വിശിഷ്ടനാമങ്ങള്‍

അല്‍ ഖുദ്ദൂസ് (പരമപരിശുദ്ധന്‍)

അല്ലാഹുവിന്റെ സര്‍വാതിശായിത്വത്തെ കുറിക്കുന്ന ഒരു വിശേഷണമാണിത്. ‘അവര്‍ വിശേഷിപ്പിക്കുന്നതില്‍ നിന്നെല്ലാം പരിശുദ്ധനാകുന്നു അവന്‍’ എന്ന ഖുര്‍ആന്‍ സൂക്തംകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ ഈ പരിശുദ്ധിയാണ്. സൃഷ്ടിയുടെ പരിമിതി ഒരു നിലക്കും ബാധകമാകാത്ത സര്‍വാതിശായിത്വമാണ് ദൈവത്തിന്റേത്. ദൈവം മനുഷ്യന്റെ ബുദ്ധിക്കും ധിഷണക്കും മനീഷിക്കുമെല്ലാം അതീതനായിരിക്കുന്നു. മനുഷ്യന്റെ ലക്ഷ്യങ്ങളിലൊന്നായ പരിശുദ്ധി സ്രഷ്ടാവില്‍ അതിന്റെ പൂര്‍ണതയില്‍ വിളങ്ങുന്നു. അല്ലാഹു പറയുന്നു: ”അവന്‍, അല്ലാഹു. അവനൊഴികെ ആരാധ്യനില്ല. അവന്‍ രാജാവാകുന്നു. പരമപരിശുദ്ധനാകുന്നു.”(അല്‍ ഹശ്ര്‍:23). സൃഷ്ടികള്‍ സ്രഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തുകവഴി തങ്ങളുടെ ദൗര്‍ബല്യത്തെയും ന്യൂനതയെയും കുറിച്ച് ബോധവാന്‍മാരായിത്തീരുന്നു. സര്‍വ്വോന്മുഖമായ പരിശുദ്ധിയും പവിത്രതയും അവന്റെ ജീവിത ലക്ഷ്യമായി ഭവിക്കുകയും ചെയ്യുന്നു.

Topics