ഖുര്‍ആന്‍-ലേഖനങ്ങള്‍

വിശുദ്ധ ഖുര്‍ആന്റെ ദൃശ്യകലാവിരുന്ന്!

ഖുര്‍ആന്‍ ചിന്തകള്‍- ഭാഗം1

തീര്‍ച്ചയായും വിശുദ്ധ ഖുര്‍ആന്റെ ആവിഷ്‌കാരത്തില്‍ ഒരു കലയുണ്ട്. സര്‍വാധിപതിയായ പ്രപഞ്ചനാഥന്റെ വചനങ്ങള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ഒരു പ്രത്യേക വശ്യതയും ഹൃദ്യതയും ഉണ്ടെന്ന വസ്തുത നിസ്തര്‍ക്കമാണ്. സകല വിജ്ഞാനങ്ങളുടെയും ഉറവയും കലവറയുമാണത്. ഹ്രസ്വമായ വിരാമങ്ങളും ക്ഷിപ്രസാധ്യമായ അനുരണനങ്ങളും ആഘാതങ്ങളും, വര്‍ധമാനമായ ദൃശ്യങ്ങളും അഗാധമായ സ്വാധീനങ്ങളും ശക്തമാര്‍ന്ന പ്രഹരങ്ങളും വൈവിധ്യമാര്‍ന്ന ചിത്രങ്ങളും കൊണ്ട് സമ്പന്നമാണത്. നിറഞ്ഞിരിക്കുന്നു. കൃത്യമായ പദപ്രയോഗങ്ങളും അടുക്കടുക്കി വെച്ച അക്ഷരങ്ങളും അതിനെ ഇമ്പമാര്‍ന്നതാക്കുന്നു. ഓരോ പദങ്ങളും കൃത്യമായ സ്ഥലങ്ങളില്‍ അടുക്കിവെക്കപ്പെട്ടിരിക്കുന്നു. ഓരോ അക്ഷരങ്ങള്‍ പോലും അതതിന്റെ സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നു. അതിലെ ഓരോ സൂക്തങ്ങളും അതിന്റെതായ കലയും മാധുര്യവും പ്രതിനിധീകരിക്കുന്നു. എല്ലാത്തിലുമുപരി പടച്ച റബ്ബിന്റെ വചനങ്ങളായത് കൊണ്ട് അതില്‍ ഒരു വൈരുധ്യവും ആര്‍ക്കും കാണാന്‍ സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ വായിക്കുമ്പോള്‍,അതിന്റെ ഓരോ അക്ഷരത്തിനു പിന്നില്‍ പോലും റബ്ബിന്റെ കൃത്യമായ യുക്തിബോധം നമുക്ക് മനസ്സിലാകും. ചില പദങ്ങള്‍ വൈവിധ്യാസ്വാദനമുള്ള ദൃശ്യങ്ങള്‍ പങ്ക് വെക്കുമ്പോള്‍ , വേറെചില പദങ്ങള്‍ മസ്തിഷ്‌ക്കങ്ങളെ മഥിക്കുന്ന ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു. ചില അക്ഷരങ്ങള്‍ അതിലടങ്ങിയ ആശയഗാംഭീര്യത്തെ തന്നെ പ്രതിഫലിപ്പിക്കുന്നുണ്ട്. അത് എവ്വിധമെന്ന് ആവിഷ്‌കരിക്കാന്‍ പോലും നാം അശക്തരാകുകയാണ്.

