ഇസ്ലാം കാലാതിവര്‍ത്തിയായ ജീവിത പദ്ധതിയാണെന്നതിനാല്‍ സമകാലിക പ്രശ്നങ്ങള്‍ക്ക് വിധികളും പരിഹാരങ്ങളും അതില്‍ ഇല്ലാതിരിക്കുക അസംഭവ്യമാണ്. സമകാലിക പ്രശ്നത്തെ കര്‍മശാസ്ത്ര അടിസ്ഥാനവുമായി കൂട്ടിവായിക്കുകയും അതിന് മുമ്പേയുള്ള പ്രശ്നത്തിന്റെ വിശേഷണങ്ങളുമായി താരതമ്യം ചെയ്ത് വഴികണ്ടെത്തുകയും ചെയ്യുകയെന്നതാണ് കര്‍മശാസ്ത്രം കൊണ്ടുദ്ദേശിക്കുന്നത്. അതേസമയം മുമ്പേയില്ലാത്ത ധാരാളം വിഷയങ്ങള്‍ നമുക്കു മുമ്പില്‍ ഇന്ന് ഉയര്‍ന്നു വരുന്നുണ്ട്. അവയ്ക്ക് പ്രമാണങ്ങള്‍ മുന്‍നിര്‍ത്തി ഗഹനമായ മനന ഗവേഷണങ്ങളിലൂടെ വിധികള്‍ നിര്‍ദ്ധാരണം ചെയ്യുകയെന്നതും ഇതിന്റെ തന്നെ വിവക്ഷയില്‍ പെടുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഉസ്വൂലുല്‍ ഫിഖ്ഹിലെ ഖിയാസ്, അത്തക്യീഫുല്‍ ഫിഖ്ഹി(കര്‍മശാസ്ത്ര രൂപീകരണം)ന്റെ ഒരിനം മാത്രമാണ്.
മുന്‍ മാതൃകയില്ലാത്ത പലപ്രശ്നങ്ങളും ഇന്ന് നമുക്കു മുമ്പിലുണ്ട്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അവയുടെ വിധികള്‍ കണ്ടെത്താനാവില്ല. ക്ളോണിംഗ്, കൃത്രിമ ബീജസങ്കലനം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവ അവയ്ക്ക് ഉദാഹരണങ്ങളാണ്. അപ്രകാരം തന്നെ പഴയ സംഗതികള്‍ അനുവദനീയമാക്കുന്നതിനു വേണ്ടി പുതിയ പേരുകളും രൂപങ്ങളും നല്‍കി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണമായി പ്രവാചകന്‍ പറഞ്ഞു: “എന്റെ സമുദായത്തിലെ ചില ആളുകള്‍ വിഭിന്നങ്ങളായ പേരുകള്‍ നല്‍കി മദ്യം അനുവദനീയമാക്കുക തന്നെ ചെയ്യും”.
ഈ മുന്നറിയിപ്പ് ഇന്ന് പകല്‍ വെളിച്ചം പോലെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ആത്മീയ ചൈതന്യം നല്‍കുന്ന പാനീയം എന്നൊക്കെ വിശേഷിപ്പിച്ച് അവ ഉപയോഗിക്കുന്നു. പലിശ ‘പ്രയോജനം’ (ഫാഇദഃ) എന്ന പേരിലാണ് പലിശാധിഷ്ഠിത ബാങ്കുകളില്‍ അറിയപ്പെടുന്നത്.
ഇത്തരം നൂതന പ്രശ്നങ്ങളില്‍ ഇസ്ലാമിക വിധി രൂപീകരിക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍മശാസ്ത്ര രൂപീകരണത്തിന്റെ ആദ്യപടിയായി വേണ്ടത് സമകാലിക പ്രശ്നത്തെ സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കി അപഗ്രഥിക്കുകയാണ്. ശേഷം ഈ നൂതന പ്രശ്നത്തിനു സമാനമായ പ്രശ്നം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിധികളും വിശേഷണങ്ങളുമായി താരതമ്യപ്പെടുത്തി വിധി കണ്ടെത്തുകയാണ് വേണ്ടത്. സമാനമായ ഒരു പ്രശ്നം ഇല്ലെങ്കില്‍ ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ മുന്‍നിര്‍ത്തി ഗവേഷണം നടത്തണം.
