വിശിഷ്ടനാമങ്ങള്‍

അല്‍ ബാരിഅ് (നിര്‍മാതാവ്, സൃഷ്ടിപദ്ധതി നടപ്പിലാക്കിയവന്‍)

അന്യൂനമായി സൃഷ്ടിക്കുന്നവന്‍ യുക്തിപൂര്‍വം സംവിധാനം ചെയ്യുന്നവന്‍ തുടങ്ങിയ അര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്നു. അതുപോലെ സൃഷ്ടി പദ്ധതി നടപ്പാക്കുന്നവനുമാണ് അല്ലാഹു. അതായത്, കെട്ടിടനിര്‍മാണത്തോട് ഉപമിച്ചാല്‍ കെട്ടിടനിര്‍മാണ ജോലിക്കാരനും അല്ലാഹു തന്നെയാണ്. സൃഷ്ടിയെ വിരിയിച്ച് വികസിപ്പിച്ചെടുക്കുന്നതിനെയാണ് ‘ബറഅ’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ഈ വാക്ക് പടിപടിയായുള്ള പരിണാമത്തെയും സൂചിപ്പിക്കുന്നു. കളിമണ്ണിന്റെയും ജലത്തിന്റെയും കൃത്യമായ അനുപാതത്തോടുകൂടി പൂര്‍ണനായ മനുഷ്യനെ സൃഷ്ടിച്ചെടുത്തവനാണ് അല്ലാഹു. അതിനാലാണ് അല്ലാഹുവിന് ഈ വിശേഷണവും കിട്ടിയത്.
”ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: ”എന്റെ ജനമേ, പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങള്‍ നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനോട് പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം.” പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.” (അല്‍ ബഖറഃ54)

Topics