ നടത്തി. ബഗ്ദാദിലെ ഖലീഫയായ അല്‍ മഅ്മൂനിന്റെ രാജസദസ്സില്‍ അംഗീകരിക്കപ്പെട്ട കൊട്ടാരവൈദ്യനും തത്ത്വജ്ഞാനിയുമായിരുന്നു അല്‍ കിന്ദി. ആംഗലേയ ദാര്‍ശനികന്‍ ജോണ്‍സ് കോട്ട്‌സിന്റെ സമകാലീനനായ അദ്ദേഹം അറബിയില്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥങ്ങളുടെ സംക്ഷിപ്തം തയ്യാറാക്കിയതോടൊപ്പം ടോളമിയുടെയും യൂക്ലിഡിന്റെയും ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനം തയ്യാറാക്കി. അരിസ്‌റ്റോട്ടിലിയന്‍ ഗ്രന്ഥങ്ങളുടെ അറബി പരിഭാഷകളെ ശുദ്ധീകരിച്ചു. ദൈ്വതത്തെ സംബന്ധിച്ച് ഏകദൈവവിശ്വാസിയായ അല്‍കിന്ദി ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതോടൊപ്പം ചിന്താതത്ത്വങ്ങളെപ്പറ്റിയും പഞ്ചമൂല്യങ്ങളെപ്പറ്റിയും പ്രബന്ധങ്ങള്‍ രചിച്ചു. മെറ്റാഫിസിക്‌സ്, ഫിസിക്‌സ് (12),എത്തിക്‌സ്, ലോജിക്(9), സൈക്കോളജി(5), മെഡിസിന്‍(22) , ഗണിതം(11), വാനശാസ്ത്രം(16), ഹസ്തരേഖാശാസ്ത്രം , പ്രകാശശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും മറ്റുമായി 241 പുസ്തകങ്ങള്‍ എഴുതി.
വസ്തു, രൂപം, ചലനം, ദേശം, കാലം എന്നിങ്ങനെ പദാര്‍ഥങ്ങളെ വിഭജിച്ച് അവ തമ്മിലുള്ള ബന്ധം വിവരിച്ചു അദ്ദേഹം. ആത്മാവിനെ നാലായി തിരിച്ച് സര്‍വശക്തനായ ദൈവമാണ് പ്രപഞ്ചത്തിന്റെ കാരണമെന്നും അനുസ്യൂതമായ പ്രത്യക്ഷതയിലൂടെ ദൈവം സ്വയംപ്രകാശിക്കുന്നുവെന്നും പ്രസ്താവിച്ചുകൊണ്ട് അസ്തിത്വത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കുകയാണ് ജീവിതത്തിന്റെ അന്തിമലക്ഷ്യമെന്ന് അദ്ദേഹം പ്രഘോഷിച്ചു.
തത്ത്വശാസ്ത്രത്തില്‍ ‘ഫീ ഹുദൂദില്‍ അശ്‌യാഇ വ റുസൂമിഹാ’ എന്ന അല്‍കിന്ദിയുടെ കൃതി ശ്രദ്ധേയമാണ്.
Add Comment