ഏറ്റവും മനോഹരമായ ചില വൈകുന്നേരങ്ങളില്‍ നിങ്ങള്‍ രണ്ടുപേരും ഒരു മരച്ചുവട്ടില്‍ ആഹ്ലാദിക്കുന്ന നേരം. കുളിരണിയിപ്പിക്കുന്ന മന്ദമാരുതന് നിങ്ങളെ തലോടുന്നുണ്ട്. ആകാശം പ്രകാശത്തെ ഇരുട്ടു പുതപ്പിക്കാന്‍ തിടുക്കംകൂട്ടുന്നു. ഇണയുടെ കൈവിരലുകള്‍ നിങ്ങളുടെ അഴകാര്‍ന്ന മുടിയിഴകള്‍ക്കിടയിലൂടെ പതിയെ ചലിച്ച് കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ കൂടുതല്‍ കാതരമായി നിങ്ങളെ തന്നെ നോക്കി നില്ക്കുന്നു. പ്രിയതമന്റെ സ്നേഹവും പരിഗണനയും ലഭിക്കുന്ന മാത്രയില്‍ നിങ്ങളുടെ കണ്ണുകളില്‍ പ്രകാശം നിറയുകയും മുഖം ചുവന്ന് തുടുക്കുകയും ചെയ്യുന്നു
അത്യുല്‍സാഹത്തോടെ കുഞ്ഞുവര്‍ത്തമാനങ്ങളുമായി നിങ്ങള്‍ അദ്ദേഹവുമായി സല്ലപിക്കുന്നു. നിങ്ങളുടെ വീട്ടുകാരുടെ പ്രശ്നങ്ങള്‍, പിതാവിന്റെ ചീത്ത സ്വഭാവം, സഹോദരിയുടെ ന്യൂനത, പ്രിയതമന് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ ഭൂതകാലം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ സംസാരത്തില്‍ കടന്ന് വരുന്നു. നിങ്ങള്‍ നിങ്ങളെക്കുറിച്ച് വിശ്വസിക്കുന്ന കാര്യങ്ങള്‍, പോരായ്മകള്‍, മറ്റുള്ളവര്‍ക്ക് നിങ്ങളെക്കുറിച്ച നല്ലതും മോശപ്പെട്ടതുമായ അഭിപ്രായങ്ങള്‍ തുടങ്ങിയവയും സംസാരത്തിന് വിഷയീഭവിക്കുന്നു.
സഹോദരീ, നിങ്ങളിത്തരം സുന്ദരനിമിഷങ്ങളെയാണ് സൂക്ഷിക്കേണ്ടത്. പ്രിയതമന് നിങ്ങളെ അനുരാഗത്തോടെ സമീപിക്കുമ്പോള്‍ മേല്പറഞ്ഞ വിധത്തില്‍ വായാടിയായി സംസാരിക്കുകയല്ല വേണ്ടത്. നിങ്ങളോടൊപ്പം ഏറ്റവും മനോഹരമായ നിമിഷങ്ങളെയാണ് അനുരാഗിയായ പ്രിയതമന് ആഗ്രഹിക്കുന്നത്. അത്തരം സുവര്‍ണനിമിഷങ്ങളെ ആവലാതികളും, പ്രശ്നങ്ങളും നിരത്തി മുഷിപ്പിക്കുകയോ, തകര്‍ത്ത് കളയുകയോ അരുത്. ഇണയുടെ മുന്നില്‍ ആവലാതികളും പരാതിയും ബോധിപ്പിക്കാനുള്ള അവസരമായി അത്തരം നിമിഷങ്ങളെ നിങ്ങള്‍ തെറ്റിദ്ധരിക്കരുത് നിങ്ങളുടെ വേദന നിറഞ്ഞ അനുഭവങ്ങളും, മനസ്സില്‍ തളം കെട്ടി നില്ക്കുന്ന ദുരിതങ്ങളും, പഴയകാല രഹസ്യങ്ങളും ഒരുവേള തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കാം നിങ്ങള്‍ വാരിവലിച്ച് പുറത്തിടുന്നത്.
നിങ്ങളുടെ ഭാരം നിറഞ്ഞ തല അദ്ദേഹത്തിന്റെ ചുമലില്‍ വെക്കുന്നു. പഴയനാളുകളിലെ കയ്പേറിയ ഓര്‍മകളിലൂടെ ശ്വാസോച്ഛാസം ചെയ്യുന്നു. മനസ്സില്‍ നിശ്ചലമായി കിടന്നിരുന്ന വേദനകള്‍ക്ക് ജീവന് പകരുന്നു. ആ സ്മരണകളും, മുറിവുകളുമാണ് നിങ്ങളെന്ന്് ധരിപ്പിക്കുംവിധം അവയെ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു. അവയില്ലാതെ നിങ്ങളില്ലെന്ന മട്ടില്‍! ‘ഏതാനും മുറിവുകളും, വേദനകളും നിറഞ്ഞ ഒരു പിണ്ഡമാണ് ഞാന്‍’ എന്ന് സ്വന്തം ഇണയോട് പറയുന്നത് പോലെയാണ് കാര്യങ്ങള്‍.