വിശുദ്ധ ഖുര്‍ആനിന്റെ ഗദ്യ സാഹിത്യം ബുദ്ധിമണ്ഡലങ്ങളുമായി അഭിരമിക്കുമ്പോള്‍ അതിന്റെ പദ്യ സാഹിത്യം ഹൃദയങ്ങളുമായി സല്ലപിക്കുന്നു. ദൃഷ്ടികളെ അത് ആവാഹിക്കുമ്പോള്‍ തന്നെ കണ്ണുകളെയും ആശ്ലേഷിക്കുന്നു. ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും ഒരുപോലെ തലോടുന്നു. ചിന്തകളെയും ഭാവനകളെയും അത് പിടിച്ചുലക്കുന്നു. മനുഷ്യ ഹൃദയങ്ങളിലേക്ക് വഴിഞ്ഞൊഴുകുന്നു. ആദ്യകാല സ്വഹാബികള്‍ മാത്രമായിരുന്നില്ല വിശുദ്ധ ഖുര്‍ആനിന്റെ ഈ കലാത്മകത തിരിച്ചറിഞ്ഞിരുന്നത്. കൊടിയ ശത്രുക്കളും പ്രതിയോഗികളും അതെക്കുറിച്ച് ബോധവാന്‍മാരായിരുന്നു. അത് കൊണ്ടാണ് അബു ജഹ്ല്‍ വലീദ് ബ്‌നു മുഗീറയെ സമീപിച്ച് കൊണ്ട് ആവശ്യപ്പെട്ടത്: ‘ മുഹമ്മദ് ഉരുവിടുന്ന വചനങ്ങളെ കുറിച്ച് കൃത്യമായ ഒരു വിധി പറയണം ‘ . വലീദ് ബ്‌നു മുഗീറ പ്രായം കൊണ്ടും, ഭാഷാ പാണ്ഡിത്യം കൊണ്ടും അറബി വ്യാകരണത്തിന്റെ ഉത്തുംഗങ്ങളില്‍ സഞ്ചരിച്ച ഒരു കാരണവര്‍ ആയിരുന്നല്ലോ. ആ വലീദ് പോലും പറഞ്ഞതിങ്ങനെ:
“.والله، إن لقوله الذي يقوله لحلاوة، وإن عليه لطلاوة، وإنه لمثمر أعلاه، مغدق أسفله، وإنه ليعلو ولا يعلى، وإنه ليحطم ما تحته”‘തീര്‍ച്ചയായും ഇതിനൊരു മാധുര്യമുണ്ട്. ഉറപ്പായും ഇതിനൊരു വശ്യതയുണ്ട്. ഇതിന്റെ മുകള്‍ ഭാഗം കായ്ക്കനികള്‍ നിറഞ്ഞ് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. അതിന്റെ തായ്‌വേരുകള്‍ ഭൂമിയിലേക്ക് ആഴത്തില്‍ പടര്‍ന്നിറങ്ങുകയും ചെയ്തിരിക്കുന്നു. അത് അതിജീവിച്ച് കൊണ്ടേയിരിക്കും അതിനെ തോല്‍പ്പിക്കാന്‍ ഒരു മനുഷ്യജന്‍മത്തിനും സാധ്യമല്ല’. ഇങ്ങനെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ പോലും കൃത്യമായി വിശുദ്ധ ഖുര്‍ആനിന്റെ ഈ ആവിഷ്‌കാര വശ്യതയെ തിരിച്ചറിഞ്ഞിരുന്നു. ‘ഖുര്‍ആന്‍ പാരായണം കേള്‍ക്കാനിടയായ നിങ്ങള്‍ അപസ്വരങ്ങള്‍ ഉയര്‍ത്തിയും കൂകി വിളിച്ചും ജനശ്രദ്ധ തിരിച്ച് വിടുക. ‘ എന്ന് ജനങ്ങളോട് കല്‍പ്പിക്കാന്‍ അബൂ ജഹലിനെയും വലീദിനെയും ഉദ്യുക്തരാക്കിയത് ഈ തിരിച്ചറിവാണ് . വിശുദ്ധ ഖുര്‍ആനിന്റെ അഭൗമമായ മാസ്മരികതയെയും വശ്യതയെയും വെല്ലു വിളിച്ച് മറ്റൊരു പ്രസ്താവന നടത്താന്‍ കഴിയാതെ വലീദ് നിസ്സഹായനായി നില്‍ക്കുന്ന ചരിത്രം നമുക്കജ്ഞാതമല്ല.

