‘എന്നേക്കാള്‍ നന്നായി നമസ്കാരത്തില്‍ സമയനിഷ്ട പാലിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷെ, കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് അദ്ദേഹമെന്നെ അപമാനിക്കുന്നു’.
വിവാഹമോചനത്തോട് അടുത്ത തന്റെ ദാമ്പത്യ ജീവിതത്തെ വിശകലനം ചെയ്ത് ഒരു യുവതി പങ്കുവെച്ച അഭിപ്രായമാണ് മുകളിലുദ്ധരിച്ചത്. അവരുടെ വാക്കുകള്‍ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഒരേ സമയം തന്നെ നല്ല നിലയില്‍ നമസ്കരിക്കുകയും ഭാര്യയോട് മോശമായി വര്‍ത്തിക്കുകയും ചെയ്യാന്‍ ഒരാള്‍ക്കെങ്ങനെ സാധിക്കുന്നു? പാപങ്ങളെ കഴുകിക്കളയാന്‍ ദൈവം നല്കിയ സംവിധാനമാണല്ലോ നമസ്കാരം? തിന്മയില് നിന്നും മ്ലേഛകൃത്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയും നന്മക്ക് നേതൃത്വം നല്‍കുകയും ചെയ്യുകയെന്നതാണല്ലോ നമസ്കാരം സ്വീകാര്യമാവുന്നതിനുള്ള പ്രാഥമിക മാനദണ്ഡം. എന്നിരിക്കെ ജീവിതത്തില്‍ തന്നോട് ഏറ്റവും അടുത്ത, ഒന്നിച്ച് ജീവിക്കുന്ന വ്യക്തിയെ അപമാനിച്ച് കൊണ്ടേയിരിക്കുകയും മറുവശത്ത് നമസ്കാരം വ്യവസ്ഥാപിതമായി നിര്‍വഹിച്ച് കൊണ്ടേയിരിക്കുകയും ചെയ്യുന്നത് പൂര്ണവിരോധാഭാസം തന്നെ.
ഇസ്ലാമിക ശരീഅത്ത് നമസ്കാരം കൊണ്ട് ഉദ്ദേശിച്ച ഗുണങ്ങള്‍ അദ്ദേഹത്തില്‍ രൂപപ്പെട്ടില്ല എന്നതാണ് വസ്തുത. ജീവിതസംസ്കരണത്തിനുള്ള വിശ്വാസിയുടെ പാഥേയമാണ് നമസ്കാരം. വിശുദ്ധ ഖുര്‍ആനില്‍ ‘താങ്കള്‍ കുടുംബത്തെ നമസ്കാരം കൊണ്ട് കല്പിക്കുക’യെന്ന നിര്‍ദേശം കുടുംബനാഥനായ പുരുഷനെയാണ് അഭിസംബോധന ചെയ്യുന്നത്. കുടുംബനാഥന് നമസ്കാരത്തില്‍ താല്പര്യം പ്രകടിപ്പിക്കുന്നത് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അതിന് പ്രചോദനമാകുന്നു. തന്റെ കുടുംബത്തെ അന്ത്യനാളിലെ തീയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അതിയായി ആഗ്രഹിക്കുന്ന കുടുംബനാഥന് അവര്‍ക്ക് ഇഹലോകത്ത് യാതൊരു അപമാനവുമേല്ക്കുന്നത് സഹിക്കുകയില്ല. ഈ കാഴ്ചപ്പാട് മനസ്സില്‍ രൂഢമൂലമാകുന്നതോടെ ബന്ധങ്ങള്‍ ശക്തിപ്പെടുകയും, ആരാധനകളോടുള്ള കാഴ്ചപ്പാട് കുറ്റമറ്റതാവുകയും, അവയെ മനുഷ്യത്വത്തിന്റെയും മൂല്യങ്ങളുടെയും ജീവിതപരിപാലനത്തിന്റെയും മാര്‍ഗമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
