ഇക്രിമഃ ബിന്‍ അബീജഹ്ല് വിശുദ്ധ ഖുര്‍ആന്‍ പാരായാണം ചെയ്തു തുടങ്ങിയാല്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രെ ‘എന്റെ നാഥന്റെ വചനമാണല്ലോ ഇത്, എന്റെ നാഥന്റെ വചനമാണിത്’. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ശത്രു അബൂജഹ്ലിന്റെ ജീനുകളാണ് ആ യുവാവിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് നാമോര്‍ക്കണം. എന്നിരിക്കെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന മഹാന്മാരായ പണ്ഡിതന്മാരുടെ സന്താനങ്ങള്‍ ഇന്നെവിടെയാണ്? അവര്‍ ഖുര്‍ആനെ അവഗണിക്കുകയോ, അത് പഠിക്കുന്നവരെ പരിഹസിക്കുകയോ, നിന്ദിക്കുകയോ ചെയ്യുന്നു. വളരെ ആശ്ചര്യകരമായ ലോകത്താണ് നാം ജീവിക്കുന്നത്. വിശുദ്ധ ഖുര്‍ആനും ഇസ്ലാമിക വിജ്ഞാനങ്ങളും പഠിക്കുന്നതാണ് നാം മറ്റ് സമൂഹങ്ങളില്‍ നിന്ന് പിന്നാക്കം നില്‍ക്കാനുള്ള കാരണമെന്ന് നാം ഇന്ന് കണ്ടെത്തിയിരിക്കുന്നു! വിശുദ്ധ ഖുര്‍ആനെതിരെ നാം എന്തെല്ലാം അവിവേകമാണ് വിളിച്ച് കൂവുന്നത്! വിശുദ്ധ ഖുര്‍ആനെ അവഗണിക്കുന്നത്, അതിനെ അപമാനിക്കുന്നത് യാദൃശ്ചികതയോ, അപൂര്‍വമോ അല്ല ഇന്ന്. മറിച്ച് ആസൂത്രിതമായി തീര്‍ത്തും നൈരന്തര്യത്തോടെ പ്രകടമായിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് അത്. ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകളായും, ചാനലുകളില്‍ പ്രസ്താവനകളായും വൃത്തികെട്ട ഉദാരവാദികളില്‍ നിന്നും അവ പുറത്ത് വന്ന് കൊണ്ടേയിരിക്കുന്നു.
മൈക്രോഫോണില്‍ ബാങ്ക് വിളിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അവര്‍ ഏതാനും കാലം പ്രക്ഷോഭം നടത്തി. അന്തരീക്ഷത്തില്‍ ഉയരുന്ന സത്യവചനം ലോകത്തെ വഞ്ചകന്മാരെയും, ചാരന്മാരെയും അലോസരപ്പെടുത്തുന്നുവത്രെ. നമസ്കാര സമയം കച്ചവടസ്ഥാപനങ്ങള്‍ അടക്കുന്നതിനെക്കുറിച്ചായി പിന്നീട് ചര്‍ച്ച. ദൈവത്തെ സ്മരിക്കുന്ന 15 മിനുട്ട് അവര്‍ക്ക് അസഹ്യമത്രെ! വെള്ളിയാഴ്ച പ്രഭാഷണം, ഖബ്ര്‍ സന്ദര്‍ശനം, ഇസ്ലാമിക പാഠശാലകള്‍ തുടങ്ങി ഒരുപാട് സംവിധാനങ്ങള്‍ക്ക് നേരെയും പിന്നീട് ആക്രമണങ്ങള്‍ തുടര്‍ന്നു.
