വിശിഷ്ടനാമങ്ങള്‍

അല്‍ അലീം (സര്‍വ്വജ്ഞന്‍)

അല്ലാഹുവിന്റെ അറിവ് സൂക്ഷ്മവും അതിവിശാലവുമാണ്. അത് സകലതിനെയും ചൂഴ്ന്നു നില്‍ക്കുന്നതാണ്. അതില്‍നിന്ന് രഹസ്യമോ പരസ്യമോ ചെറുതോ വലുതോ ആയ ഒന്നും ഒഴിവാകുന്നില്ല. അവന്‍ സൃഷ്ടികളുടെ ഹൃദയങ്ങളിലുള്ളതുപോലും അറിയുന്നു. അല്ലാഹുവിന്റെ അറിവില്‍നിന്ന് ആവിര്‍ഭവിക്കുന്നതാണ് സകലവസ്തുക്കളും. അതുപോലെ ഭാവിയും ഭൂതവും ഉള്‍ക്കൊള്ളുന്നതാണ് അവന്റെ അറിവ്. അല്ലാഹു ഇങ്ങനെ എല്ലാം അറിയുന്നവനാണ് എന്ന് ദാസന്‍ തിരിച്ചറിയുമ്പോഴാണ് താന്‍ അവനിലേക്ക് മടങ്ങിയെത്തേണ്ടവനാണ് എന്ന ബോധവും ദാസനിലുണ്ടാകുന്നത്. അല്ലാഹുവിന്റെ അറിവിന്റെ ഒരംശം ദാസനിലുമുണ്ട്. എന്നാല്‍ അത് ചതുരംഗക്കളി കണ്ടുപിടിച്ചവന്റെയും ശേഷം അതുകണ്ട് പഠിച്ചവന്റെയും അറിവുപോലെയാണ്. അതുകൊണ്ട് അറിവിന്റെ അടിസ്ഥാനമായ അല്ലാഹുവില്‍ നിന്ന് അറിവുനേടാന്‍ ശ്രമിക്കല്‍ ദാസന്റെ ബാധ്യതയാണ്. അറിവുനേടുകയെന്നത് ഏറ്റവും ശ്രേഷ്ഠമായ കര്‍മവും കൂടിയാണ്.
”ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം അവരെ വിവരമറിയിക്കും. നെഞ്ചകത്തുള്ളതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു”. (ലുഖ്മാന്‍:23)
”പറയുക: നമ്മുടെ നാഥന്‍ നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. പിന്നീട് അവന്‍ നമുക്കിടയില്‍ ന്യായമായ തീരുമാനമെടുക്കും. അവന്‍ എല്ലാം അറിയുന്ന വിധികര്‍ത്താവാണ്”. (സബഅ്:26)
”കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്‍ക്കതീതനാണ്; എല്ലാം അറിയുന്നവനും.” (ബഖറഃ115).

Topics