സ്മാര്‍ട്ട് ക്ലാസ്സ്‌

അറിയണം കുട്ടികളെ

നക്ഷത്രങ്ങളാണ് കുട്ടികള്‍-4
പഠിപ്പിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കുട്ടികളെ അറിയാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ അധ്യാപകര്‍ എന്ന് മുമ്പ് വായിച്ചതും പഠിച്ചതും പൂര്‍ണമായും ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടികളെ അറിയാതെ, അവരുടെ ജീവിത പശ്ചാത്തലമറിയാതെ, പ്രത്യേകതകളും അനന്യതകളുമറിയാതെ, പ്രശ്‌നങ്ങളും ആവശ്യങ്ങളുമറിയാതെ, ശക്തിയും ദൗര്‍ബല്യങ്ങളുമറിയാതെ പഠിപ്പിക്കുന്നതും അവയെല്ലാമറിഞ്ഞതിനു ശേഷം പഠിപ്പിക്കുന്നതും വലിയ വ്യത്യാസമുണ്ടല്ലൊ.
കൃത്യമായ ചിന്തയിലേക്കും വിവര വിശകലനത്തിലേക്കും അറിവ് നിര്‍മാണത്തിലേക്കുമുള്ള വഴി കുട്ടികള്‍ക്ക് എളുപ്പമാക്കി കൊടുക്കുക എന്നതാണല്ലോ അധ്യാപകരുടെ പ്രധാന ധര്‍മം.ആ ധര്‍മം യഥാവിധി നിര്‍വഹിക്കാന്‍ കഴിയണമെങ്കില്‍ കുട്ടികളെ അറിഞ്ഞേ തീരു. കുട്ടികളെ അറിയാനും മനസ്സിലാക്കാനും പക്ഷേ, അധ്യാപകര്‍ക്ക് കഴിയാതെ പോകുന്നു.എന്തിന് അധ്യാപകരെ പറയുന്നു, രക്ഷിതാക്കളില്‍ എത്ര പേര്‍ക്കാണ് സ്വന്തം കുട്ടികളെ അടുത്തറിയണമെന്ന ചിന്തയുള്ളത് ? അറിയാനുള്ള ക്ഷമയുള്ളത്? അറിയേണ്ടതുണ്ട് എന്ന തിരിച്ചറിവുള്ളത്?

ഒരിക്കല്‍ പൊങ്ങച്ചക്കാരിയായ ഒരുദ്യോഗസ്ഥ, തന്റെ ഏക മകന്റെ ജന്മദിനമാഘോഷിക്കാനായി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രൗഢമായൊരു വിരുന്ന് സംഘടിപ്പിച്ചു. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ അങ്ങനെ വലിയൊരു സംഘം വിരുന്നിനെത്തി. നൃത്തം, ഗാനമേള, മാജിക്ക്
എല്ലാം ഒരുക്കിയിട്ടുണ്ട് ; ഗംഭീരമായ സദ്യയും. ആഘോഷം പൊടിപൊടിക്കുന്നതിനിടയില്‍ പലരും ഉദ്യോഗസ്ഥയുടെ കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ അവനാണല്ലൊ താരം. അവന്റെ ജന്മദിനമാഘോഷിക്കാനാണല്ലൊ എല്ലാവരുമെത്തിയിരിക്കുന്നത്. വേദിയിലൊ സദസ്സിലോ അവനെ കാണുന്നുമില്ല.

‘ മാഡം, കുട്ടിയെവിടെ’ സമ്മാനപ്പൊതിയും കയ്യില്‍ പിടിച്ചു ഒരു സഹപ്രവര്‍ത്തകയാണ് ചോദിച്ചത്.
‘ അവന്‍ വീട്ടില്‍ സെര്‍വന്റിന്റെ അടുത്തുണ്ട്. ഇത്തിരി കുസൃതിയുള്ളതു കൊണ്ടു ഞാനിങ്ങോട്ട് കൊണ്ടുവന്നില്ല ‘ ഒരുളുപ്പുമില്ലാതെ പൊങ്ങച്ചക്കാരിയുടെ മറുപടി.
എങ്ങനെയുണ്ട്. സ്വന്തം ജന്മദിനാഘോഷത്തില്‍ പോലും പ്രവേശനം നിഷേധിക്കപ്പെടുന്ന ഹതഭാഗ്യനായ കുട്ടി. അതിന്റെ കാരണമോ, കുസൃതി. കുസൃതിയും വികൃതിയുമില്ലാത്ത കുട്ടികളുണ്ടോ? കുസൃതിയും വികൃതിയുമില്ലെങ്കില്‍ കുട്ടികളാകുമോ?ഇനി അതുമല്ല, കുട്ടിക്ക് കുസൃതിയുണ്ട് എന്ന് മറ്റുള്ളവര്‍ അറിയുന്നതിലുള്ള അഭിമാന പ്രശ്‌നമാണോ?