ഭീകരവിരുദ്ധ യുദ്ധമെന്ന പേരില്‍ ആഗോളതലത്തില്‍ രൂപപ്പെട്ട പ്രതിഭാസം തന്നെ മുസ്ലിം വിശുദ്ധ പ്രതീകങ്ങള്‍ക്ക് നേരെയുള്ള ഉറഞ്ഞുതുള്ളലായിരുന്നു. ലോകത്ത് ഉയര്‍ന്ന് നില്ക്കുന്ന ഇസ്ലാമിക പ്രതീകങ്ങള്‍ തകര്‍ക്കുകയും അതിനോട് ചേര്‍ന്ന് ഇസ്ലാമിക മൂല്യങ്ങളുടെ കഥകഴിക്കുകയും ചെയ്യുക എന്ന അജണ്ടയായിരുന്നു അതിന്റെ പിന്നില്‍. തിരുമേനി(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് ‘ഇസ്ലാം അപരിചിതമായാണ് തുടക്കം കുറിച്ചത്. അത് അപക്രാരം അപരിചിതത്വത്തിലേക്ക് മടങ്ങുകയും ചെയ്യും. അതിനാല്‍ അപരിചിതര്‍ക്ക് ഭാവുകങ്ങള്‍. ജനങ്ങള്‍ വഴിതെറ്റുമ്പോള്‍ സംസ്കരണപ്രവര്ത്തനത്തില് ഏര്‍പെടുന്നവരാണ് അവര്‍’. (മുസ്ലിം)
ഈ വിശുദ്ധ വേദമാണ് നമ്മുടെ ജീവിതം. തലമുറകളുടെ അഭിമാനമാണ് അത്. അതിനെക്കുറിച്ച് തിരുദൂതര്‍ (സ) ഇപ്രകാരമാണ് വിശേഷിപ്പിച്ചത് ‘നിങ്ങള്‍ക്ക് മുമ്പുള്ളവരുടെയും, വരാനിരിക്കുന്നവരുടെയും വാര്‍ത്തയുണ്ട് ഇതില്‍. നിങ്ങള്‍ക്ക് വിധികല്‍പിക്കാനുള്ള നിയമവും ഇതിലാണ് ഉള്ളത്. ഇത് തമാശയല്ല, ഗൗരവമാണ്. ഇത് ഉപേക്ഷിച്ചവന് എത്രവലിയ പ്രതാപവാനാണെങ്കിലും അല്ലാഹു അവന്റെ മുതുകൊടിക്കുന്നതാണ്. ഇതിലൂടെയല്ലാതെ സന്മാര്ഗം തേടിയവന് വഴി തെറ്റിയത് തന്നെ. അല്ലാഹുവിന്റെ സുദൃഢമായ പാശവും യുക്തിഭദ്രമായ വചനവും, ചൊവ്വായ മാര്‍ഗവുമാണ് ഇത്’.
ഇസ്ലാമിന്റെ പ്രഥമ മുഅ്ജിസത്താണ് ഖുര്‍ആന്‍. യുദ്ധത്തിലും സമാധനത്തിലും ഉപയോഗിക്കപ്പെടുന്ന ഏറ്റവും മുര്ച്ചയുള്ള ആയുധമാണ് അത്. ഇസ്ലാമിന്റെ സര്‍വ്വ അധ്യാപനവും സംസ്കാരവും അതിനുള്ളിലാണ്. അതിനാല്‍തന്നെ സത്യവും അസത്യവും തമ്മിലെ പോരാട്ടത്തിലെ പ്രഥമ ഇര ഖുര്‍ആന്‍ ആയിരുന്നു. വ്യാജവാദിയായ യമാമഃ ഖുര്‍ആന്‍ അനുകരിക്കാനും അതിന്റെ വില കുറച്ച് കാണിക്കാനും ശ്രമിച്ചു. പിന്നീട് ആ ഉദ്യമം ജൂത-ക്രൈസ്തവ പുരോഹിതന്മാര് ഏറ്റെടുത്തു. അവര്‍ ഖുര്‍ആനെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്തു. പക്ഷേ അവരെല്ലാം പരാജിതരായി തലകുനിച്ച് മടങ്ങിയെന്നത് ചരിത്രം.
