എഴുപതിലധികം രാജ്യങ്ങളിലായി ലോകത്ത് 700 ഓളം ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആസ്തി അടിസ്ഥാനമാക്കിയാണ് അവ പ്രവര്‍ത്തിക്കുന്നത്. സാധാരണ ബാങ്കുകള്‍ കടം കൊടുക്കലിന് പ്രാധാന്യം നല്‍കുമ്പോള്‍ ഇസ്‌ലാമിക് ബാങ്കുകള്‍ പ്രാധാന്യം നല്‍കുന്നത് നിക്ഷേപത്തിനാണ്. ഇത്തരം ബാങ്കുകള്‍ പതിനാലുമുതല്‍ ഇരുപതുശതമാനം വരെ വളര്‍ച്ചനിരക്കുള്ളവയാണ്. പരമ്പരാഗത ബാങ്കുകള്‍ പലിശ എന്ന ഒരൊറ്റ ഉല്‍പന്നം മാത്രമേ സമൂഹത്തിന് നല്‍കുന്നുള്ളു എന്നാല്‍ ഇസ് ലാമിക് ബാങ്കുകള്‍ക്ക് ഒരു പാട് ഉല്‍പന്നങ്ങള്‍ സമൂഹത്തിന് നല്‍കുന്നുണ്ട്. ഇവയ്‌ക്കെല്ലാമുള്ള ഫണ്ട് സമാഹരിക്കുന്നത് വ്യത്യസ്ത രീതികളിലൂടെയാണ്. അതില്‍ പ്രധാനപ്പെട്ടയാണ് വദീഅയും വക്കാലത്തും.
- വദീഅ (നിക്ഷേപം സ്വീകരിക്കുക)
ഇസ്‌ലാമില്‍ മറ്റൊരാളുടെ വശം സമ്പത്ത് സൂക്ഷിക്കാനേല്‍പിക്കുന്നതിനെയാണ് വദീഅ എന്ന് പറയുന്നത്. ബാങ്ക് ഈ നിക്ഷേപത്തെ ഉല്‍പാദനത്തിന് ഉപയോഗപ്പെടുത്തുകയും അതിന്റെ ലാഭം ബാങ്കും ഇടപാടുകാരനും തമ്മില്‍ പങ്കുവെക്കുന്നു. ഇതില്‍ സൂക്ഷിക്കാനേല്‍പ്പിക്കപ്പെട്ടവന്‍ നഷ്ടം സഹിക്കേണ്ട ആവശ്യമില്ല. നിക്ഷേപമേല്‍പ്പിക്കപ്പെട്ടവന്‍ നഷ്ടത്തിനുത്തരവാദിയല്ല (ലാ ദമാന അലാ മുഅ്തമിനിന്‍) എന്ന പ്രവാചക വചനമാണിതിന് തെളിവ് (ബൈഹഖി). അതുപോലെതന്നെ ഇത് ഉടമ ആവശ്യപ്പെടുമ്പോള്‍ തിരിച്ചുകൊടുക്കണം. ഇതിന് ആവശ്യമായ പ്രതിഫലം കൈപറ്റാവുന്നതാണ്. വ്യത്യസ്ത രീതിയിലുള്ള ഡെപ്പോസിറ്റുകള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള പലിശ നല്‍കിയാണ് പലിശാധിഷ്ഠിത ബാങ്കുകള്‍ ധനസമാഹരണം നടത്തുന്നത്. എന്നാല്‍ പലിശ മുക്ത ബാങ്കുകള്‍ ഒരു തലത്തിലുമുള്ള ഡെപ്പോസിറ്റിനും പലിശ നല്‍കാറില്ല. എന്നാല്‍ ചില ബാങ്കുകള്‍ സാഹചര്യമനുസരിച്ച് ഡെപ്പോസിറ്റുകള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കാറുണ്ട്. അത് ഹിബ(സമ്മാനം) എന്ന അര്‍ത്ഥത്തിലാണ്. അത് പലിശപോലെ കാലഗണനക്കനുസരിച്ച് അധികമാവുകയോ ഒരു അവകാശം എന്ന നിലയില്‍ നല്‍കുകയോ ഇല്ല ഇനി ഇസ്‌ലാമിക് ബാങ്കുകള്‍ നല്‍കുന്ന ഡെപ്പോസിറ്റ് എന്തെല്ലാം എന്ന് നോക്കാം. ഏതാണ്ട് എല്ലാ ഇസ്‌ലാമിക് ബാങ്കുകളും മൂന്ന് തരത്തിലുള്ള ഡപ്പോസിറ്റുകളാണ് നല്‍കുന്നത്. എ. കറന്റ് അക്കൗണ്ട് ബി. സേവിംഗ് അക്കൗണ്ട് സി. ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ട്.
എ). കറന്റ് അക്കൗണ്ട്
ഇത് പരമ്പരാഗതബാങ്കുകളിലെ അക്കൗണ്ടുപോലെ തന്നെയാണ്. ഇടപാടുകാരില്‍ നിന്ന് കറന്റ് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് അവര്‍ക്ക് യഥേഷ്ടം ബാങ്കുകളില്‍ സൂക്ഷിക്കാനും തിരിച്ചെടുക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നു. ഇതില്‍ ഇസ്‌ലാമിക ബാങ്കിന് ചില പ്രത്യേകതകളുണ്ട്.
- വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ കറന്റ് അക്കൗണ്ട് സൗകര്യം പോലെ ഉപയോഗപ്പെടുത്താം . നിക്ഷേപിക്കുന്ന പണം തദ്ദേശീയ നാണയമോ വിദേശ നാണയമോ ആകാം. വിദേശ നാണയ നിക്ഷേപത്തിന് നാട്ടിലെ നിയമം അനുവദിക്കണമെന്ന് മാത്രം.
- നിക്ഷേപകന്‍ ആവശ്യപ്പെടുമ്പോള്‍ സൂക്ഷിച്ചസംഖ്യ തിരിച്ചുനല്‍കുന്നു. നിക്ഷേപകന് ലാഭവിഹിതമോ മറ്റു പ്രതിഫലമോ നല്‍കേണ്ടതില്ല.
- ബാങ്കിന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ നിക്ഷേപകരുടെ അനുവാദത്തോടെ നിക്ഷേപം ലാഭകരമായി ഉപയോഗിക്കാവുന്നതാണ്. ഇതില്‍ നിന്ന് ലഭ്യമാകുന്ന ലാഭം ബാങ്കിന് സ്വന്തമാക്കാവുന്നതും നഷ്ടം സംഭവിച്ചാല്‍ അത് ബാങ്ക് തന്നെ സഹിക്കേണ്ടതുമാണ്.
- നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഉപാധികളൊന്നുമുണ്ടായിരിക്കില്ല. 5. കറന്റ് അക്കൗണ്ടിന്റെ ഉടമക്ക് പണം ചെക്ക് മുഖേന തിരിച്ചെടുക്കാവുന്നതാണ്.
ബി). സേവിങ് ഡപ്പോസിറ്റ്
പരമ്പരാഗതബാങ്കുകളെപ്പോലെ ഇസ്‌ലാമിക ബാങ്കും സേവിങ് ഡെപ്പോസിറ്റ് സ്വീകരിക്കുന്നുണ്ട്. ചില ബാങ്കുകള്‍ മുമ്പുപറഞ്ഞ വദീഅ തത്ത്വത്തിലെ ഇളവുപയോഗപ്പെടുത്തി നേരിയ ലാഭം നല്‍കുന്നുണ്ട്. ബാങ്ക് നിക്ഷേപകരില്‍നിന്നും അവരുടെ നിക്ഷേപം യഥേഷ്ടം ഉപയോഗിക്കാനായി അനുവാദം തേടും അങ്ങനെ അനുവാദം നല്‍കാത്ത ബാക്കി സംഖ്യ നിക്ഷേപകന് എപ്പോവും പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ലാഭത്തിന്റെ നിശ്ചിത ശതമാനം നിക്ഷേപകന് നല്‍കുന്ന രീതിയും ഉണ്ട് ഇതില്‍ വ്യത്യസ്ത ബാങ്കുകള്‍ക്ക് വ്യത്യസ്ത നയമാണുള്ളത്.
സി). ഇന്‍വെസ്റ്റ്‌മെന്റ് ഡെപ്പോസിറ്റ്
ഇത് ഫിക്‌സിഡ് ഡെപ്പോസിറ്റ് ആയോ അണ്‍ലിമിറ്റഡ് ആയോ സ്വീകരിക്കും. നല്‍കിയ ഷെയറിന്റെ അടിസ്ഥാനത്തില്‍ ലാഭവിഹിതങ്ങള്‍ പങ്കുവെക്കും. പലിശാധിഷ്ഠിതബാങ്കുകളില്‍ ഇതിനെ ടൈം ഡെപ്പോസിറ്റ് എന്നാണ് വിളിക്കുന്നത്. ഇസ്‌ലാമിക ബാങ്കില്‍ ഇത് ലാഭനഷ്ടവിഹിത അക്കൗണ്ടാണ്. പാര്‍ട്ടിസിപ്പേറ്ററി എന്നപേരിലും അറിയപ്പെടുന്നുണ്ട്. മുന്‍കൂട്ടി ക്ലിപ്തപ്പെടുത്തിയ കണക്കിന് പകരം ആനുപാതിക ഓഹരിയാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത് എന്നതാണ് ഇസ്‌ലാമിക് ബാങ്കിന്റെ പ്രത്യേകത. പരമ്പരാഗതബാങ്കുകള്‍ പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ വക തിരിക്കുമ്പോള്‍ ഇസ്‌ലാമികബാങ്കുകള്‍ അവധിയും ആവശ്യവും അടിസ്ഥാനമാക്കിയാണ് തുക നിര്‍ണയിക്കുന്നത്. വ്യത്യസ്ത ബാങ്കുകള്‍ വ്യത്യസ്തരീതിയിലാണ് ഇവ നടപ്പാക്കുന്നത്.
അവലംബങ്ങള്‍:
- ഫിഖ്ഹുസുന്ന
- http://ozrisk.net/2006/11/07/islamic-banking-products/).
Add Comment