- വിശുദ്ധ ഖുര്‍ആനില്‍ ‘ആമിനൂ ബില്ലാഹി’ (അല്ലാഹുവില്‍ വിശ്വസിക്കുവിന്‍) എന്ന ആഹ്വാനം പോലെത്തന്നെ സുലഭമായി കാണപ്പെടുന്ന ആഹ്വാനമാണ് ‘ഇത്തഖുല്ലാ’ (അല്ലാഹുവിനോട് തഖ്‌വയുള്ളവരാകുവിന്‍) എന്ന ആഹ്വാനവും. കരുതല്‍, കാവല്‍, ജാഗ്രത, ഭയം, സൂക്ഷ്മത എന്നിങ്ങനെയാണ് തഖ്‌വാ എന്ന പദത്തിന്റെ ഭാഷാര്‍ഥം. മൗലികമായി മനുഷ്യപ്രകൃതിയില്‍ നിക്ഷിപ്തമായ ഗുണമാണ് തഖ്‌വാ. തഖ്‌വയും പാപപ്രവണതയും മനുഷ്യമനസ്സില്‍ ജന്‍മനാ സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നു. (വി. ഖു. 91: 8) തഖ്‌വയുള്ളവരാകുവിന്‍ എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ അര്‍ഥമാക്കുന്നത് വിശ്വാസികളുടെ മനസ്സ് അല്ലാഹുവിനോടുള്ള ഭയത്താലും സ്‌നേഹത്താലും വിധേയത്വത്താലും പരിപുഷ്ടമാകണമെന്നാണ്. ഈമാന്‍മൂലം ഉളവാകേണ്ട മനസ്സംസ്‌കരണമാണ് തഖ്‌വ. തഖ്‌വ ഇല്ലെങ്കില്‍ ഈമാനും ഇബാദത്തുമെല്ലാം നിഷ്ഫലമാകുന്നു. മൃഗബലി എന്ന വിശിഷ്ടമായ ഇബാദത്തിനെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ”ബലിമൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിനെ പ്രാപിക്കുന്നത് നിങ്ങളില്‍നിന്നുള്ള തഖ്‌വയാകുന്നു.”(22: 37) തഖ്‌വ കര്‍മങ്ങളുടെ ബാഹ്യരൂപത്തിലല്ലെന്നും മറിച്ച് മനസ്സിലാണെന്നും പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഈമാനിന്റെയും ഇബാദത്തിന്റെയും ശരീഅത്തിന്റെയും എല്ലാം ലക്ഷ്യമായിട്ടാണ് ഖുര്‍ആന്‍ പലയിടത്തും തഖ്‌വയെ പരാമര്‍ശിച്ചിട്ടുള്ളത്. ഉദാഹരണം: ”ഓ വിശ്വസിച്ചവരേ നിങ്ങള്‍ അല്ലാഹുവിനോട് തഖ്‌വയുള്ളവരായിരിക്കുവിന്‍” (9: 119). ”അല്ലയോ ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ പൂര്‍വികരെയും സൃഷ്ടിച്ചവനായ നാഥന്ന് ഇബാദത്തു ചെയ്യുവിന്‍, നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍” (2: 21). ”നാം അവതരിപ്പിച്ച ഈ വേദം അനുഗ്രഹീതമാകുന്നു. അതിനെ പിന്‍പറ്റുവിന്‍. അങ്ങനെ തഖ്‌വയുള്ളവരാകുവിന്‍”.(6: 155) ”നിങ്ങളുടെ പൂര്‍വികര്‍ക്കെന്നപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍”(2: 183). ”ഓ ബുദ്ധിമാന്‍മാരേ, പ്രതിക്രിയാവിധികളില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയത്രെ ഈ വിധികള്‍ നല്‍കിയിട്ടുള്ളത്”(2: 179).
വിശ്വാസമില്ലാത്തിടത്ത് തഖ്‌വയില്ല. തഖ്‌വയില്ലെങ്കില്‍ വിശ്വാസം നിര്‍ജീവമാകുന്നു. ഈയര്‍ഥത്തില്‍ തഖ്‌വയെ ഈമാനിന്റെ പര്യായമെന്നോണവും ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി നൂഹ്, സ്വാലിഹ്, ലൂത്വ്, ശുഐബ്, ഇല്യാസ് തുടങ്ങിയ പ്രവാചകവര്യന്‍മാര്‍ അവരുടെ ജനതകളെ പ്രബോധനം ചെയ്തുകൊണ്ട് ‘നിങ്ങള്‍ വിശ്വസിക്കുന്നില്ലേ’ എന്നു ചോദിക്കുന്നതിനുപകരം നിങ്ങള്‍ തഖ്‌വയുള്ളവരാകുന്നില്ലേ എന്നു ചോദിച്ചതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. (26: 106, 124, 142, 161, 177; 37: 124)
തഖ്‌വയുടെ ആശയങ്ങള്‍ ഏറെക്കുറെ ഉള്‍ക്കൊള്ളുന്ന മലയാളപദം എന്ന നിലയില്‍ ദൈവഭക്തി എന്നാണതിനെ തര്‍ജമചെയ്യാറുള്ളത്. തഖ്‌വയുള്ളവരെ മുത്തഖി- ഭക്തന്‍ എന്നു വിളിക്കുന്നു. തഖ്‌വയുടെ ബാഹ്യലക്ഷ്യങ്ങളെ ആധാരമാക്കി ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ അതിനു നല്‍കിയിട്ടുള്ള നിര്‍വചനം ഇങ്ങനെയാണ്: അല്ലാഹുവിന്റെ കല്പനകള്‍ നടപ്പിലാക്കലും അവന്‍ നിരോധിച്ച സംഗതികള്‍ വര്‍ജിക്കലുമാകുന്നു തഖ്‌വാ. പാരത്രികരക്ഷയെ സംബന്ധിച്ച കരുതലും അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച ഭയവും അവന്റെ കല്‍പനകള്‍ അനുസരിക്കാനുള്ള ജാഗ്രതയും സൂക്ഷ്മതയും ഉള്ളവരില്‍ ഈ നിര്‍വചനം സൂചിപ്പിക്കുന്ന ഗുണമുണ്ടാവുക അനിവാര്യമാണല്ലോ.
Add Comment