പിന്നീട് ഓറിയന്റലിസ്റ്റുകളുടെ ഊഴമായിരുന്നു. പാശ്ചാത്യവല്ക്കരണത്തിനുള്ള ശ്രമം ദ്രുതഗതിയില്‍ മുന്നോട്ട് നീങ്ങി. മുസ്ലിം നാമധാരികളായ ഏതാനും ഭൗതികവാദികളെ സഹായത്തിന് കൂട്ടി. വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിച്ച വിശ്വാസ സങ്കല്പങ്ങള്ക്ക് നേരെയായിരുന്നു ആക്രമണം. മീഡിയകളുടെ മേധാവിത്തവും, സാമ്പത്തിക പിന്തുണയും അവര്‍ക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. അവരുടെ പേനകള്‍ മുസ്ലിം ഹൃദയങ്ങളില്‍ വിഷം കുത്തി നിറച്ചു. റൂസോയുടെയും, കാന്റിന്റെയും വാക്കുകള്‍ മുസ്ലിം തലച്ചോറുകളില്‍ ഇടം കണ്ടെത്തി. വിശുദ്ധ ഖുര്‍ആന്റെ ശാസ്ത്രീയ സൂചനകളെ അവര്‍ ചോദ്യം ചെയ്തു. വൈദ്യശാസ്ത്രത്തിലും, ഗോളശാസ്ത്രത്തിലും അതികായന്മാരായ പൂര്‍വകാല അമുസ്ലിം ശാസ്ത്രജ്ഞര്‍ പോലും തലകുലുക്കി അംഗീകരിച്ച സത്യങ്ങളാണ് അവയെന്നോര്ക്കണം.
എന്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ ഹൃദയത്തെ കുളിരണിയിപ്പിക്കുന്നില്ല? ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ എന്ത് കൊണ്ട് നമുക്ക് രോമാഞ്ചമുണ്ടാകുന്നില്ല. നമ്മുടെ സന്താനങ്ങള്‍ക്ക് ഖുര്‍ആന്‍ പകര്‍ന്ന് നല്‍കാനുള്ള ആവേശം നമ്മില്‍നിന്ന് ചോര്‍ന്നുപോയത് എന്തുകൊണ്ട്? എന്നല്ല , നാമവര്‍ക്ക് ഖുര്‍ആന്‍ അല്ലാത്തതെല്ലാം പഠിപ്പിക്കുന്നു?
അവര്‍ക്ക് പ്രതാപവും മഹത്വവും കൊണ്ട് വരാന്‍ ഖുര്ആനല്ലാത്തവക്ക് സാധിക്കുമെന്നാണോ നാം കരുതുന്നത്? അറബ് ലോകത്ത് അല്ലാഹു നമുക്കായി നല്കിയ പെട്രോളും സ്വര്‍ണവും ഇന്ന് നമ്മുടെ കുഞ്ഞുങ്ങളുടെ കയ്യിലില്ല. അല്ലാഹുവിന്റെ അടുത്തേക്ക് മടങ്ങുമ്പോള്‍ ഏതാനും വിശുദ്ധ വചനങ്ങളെങ്കിലും അവരുടെ ഹൃദയത്തില്‍ നമുക്ക് സൂക്ഷിച്ച് വെക്കാമല്ലോ.
എങ്ങനെയാണവര്‍ കടുവക്കൂട്ടങ്ങളെക്കണ്ട കഴുതകളെപ്പോലെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഓടിയൊളിക്കുന്നവരായത്?. ആണവ ബോംബിനെയും, മിസൈലുകളെയും കവച്ച് വെക്കുന്ന ആയുധമാണല്ലോ വിശുദ്ധ ഖുര്‍ആന്‍. നിലവിലെ ലോകത്തെ എല്ലാ സാങ്കേതിക വിദ്യകളെയും കവച്ച് വെക്കുന്ന വരദാനമാണ് അത്. എന്നിരിക്കെ കുഞ്ഞുങ്ങളെ കൈപിടിച്ച് വിശുദ്ധ ഖുര്‍ആനിലേക്ക് വഴിനടത്താന്‍ നാം മടിക്കുന്നത് എന്തിന്?
Add Comment