മദ്ഹബുകള്‍

കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ രൂപീകരണ പശ്ചാത്തലം

‘മദ്ഹബ്’ എന്ന പദത്തിന്റെ അര്‍ഥം:

ذ ه ب എന്ന ധാതുവില്‍ നിന്നാണ് ‘മദ്ഹബ്’ എന്ന പദമുണ്ടായത്. ലിസാനുല്‍ അറബില്‍ (5/66) അതിന്റെ അര്‍ഥം ഇങ്ങനെ വായിക്കാം.المذهب: المقعد الذي يذهب إليه  (മതമായി സ്വീകരിക്കുന്ന വിശ്വാസം)

അല്‍ മുഅ്ജമുല്‍ വസീത്വ്(1/31(:

ذهب  في الدين مذهبا :رأى فيه رأيا أو أحدث فيه بدعة

(‘ദീനില്‍ ഒരു മദ്ഹബ് ഉണ്ടാക്കി’ എന്ന് പറഞ്ഞാല്‍ ‘അതില്‍ അഭിപ്രായം പറഞ്ഞു’ അല്ലെങ്കില്‍ ‘അതില്‍ പുതിയൊരു സംഗതിയുണ്ടാക്കി’ എന്നര്‍ത്ഥം)

المذهب: الطريقة، والمعتقد الذي يذهب إليه

(‘മദ്ഹബ്’ എന്നാല്‍ ‘മാര്‍ഗം’ അല്ലെങ്കില്‍ ‘മതമായി സ്വീകരിക്കുന്ന വിശ്വാസം’ എന്നര്‍ഥം).

المذهب عند العلماء:مجموعة من الآراء والنظريات العلمية والفلسفية ارتبط بعضها ببعض ارتباطا يجعلها وحدة  منسقة

(പണ്ഡിതന്മാര്‍ ‘മദ്ഹബി’ന് ഇങ്ങനെ അര്‍ഥം പറയുന്നു: പരസ്പരം കോര്‍ത്തിണക്കപ്പെട്ട, തത്വശാസ്ത്രപരവും വൈജ്ഞാനികവുമായ സിദ്ധാന്തങ്ങളുടെയും അഭിപ്രായങ്ങളുടെയും കൂട്ടം).

‘മദ്ഹബി’ന് സാങ്കേതികമായി ഇങ്ങനെ അര്‍ത്ഥം പറയാം:

طريقة معينة في استنباط الأحكام الشرعية) العملية من أدلتها التفصيلية(معجم لغة الفقهاء (തെളിവുകളില്‍ നിന്ന് നിയമപരവും പ്രായോഗികവുമായ വിധികള്‍ നിര്‍ദ്ധാരണം ചെയ്തെടുക്കാനുള്ള നിര്‍ണ്ണിത മാര്‍ഗ്ഗം)

അറിയപ്പെട്ട കര്‍മ്മശാസ്ത്ര മദ്ഹബുകള്‍, കര്‍മ്മശാസ്ത്രത്തെ വിവരിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗത്തെയാണ് മദ്ഹബീകര്‍മ്മശാസ്ത്രം (അല്‍ ഫിഖ്ഹുല്‍ മദ്ഹബി) എന്നുപറയുന്നത്.

കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ രൂപീകരണ പശ്ചാത്തലം

ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ നാലാം നൂറ്റാണ്ടിന്റെ മധ്യം വരെ (ഏകദേശം 250 വര്‍ഷം) ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലുണ്ടായ ചിന്താപരമായ ഉണര്‍വ്വ് ഫിഖ്ഹിന്റെ വളര്‍ച്ചയില്‍ പങ്കു വഹിച്ചു. ഇതിനിടയാക്കിയ ചില പ്രേരകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

