തനിപ്പിക്കുക, നിഷ്‌കളങ്കമാക്കുക, ആത്മാര്‍ത്ഥമാക്കുക, എല്ലാറ്റില്‍നിന്നും വ്യതിരിക്തമാക്കുക എന്നിങ്ങനെയാണ് ഇഖ്‌ലാസ് എന്ന പദത്തിന്റെ അര്‍ഥം. സാങ്കേതിക ഭാഷയില്‍ കര്‍മങ്ങളുടെ ലക്ഷ്യം ദൈവ പ്രീതി മാത്രമാക്കലും ഏകദൈവത്തിലുള്ള കളങ്കമില്ലാത്ത വിശ്വാസവുമാകുന്നു ഇഖ്‌ലാസ്. ഈ വിധം കര്‍മം ചെയ്യുന്നവരെയും വിശ്വസിക്കുന്നവരെയും മുഖ്‌ലിസ് എന്നു പറയുന്നു. ദീനില്‍ മുഖ്‌ലിസുകള്‍ ആകണമെന്നു ഖുര്‍ആന്‍ ആവര്‍ത്തിച്ചനുശാസിച്ചിട്ടുണ്ട്. അല്ലാഹുവിനുവേണ്ടി ചെയ്യുന്ന ഒരു കര്‍മത്തിന്റെ പിന്നില്‍ അല്ലാഹുവിന്റെ പ്രീതിക്ക് ഇണങ്ങാത്ത വല്ല ലക്ഷ്യവുമുണ്ടെങ്കില്‍ അതിന്റെ കര്‍ത്താവ് മുഖ്‌ലിസ് അല്ലാതാകുന്നു. ആ കളങ്കത്തിന്റെ അളവും ഗൗരവവുമനുസരിച്ച് കര്‍മം നിഫാഖും (കാപട്യം) കുഫ്‌റും(ദൈവധിക്കാരം) ആയി മാറും. ദൈവപ്രീതി കാംക്ഷിച്ച് ദാനം ചെയ്യുന്ന ഒരാള്‍ അതുവഴി ദാനം ലഭിക്കുന്നവന്റെ നന്ദികൂടി കാംക്ഷിക്കുന്നത് ആ കര്‍മത്തിനേല്‍പ്പിക്കുന്ന ഒരു കളങ്കമാകുന്നു. പാതിരാവിലെഴുന്നേറ്റ് ഭക്തിപൂര്‍വം നമസ്‌കാരത്തിലേര്‍പ്പെടുന്നവന്‍ തന്റെ ഈ നമസ്‌കാരം വല്ലവരും കണ്ട് താനൊരു ഭക്തനാണെന്നു മനസ്സിലാക്കിയെങ്കില്‍ എന്നാശിക്കുന്നതുപോലും ഇഖ്‌ലാസിനു വിരുദ്ധമാണെന്നു പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്.
സൂഫികള്‍ പ്രത്യേകം പരിഗണിച്ചിട്ടുള്ള സങ്കേതമാകുന്നു ഇഖ്‌ലാസ്. തസവ്വുഫിനെ ഇഖ്‌ലാസിന്റെ അതേ ആശയമുള്ള മറ്റൊരു പദമായിട്ടാണവര്‍ കാണുന്നത്. ജീവിതത്തെ നിഷ്‌കളങ്കമായ ദൈവാനുരാഗത്തിനു സമര്‍പ്പിക്കുകയാണ് തസവ്വുഫ്. സംസാര സുഖങ്ങളും ഭൗതിക കാമനകളും ഈ സമര്‍പ്പണത്തെ കളങ്കപ്പെടുത്തും. ഈയടിസ്ഥാനത്തിലാണ് ചില സൂഫികള്‍ പരിവ്രാജക ജീവിതം സ്വീകരിക്കുന്നത്.
ഏകനായ അല്ലാഹു സകലവിധ ബഹുത്വങ്ങളില്‍നിന്നും പരിശുദ്ധനാണെന്ന് ദൃഢമായി വിശ്വസിക്കുകയും തദനുസാരം വര്‍ത്തിക്കുകയുമാണ് വിശ്വാസപരമായ ഇഖ്‌ലാസ്. പരിശുദ്ധ ഖുര്‍ആനിലെ 112-ാം അധ്യായത്തിന് അല്‍ ഇഖ്‌ലാസ് എന്നാണ് പേര്‍. അല്ലാഹു ഏകനും എല്ലാനിലയ്ക്കും സ്വയംപര്യാപ്തനും സകലരാലും ആശ്രയിക്കപ്പെടുന്നവനും ആരെയും ജനിപ്പിക്കാത്തവനും ആരാലും ജനിപ്പിക്കപ്പെടാത്തവനും തുല്യനോ സമാനനോ ആയി ഏതുമില്ലാത്തവനുമാകുന്നു എന്ന വിളംബരമാണ് സൂറ അല്‍ ഇഖ്‌ലാസിന്റെ ഉള്ളടക്കം.
ഇഖ്‌ലാസ്

Add Comment