തീര്‍ത്തും അസ്വസ്ഥനായാണ് അയാള്‍ എന്റെയടുത്ത് വന്നത്. അദ്ദേഹത്തിന്റെ ഭാവഹാവങ്ങളില്‍ ദുഖവും കോപവും പ്രകടമായിരുന്നു. തന്റെ ഭാര്യ അനുവര്‍ത്തിക്കുന്ന പ്രവൃത്തികളായിരുന്നു അയാളുടെ പ്രശ്‌നം. അദ്ദേഹം എന്നോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു ‘അല്ലാഹുവാണ, ഞാന്‍ അവളുടെ കാര്യത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. എത്രയെത്ര സമ്മാനങ്ങളാണ് ഞാന്‍ അവള്‍ക്ക് കൊടുത്തത്! എത്രയെത്ര തവണ ഞങ്ങള്‍ പുറത്ത് പോവുകയും ഉല്ലസിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരിക്കുന്നു! അവളുടെ കുടുംബത്തോട് ഏറ്റവും നന്നായി തന്നെയാണ് ഞാന്‍ വര്‍ത്തിച്ചിരുന്നത്. പക്ഷേ, എന്നിട്ടും എനിക്ക് അവള്‍ സമ്മാനിച്ചത് വിവാഹജീവിതത്തോടും, സ്ത്രീകളോടുമുള്ള വെറുപ്പ് മാത്രമായിരുന്നു. അത്രമാത്രം അവളെന്നെ ഉപദ്രവിച്ചിരിക്കുന്നു.
എനിക്ക് അവളുടെ കൂടെ ജീവിക്കാന്‍ കഴിയില്ല. അവള്‍ മിക്കവാറും തൃപ്തിയില്ലാതെയാണ് എന്റെ കൂടെ കഴിയുന്നത്. എന്റെ കല്‍പനകള്‍ ധിക്കരിക്കുകയും ദിവസങ്ങളോളം എന്നോട് പിണിങ്ങി മാറിക്കിടക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു സ്ത്രീയെ ഞാനെന്തിന് കൊണ്ട് നടക്കണം? അവളുടെ കൂടെ ജീവിക്കുന്ന ഓരോ നിമിഷങ്ങളിലും വേദനയുടെ കയ്പുനീര്‍ കടിച്ചിറക്കുകയാണ് ഞാന്‍’.
ഇത്രയും പറഞ്ഞ് അദ്ദേഹം മൗനം പാലിച്ചു. ഞാന്‍ വീണുകിട്ടിയ അവസരം മുതലെടുത്ത് സംസാരത്തിലേക്ക് കടന്നു. ‘നമുക്ക് ഈ വിഷയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താം. താങ്കള്‍ക്ക് ഇഷ്ടമുള്ള ജ്യൂസ് ഏതാണ്? ആപ്പിള്‍ അതല്ല സ്േ്രടാബറി? അദ്ദേഹം പറഞ്ഞു ‘എനിക്ക് കുടിക്കാനൊന്നും വേണ്ട. എന്റെ ഭാര്യയുടെ കൂടെ കുടിച്ചിറക്കിയ കയ്പുനീരുകള്‍ തന്നെ ധാരാളം’. ഞാന്‍ കുറച്ച് കൂടി നിര്‍ബന്ധിച്ച് ചോദിച്ചു ‘ഇവയില്‍ ഏതാണ് താങ്കള്‍ക്ക് ഇഷ്ടം?’.
‘താങ്കള്‍ക്ക് നിര്‍ബന്ധമെങ്കില്‍ ആപ്പിള്‍ ജ്യൂസ് എടുക്കാം’ എന്ന് ആഗതന്‍ മറുപടി പറഞ്ഞു.
‘ഇരുമ്പ് ചഷകത്തിലാണോ, അതല്ല ഗ്ലാസിലാണോ താങ്കള്‍ക്ക് പാനീയം കുടുക്കാന്‍ ഇഷ്ടം? എന്നായി ഞാന്‍. ചില്ലുഗ്ലാസില്‍ മതി എന്ന് അദ്ദേഹം മറുപടി പറഞ്ഞു. നല്ല വൃത്തിയുള്ള ചഷകമാണോ താങ്കള്‍ക്ക് ഇഷ്ടം അതല്ല, വിരലുകളുടെ അടയാളം പതിഞ്ഞ അല്‍പം പൊടിപുരണ്ട ചഷകം സ്വീകരിക്കുമോ? എന്ന് ഞാന്‍ ചോദിച്ചു. വിരലടയാളം പതിയാത്ത, വൃത്തിയുള്ള ചഷകമാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് തരം ട്രേയിലാണ് ഗ്ലാസ് വെക്കേണ്ടത്? സ്റ്റീല്‍ കൊണ്ടുള്ളതിലോ, അതോ ഫൈബര്‍ നിര്‍മിതമോ? സ്റ്റീല്‍ നിര്‍മിതമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിന് അല്‍പം തുരുമ്പ് ബാധിച്ചാല്‍ കുഴപ്പമുണ്ടോ? എന്ന ചോദ്യത്തിന് ‘തുരുമ്പില്ലാത്തതാണ് എനിക്ക് വേണ്ടത്’ എന്ന് അദ്ദേഹം പ്രതിവചിച്ചു. സ്വര്‍ണനിറത്തിലുള്ളതോ, അതോ വെള്ളി നിറത്തിലുള്ളതോ നിങ്ങള്‍ക്ക് വേണ്ടത്? എനിക്ക് വെള്ളിനിറത്തിലുള്ളതാണ് വേണ്ടത്. ശീതീകരിച്ച മുറിയില്‍ വെച്ചാണോ, അതല്ല ചൂടുള്ള സ്ഥലത്ത് വെച്ചാണോ താങ്കള്‍ക്ക് അത് കുടിക്കേണ്ടത്? തീര്‍ച്ചയായും ശീതീകരിച്ച മുറി തന്നെയാണ് വേണ്ടത്. ജനവാതിലിലൂടെ മനോഹരമായി പ്രകൃതി ആസ്വദിക്കാന്‍ കഴിയുന്ന മുറിയാണോ, ജനവാതില്‍ ഇല്ലാത്ത മുറിയാണോ ആവശ്യം? ജനവാതിലുള്ള, മനോഹരമായ പ്രകൃതിഭംഗി കാണാന്‍ കഴിയുന്ന മുറി തന്നെയാണ് വേണ്ടത്.