  • അബ്ബാസി രാഷ്ട്രത്തിന്റെ രൂപീകരണം ഇസ്ലാമിക കര്‍മശാസ്ത്രവും നിയമനിര്‍മാണവും പുരോഗമിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചു. ഖലീഫമാര്‍ ഫുഖഹാക്കളുടെ വിജ്ഞാന സദസ്സുകളില്‍ പങ്കെടുക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും രാഷ്ട്രത്തിന്റെ നിയമനിര്‍മ്മാണത്തില്‍ അവരെ പങ്കാളികളാക്കുകയും ചെയ്തു. അബൂഹനീഫയുടെ ശിഷ്യനായ അബൂയൂസുഫിനെ ഖലീഫ ഹാറൂണ്‍ റഷീദ് രാഷ്ട്രത്തിന്റെ സാമ്പത്തിക നിയമങ്ങളെക്കുറിച്ച് പൊതു വിജ്ഞാപനം തയ്യാറാക്കാന്‍ ക്ഷണിച്ചത് ഇതിനുദാഹരണമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ദീനിനെയും പണ്ഡിതന്മാരെയും ഭരണാധികാരികള്‍ പരിഗണിച്ചതെങ്കിലും കര്‍മ്മശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ഇത് പങ്കു വഹിച്ചിട്ടുണ്ട്.
  • അബ്ബാസി രാഷ്ട്രത്തിന്റെ കീഴിലുണ്ടായ സാമ്പത്തിക-സാംസ്കാരിക-നാഗരിക വളര്‍ച്ചയുടെ ഫലമായി നഗരഗ്രാമങ്ങളില്‍ – പ്രത്യേകിച്ച് തലസ്ഥാനമായ ബഗ്ദാദില്‍ – ഉണ്ടായ വിജ്ഞാനസദസ്സുകളിലൂടെ സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാര്‍ വളര്‍ന്നുവന്നു. മദ്ഹബുകളുടെ രൂപീകരണഘട്ടത്തില്‍ ഓരോ വിജ്ഞാന ശാഖയും പ്രത്യേകമായി എണ്ണപ്പെട്ടു. കര്‍മ്മശാസ്ത്രം പുരോഗമിക്കുന്നതില്‍ ഈ വിജ്ഞാന സദസ്സുകള്‍ വഹിച്ച പങ്ക് വലുതാണ്.
  • പണ്ഡിതന്മാര്‍ക്കിടയില്‍ നടന്ന വൈജ്ഞാനിക യാത്രകള്‍ മദ്ഹബുകളുടെ രൂപീകരണ ഘട്ടത്തില്‍ ഫിഖ്ഹിന്റെ വളര്‍ച്ചക്കിടയാക്കിയ പ്രേരകങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ്. അവര്‍ പരസ്പരം അഭിപ്രായങ്ങള്‍ കൈമാറുകയും അഭിപ്രായ സ്വാതന്ത്യ്രത്തെ അംഗീകരിക്കുകയും ചെയ്തു. ഇത് കര്‍മ്മശാസ്ത്രത്തെ പൂര്‍ണതയിലേക്കു നയിച്ചു.
  • കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ ഈ മേഖലയില്‍ സംവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഈ സംവാദങ്ങള്‍ സത്യസന്ധതയുടെയും ശരിയായ വൈജ്ഞാനിക സഹകരണത്തിന്റെയും നിദര്‍ശനങ്ങളായിരുന്നു. കര്‍മ്മശാസ്ത്ര വിധികളും അടിസ്ഥാനങ്ങളും ഇതില്‍ ചര്‍ച്ചാവിധേയമായി. കേവല വൈജ്ഞാനിക സംഭാഷണങ്ങള്‍ക്കപ്പുറം മാലിക്, ലൈസുബ്നു സഅദ്, അബൂയൂസുഫ്, ശൈബാനി, ശാഫിഈ (റ) തുടങ്ങിയ ഇമാമുകള്‍ നടത്തിയ രചനകള്‍ ഈ മേഖലയില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കി.

ഇവക്കു പുറമേ ഹദീസുകളുടെ ക്രോഡീകരണം, സ്വഹാബികളുടെയും താബിഉകളുടെയും ഇജ്തിഹാദിന്റെ പിന്തുടര്‍ച്ച, വിജ്ഞാനവിതരണത്തിലെ സന്തുലിതത്വം, വൈജ്ഞാനിക ഗവേഷണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, അഭിപ്രായസ്വാതന്ത്യ്രം തുടങ്ങിയവയും കര്‍മ്മശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പങ്കു വഹിച്ചിട്ടുണ്ട്.

ധാരാളം കര്‍മ്മശാസ്ത്രവിശാരദന്‍മാര്‍ രംഗത്തു വന്നതും കര്‍മ്മശാസ്ത്ര ഗവേഷണത്തിന്റെ അടിസ്ഥാനങ്ങള്‍ രൂപീകൃതമായതും ഫിഖ്ഹ് ക്രോഡീകരിക്കപ്പെടുകയും അഭിപ്രായങ്ങള്‍ പക്ഷപാതരഹിതമായി അംഗീകരിക്കപ്പെടുകയും ചെയ്തത് ഈ പ്രേരകങ്ങളുടെ ഫലമാണ്.