കര്‍മശാസ്ത്ര രൂപീകരണത്തിന്റെ ഇനങ്ങള്‍
അടിസ്ഥാനം പരിഗണിച്ച് കര്‍മശാസ്ത്ര രൂപീകരണത്തെ മൂന്നായി തിരിക്കാം
1- ശറഈ പ്രമാണം അടിസ്ഥാനമാക്കി രൂപീകരിക്കുന്നത്. ഖുര്‍ആനിലും സുന്നത്തിലും വന്ന വിധികള്‍ അടിസ്ഥാനമാക്കി രൂപീകരിക്കുന്നവയാണിത്.
2- ഒരു പൊതു തത്വത്തെ അടിസ്ഥാനമാക്കി രൂപീകരിക്കുന്നത്. അടിസ്ഥാന വിധിയില്‍ നിന്നും ശാഖാപരമായ കണ്ടെത്തലാണിത്.
3- കര്‍മശാസ്ത്രത്തെ തന്നെ അടിസ്ഥാനമാക്കിയുള്ള കര്‍മശാസ്ത്ര രൂപീകരണം. ശാഖാപരിധിയില്‍ നിന്നും ശാഖാപരമായ മറ്റൊരു വിധി കണ്ടെത്തലാണിത്.
വിധി ന്യായത്തിന്റെ വ്യക്തതയും അവ്യക്തതയും പരിഗണിച്ച് കര്‍ശാസ്ത്ര രൂപീകരണത്തെ രണ്ടായി തിരിക്കാം.
1.വിധിന്യായം വ്യക്തമായ കാര്യത്തിലുള്ള കര്‍മശാസ്ത്ര രൂപീകരണം: ഉദാഹരണമായി ഇടപാടുകളില്‍ പലിശ വരുന്ന ആറു വസ്തുക്കളാണ് ഹദീസില്‍ വന്നിരിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി, ബാര്‍ലി, ഗോതമ്പ്, ഈത്തപ്പഴം, ഉപ്പ് എന്നിവയാണവ. സ്വര്‍ണവും വെള്ളിയും മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡവും മറ്റു നാലെണ്ണം ഭക്ഷ്യവസ്തുക്കളുമാണെന്നതത്രേ ഇതിനു കാരണം. ഈ കാരണങ്ങള്‍ വ്യക്തമായ വസ്തുക്കള്‍ ഈ ഇനത്തില്‍പ്പെടുമെന്നതില്‍ സംശയമില്ല.
2.വിധിയുടെ പ്രേരകം അവ്യക്തമായ കാര്യത്തിലുള്ള കര്‍മ്മശാസ്ത്ര രൂപീകരണം: ഇതില്‍ ഗവേഷണമില്ലാതെ കര്‍മ്മശാസ്ത്ര രൂപീകരണം സാധിക്കുകയില്ല. ഉദാഹരണമായി കറികളില്‍ രുചി വര്‍ദ്ധനവിന് ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകള്‍ പലിശ കടന്നു വരാനിടയുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുമോയെന്നത് പഠനം ആവശ്യമായ വിഷയമാണ്.
വിധിയുടെ പ്രേരകം സാമാന്യമാകുന്നതും സവിശേഷമാകുന്നതും പരിഗണിച്ച് രണ്ടായി തിരിക്കാം.
1) സമാന്യമായ പ്രേരകം: ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ വിധിയുള്ള വിഷയത്തിന് സമാനമായതോ സാദൃശ്യമായതോ പുതുതായി സംഭവിച്ചാല്‍ അതിന്റെ വിധി പൊതുവായിരിക്കും.
2) സവിശേഷമായ പ്രേരകം: സവിശേഷമായ സന്ദര്‍ഭത്തിലും സാഹചര്യത്തിലും സംഭവിച്ച കാര്യങ്ങളുടെ വിധിയും സവിശേഷമായിരിക്കും. അത്തരം സന്ദര്‍ഭത്തിലും സാഹചര്യത്തിലും മാത്രമേ ആ വിധി ബാധകമാവുകയുള്ളൂ.