എല്ലാറ്റിനും ശേഷം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ് തുടങ്ങി. ഒരു ജ്യൂസ് കുടിക്കുന്നതിന് മാത്രം താങ്കളുടെ മനസ്സിലുള്ള നിബന്ധനകള്‍ ആണ് നാം കണ്ടത്. ആപ്പിള്‍ എപ്പോഴും ലഭ്യമാണ് പക്ഷേ സ്‌ട്രോബറി അതിന്റെ സീസണില്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്ന് കരുതി ആപ്പിളിന് പകരം ഞാന്‍ സ്‌ട്രോബറി ജ്യൂസ് തന്നാല്‍ താങ്കള്‍ക്ക് എങ്ങനെയുണ്ടായിരിക്കും? ചഷകത്തിന് പുറത്തെ വിരലടയാളം പാനീയത്തിന്റെ രുചിയെ സ്വാധീനിക്കുകയല്ല എന്ന അടിസ്ഥാനത്തില്‍ താങ്കള്‍ക്ക് ഞാന്‍ അങ്ങനെയുള്ള ചഷകത്തില്‍ പാനീയം തന്നാല്‍ എന്താണ് കുഴപ്പം? ജ്യൂസ് വെക്കുന്ന ട്രേക്ക് ജ്യൂസുമായി ബന്ധമില്ലെന്നത് കൊണ്ട് ഞാന്‍ ഫൈബറിന്റെ ട്രേയില്‍ താങ്കള്‍ക്ക് ജ്യൂസ് കൊണ്ട് വന്നാല്‍ എന്താണ് സംഭവിക്കുക? ശീതീകരണം ശരീരത്തിന് ദോഷകരമാണ് എന്നത് കൊണ്ട് അല്‍പം ചൂടുള്ള റൂമില്‍ വെച്ച് താങ്കള്‍ക്ക് പാനീയം തന്നാല്‍ എന്താണ് കുഴപ്പം? കൂടുതല്‍ ജനലുകള്‍ താങ്കളുടെ ചിന്തയെ ശിഥിലമാക്കിയേക്കാം എന്നത് കൊണ്ട് സാധാരണ മുറിയില്‍ വെച്ച് താങ്കള്‍ക്ക് പാനീയം നല്‍കിയാല്‍ കുഴപ്പമെന്താണ്?
‘ഇല്ല കുഴപ്പമൊന്നുമില്ല’ എന്ന് അദ്ദേഹം ഉത്തരം നല്‍കി. താങ്കള്‍ താങ്കളുടെ ഭാര്യയെ തൃപ്തിപ്പെടുത്താന്‍ പല നന്മകളും ചെയ്യുന്നുവെന്നത് സത്യമാണ്. പക്ഷേ അവ താങ്കള്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ്, അവള്‍ ഇഷ്ടപ്പെടുന്ന രീതിയിലല്ല എന്നതാണ് പ്രശ്‌നം. നാം ഉദ്ദേശിക്കുന്ന വിധത്തില്‍ നമ്മുടെ ഇണയെ സന്തോഷിപ്പിക്കാനല്ല, അവള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ അവളെ സന്തോഷിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്.
അദ്ദേഹം അല്‍പനേരം മൗനം പാലിച്ചു. തന്റെ മുതുക് കസേരയിലേക്ക് ചേര്‍ത്ത്, ഇരുകൈകളില്‍ തലയൂന്നി അദ്ദേഹം ഇരുന്നു. അദ്ദേഹം കേട്ടത് അദ്ദേഹത്തെ പിടിച്ച് കുലുക്കിയിരിക്കുന്നുവെന്ന് തോന്നുന്നു. ശേഷ്ം അദ്ദേഹം പറഞ്ഞു. ‘ചിലപ്പോള്‍ ഇത് തന്നെയായിരിക്കും എനിക്കും അവള്‍ക്കുമിടയില്‍ സംഭവിച്ചത്’.
ഞാന്‍ പറഞ്ഞു ‘ഏകദേശം എല്ലാ ദാമ്പത്യ ബന്ധങ്ങളിലും സംഭവിക്കുന്ന വീഴ്ചയാണ് ഇത്. സുഹൃദ്ബന്ധങ്ങളില്‍ പോലും വിള്ളലേല്‍പിക്കാന്‍ ഇത് കാരണമാവാറുണ്ട്.
ഡോ. മുയസ്സറഃ ത്വാഹിര്‍
Add Comment