ഫിഖ്ഹിന്റെ പ്രശോഭിതകാലമായ മദ്ഹബീ ഘട്ടത്തിന് ശേഷമുള്ള കാലത്തെ ഫിഖ്ഹിനെ രണ്ട് ഘട്ടമായി തിരിക്കാം.
1. മദ്ഹബീ കാലഘട്ടത്തിന്റെ അവസാനം മുതല്‍ ബഗ്ദാദിന്റെ പതനം വരെ (ഹിജ്റ 656-ല്‍).
2. ബഗ്ദാദിന്റെ തകര്‍ച്ച മുതല്‍ ആധുനികകാലം വരെ.
ഈ രണ്ടുഘട്ടങ്ങളിലും പണ്ഡിതന്മാരും കര്‍മശാസ്ത്രവിധികളും എങ്ങനെ സമൂഹത്തില്‍ സ്വാധീനം ചെലുത്തി എന്നും ദീനിന്റെ നവോത്ഥാനം എപ്രകാരമായിരുന്നുവെന്നുമാണ് വിശദമാക്കുന്നത്.
മദ്ഹബുകള്‍ക്കു ശേഷം ഹിജ്റഃ 656 വരെ
ഫിഖ്ഹീ കാലഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ നിശ്ചലാവസ്ഥയുണ്ടായിരുന്നത് ഈ ഘട്ടത്തിലായിരുന്നു. മദ്ഹബീ ഘട്ടത്തില്‍ ഫിഖ്ഹിന്റെ വികാസത്തിനും പുരോഗതിക്കും കാരണം മഹാന്മാരായ പണ്ഡിതരുടെ നിസ്സീമമായ പ്രയത്നങ്ങളായിരുന്നു. അതിനു ശേഷം ഫിഖ്ഹ് അതേ അവസ്ഥയില്‍ത്തന്നെ തുടരുകയും പതുക്കെ ദുര്‍ബലമാവുകയും ചെയ്തു. ആ കാലഘട്ടത്തിലെ ഫഖീഹുകള്‍ അനുകരണത്തിലേക്കും അടര്‍ത്തിയെടുക്കലിലേക്കും മാറുകയും മദ്ഹബുകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും പുതുതായി ആവിഷ്കരിക്കാതെ അതിനെത്തന്നെ അവലംബിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. ഫുഖഹാക്കള്‍ക്കിടയിലുണ്ടായ അനുകരണത്തെയും ഇജ്തിഹാദിനെ നിരോധിക്കാന്‍ വരെ ഇടയായ കാരണങ്ങളെയും വിശദീകരിക്കേണ്ടത് അനിവാര്യമാണ്.
ഫുഖഹാക്കള്‍ അനുകരണത്തിലേക്ക് ചായുന്നു.
യഥാര്‍ത്ഥത്തില്‍ ഫഖീഹ് നിപുണനായ മുജ്തഹിദ് ആയിരിക്കണം. അതായത് മദ്ഹബീ പക്ഷപാതിത്തത്തിനതീതമായി ഖുര്‍ആനും സുന്നത്തുമുപയോഗിച്ച് വിധിപറയുകയും ആവശ്യമായ ഘട്ടങ്ങളില്‍ ഇജ്തിഹാദിനെ സ്വീകരിക്കുകയും ചെയ്യുന്നവനായിരിക്കണം. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ത്തന്നെയായിരിക്കണം പ്രശ്നങ്ങളെ പഠിക്കേണ്ടതും. ചിലപ്പോള്‍ മുന്‍ഗാമികളോട് യോജിക്കുന്ന രീതിയിലായിരിക്കും ഇജ്തിഹാദ്. ചിലപ്പോള്‍ ഭിന്നിക്കുന്ന അവസ്ഥയിലും. ചിലപ്പോള്‍ അത് ശരിയായിരിക്കാം. അല്ലെങ്കില്‍, ശരിയല്ലാതിരിക്കാം. ഏതാണെങ്കിലും മുജ്തഹിദിന് പ്രതിഫലം ലഭിക്കുന്നതാണ്. ‘മുജ്തഹിദിന് തെറ്റുപറ്റിയാല്‍ ഒരു കൂലിയും ശരിയാണെങ്കില്‍ രണ്ട് കൂലിയും ലഭിക്കും’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ മുജ്തഹിദിന്റെ ഈ സമീപനം ഫിഖ്ഹിന്റെ വളര്‍ച്ചയും ചിന്താപരവും ബുദ്ധിപരവുമായ വികാസവും ഉണ്ടാക്കും. ഇങ്ങനെത്തന്നെയായിരുന്നു മുന്‍ഗാമികളായ ഫഖീഹുകളും. പക്ഷേ ഈ ഘട്ടത്തിലെ ഫഖീഹുകളുടെ മാനസികമായ ശക്തി ക്ഷയിക്കുകയും നിശ്ചയദാര്‍ഢ്യം നശിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ മുന്‍ഗാമികളില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന എളുപ്പവഴിയായിരുന്നു അവര്‍ സ്വീകരിച്ചത്.
ഈയടിസ്ഥാനത്തില്‍ ഫഖീഹുകളില്‍ ഉണ്ടായ അനുകരണത്തിന്റെ കാരണങ്ങള്‍ താഴെ വിവരിക്കുന്നു.