കര്‍മ്മശാസ്ത്ര രൂപീകരണത്തിലൂടെ വിധികള്‍ കണ്ടെത്തുന്നതിന് ഇജ്തിഹാദ് ആവശ്യമാണ്. ഇജ്തിഹാദ് ചെയ്യുമ്പോള്‍ വിഘടിച്ചു നില്‍ക്കുന്നതിനെ യോജിപ്പിക്കാനോ യോജിച്ചു നില്‍ക്കുന്നതിനെ വിഘടിപ്പിക്കാനോ നമുക്ക് അനുവാദമില്ല. അതിലേക്കാണ് ഈ പ്രവാചക വചനം വിരല്‍ ചൂണ്ടുന്നത്: ഓരോ കാര്യവും എങ്ങനെയാണോ നിലനില്‍ക്കുന്നത് ആ രൂപത്തില്‍ത്തന്നെയാണ് പരിഗണിക്കേണ്ടത്. ഈ വചനം സകാത്തിന്റെ വിഷയത്തില്‍ പരിഗണിച്ചു നോക്കാം. ഉദാഹരണമായി ആടുകള്‍ക്ക് സകാത്ത് നിര്‍ബന്ധമാകുന്ന തോത് 40 എണ്ണമാണ്. ഒരു ഇടയന്റെയടുക്കല്‍ 30 ആടുകളും മറ്റൊരാളുടെയടുക്കല്‍ 10 ആടുകളുമുണ്ടെങ്കില്‍ അവ ഒരുമിച്ചു ചേര്‍ത്ത് സകാത്ത് കൊടുക്കേണ്ടതില്ല. എന്നാല്‍, ഏതാനും പേരുടെ കൂട്ടുടമസ്ഥതയിലുള്ള 40 ആടുകള്‍ ഒരിടയന്റെയടുക്കലാവുകയും അവയുടെ മേച്ചില്‍ സ്ഥലങ്ങള്‍ ഒന്നാവുകയും ചെയ്താല്‍ അവയുടെമേല്‍ സകാത്ത് നിര്‍ബന്ധമാകും.
നൂതന പ്രശ്നങ്ങളില്‍ വിധികള്‍ നിര്‍മിക്കുമ്പോള്‍ അവയോട് സാദൃശ്യമുള്ള പ്രശ്നങ്ങളെ അവലംബിക്കല്‍ കര്‍മ്മശാസ്ത്ര രൂപീകരണത്തില്‍ വളരെയധികം പരിഗണിക്കേണ്ട കാര്യമാണ്. ഒരിക്കല്‍ ഉമര്‍(റ) നബി(സ)യുടെ അടുത്തു വന്ന് പറഞ്ഞു: ‘നബിയേ, ഞാനിന്ന് ഗുരുതരമായ ഒരു തെറ്റ് ചെയ്തു പോയി, നോമ്പുകാരനായിരിക്കേ ഭാര്യയെ ചുംബിച്ചു’. അപ്പോള്‍ നബി(സ) പറഞ്ഞു: ‘നോമ്പുകാരനായിരിക്കെ നീ വായില്‍ വെള്ളം നിറക്കാറില്ലേ’? ഉമര്‍(റ) പറഞ്ഞു: ‘അതില്‍ വിരോധമില്ലല്ലോ’? നബി(സ)പറഞ്ഞു: ‘എങ്കില്‍ പിന്നെ ഇതില്‍ എന്തിരിക്കുന്നു’! ഇവിടെ വായില്‍ വെള്ളം കൊപ്ളിക്കുന്നതിനോട് ചുംബനത്തെ സാദൃശ്യപ്പെടുത്തിയതിലൂടെ നബി(സ) ഒരു സുപ്രധാന കാര്യം പഠിപ്പിക്കുകയാണ് ചെയ്തത്, അഥവാ ഓരോ പുതിയ കാര്യവും അതിനോട് സാദൃശ്യമുള്ളവയോട് താരതമ്യം ചെയ്യുകയാണ് വേണ്ടത്. ഉമര്‍(റ) അബൂമൂസല്‍ അശ്അരിക്കെഴുതി: നീ ഉപമകളും സാദൃശ്യങ്ങളും മനസ്സിലാക്കുക. എന്നിട്ട് കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുക. ഇതെല്ലാം ഇതിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിക്കുന്നതോടൊപ്പം പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള മനുഷ്യപ്രകൃതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരംതന്നെ പ്രവാചകന്മാരുടെ പിന്‍ഗാമികളായ പണ്ഡിതന്മാരോട് നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തമാണിത്. ഈ ബാധ്യത നിര്‍വഹണത്തിലുണ്ടാകുന്ന വീക്ഷണവ്യത്യാസങ്ങള്‍ ഒരിക്കലും അടിസ്ഥാനപരമല്ല, ശാഖാപരമാണ്. അതാകട്ടെ ദോഷകരമല്ലതാനും.
