അമാനുഷികത

ഫറോവയുടെ മമ്മിയും മോറീസ് ബുക്കായിയും

1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മി കണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കമ്പ്യൂട്ടര്‍ മുഖേന വളരെ സൂക്ഷ്മമായി പരിശോധന നടത്തി വിവരങ്ങളറിയാന്‍ സാധിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തത്. 1981-ല്‍ ഫ്രാന്‍സോ മത്‌റാന്‍ ഫ്രാന്‍സിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഘട്ടത്തില്‍ ഫറോവയുടെ മമ്മിയെ സൂക്ഷിക്കാന്‍ ഫ്രാന്‍സിനെ അനുവദിക്കണമെന്ന് ഈജിപ്തിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലെ പാരീസ് വിമാനത്താവളത്തില്‍ ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെ മമ്മിക്ക് രാജകീയസ്വീകരണം നല്‍കി. പിന്നീട് ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെ പ്രത്യേക വിഭാഗത്തിലേക്ക് ആ മമ്മിയെ മാറ്റി. അവിടത്തെ ഏറ്റവും വിദഗ്ദരായ പുരാവസ്തു ശാസ്ത്രജ്ഞരും സര്‍ജറി വിദഗ്ദന്‍മാരും പ്രസ്തുത മമ്മിയെക്കുറിച്ച ഗവേഷണപഠനങ്ങളില്‍ ഏര്‍പെട്ടു.

മമ്മിഗവേഷണത്തിലെ സര്‍ജറിവിഭാഗം വിദഗ്ദര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഫ്രഞ്ചുകാരന്‍ തന്നെയായിരുന്ന മോറീസ് ബുക്കായ് ആയിരുന്നു. ഫ്രഞ്ചുക്രൈസ്തവ കുടുംബത്തില്‍ പിറന്ന, വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്‍സിലെ അറിയപ്പെടുന്ന സര്‍ജനായിരുന്നു. ഫ്രഞ്ച് അക്കാദമി 1988-ല്‍ ചരിത്രത്തില്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മിയുടെ പഴക്കം, അതിന്റെ ശരീരത്തിന് സംഭവിച്ച മാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശാസ്ത്രജ്ഞന്‍മാര്‍ മുഖ്യമായും പരിശോധിച്ചത്. അതേസമയം ഇവരില്‍ നിന്ന് ഭിന്നമായി ഈ ഫറോവ രാജാവ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ് മോറീസ് ബുക്കായി അന്വേഷിച്ചത്. നിരന്തര പഠനത്തിന് ശേഷം ഒരു രാത്രിയില്‍ അദ്ദേഹം തന്റെ അവസാനഘട്ട നിരീക്ഷണങ്ങളിലെത്തി.

മമ്മിയുടെ പേശിയുടെ ഏറ്റവും ചെറിയ ഭാഗമെടുത്ത് മൈക്രോസ്‌കോപ് കൊണ്ട് പരിശോധിച്ച അദ്ദേഹം അവയെല്ലാം പൂര്‍ണസുരക്ഷിതമാണെന്ന് മനസ്സിലാക്കുകയുണ്ടായി. വളരെ കുറഞ്ഞ നേരത്തേക്ക് പോലും വെള്ളത്തില്‍ കിടന്ന ഒരു ശരീരം ഇപ്രകാരം പൂര്‍ണസുരക്ഷിതമായിരിക്കുകയില്ല എന്നതാണ് വസ്തുത. എന്നിരിക്കെ, ശരീരത്തില്‍ പറ്റിപ്പിടിച്ച ഉപ്പുകണികള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രകാരം കടലില്‍ മുങ്ങി മരിച്ച ഒരു വ്യക്തിയുടെ മൃതദേഹം യാതൊരു കേടുപാടുകളുമില്ലാതെ എങ്ങനെ അവശേഷിക്കുന്നു എന്ന ചോദ്യം മോറീസ് ബുക്കായിയെ വല്ലാതെ അലട്ടി. മാത്രമല്ല, ഈജിപ്ത് ഭരിച്ച മറ്റ് ഫറോവമാരുടെ മൃതദേഹത്തേക്കാള്‍ സുരക്ഷിതമായിരുന്നു കടലില്‍ നിന്നെടുത്ത ഫറോവയുടെ മൃതദേഹമെന്നത് കൂടുതല്‍ അല്‍ഭുതകരമായിരുന്നു. സൂക്ഷ്മപരിശോധനയില്‍ ബോധ്യപ്പെട്ട കാര്യം ഫറോവയുടെ മൃതദേഹം അധികകാലം കടല്‍ വെള്ളത്തില്‍ കിടന്നിട്ടില്ല എന്നാണ്. കാരണം വെള്ളത്തില്‍ അധികം നിന്നതുമൂലമുള്ള എന്തെങ്കിലും കേടുപാടുകളോ ന്യൂനതയോ ആ മൃതദേഹത്തില്‍ പ്രകടമായിരുന്നില്ല.

