വിശിഷ്ടനാമങ്ങള്‍

അല്‍ വഹ്ഹാബ് (ഉദാരമായി നല്‍കുന്നവന്‍)

അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് തന്റെ ഔദാര്യത്തില്‍ നിന്ന് അതിരും പരിധിയുമില്ലാതെ നല്‍കുന്നവനാണ്. ഇത് സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ ഗുണങ്ങളിലൊന്നാണ്. അല്ലാഹു തന്റെ ഔദാര്യത്തിന്റെ വലുപ്പത്തെക്കുറിച്ച് സൃഷ്ടികളോട് ചോദിക്കുന്നുണ്ട്. ”അതല്ല; പ്രതാപിയും അത്യുദാരനുമായ നിന്റെ നാഥന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങള്‍ ഇവരുടെ വശമാണോ?” (സ്വാദ്:9) അല്ലാഹുവിന്റെ ഔദാര്യത്തില്‍ വിവേചനമോ പരിധിയോ ഇല്ല. ദൈവിക മഹത്വത്തിന്റെയും പൂര്‍ണതയുടെയും പ്രകടസ്വഭാവമാണ് ഈ ഗുണം. സൃഷ്ടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ഈ ഗുണത്തില്‍ ആരും നിരാശരാവാന്‍ പാടില്ല.
”അവര്‍ പ്രാര്‍ഥിക്കുന്നു: ” ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയ ശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചു കളയരുതേ! നിന്റെ പക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, നീ തന്നെയാണ് അത്യുന്നതന്‍” (ആലുഇംറാന്‍:8)

Topics