കര്‍മ്മശാസ്ത്രരൂപീകരണത്തിന്റെ മേഖലകള്‍
കര്‍മശാസ്ത്ര(ഫിഖ്ഹ്)ത്തിന്റെ പരിധിയില്‍പ്പെടുന്നതിലെല്ലാം കര്‍മ്മശാസ്ത്ര രൂപീകരണം ബാധകമാകുന്നു. ആരാധനാകര്‍മ്മങ്ങളില്‍ ഇജ്തിഹാദ് അനുവദനീയമല്ല എന്നു പറയുന്നത് ഇതിന് എതിരല്ല. കാരണം, ആരാധനാകര്‍മ്മങ്ങളെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, കര്‍മ്മങ്ങള്‍ എന്നിങ്ങനെ പണ്ഡിതന്മാര്‍ രണ്ടായി തിരിച്ചിട്ടുണ്ട്. ഇതില്‍ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ (ഉദാ:നമസ്കാരത്തിലെ റക്അത്തുകളുടെ എണ്ണം)മാത്രമാണ് ഇജ്തിഹാദ് അനുവദനീയമല്ലാത്തത്. എന്നാല്‍ ഉദ്ദേശ്യ ലക്ഷ്യങ്ങളെ ബാധിക്കാത്തവിധം ആരാധനാ കര്‍മ്മങ്ങളിലും കര്‍മ്മശാസ്ത്ര രൂപീകരണം ആവാം. ബാങ്ക് വിളിക്കാന്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് ഉദാഹരണം. അപ്രകാരം തന്നെ വൈയക്തികവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍, കുറ്റകൃത്യങ്ങള്‍, പ്രതിക്രിയ തുടങ്ങിയവയിലെല്ലാം കര്‍മ്മശാസ്ത്ര രൂപീകരണം സാധ്യമാകുന്നതാണ്.
കര്‍മ്മശാസ്ത്ര രൂപീകരണത്തിലെ അടിസ്ഥാന ഘടകങ്ങള്‍
എ) പുതുതായി സംഭവിച്ച പ്രശ്നങ്ങള്‍, ക്ളോണിംഗ്, കൃത്രിമ ബീജസങ്കലനം, സൌന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകള്‍ തുടങ്ങിയവക്കൊന്നും കര്‍മ്മശാസ്ത്ര വിധികള്‍ മുന്‍കാല ഫുഖഹാക്കള്‍ നല്‍കിയിട്ടില്ല. കര്‍മ്മശാസ്ത്രം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രശ്നത്തില്‍ ശറഈ പ്രമാണങ്ങള്‍ ഉണ്ടായിരിക്കരുത്. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ പ്രമാണങ്ങള്‍ വന്ന കാര്യത്തില്‍ കര്‍മ്മശാസ്ത്ര രൂപീകരണത്തിന് അനുവാദമില്ല. രണ്ടാമതായി പ്രശ്നത്തിന്റെ തുടക്കവും വളര്‍ച്ചയും പ്രേരകങ്ങളുമൊക്കെ ഗ്രഹിച്ചിരിക്കണം.
ബി) പുതിയ പ്രശ്നങ്ങളിലെ കര്‍മ്മശാസ്ത്ര രൂപീകരണത്തിന് അടിസ്ഥാന അവലബം ഖുര്‍ആനും സുന്നത്തുമാണെങ്കിലും കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ അവലംബിക്കാവുന്നതാണ്. ഇതിന് ചില നിബന്ധനകളുണ്ട്.
1. കര്‍മ്മശാസ്ത്ര രൂപീകരണത്തിന് അവലംബിക്കുന്ന അടിസ്ഥാനം സ്ഥിരപ്പെട്ടതായിരിക്കണം.