കുട്ടികളും മുതിര്‍ന്നവരും കുട്ടികളും നാമും കുട്ടികളും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും അടുക്കേണ്ടതു പോലെ അടുക്കാത്തതിന്റെയും അറിയേണ്ടതു പോലെ അറിയാത്തതിന്റെയും പ്രശ്‌നങ്ങള്‍ ചെറുതല്ല. ആ പ്രശ്‌നങ്ങളുണ്ടാക്കുന്ന വിടവുകളും ചെറുതല്ല. കുട്ടികളില്‍ അന്തര്‍ലീനമായ സര്‍ഗാത്മക ശേഷി, ശ്രദ്ധിക്കപ്പെടാതെ പോയ മികവ്, പരിപോഷിപ്പിക്കപ്പെടാതെ മുരടിച്ചു പോയ കഴിവ്, പ്രോല്‍സാഹനം കിട്ടാത്തതിനാല്‍ നിലച്ചു പോയ വളര്‍ച്ചാവികാസം. ഇതൊക്കെ ഗൗരവത്തിലെടുക്കുമ്പോഴാണ് എത്രയെത്ര പ്രതിഭാശാലികളായിരിക്കും അശ്രദ്ധ കൊണ്ടൊ അറിവില്ലായ്മ കൊണ്ടോ സമൂഹം നഷ്ടപ്പെടുത്തിയിട്ടുണ്ടാവുക എന്നു ബോധ്യമാവുക. വളരെ അപൂര്‍വമായി ചിലര്‍, യാദൃശ്ചികമെന്നോണം പ്രതിഭ തെളിയിച്ചു എന്ന് വന്നേക്കാം.പക്ഷേ, അതിനും വേണം നിമിത്തം.

പ്രഗത്ഭനായ അധ്യാപകനും പ്രതിഭാശാലിയായ കവിയുമായിരുന്നല്ലൊ കുഞ്ഞുണ്ണി മാഷ്. ഭാഷാ വെടിപ്പും അക്ഷരശുദ്ധിയും നിര്‍ബന്ധമാണ് എന്നതുപോലെ അച്ചടക്കവും കുട്ടികള്‍ക്കുണ്ടായിരിക്കണം എന്നതില്‍ കുഞ്ഞുണ്ണി മാഷിന് നിര്‍ബന്ധമുണ്ടായിരുന്നു. ക്‌ളാസില്‍ അടങ്ങിയിരിക്കുക, വൃത്തി പാലിക്കുക, നന്നായി പഠിക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാതിരിക്കുക തുടങ്ങി ചില കാര്യങ്ങളില്‍ മാഷിന് സദുദ്ദേശ്യപരമായ ശാഠ്യങ്ങളുണ്ടായിരുന്നു. ചൂരല്‍ പ്രയോഗവും നടത്തുമായിരുന്നു മാഷ്. കോഴിക്കോടിനടുത്ത ഒരു ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി ജോലിയെടുക്കുന്ന കാലം. ഒരു ദിവസം ഉച്ചക്ക് കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന നേരത്ത് കുഞ്ഞുണ്ണി മാഷ് രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു. ആരൊക്കെയാണ് ആഹാരം കഴിക്കുന്നതിനിടയില്‍ സംസാരിക്കുന്നത് എന്ന് കണ്ടുപിടിക്കുകയായിരുന്നു നിരീക്ഷണ ലക്ഷ്യം. കുട്ടികളുടെ ശീലങ്ങള്‍ ഉദാത്തീകരിക്കുന്നതിനും സ്വഭാവം സംസ്‌ക്കരിക്കുന്നതിനും ഇത്തരം ഇടപെടലുകള്‍ ഒരുപാട് പ്രയോജനപ്പെട്ടിരുന്നു. അന്നത്തെ നിരീക്ഷണത്തില്‍ ഒരു സംഘം ആണ്‍കുട്ടികള്‍ കൂട്ടം കൂടി സൊറ പറഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കുന്നത് മാഷ് കണ്ടു. അതിന് നേതൃത്വം കൊടുക്കുന്ന കുട്ടിയെ പ്രത്യേകം നോട്ടമിട്ട് പിന്നാലെ പതുങ്ങിച്ചെന്ന് ചൂരല് കൊണ്ട് രണ്ടു പെട കൊടുത്തു. നല്ല രണ്ടു പെട.അന്ന് വൈകുന്നേരത്തെ ഇടവേള. കുഞ്ഞുണ്ണി മാഷ് വരാന്തയിലൂടെ നടക്കുമ്പോള്‍ ചുമരില്‍ , ഒരു കടലാസ് പതിച്ചിരിക്കുന്നത് കണ്ടു. നാല് വരി കവിതയായിരുന്നു ആ കടലാസില്‍.

‘ ഉണ്ണുന്ന നേരത്ത്
ഞാനൊന്നു മിണ്ടി.
അതിനപ്പോള്‍ കുഞ്ഞുണ്ണി
മാഷെന്നെ തല്ലി.
മിണ്ടുന്നത് തെറ്റെങ്കില്‍
തല്ലുന്നത് തെറ്റ്.
മിണ്ട്യോനെ തല്ലിയാല്‍
തല്ല്യോനെ കൊല്ലണം ‘

ഇതായിരുന്നു കവിത.

മാഷ് നിര്‍ന്നിമേഷനായി നിന്ന് ആ വരികള്‍ വീണ്ടും വീണ്ടും വായിച്ചു. ‘ ഉച്ചക്ക് ഞാന്‍ അടിച്ചത് മിടുക്കനായ ഈ കവിയെ ആയിരുന്നോ’ മാഷ് ആലോചിച്ചു. ( എന്റെ ഓര്‍മ്മ തെറ്റിയിട്ടില്ലെങ്കില്‍ , ഈ വിദ്യാര്‍ഥി പിന്നീട് ഹൈസ്‌കൂള്‍ അധ്യാപകനായി )

പറഞ്ഞു വന്നത് ഇതാണ്:നമ്മള്‍ പലരും അറിയുന്നില്ല കുട്ടികളിലെ പ്രതിഭാശാലികളെ. കുട്ടികള്‍ എന്ന പ്രതിഭകളെ. ( തുടരും )

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics