ഇമാം അബൂഅംറ് അബ്ദുറഹ്മാനുബ്നു മുഹമ്മദുല്‍ ഔസാഇ (ഹി.88-157)യുടെ പേരില്‍ പ്രശസ്തമായ മദ്ഹബാണ് ഔസാഇ മദ്ഹബ്. വിജ്ഞാന ദാഹിയായ അബ്ദുറഹ്മാന് അറിവുതേടി നാടുകള്‍ ചുറ്റിക്കറങ്ങി. അത്വാഉബ്നു റബാഹ്, ത്വബ്രി എന്നിവരില്‍ നിന്ന് ഹദീഥില്‍ വ്യുല്‍പ്പത്തി നേടി. ഇബ്നു സീരീന്, മക്ഹൂല് തുടങ്ങിയ താബിഈ പ്രമുഖകരില്‍ നിന്നും ഔസാഇ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട്. മാലിക്കും ഔസാഇയും പരസ്പരം ഹദീഥുകള്‍ കൈമാറിയിരുന്നു. ഖതാദ, സുഹ്രി, യഹ്യബ്നു അബീകഥീര് തുടങ്ങിയ ഒരുപാട് താബിഉകള്‍ തങ്ങളുടെ താഴെപടിയിലുള്ള ഒസാഇയില്നിന്ന് നിവേദനം ചെയ്തത് ചരിത്രകാരന്മാര് അത്ഭുതത്തോടെ രേഖപ്പെടുത്തിയതു കാണാം.
ഔസാഇ ആധികാരികനും വിശ്വസ്തനുമാണെന്നതില് പണ്ഡിതന്മാര് ഏകാഭിപ്രായക്കാരാണ്. ഭക്തി, ഭൌതിക വിരക്തി, ആരാധനാ നിര്‍വഹണത്തിലെ കണിശത, ഫിഖ്ഹ്, ഹദീഥ്, ഭാഷ തുടങ്ങിയവയിലെ അഗാധജ്ഞാനം, സുന്നത്ത് പിന്തുടരുന്നതിലെ അങ്ങേയറ്റത്തെ ഉത്സാഹം എന്നിവയില്‍ ഔസാഇ ഏവര്‍ക്കും മാതൃക കാണിച്ചു. അതിനാല്‍ ഹജ്ജിന് മക്കയിലെത്തിയ അദ്ദേഹത്തെ സുഫ്യാനുസ്സൌരിയും മാലിക്കും അനുഗമിച്ചു. തന്റെ വിജ്ഞാനസാഗരത്തിലെ അനവധി അമൂല്യരത്നങ്ങള്‍ അവര്‍ക്കു സമ്മാനിച്ചു. മദീനയില്‍ വെച്ച് സൌരിയുമായി ഒരു സംവാദവും നടത്തി. ആ മഹത്വത്തിനും ഗാംഭീര്യത്തിനും മുന്നില്‍ സകലരും തലകുനിച്ചു. തിന്മ തടയുന്നതില്‍ ഏതറ്റംവരെ പോകാനും അദ്ദേഹം മടിച്ചില്ല. എന്നല്ല, അക്കാര്യത്തില്‍ ഒരാളുടെയും ആക്ഷേപങ്ങളെ തരിമ്പുപോലും അദ്ദേഹം വകവെച്ചില്ല. ഇക്കാരണങ്ങളാലാവാം ശാമുകാര്‍ക്ക് അനിഷേധ്യ നേതാവായിരുന്നു ഔസാഈ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അവര്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി. ബനൂ ഉമയ്യക്കാരുടെ കാലത്ത് മദ്ഹബിന്റെ അംഗസംഖ്യ വര്‍ദ്ധിച്ചു. ആരംഭകാലത്ത് അന്ദുലുസില് മാലികീ മദ്ഹബിനേക്കാളും മുകളില്‍ എത്തി. പക്ഷേ, സ്ഥിതിഗതികള്‍ മാറിമറിയാന്‍ ഏറെ താമസിച്ചില്ല. ശാമില്‍ ശാഫീ മദ്ഹബിനും അന്ദുലുസില് മാലികി മദ്ഹബിനും സ്വീകാര്യത വര്‍ദ്ധിച്ചു. കാലക്രമത്തില്‍ അനുയായികള്‍ കുറഞ്ഞുവന്നു. ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഔസാഇ മദ്ഹബ് നാമാവശേഷമായി.
ഫിഖ്ഹില് ഹദീഥിനാണ് ഔസാഇ മുഖ്യസ്ഥാനം നല്‍കിയത്. റഅ്യിനേയും ഖിയാസിനെയും അദ്ദേഹം പരിഗണിച്ചതേയില്ല. അതിനാല്‍ മദ്റസത്തു അഹ്ലില്‍ ഹദീസിലാണ് പണ്ഡിതന്മാര് ഔസാഇയെ എണ്ണിയത്. പക്ഷേ, ഇബ്നുഖുതൈബ തന്റെ ‘മആരിഫി’ല്‍ ‘ഫുകഹാഉറഅ്യി’നിടയിലാണ് ഔസാഇയുടെ നാമം രേഖപ്പെടുത്തിയത്.
ഔസാഈ മദ്ഹബ് ഇന്ന് നിലവിലില്ല. എങ്കിലും അദ്ദേഹം കത്തിച്ചുവെച്ച വിളക്ക് ഇന്നും പ്രകാശം നല്കിക്കൊണ്ടിരിക്കുന്നു. ബയ്റൂത്ത് പട്ടണത്തിലെ ഒരു വലിയ പ്രദേശം ഇദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നത്. ഹി: 1400-ല്‍ സ്ഥാപിതമായ ‘കുല്ലിയത്തുല്‍ ഇമാമുല്‍ ഔസാഈ ലിദ്ദിറാസത്തില് ഇസ്ലാമിയ്യത്ത്’
എന്ന സ്ഥാപനം ആ സ്മരണ നിലനിര്‍ത്തുന്നു. ഫിഖ്ഹ് താരതമ്യപഠനങ്ങളിലും കര്മ്മശാസ്ത്രഭിന്നത വിവരിക്കുന്ന ഗ്രന്ഥങ്ങളിലും ഔസാഇയുടെ അഭിപ്രായങ്ങള്‍ കാണാം.
Add Comment