2. കര്‍മ്മശാസ്ത്രം രൂപീകരിക്കുന്ന അടിസ്ഥാനം ഗ്രഹിച്ചിരിക്കണം. അടിസ്ഥാന വിധിയും അതിന്റെ സന്ദര്‍ഭവും സാഹചര്യവും പ്രേരകങ്ങളും അനന്തരഫലവുമെല്ലാം മനസ്സിലാക്കിയിരിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
3. അവലംബിക്കുന്ന അടിസ്ഥാനം ഖുര്‍ആനിലും സുന്നത്തിലും വന്ന പൊതുതത്വങ്ങള്‍ക്ക് വിരുദ്ധമാവാതിരിക്കണം.
സി) അടിസ്ഥാന വിധി: മുമ്പേയുള്ള സമാന പ്രശ്നത്തിലെ വിധിയാണ് അടിസ്ഥാന വിധികൊണ്ടുദ്ദേശിക്കുന്നത്. അടിസ്ഥാന വിധി പരിഗണിക്കുന്നിടത്ത് ചില നിബന്ധനകളുണ്ട്.
1. അടിസ്ഥാന വിധി ശേഷം വരുന്ന മറ്റൊരു വിധികൊണ്ട് ദുര്‍ബലപ്പെടുത്തപ്പെട്ടതാകരുത്.
2. വിധിയുടെ കാരണം ഗ്രഹിക്കാന്‍ കഴിയുന്നതായിരിക്കണം. ആരാധനാകര്‍മ്മങ്ങള്‍ പോലെയുള്ള ചിലതിന്റെ കാരണം കണ്ടെത്തുക നമുക്ക് അസാധ്യമാണ്. ‘റസൂല്‍(സ) നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കില്ലായിരിന്നു’വെന്ന് ഉമര്‍(റ) ഹജറുല്‍ അസ്വദിനെക്കുറിച്ച് പറഞ്ഞതില്‍ നിന്ന് വ്യക്തമാവുന്നത് അതിന്റെ കാരണം ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ്. ‘യുക്തിക്കനുസരിച്ചായിരുന്നു ദീനെങ്കില്‍ ഖുഫ്ഫയുടെ മുകള്‍ഭാഗത്തിന് പകരം അടിഭാഗമായിരുന്നു തടവേണ്ടിയിരുന്നത്’ എന്ന അലി(റ)ന്റെ വാക്കുകള്‍ ഇതിനെ ശക്തിപ്പെടുത്തുന്നു.
3. വിധിയുടെ സവിശേഷമായ ഉദ്ദേശ്യം ഗ്രഹിച്ചിരിക്കണം. എല്ലാ വിധികള്‍ക്കും സവിശേഷമായ ഒരു ഉദ്ദേശ്യം കൂടി ഉണ്ടായിരിക്കും.
ഡി) വിധിയുടെ പ്രേരകം: ഇതിന് മൂന്ന് നിബന്ധനകളുണ്ട്.
1. വിധിയുടെ പ്രേരകം വ്യക്തവും ക്ളിപ്തവുമായിരിക്കണം. ക്ളിപ്തപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ അത് പ്രേരകമാക്കാന്‍ യോഗ്യമല്ല.
2. പ്രസ്തുത വിധിന്യായം ഒരു പ്രത്യേക കാര്യത്തില്‍ മാത്രം പരിമിതമായിരിക്കരുത്.
3. വിധിയുടെ പ്രേരകം പ്രകടമായിരിക്കണം. ഇത് കണ്ടെത്തി പ്രകടമാക്കല്‍ പരിശ്രമം ആവശ്യമായ കാര്യമാണ്.
ഇ) പുതിയ പ്രശ്നവും അടിസ്ഥാനമാക്കപ്പെടുന്ന പ്രശ്നവും തമ്മില്‍ യോജിപ്പുണ്ടായിരിക്കണം.
കര്‍മ്മശാസ്ത്ര രൂപീകരണത്തിന്റെ നട്ടെല്ലായ ഇതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്നു പറയുന്നത്.
1. സമകാലിക സംഭവത്തിന്റെയും കര്‍മ്മശാസ്ത്രം രൂപീകരിക്കുന്ന അടിത്തറയുടെയും ഘടകങ്ങള്‍ വ്യക്തമാക്കുക. ഓരോ കര്‍മത്തിന്റെയും നിബന്ധനകളും രീതികളും ഭാഗങ്ങളും താരതമ്യത്തിന് വിധേയമാക്കേണ്ടതുണ്ട്.
