എന്റെ ഒരു സുഹൃത്ത് ഒരിക്കലെന്നെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ ദുഖിതനും, വിഷണ്ണനുമായി കണ്ട ഞാന്‍ അതിന്റെ കാരണം അന്വേഷിച്ചു. എന്റെ ചോദ്യം കേട്ടതും ആ മനുഷ്യന് തേങ്ങിക്കരയാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു ‘ശൈഖ്, എന്റെ ഭാര്യ രോഗബാധിതയാണ്. ദിവസങ്ങളായി ഞാന്‍ അവളുടെ കൂടെ തന്നെയാണ്’.
ആ മനുഷ്യന് കരയുന്നത് കണ്ട് എനിക്ക് അല്‍ഭുതം തോന്നി. എന്നെ ഞെട്ടിച്ചുകൊണ്ട് നിമിഷങ്ങള്‍ക്കകം അദ്ദേഹം ബോധമറ്റ് വീണു.സല്‍സ്വഭാവിയും ദീനിനിഷ്ഠനുമായ വ്യക്തിയായിരുന്നു അദ്ദേഹം. അല്പം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു. ‘ശൈഖ്, എന്റെ ഭാര്യയുടെ പേരില്‍ ഞാന്‍ ഇത്രമാത്രം കരയുന്നത് കണ്ട് നിങ്ങള്‍ക്ക് അല്‍ഭുതം തോന്നിയോ? അവളെക്കുറിച്ച് ഞാനറിയുന്നത് പോലെ നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എന്റെ കരച്ചിലില്‍ ഒരു അല്‍ഭുതവും തോന്നുകയില്ല.
”ചെറിയ ഒരു ജോലി ചെയ്യുന്ന തീര്ത്തുംദരിദ്രനായ മനുഷ്യനായിരുന്നു ഞാന്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഞാന്‍ അങ്ങേയറ്റം പ്രയാസപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ എന്റെ വിശ്വാസ്യതയും, നന്മയും കണ്ടറിഞ്ഞ ഒരാള്‍ സ്വന്തം മകളെ എനിക്ക് വിവാഹം ചെയ്ത് തരാനാഗ്രഹിച്ചു.അങ്ങനെയാണ് എനിക്ക് ഈ വിവാഹജീവിതം സാധ്യമായത്. എന്റെ ജീവിതം എല്ലാ അര്‍ത്ഥത്തിലും സ്വര്‍ഗീയമാക്കി മാറ്റിയ സദ്വൃത്തയായ സ്ത്രീയായിരുന്നു അവള്. ഒരു ദിവസം അവളുടെ പിതാവ് എന്റെ അടുത്ത് വന്ന് പറഞ്ഞു ‘മോനേ, അല്ലാഹുവിനെ സൂക്ഷിക്കുക. ഭാര്യക്ക് റൊട്ടിയും ഉള്ളിയും കുരുമുളകുമൊക്കെ വാങ്ങിക്കൊടുക്കൂ. ഇറച്ചിയും മറ്റും അധികം നല്‍കരുത്. പഴങ്ങളും ഇറച്ചിയും കൊഴുപ്പും തിന്ന് മടുത്തിരിക്കുകയാണ് അവള്’.
ഇതുകേട്ട ഞാനാകെ അന്തംവിട്ടിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞത് എനിക്ക് ഒട്ടും മനസ്സിലായതേയില്ല. ഒടുവില്‍ ഭാര്യയെ കണ്ട് കാര്യമന്വേഷിക്കാനുറച്ചു. അവളുടെ മറുപടി കേട്ട എനിക്ക് കാലിനടിയില്‍ ഭൂമി കറങ്ങുന്നത് പോലെ തോന്നി.
അവള് പറഞ്ഞു ‘ഞാന്‍ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അവരെനിക്ക് മാംസവും, പഴങ്ങളും മറ്റും ധാരാളമായി കൊണ്ട് വരും. ഞാനവ കഴിച്ച് മടുത്തിരിക്കുകയാണെന്ന് മറുപടി പറയുകയും ഒന്നും കഴിക്കാതിരിക്കുകയും ചെയ്യും. എനിക്ക് വേണ്ടതും അതിലധികവും എന്റെ ഭര്‍ത്താവ് വാങ്ങിത്തരാറുണ്ട് എന്നാണ് ഞാന്‍ പറയാറ്. എനിക്കിപ്പോള്‍ റൊട്ടിയും പച്ചക്കറിയും കഴിക്കാനാണ് ആഗ്രഹം എന്ന് കൂടി ഞാന്‍ പറഞ്ഞു’.
എന്റെ വീട്ടില്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണയല്ലാതെ അവള് മാംസം കണ്ടിട്ടു പോലുമില്ല എന്നതാണ് വസ്തുത. പുളിച്ച തൈരും, കുരുമുളകും പച്ചക്കറിയും തന്നെയാണ് എന്നും അവള് കഴിക്കാറുള്ളത്. ചിലപ്പോള്‍ എനിക്കും അവള്‍ക്കും വിശപ്പടക്കാന്‍ ആവശ്യമുള്ള ഭക്ഷണം പോലും ലഭിക്കാറില്ല. പക്ഷേ തന്റെ വീട്ടുകാര്‍ ഭര്‍ത്താവിനെ ആദരിക്കണമെന്നും, അദ്ദേഹത്തെ വലിയവനായി കണക്കാക്കണമെന്നും അവള് വല്ലാതെ ആഗ്രഹിച്ചു. അതിന്റെ പേരില്‍ വിശപ്പും കഷ്ടപ്പാടും സഹിക്കാനും, എന്നെ പഴിപറയാതിരിക്കാനും അവള് കരുതല്‍കാട്ടി. വളരെയധികം ക്ഷമയോടും സഹനത്തോടും കൂടി അവള് എന്റെ കൂടെ ജീവിച്ചു. ‘
ഇത്രയും പറഞ്ഞതിന് ശേഷം അദ്ദേഹം എന്നോട് ചോദിച്ചു. ‘ശൈഖ്, ഇപ്പോള്‍ മനസ്സിലായില്ലേ, ഞാനെന്തിനാണ് കരഞ്ഞതെന്ന്. ഇത് ആ ഉത്കൃഷ്ടസ്വഭാവത്തിന്റെ ഒരു ചെറുഭാഗം മാത്രമാണ്. അവളുടെ മറ്റു സ്വഭാവഗുണങ്ങള്‍ ഞാന്‍ വിശദീകരിച്ചാല്‍ താങ്കള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല’. ഇതുകേട്ട ഞാന്‍ അദ്ദഹേത്തിന്റെ തല കൈ കൊണ്ട് ഉയര്‍ത്തിയതിന് ശേഷം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.
ആ മനുഷ്യന്റെ കഥ കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ഞാനറിയാതെ നിറഞ്ഞൊഴുകി. എത്ര മഹതിയായ ഭാര്യയെയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് എന്നതില്‍ എനിക്ക് വല്ലാത്ത സന്തോഷം അനുഭവപ്പെട്ടു. തന്റെ നാഥന്റെ തൃപ്തി കാംക്ഷിച്ച് ഭര്‍ത്താവിന്റെ തൃപ്തി നേടിയെടുത്ത് വിഷമങ്ങള്‍ സഹിച്ച് ജീവിച്ച ആ സ്ത്രീയില്‍ നിന്ന് തന്നെയാണ് നാം പാഠം ഉള്‍ക്കൊള്ളേണ്ടത്.
ശൈഖ് അബൂഇസ്ഹാഖ് അല്ഹുവൈനി
Add Comment