സാങ്കേതിക ശബ്ദങ്ങള്‍

അമലുസ്സാലിഹ്

കര്‍മം എന്നാണ് അമല്‍ എന്ന പദത്തിനര്‍ഥം. സ്വാലിഹ് എന്നാല്‍ നല്ലത്, സംസ്‌കരിക്കുന്നത് എന്നും വിവക്ഷിക്കാം. സല്‍കര്‍മം എന്നാണ് അമലുസ്സ്വാലിഹിനെ തര്‍ജമഃ ചെയ്യാറുള്ളത്. സത്യത്തിനും ധര്‍മത്തിനും നീതിക്കും യോജിച്ച കര്‍മം, സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കര്‍മം, നന്‍മയും പുണ്യവും ഉളവാക്കുന്ന കര്‍മം എന്നൊക്കെയാണതിന്റെ വിവക്ഷ. വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ഈമാനിനോട് ചേര്‍ത്തു പരാമര്‍ശിച്ചിട്ടുള്ളതാണ് അമലുസ്സ്വാലിഹ്. ഈമാനിന്റെ ഘടകം തന്നെയാണ് അമല്‍ എന്നും വിശ്വാസവും കര്‍മവും ചേര്‍ന്നാലേ യഥാര്‍ഥ ഈമാനാകൂ എന്നും പണ്ഡിതന്‍മാര്‍ സിദ്ധാന്തിച്ചിട്ടുണ്ട്. സാങ്കേതിക ഭാഷയില്‍ അമലുസ്സാലിഹ് എന്നാല്‍ അല്ലാഹു കല്‍പിച്ചിട്ടുള്ളതും അവന്‍ ഇഷ്ടപ്പെടുന്നതുമായ കര്‍മമാണ്. ഈയര്‍ഥത്തില്‍ അത് ഇബാദത്തിന് സമാനമായ പദമാകുന്നു. ഒരാള്‍ നേരിട്ടു ചെയ്യുന്ന കര്‍മങ്ങള്‍ മാത്രമല്ല അയാളുടെ കര്‍മങ്ങള്‍. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന കര്‍മങ്ങള്‍ അയാളുടെ മരണാന്തരം മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഫലങ്ങളും പരലോകത്ത് അയാളുടെ കര്‍മമായി കണക്കാക്കപ്പെടുന്നതാണ്. ഒരാളുടെ വഖ്ഫ് സ്വത്തുക്കളിലൂടെയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലൂടെയും അയാളുടെ മരണാനന്തരം ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങളെ അയാളുടെ നിലക്കാത്ത സല്‍കര്‍മം എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
സ്വാലിഹ് എന്നതിന്റെ ബഹുവചന രൂപമാണ് സജ്ജനം, സച്ചരിതര്‍, സുകൃതികള്‍ എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുള്ള സ്വാലിഹൂന്‍.

Topics