2. പുതുതായി ഉണ്ടായ പ്രശ്നത്തിലെ പ്രേരകം നിര്‍ണ്ണയിക്കുക. അതനുസരിച്ചായിരിക്കും ശരീഅത്തിന്റെ വിധിയും ഉണ്ടായിരിക്കുക.
3. പുതുതായി വന്ന പ്രശ്നത്തിലെ വിധി കണ്ടെത്തുമ്പേള്‍ ശരീഅത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുക. ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി കര്‍മ്മശാസ്ത്ര രൂപീകരണം അനുവദനീയമല്ല.
4. പ്രവര്‍ത്തനങ്ങളുടെ ആത്യന്തികഫലം അറിഞ്ഞിരിക്കണം. രണ്ട് കാര്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. ഒന്നാമതായി പ്രവര്‍ത്തനത്തിന്റെ അനന്തരഫലം നന്‍മയാണെന്ന് വ്യക്തമായിരിക്കണം. പള്ളിയില്‍ മൂത്രിച്ച ഗ്രാമീണ അറബിയോട് കോപിച്ച അനുയായികളെ നബി(സ) തിരുത്തിയത് അയാള്‍ ഇസ്ലാം സ്വീകരിക്കുന്നതിന് കാരണമായി. ഇതിന്റെ അനന്തരഫലം പരിഗണിച്ചാണ് നബി(സ) അയാളെ ശകാരിക്കാതിരുന്നതെന്ന് വ്യക്തമാണ്. രണ്ടാമതായി അത് ഇസ്ലാമിലെ അടിസ്ഥാനതത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതായിരിക്കണം. തിന്മയിലേക്കുള്ള വഴിയടക്കുക, നന്മ കൊണ്ടുവരിക, തന്ത്രങ്ങള്‍ തടയുക, അഭിപ്രായവ്യത്യാസങ്ങള്‍ പരിഗണിക്കുക ഇവയൊക്കെ അടിസ്ഥാനതത്വങ്ങളായി എണ്ണപ്പെടുന്നവയാണ്. അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളെ ആക്ഷേപിക്കരുതെന്ന് നാം കല്പിക്കപ്പെട്ടിരിക്കുന്നത് അല്ലാഹുവിനെ ആക്ഷേപിക്കുക എന്ന തെറ്റ് ചെയ്യാനുള്ള മാര്‍ഗം നാം തുറന്നു കൊടുക്കാതിരിക്കാനാണ്. ഒരു നന്മ കൊണ്ടുവരുമ്പോള്‍ അതിന്റെ ഫലമായി തിന്മയുണ്ടാകുന്നുവെങ്കില്‍ അത് അനുവദനീയമല്ല. അപ്രകാരം തന്നെ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ പ്രബലമായ അഭിപ്രായമാണ് സ്വീകരിക്കേണ്ടത്.
ഇസ്ലാമിന്റെ ശത്രുക്കള്‍ ഇസ്ലാമിനെ പഴഞ്ചന്‍ ആശയമായും അപരിഷ്കൃത നിയമങ്ങളായും ചിത്രീകരിക്കുന്ന ഈ കാലഘട്ടത്തില്‍, എല്ലാത്തരം നവീന പ്രശ്നങ്ങള്‍ക്കും ഇസ്ലാമില്‍ അതിന്റെ അടിസ്ഥാനത്തില്‍ നിന്ന് വ്യതിചലിക്കാതെ പരിഹാരം കണ്ടെത്താന്‍ സാധിക്കുകയില്ലെന്ന് കരുതുന്നവര്‍ മുസ്ലിംകള്‍ക്കിടയിലുമുണ്ട്. കര്‍മശാസ്ത്രം എന്നത് നാല് മദ്ഹബീ ഇമാമുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമെന്ന് വിശ്വസിക്കുന്ന യാഥാസ്ഥിക വിഭാഗമാണവര്‍. മദ്ഹബിന്റെ ഇമാമുകള്‍ അവരുടെ കാലഘട്ടത്തിലെ പ്രശ്നങ്ങള്‍ക്ക് കര്‍മ്മശാസ്ത്രം രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ഇന്നു നടക്കുന്ന കാര്യങ്ങള്‍ക്ക് കര്‍മശാസ്ത്രം രൂപീകരിക്കേണ്ടത് ഈ കാലഘട്ടത്തിലെ പണ്ഡിതന്മാരാണ്.
Add Comment