അറബികളുടെ ഭാഷാ വ്യവഹാരങ്ങളില്‍ ഉപയോഗിക്കപ്പെടാത്ത ഒരൊറ്റ അക്ഷരവും വിശുദ്ധ ഖുര്‍ആനില്‍ ഇല്ല. അവര്‍ കവിതകളും കഥകളും ഉണ്ടാക്കിയ അതേ അക്ഷരം കൊണ്ട് തന്നെയാണ് അല്ലാഹു അവരോട് സംസാരിച്ചത്. ഒരിക്കലും ഒരു മനുഷ്യനും രചിക്കാന്‍ കഴിയാത്ത വശ്യവചസ്സായി അതിന്നും നിലനില്‍ക്കുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യന്റെ മസ്തിഷ്‌കത്തോട്, മനസ്സിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. അവന്റെ പ്രശ്‌നങ്ങളെയും പ്രവണതകളെയും അഭിമുഖീകരിച്ചുകാണ്ടിരിക്കുന്നു. അവന്റെ ആശയങ്ങളോടും ആഗ്രഹങ്ങളോടും സംവദിച്ചു കൊണ്ടിരിക്കുന്നു. അവന്റെ നിരീക്ഷണങ്ങളോടും ഗവേഷണങ്ങളോടും ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്നു. തലമുറ തലമുറകളെ അത് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അവസാന വാക്ക് പറയാന്‍ കെല്‍പുള്ളവരായിരുന്നു അന്നത്തെ അറബികള്‍. പക്ഷേ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ഭാഷയെയും സാഹിത്യത്തെയും പുനര്‍ നിര്‍വചിച്ചു കൊണ്ടായിരുന്നു. സാമ്പ്രദായികവും ചിരപരിചിതവുമായ ഗദ്യ-പദ്യ രചനാ രീതികളെ വെല്ലുവിളിക്കുകയായിരുന്നു അത്. ഭൗതികേതരമായ ലോക പരിസരത്തെയും അവിടത്തെ യാഥാര്‍ത്ഥ്യങ്ങളെയും തൊട്ടറിയാനുള്ള ക്ഷമത മനുഷ്യന് ഇല്ലാതെ പോയത് കൊണ്ടാണ് പ്രതിഭാധനനായിട്ടു പോലും അവന്റെ ആവിഷ്‌കാരങ്ങള്‍ക്ക് അലൗകികാനുഭൂതി പകരാന്‍ കഴിയതിരുന്നത്. മര്‍യം അധ്യായം ഒരുക്കിയിട്ടുള്ള ദ്യശ്യ വിരുന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതെ വയ്യ, അതിലെ നാടകീകരണം, അതിലെ വാങ്മയ ചിത്രങ്ങള്‍ എല്ലാം ഒരു വായനക്കാരന് നല്‍കുന്ന അനുഭൂതി എത്രമേല്‍ അനിര്‍വചനീയമാണ്!
സാഹിത്യവും സംഗീതവും മാധുര്യവും സമന്വയിച്ച ഖുര്‍ആന്റെ അലൗകികമായ ഭാഷാസൗന്ദര്യത്തിന് മുന്നില്‍ നിഷേധികളായ അറബികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ദൈവികഗ്രന്ഥത്തിലെ ഒരു അധ്യായത്തിനെന്നല്ല, ഒരു സൂക്തത്തിന് പോലും പകരം കണ്ടെത്താന്‍ ഭാഷയുടെ ചക്രവര്‍ത്തിമാര്‍ക്ക് കഴിഞ്ഞില്ല എന്നത് ഖുര്‍ആനിന്റെ അമാനുഷികതയെ ഊട്ടിയുറപ്പിക്കുകയാണ്. തൂലികകള്‍ തോറ്റ് പോകുന്ന വിശുദ്ധ ഖുര്‍ആന്റെ ചാരത്ത് സമയം ചിലവഴിക്കാന്‍ പടച്ച റബ്ബ് നമുക്ക് തൗഫീഖ് നല്‍കട്ടെ..!

(തുടരും)

ഹാഫിള് സല്‍മാനുല്‍ ഫാരിസി

Topics