ദാമ്പത്യം

ദാമ്പത്യത്തില്‍ ആനന്ദത്തിന്റെ ആലിപ്പഴം വര്‍ഷിക്കാന്‍

ദാമ്പത്യജീവിതത്തില്‍ മടുപ്പും ആലസ്യവും കടന്ന് വരികയെന്നത് സ്വാഭാവികമാണ്. ഭാര്യാ-ഭര്‍ത്താക്കന്‍മാരുടെ തിരക്കും, ഉത്തരവാദിത്തങ്ങളുടെ ആധിക്യവും, നിരന്തരമായി ആവര്‍ത്തിച്ചുണ്ടാവുന്ന പിണക്കവുമെല്ലാം അതിന് കാരണമാവാറുണ്ട്. ബുദ്ധിയുള്ള സ്ത്രീ തന്റെ ദാമ്പത്യജീവിതത്തിലേക്ക് ക്ഷീണവും, മടുപ്പും കടന്ന് വരാന്‍ ഒരിക്കലും അനുവദിക്കുകയില്ല. തന്റെ ജീവിതം പുതുക്കാനും, ഭര്‍ത്താവുമായുള്ള ബന്ധം ആകര്‍ഷകമാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയും ഒരു നിലക്കും ഭര്‍ത്താവ് ഉപേക്ഷിക്കാത്ത സ്വര്‍ഗീയാരമമാക്കി തന്റെ വീടിനെ മാറ്റുകയും ചെയ്യുന്നു അവള്‍.

ഭര്‍ത്താവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് പ്രഥമമായി വേണ്ടത് നന്നായി സംസാരിക്കുക തന്നെയാണ്. നമ്മുടെ മനസ്സിലുള്ള എല്ലാ സ്‌നേഹവും, ആഗ്രഹവും സംസാരത്തിലൂടെ പ്രകടിപ്പിക്കുകയാണ് വേണ്ടത്. ഏറ്റവും പ്രിയപ്പെട്ടവരോട് സംസാരിക്കുന്നത് പോലെ തീര്‍ത്തും ശാന്തവും ആകര്‍ഷകവുമായ വാക്കുകളാണ് നമ്മുടെ വായില്‍ നിന്ന് പുറത്ത് വരേണ്ടത്. അരുവിയിലെ തെളിനീര്‍ തന്നെയാണ് അതിന് ഏറ്റവും യോജിച്ച ഉപമ. നമുക്കൊരിക്കലും അവ മടുക്കുകയോ, മതിയാവുകയോ ഇല്ല. അതിനാല്‍ തന്നെ നമ്മുടെ വായില്‍ നിന്ന് പുറത്ത് വരേണ്ട വാക്കുകള്‍ പ്രത്യേകം തെരഞ്ഞെടുത്തതും, മധുരമുള്ളതുമായിരിക്കണം.
ഒരു വിഷയത്തില്‍ സ്വന്തമായി വല്ല അഭിപ്രായവുമുണ്ടെങ്കില്‍ ‘ഇതാണ് എന്റെ അഭിപ്രായം’ എന്ന് പറയുന്നതിന് പകരം ‘എനിക്ക് തോന്നുന്നത് ഇങ്ങനെയാണ്’, ‘ഇങ്ങനെയായാല്‍ എങ്ങനെയുണ്ടായിരിക്കും’ തുടങ്ങിയ രീതികളില്‍ തന്റെ ഇണയോട് അവ പങ്കുവെക്കുകയാണ് വേണ്ടത്. മറ്റൊരാള്‍ തന്റെ മേല്‍ ഒരു അഭിപ്രായം കെട്ടിവെക്കുന്നത് പ്രകൃത്യാ തന്നെ പുരുഷന്‍ വെറുക്കുന്നു എന്നതാണ് ഇതിനുള്ള കാരണം. എത്ര സുബദ്ധമായ അഭിപ്രായമാണെങ്കില്‍ പോലും പ്രസ്തുത മാനസികാവസ്ഥ അത് സ്വീകരിക്കുന്നതില്‍ നിന്ന് പുരുഷനെ തടഞ്ഞേക്കാം. ചര്‍ച്ചയിലെയും, അഭിപ്രായങ്ങളിലെയും അവസാനവാക്ക് തന്റെതായിരിക്കണമെന്ന് പുരുഷന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നതും, അദ്ദേഹത്തിന്റെ മതിപ്പ് പിടിച്ച് പറ്റുന്നതുമായ വിധത്തില്‍ പൂര്‍ണ യുക്തിയോടും, തന്ത്രത്തോടുമാണ് ഭാര്യ തന്റെ അഭിപ്രായം പ്രകടിപ്പിക്കേണ്ടതെന്നര്‍ത്ഥം.

കുശലാന്വേഷണവും, മറ്റും നടത്തുമ്പോള്‍ ഒരേ രീതി പതിവായി സ്വീകരിക്കുന്നതിന് പകരം വൈവിധ്യം കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക. ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുമ്പോള്‍ കൂടെ പടിവാതില്‍ വരെ അനുഗമിക്കാനും, ഹസ്തദാനം നടത്താനും മുന്നിലുണ്ടാവുക.

വിയോജിപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവയുടെ അനുകൂല വശങ്ങള്‍ കൊണ്ട് തുടങ്ങുക. അവയിലെ നല്ല കാര്യങ്ങളെ അങ്ങേയറ്റം പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുക. വ്യക്തിത്വത്തിന് മുറിവേല്‍പിക്കുകയോ, വികാരത്തെ വ്രണപ്പെടുത്തുകയോ ചെയ്യാതെ വിയോജിപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുക.

ആന്തരികവും ബാഹ്യവുമായ അര്‍ത്ഥങ്ങളില്‍ സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കുക. വിലപിടിച്ച വസ്ത്രങ്ങള്‍ ധരിക്കുകയോ, വഷളകരമായ മോഡല്‍ അനുകരിക്കുകയോ ചെയ്യുന്നതല്ല സൗന്ദര്യത്തിന്റെ മാനദണ്ഡം. വൃത്തിയും ലാളിത്യവും സംയോജിപ്പിക്കുകയും ആകര്‍ഷകമായ വിധത്തില്‍ ഇടപെടുകയും ചെയ്യുന്നതാണ് സൗന്ദര്യം.

വീട്ടിലേക്ക് കടന്ന് വരുന്ന സന്ദര്‍ഭങ്ങളില്‍ വളരെ ആശ്വാസവും, സമാധാനവും നല്‍കുന്ന വിധത്തില്‍ ഭര്‍ത്താവിനോട് വര്‍ത്തിക്കുക. ആവലാതികളും, പരാതികളും ചൊരിഞ്ഞ് അദ്ദേഹത്തെ അസ്വസ്ഥനാക്കുകയോ, ജോലിഭാരത്തിന് മേല്‍ കൂടുതല്‍ പ്രയാസങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചൊരിയുകയോ ചെയ്യരുത്. വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്ന അവസരങ്ങളിലാണ് പ്രശ്‌നങ്ങളെയും ആവലാതികളെയും കുറിച്ച് സൂചിപ്പിക്കേണ്ടത്. വിഷയം വിസ്തരിച്ച് അവതരിപ്പിക്കുന്നതിന് പകരം സൂചനകള്‍ നല്‍കുകയും അവക്ക് ആവശ്യമായ പരിഹാരങ്ങള്‍ കൂടി മനസ്സിലിട്ട് കൊടുക്കുകയുമാണ് വേണ്ടത്.

എല്ലാ കാര്യങ്ങളും വ്യക്തമായി ഇണയോട് പങ്കുവെക്കുന്നതില്‍ ഒരിക്കലും നാണിക്കരുത്. ഹൃദയത്തിലെ സ്‌നേഹവും വികാരവും പ്രണയവുമെല്ലാം ആവോളം പ്രകടിപ്പിക്കാന്‍ വേണ്ടി ദൈവം അനുവദിച്ച പുരുഷനാണ് ഭര്‍ത്താവെന്ന് നാം തിരിച്ചറിയുക. ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ നാണത്താല്‍ നശിപ്പിക്കുന്നതിന് പകരം ആവശ്യമായ നാണവും, അത്ര തന്നെ ആഗ്രഹവും പ്രകടിപ്പിച്ച് ദാമ്പത്യത്തെ ആനന്ദത്തിന്റെ സ്വര്‍ഗീയാരാമമാക്കി മാറ്റാന്‍ ശ്രമിക്കുക.

സിഹ്ര്‍ മബ്‌റൂക്

Topics