മദ്ഹബുകളുടെ രൂപീകരണ ഘട്ടത്തില്‍ ഫിഖ്ഹിന്റെ സവിശേഷതകള്‍

  • കര്‍മ്മശാസ്ത്ര ഗവേഷണത്തിന്റെ സ്രോതസ്സുകളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവക്കു പുറമേ ഇസ്തിഹ്സാന്‍ (ഒരു സംഗതിയെ നല്ലതായി കണക്കാക്കുക), സദ്ദുദ്ദറാഇഅ് (തിന്മകളിലേക്കുള്ള വഴികളടക്കുക), മസ്വ്ലഹ മുര്‍സല (പൊതുജന നന്‍മ), അമലു അഹ്ലില്‍ മദീന (മദീനക്കാരുടെ പ്രവൃത്തി), ഫത്വസ്സ്വഹാബി (സ്വഹാബിയുടെ ഫത്വ) തുടങ്ങിയവ  അതിന്റെ സ്രോതസ്സുകളായി അഭിപ്രായാന്തരത്തോടെ അംഗീകരിക്കപ്പെട്ടു.
  • സ്വഹാബികളുടെയും താബിഉകളുടെയും കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി കര്‍മ്മശാസ്ത്രത്തില്‍ ആരാധനാ കര്‍മ്മങ്ങള്‍ (ഇബാദാത്ത്), ഇടപാടുകള്‍ (മുആമലാത്ത്) എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സ്വതന്ത്രവും സജീവവുമായ ഇജ്തിഹാദ് നടന്നു.
  • ഉര്‍ഫ് (നാട്ടുനടപ്പ്) ഇജ്തിഹാദില്‍ സ്വാധീനം ചെലുത്തി. ഇമാം ശാഫി(റ) ഇറാഖിലായിരിക്കുമ്പോള്‍ പറഞ്ഞ പല അഭിപ്രായങ്ങളും ഈജിപ്തിലെത്തിയപ്പോള്‍ മാറ്റിപ്പറഞ്ഞത് ഇതിനുദാഹരണമാണ്.
  • ഗവേഷകര്‍ സൈദ്ധാന്തിക ഫിഖ്ഹിന് പ്രാധാന്യം നല്‍കി. അവര്‍ മസ്അലകള്‍ ഉണ്ടാക്കുകയും അതിനെ ശാഖകളാക്കിത്തിരിക്കുകയും ചെയ്തു. പ്രായോഗികമല്ലാത്ത, സാങ്കല്‍പിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ധാരാളം മസ്അലകള്‍ ഇതില്‍ കടന്നു കൂടി.
  • നിയമങ്ങളുടെ ബാഹ്യരൂപം മാത്രം നോക്കി വിധികള്‍ നിര്‍മ്മിക്കപ്പെട്ടു (ളാഹിരീവീക്ഷണം). ഇതുമൂലം വിധിതീര്‍പ്പുകളിലും രാഷ്ട്രനിയമങ്ങളാവിഷ്കരിക്കുന്നതിലും പണ്ഡിതന്മാര്‍ക്കുണ്ടായിരുന്ന പങ്ക് കുറഞ്ഞുവന്നു.

മദ്ഹബുകളുടെ രൂപീകരണത്തിലേക്കു നയിച്ച കാരണങ്ങള്‍

മുകളില്‍ വിവരിച്ച വൈജ്ഞാനിക പുരോഗതിയുടെ കാലഘട്ടത്തിലാണ് മദ്ഹബുകള്‍ രൂപം കൊണ്ടത്. ഈ മദ്ഹബുകളില്‍ പതിമൂന്നെണ്ണമാണ് പ്രസിദ്ധമായവ. അവയില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നു.

ഇമാമുകളുടെ ജീവിതകാലത്ത് മദ്ഹബുകള്‍ രൂപികരിക്കപ്പെട്ടിട്ടില്ല. ജനങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളായി മാറുകയും ഓരോ വിഭാഗവും പിന്തുടരുന്ന ഇമാമുകളിലേക്ക് ചേര്‍ത്ത് അറിയപ്പെടുകയും ചെയ്തു. ഇതിനിടയാക്കിയ കാരണങ്ങള്‍:

  • അബ്ബാസി രാഷ്ട്രം ദുര്‍ബലമായതിനെത്തുടര്‍ന്ന് ഇസ്ലാമികലോകം വ്യത്യസ്ത രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു. ഇത് ചിന്താപരവും വൈജ്ഞാനികവുമായ വളര്‍ച്ചയെ തളര്‍ത്തുകയും പണ്ഡിതന്മാരെ ഗവേഷണ പഠനങ്ങളില്‍ നിന്ന് തെറ്റിക്കുകയും മദ്ഹബുകളെ അനുകരിക്കാന്‍ (തഖ്ലീദ്) പ്രേരിപ്പിക്കുകയും ചെയ്തു.
  • മദ്ഹബുകള്‍ ക്രോഡീകരിക്കുന്നതിലും വ്യത്യസ്ത നാടുകളില്‍ അവ പ്രചരിപ്പിക്കുന്നതിലും (സ്പെയ്നിലും മൊറോക്കോയിലും മാലികീ മദ്ഹബ് പ്രചരിച്ചത് ഉദാഹരണം) ഇമാമുകളുടെ ശിഷ്യന്‍മാര്‍ നടത്തിയ ശ്രമം മനന‏‏‏‏ഗവേഷണങ്ങള്‍ക്ക് തടയിടുകയും മദ്ഹബുകളെ അനുകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. പുതിയ മദ്ഹബുമായി രംഗത്തുവരുന്നവര്‍ അല്‍ജമാഅത്തില്‍ നിന്ന് പുറത്തായവരായി കണക്കാക്കപ്പെട്ടു.
  • ഭരണാധികാരികള്‍ ചില മദ്ഹബുകള്‍ സ്വീകരിക്കുകയും വിധിതീര്‍പ്പുകള്‍ക്ക് അതിലെ പണ്ഡിതന്മാരെ അവലംബിക്കുകയും ചെയ്തു. പൌരസ്ത്യലോകത്ത് ഹനഫീ മദ്ഹബും സ്പെയ്നില്‍ മാലികീ മദ്ഹബും പ്രചരിച്ചത് ഈ രൂപത്തിലാണ്.
  • ജനങ്ങള്‍ അവരവരുടെ പ്രദേശങ്ങളില്‍ ജനിച്ച പണ്ഡിതന്മാരെ അംഗീകരിക്കുകയും മറ്റുള്ളവരെ അംഗീകരിക്കാതിരിക്കുകയും ചെയ്തു. ഇമാം അബൂഹനീഫയുടെ ജന്മനാടായ ഇറാഖില്‍ ഹനഫീ മദ്ഹബ് പ്രചരിച്ചത് ഇതിനുദാഹരണമാണ്.

വളര്‍ച്ചയുടെയും വ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു മദ്ഹബ് മറ്റു മദ്ഹബുകളേക്കാള്‍ വൈജ്ഞാനികമായി മുന്നിട്ടു നില്‍ക്കുന്നതാണ് എന്നു പറയാനാവില്ല. ലൈസുബ്നു സഅ്ദ്(റ) നെ കുറിച്ച് ഇമാം ശാഫിഈ(റ) പറഞ്ഞു: ‘ലൈസുബ്നു സഅ്ദിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നെങ്കില്‍ ഇമാം മാലികിനേക്കാള്‍ വലിയ പണ്ഡിതനായി അദ്ദേഹം അറിയപ്പെടുമായിരുന്നു’ (വഫയാത്തുല്‍ അഅ്യാന്‍ 1/554). മദ്ഹബ് പ്രചാരണത്തിന്റെ രൂക്ഷത ഇമാം ശാഫിഈ(റ)യുടെ ഈ വചനത്തില്‍ പ്രകടമാണ്.

ഇസ്ലാമിക ലോകം സകല വിജ്ഞാനങ്ങളാലും അനുഗ്രഹിക്കപ്പെട്ട ഒരു കാലം കഴിഞ്ഞുപോയി. ശാസ്ത്രവും മറ്റുവിജ്ഞാനങ്ങളും വ്യാപകമാവുകയും ഇസ്ലാമിക രാഷ്ട്രത്തിനുകീഴില്‍ അവ പഠിപ്പിക്കപ്പെടുകയും ചെയ്തു. ഇന്ന് കാണുന്ന വിജ്ഞാനശേഖരത്തിന്റെ അടിസ്ഥാനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് ആ കാലഘട്ടത്തിലാണ്. അന്ന് പുഷ്കലമായ വിജ്ഞാന ശാഖകളില്‍ ഒന്ന് മാത്രമാണ് കര്‍മ്മശാസ്ത്രം. മറ്റുള്ളവയോടൊപ്പം അതും പുരോഗമിക്കുകയായിരുന്നു. അതിലെ വ്യത്യസ്ത ചിന്തകളാണ് മദ്ഹബുകളായി രൂപം കൊണ്ടത്. ലോകസാഹചര്യങ്ങളും വിജ്ഞാനങ്ങളും വളരുന്നതിനനുസരിച്ച് കര്‍മ്മശാസ്ത്രവും പുരോഗമിക്കേണ്ടതുണ്ട്. മഹാന്‍മാരായ പൂര്‍വ്വകാല പണ്ഡിതന്മാരുടെ ഇജ്തിഹാദിന്റെ പിന്തുടര്‍ച്ച അനിവാര്യമായിരിക്കുന്നു.

Topics