മദ്ഹബുകള്‍

ലയ്ഥീ മദ്ഹബ്

ഹി: 94-ല്‍ മിസ്റിലെ ഖല്‍ഖശന്‍ദയില്‍ ജനിച്ച ഇമാം അബൂഹര്‍ഥ് ലൈഥുബ്നു സഅ്ദില്‍ ഫഹ്മിയുടെ മദ്ഹബാണിത്. മിസ്റിന്റെ പണ്ഡിതനും കര്‍മ്മശാസ്ത്രവിശാരദനുമായിരുന്നു ലൈഥ്. ശാഫി, മാലിക് എന്നീ ഇമാമുമാര്‍ക്ക് തുല്യന്‍ എന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

അത്വാഅ്, മഖ്ബുരി, നാഫിഅ്, ഖതാദ, സുഹ്രി, മാലിക് എന്നിവരില്‍ നിന്ന് ഹദീഥ് നിവേദനം ചെയ്തു. ഇബ്നു അജ്ലാന്‍, ഇബ്നു വഹബ് തുടങ്ങി ഒരുപാടു ശിഷ്യന്മാരും ലൈഥിനുണ്ട്. ഇമാം മാലികും ലൈഥുബ്നു സഅദും നടത്തിയ കത്തിടപാടുകള്‍ ഇരുവരുടെയും പാണ്ഡിത്യഗരിമയും സമര്‍ത്ഥന ശേഷിയും തുറന്നുകാട്ടുന്നവയാണ്. ഇമാം അഹ്മദ്ബ്നു ഹമ്പല്‍, യഹ്യബ്നു മുഈന്‍ എന്നിവര്‍ ലൈഥിന്റെ വിശ്വാസ്യത സാക്ഷ്യപ്പെടുത്തിയതായി കാണാം. ഇമാം ശാഫി, ഇബ്നു ബുകൈര്‍ എന്നിവര്‍ പറഞ്ഞു: ‘മാലികിനേക്കാള്‍ വലിയ പണ്ഡിതനായിരുന്നു ലൈഥ്. പക്ഷേ, അനുയായികള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു’.

അനുയായികള്‍ കുറഞ്ഞതിനാലും ക്രോഡീകരിക്കപ്പെടാത്തതിനാലും ഈ മദ്ഹബ് അധികകാലം നിലനിന്നില്ല. മിസ്റില്‍ ശാഫി മദ്ഹബും മാലികീ മദ്ഹബും മേല്‍ക്കൈ നേടുകയും ലൈഥിന്റെ മരണശേഷം മദ്ഹബ് തന്നെ ഇല്ലാതാകുകയും ചെയ്തു.

Topics