വിശിഷ്ടനാമങ്ങള്‍

അല്‍മുന്‍തഖിം (ശിക്ഷിക്കുന്നവന്‍, പ്രതികാരം ചെയ്യുന്നവന്‍)

ആത്മാര്‍ഥമായ പശ്ചാതാപം അല്ലാഹു സ്വീകരിക്കുന്നതോടൊപ്പം അഹങ്കാരികളെയും ധിക്കാരികളെയും അല്ലാഹു ശിക്ഷിക്കുകയും ചെയ്യും. ദൈവിക നീതിയുടെ താല്‍പര്യമാണ് കുറ്റവാളികളെ ശിക്ഷിക്കുക എന്നത്. അല്ലാഹു മനുഷ്യന് പശ്ചാത്തപിക്കാനും തെറ്റില്‍നിന്ന് മടങ്ങാനുമുള്ള അവസരം നല്‍കിയ ശേഷമാണ് പിടികൂടുക. അങ്ങനെയുള്ള ശിക്ഷ അതികഠിനമായിരിക്കും. ദാസന്‍മാരെ അശ്രദ്ധയില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഇതുപകരിക്കും. ”തന്റെ റബ്ബിന്റെ സൂക്തങ്ങള്‍ വഴി ഉദ്‌ബോധനം ചെയ്യപ്പെട്ട ശേഷം, അതില്‍നിന്ന് പുറംതിരിഞ്ഞു പോകുന്നവനേക്കാള്‍ വലിയ ധിക്കാരി ആരുണ്ട്? നിശ്ചയം, അത്തരം ധിക്കാരികളോടു നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും.” (അസ്സജദ: 22), ”ഇതിനുമുമ്പ് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവന്‍ തൗറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. അവന്‍ (സത്യാസത്യങ്ങളെ മാറ്റുരച്ചു വേര്‍തിരിക്കുന്ന) ഫുര്‍ഖാന്‍ അവതരിപ്പിച്ചു. ഇനി ആരെങ്കിലും ദൈവികസൂക്തങ്ങളെ തള്ളിക്കളയുകയാണെങ്കില്‍ അവര്‍ക്ക് കഠിനശിക്ഷ ലഭിക്കുകതന്നെ ചെയ്യും. അല്ലാഹു അപാരമായ ശക്തിയുടയവനും ദുഷ്ടരോട് പ്രതികാരം ചെയ്യുന്നവനുമത്രെ.” (ആലുഇംറാന്‍: 4)

Topics