ഇണയെന്ത് ചെയ്യാന്‍? പ്രിയതമന്റെ അനുരാഗത്തോടെ നിങ്ങളെ സമീപിച്ച അദ്ദേഹം പതിയെ ഒരു പിതാവിന്റെ സ്ഥാനത്തേക്ക് മാറുന്നു. ദുഖവും സങ്കടവും കേട്ട് മനസ്സലിഞ്ഞ് വാല്‍സല്യത്തോടെ നിങ്ങളെ തലോടുന്നു. നിങ്ങളുടെ പ്രിയകാമുകന്റെ / ഇണയുടെ സ്ഥാനത്തേക്ക് മാറാന്‍ ഇനിയദ്ദേഹത്തിന് ആവില്ല. കാരണം ആ സുവര്‍ണ നിമിഷങ്ങളെ നിങ്ങള്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും സന്തോഷഭരിതനായി വന്ന വ്യക്തിയെ ദുഖിപ്പിക്കുന്ന പ്രവൃത്തിയാണ് നിങ്ങള്‍ ചെയ്തത്.
ഇണക്ക് മേല്‍ നിങ്ങള്‍ മോശം പ്രവര്‍ത്തിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തെ മുറിവേല്പിച്ചിരിക്കുന്നു. കുളിരണിയിപ്പിക്കുന്ന പ്രണയത്തിന് മേല്‍ തീമഴ വര്ഷച്ചിരിക്കുന്നു. നിങ്ങള്‍ക്ക് തന്നെ ലഭിക്കേണ്ടിയിരുന്ന ആനന്ദത്തിന് പകരം നാശത്തെ തോളിലേറ്റിവന്നിരിക്കുന്നു! സ്വന്തത്തിന് നന്മ വരാന്‍ ആഗ്രഹിക്കാത്തവരുടെ ഗണത്തിലാണോ നിങ്ങള്‍? സ്വയം സന്തോഷം ആഗ്രഹിക്കാത്തവളാണോ നിങ്ങള്‍?
പ്രണയത്തെ ഭയക്കുന്ന, അനുരാഗത്തില്‍ നിന്ന് ഒളിച്ചോടുന്ന, താനതിന് അര്‍ഹയല്ല എന്ന് കരുതുന്ന പ്രിയതമകളുണ്ടോ? അതല്ല, പ്രണയത്തെ എങ്ങനെ നേരിടയണമെന്നും, അനുരാഗനിമിഷങ്ങളെ എങ്ങനെ സ്വീകരിക്കണമെന്നും അറിയില്ല എന്നതാണോ നിങ്ങളുടെ പ്രശ്നം?
വേദനകളും, ആവലാതികളും നിരത്തിവെക്കാന്‍ ഒരു വ്യക്തിയെ തേടി നടക്കുകയായിരുന്നു ഇത്രയും വര്‍ഷം എന്നാണ് നിങ്ങളുടെ സമീപനം സൂചിപ്പിക്കുന്നത്. ഇണയെ ലഭിച്ച മാത്രയില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് വേദനാജനകമായ അനുഭവങ്ങള്‍ മാത്രം! നിങ്ങള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. വേദനയിലേക്കുള്ള കാല്‍വെയ്പുകളാണ് നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുറിവുകളില്‍ മുളക് തേക്കുന്നതിന് സമാനമാണ് നിങ്ങളുടെ പ്രവൃത്തി.
നിങ്ങള്‍ ബുദ്ധിമതിയായ തുണയാവുകയാണ് വേണ്ടത്. പൂര്‍ണ പക്വതയെത്തിയ, മുഖപ്രസന്നതയുള്ള സുന്ദരിയെയാണ് ഇണക്ക് ആവശ്യം. പുരുഷന് എത്ര പരുഷമായി തുടങ്ങിയാലും പ്രണയാര്ദ്രമായിരിക്കണം സ്ത്രീയുടെ സമീപനം. സ്നേഹവും വാല്സല്യവും ചേര്‍ന്നതാണ് സ്ത്രീ.
പുരുഷന്റെ സ്നേഹ പ്രകടനങ്ങള്‍ വളരെ അപൂര്‍വമായേ സ്ത്രീക്ക് ലഭിക്കുകയുള്ളൂ. അത്തരം സുവര്‍ണനിമിഷങ്ങളെ മധുരസ്മരണയാക്കുന്നവളാണ് ബുദ്ധിമതിയായ ഇണയും തുണയും. മറിച്ച് ആ നിമിഷങ്ങളെ കണ്ണീര് തളം കെട്ടിയ കണ്ണുകളുമായി സമീപിക്കുന്നത് എത്ര വലിയ അബദ്ധമാണ്!
ഡോ. നാഇമഃ ഹാശിമി
Add Comment