സ്ത്രീകളെ ശ്രദ്ധിക്കണമെന്നും, അവരോട് ഏറ്റവും ഉത്തമമായ വിധത്തില്‍ വര്‍ത്തിക്കണമെന്നും, ദാമ്പത്യജീവിതത്തെയും, കുടുംബസംവിധാനത്തെയും ഉത്തരവാദിത്തപൂര്‍വം കൈകാര്യം ചെയ്യണമെന്നുമുള്ള പ്രമാണങ്ങളെ അവഗണിക്കാന്‍ കുടുംബനാഥന് അവകാശമില്ല. അതല്ല, പ്രശസ്ത കവിയായ ത്വറഫഃ പറഞ്ഞത് പോലെ അവയെല്ലാം ഉപേക്ഷിച്ച് ‘പുരുഷന്മാര് സ്ത്രീയുടെ മേല്‍നോട്ടക്കാരാണ്, രണ്ടോ മൂന്നോ നാലോ വിവാഹം കഴിച്ച് കൊള്ളുക, വല്ലാത്ത കുതന്ത്രമാണ് നിങ്ങള്‍(സ്ത്രീകള്‍)ക്കുള്ളത്, പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയുണ്ട്, ബുദ്ധിയും മതവും കുറഞ്ഞവളാണ് സ്ത്രീ’ തുടങ്ങിയ നാല് ആയത്തുകളും ഒരു ഹദീഥും മാത്രം മുറുകെ പിടിച്ച് ജീവിക്കാനാണോ പുരുഷന്റെ ഭാവം? പുരുഷന്മാര്ക്കിടയിലാണ് പകുതി ബുദ്ധിയും പകുതി മതബോധവുമുള്ളവര് കൂടുതല്‍ എന്നതാണ് യഥാര്‍ത്ഥ്യം.
ഇസ്ലാമിന്റെ അനുകൂലികളും അതിലെ തന്നെ ശൈഖുമാരുമാണ് ശത്രുക്കളേക്കാള്‍ ഇസ്ലാമിനെ വികൃതമായി ചിത്രീകരിക്കുന്നത്. സ്ത്രീയോട് ചെയ്യുന്ന അതിക്രമങ്ങളുടെ പേരിലാണ് ഇസ്ലാമിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കടന്ന് വരുന്നത്. ഇത്തരം അബദ്ധങ്ങള്‍ കേവലം വ്യക്തിപരമോ, അപൂര്‍വമോ അല്ല, മറിച്ച് സമൂഹത്തില്‍ അധികരിച്ച് കൊണ്ടേയിരിക്കുന്ന പ്രവണതയാണ് എന്ന് കൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജനങ്ങളില്‍ കര്‍മപരവും, ആചാരപരവുമായി നിലനില്‍ക്കുന്ന മതം ജീവിതത്തിലേക്ക് വിട്ടുകടക്കുന്നില്ല എന്നതാണ് വസ്തുത. ആരാധനകളുടെ മധുരഫലങ്ങള്‍ സമൂഹത്തിന് അനുഭവിക്കാന്‍ കഴിയുന്നില്ല എന്നതിനേക്കാളുപരിയായി കൂടെ ജീവിക്കുന്ന പ്രിയതമക്ക് പോലും നേര്‍വിപരീതമായ അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത് എന്നത് വന്‍ദുരന്തമാണ്.
നാഗരികമായി ഉയര്‍ന്ന് നില്ക്കുന്ന സമൂഹങ്ങളില്‍ ജീവിക്കുന്ന ദുര്‍ബലരും ദരിദ്രരുമായ സ്ത്രീകളെ ഭരണകൂടം ഏറ്റെടുക്കണമെന്നതാണ് നിയമം. രക്ഷിതാക്കളില്ലാത്തവരുടെ സംരക്ഷണവും, പരിചരണവും, പ്രതിരോധവും ഭരണകൂടം ഏറ്റെടുക്കണമെന്ന് നിയമം നിഷ്കര്‍ഷിച്ചിരിക്കെ, കുടുംബനാഥന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്താല്‍ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും തടയപ്പെടുകയുമാണ് ചെയ്യുന്നതെങ്കില്‍ എന്ത് പരിഹാരമാണ് സമര്‍പ്പിക്കാനാവുക?
ദൈമഃ ത്വാരിഖ് ത്വഹ്ബൂബ്
Add Comment