തന്റേത് ഇതുവരെ അനാവരണംചെയ്യപ്പെടാത്ത കണ്ടുപിടിത്തം എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം അവസാന റിപ്പോര്‍ട്ട് തയ്യാറാക്കി. അപ്പോഴാണ് ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നുവെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞത്. ഇത് കേട്ട അദ്ദേഹം അത്ഭുതപ്പെട്ടു. കാരണം ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ അത്തരമൊരു വിജ്ഞാനം ലഭിക്കുക അസാധ്യമാണ്. ആദ്യം ഇക്കാര്യം നിഷേധിച്ച അദ്ദേഹം, വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ മുന്നിട്ടിറങ്ങുകയും സൂറ യൂനുസ് 92-ാം വചനത്തില്‍ അക്കാര്യം കണ്ടെത്തുകയും ചെയ്തു.

ഈ യാഥാര്‍ത്ഥ്യം തനിക്ക് മുമ്പ് ആരും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ആദ്യം അദ്ദേഹം കരുതിയിരുന്നത്. ‘1898-ലാണ് ഫറോവയുടെ മമ്മി ലഭിച്ചത്. അതിനും ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു’ എന്നാണ് പിന്നീട് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ എഴുതിയത്.

അതിന് ശേഷമുള്ള പത്ത് വര്‍ഷം ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളും വിശുദ്ധ ഖുര്‍ആനിലെ സൂചനകളും തമ്മിലെ യോജിപ്പിനെക്കുറിച്ചാണ് അദ്ദേഹം പഠിച്ചത്. വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പക്ഷേ അദ്ദേഹത്തിന് അതിന് സാധിച്ചില്ലെന്നു മാത്രമല്ല, വിശുദ്ധ ഖുര്‍ആനില്‍ ഒരു അസത്യവും കടന്ന് കൂടിയിട്ടില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. പ്രസ്തുത പഠനത്തെ തുടര്‍ന്ന് അദ്ദേഹം രചിച്ച ഗ്രന്ഥം പാശ്ചാത്യ ലോകത്തെ പിടിച്ച് കുലുക്കുന്നതായിരുന്നു. ‘ഖുര്‍ആന്‍, തൗറാത്ത്, ഇഞ്ചീല്‍, ശാസ്ത്രം- ആധുനിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ വേദങ്ങളെക്കുറിച്ച പഠനം’ എന്നായിരുന്നു ആ ഗ്രന്ഥത്തിന്റെ തലക്കെട്ട്.
ബുക്കായ് പറയുന്നു: ‘വിശുദ്ധ ഖുര്‍ആന്റെ പ്രമാണങ്ങളെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തിയില്‍ ആദ്യമുണ്ടാവുന്ന ആശ്ചര്യം അതിലെ ശാസ്ത്രീയ വിഷയങ്ങളുടെ സമ്പന്നതയാണ്. തൗറാത്തിലും ഇഞ്ചീലിലും ഭീമമായ ശാസ്ത്രീയ അബദ്ധങ്ങള്‍ കാണുമ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ ഒരു ചെറിയ വീഴ്ച പോലും കാണാന്‍ സാധിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഒരു സാധാരണ മനുഷ്യന്റെ വചനങ്ങളാണെങ്കില്‍ ഒമ്പതാം നൂറ്റാണ്ടില്‍ അക്കാലത്തേക്ക് പോലും ചേരാത്ത യാഥാര്‍ത്ഥ്യങ്ങള്‍ എങ്ങനെ അവയില്‍ കടന്നുവരും?’

തൗറാത്തിലെയും ഇഞ്ചീലിലെയും വൈരുദ്ധ്യങ്ങള്‍ തുറന്ന് കാണിച്ച അദ്ദേഹം അവ രണ്ടും ഒരു കാലത്ത് എഴുതപ്പെട്ടതല്ല എന്ന് സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, അവ ഈസാ, മൂസാ പ്രവാചകന്‍മാരിലേക്ക് ചേര്‍ക്കുന്നത് കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ പ്രവാചകന്‍മാര്‍ക്കും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവ എഴുതപ്പെട്ടതെന്ന് അദ്ദേഹം തെളിയിച്ചു.

ഫറോവയുടെ മൃതദേഹം പരിചരിച്ച് അതിനെ സൂക്ഷിച്ചതിന് ശേഷം ഈജിപ്തിന് തന്നെ ഫ്രാന്‍സ് കൈമാറി. ആഢംബരപൂര്‍ണമായ സ്ഫടികക്കൂട്ടിലായിരുന്നു മമ്മിയെ കിടത്തിയിരുന്നത്. പ്രൊഫസര്‍ മോറീസ് ബുക്കായ് 1982-ല്‍ ഇസ്‌ലാം സ്വീകരിച്ചു.

About the author

padasalaadmin

Add Comment

Click here to post a comment

Topics