1. അബ്ബാസി ഖലീഫമാരുടെ രാഷ്ട്രീയമായ കഴിവുകേട്. രാഷ്ട്രം മുമ്പുള്ള പോലെയായിരുന്നില്ല. വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെടുകയും വ്യത്യസ്ത പ്രവിശ്യകളുണ്ടാവുകയും ചെയ്തത് ഫുഖഹാക്കളെയും ഫിഖ്ഹിനെയും സ്വാധീനിച്ചു. പണ്ഡിതന്മാര്‍ക്ക് ലഭിക്കേണ്ട പ്രേരണയും പ്രോത്സാഹനവും ഇല്ലാതായതോടെ അവരുടെ നിശ്ചയദാര്‍ഢ്യം നശിച്ചുപോയി.
2. വ്യത്യസ്തങ്ങളായ പ്രശ്നങ്ങളെയും പരന്ന് കിടക്കുന്ന വിധികളെയും തരംതിരിച്ച് ക്രമീകരിച്ചുകൊണ്ട് മദ്ഹബുകള്‍ എഴുതപ്പെട്ടു. ഫിഖ്ഹിന്റെ ഈ മഹത്തായ സമ്പത്തും അടിസ്ഥാനങ്ങളിലൂന്നികൊണ്ടുള്ള ഗവേഷണങ്ങളും ജനങ്ങള്‍ക്ക് അനുഭവവേദ്യമായിത്തീര്‍ന്നു. അതിനാല്‍ പുതിയ വിധികള്‍ തേടേണ്ടിവന്നില്ല.
3. മാനസികമായ ദൌര്‍ബല്യവും ഇജ്തിഹാദ് ചെയ്യാനുള്ള ഭയവും കാരണം ഫഖീഹുകള്‍ സ്വയം തന്നെ തങ്ങള്‍ ഇജ്തിഹാദിന് യോഗ്യരല്ലെന്നും തെറ്റുകള്‍ സംഭവിച്ചുപോകുമെന്നും ഭയപ്പെട്ടു. മുന്‍ മദ്ഹബുകളെ പിന്‍പറ്റിയാല്‍ മാത്രം മതിയെന്നും ഇമാമുമാരുടെ ചിന്തകളും ഫിഖ്ഹിലുള്ള അവഗാഹവും മറികടക്കാതിരിക്കുകയാണ് നല്ലതെന്നും അവര്‍ കരുതിയിരുന്നു. ഇജ്തിഹാദിന്റെ കാലം കഴിഞ്ഞെന്ന് ആരോപിച്ചുകൊണ്ട് അല്ലാഹു അനുമതി നല്‍കിയ ഇജ്തിഹാദിനെ അവര്‍ വിലക്കുകയും ചെയ്തു. എന്നിരുന്നാലും ചിലര്‍ മുന്‍ഗാമികളായ മുജ്തഹിദുകളെ പിന്‍പറ്റിയിരുന്നു. പൊതുവെ മുന്‍ഗാമികളായ കര്‍മശാസ്ത്ര പണ്ഡിതന്മാരോട് ഭിന്നിക്കുന്ന രീതിയില്‍ തെറ്റുകള്‍ സംഭവിച്ചേക്കുമോ എന്ന ഭയത്താല്‍ അവര്‍ ഇജ്തിഹാദിനെ തടഞ്ഞിരുന്നു.
ഇജ്തിഹാദിന്റെ വാതിലടക്കല്‍
മുജ്തഹിദിന് ആവശ്യമായ ഗുണങ്ങളില്ലാത്ത ആളുകള്‍ ജനങ്ങളുടെ ദീനീവിശ്വാസത്തിന് കോട്ടം തട്ടിക്കുന്ന രീതിയില്‍ ഫത്വകള്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ഫഖീഹുകള്‍ അതിനെ ഭയത്തോടെ വീക്ഷിച്ചു. ഈയൊരു പ്രവണത തടയാന്‍ ഇജ്തിഹാദിനെ നിരോധിച്ചുകൊണ്ട് പണ്ഡിതന്മാര്‍ ഫത്വയിറക്കി. യഥാര്‍ത്ഥത്തില്‍ ശരീഅത്തിന്റെ ഭാഗം തന്നെയാണ് ഇജ്തിഹാദ്. അതിന്റെ നിബന്ധനകള്‍ക്കനുസൃതമായി ഒരാള്‍ വിധിക്കുകയാണെങ്കില്‍ അത് സ്വീകാര്യമാണ്. ഇല്ലെങ്കില്‍ അതിനെ ന്യായീകരിക്കുക അസാധ്യമാണ്. തെറ്റായ വാദങ്ങളെ തടയാനാണ് ഈ നിരോധമുണ്ടായത് എന്നതിനാല്‍ ഇതിനെ നല്ല അര്‍ത്ഥത്തില്‍ തന്നെ മനസിലാക്കാം.
ഈ ഘട്ടത്തില്‍ പണ്ഡിതന്മാരുടെ ജോലി
ഇത്തരത്തില്‍ പൊതുവെ നിശ്ചലമായ അവസ്ഥയായിരുന്നെങ്കിലും ചില ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളും പണ്ഡിതന്മാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
1. ഇമാമുമാരുടെ വിധികള്‍ക്ക് കാരണം കണ്ടെത്തുക. മദ്ഹബീ കാലഘട്ടത്തില്‍ എല്ലാവിധികളും കാരണങ്ങള്‍ പരിഗണിച്ചായിരുന്നില്ല. അതിനാല്‍ ഏത് കാരണങ്ങള്‍ക്കാണ് വിധി പറഞ്ഞത് എന്ന് ശരീഅത്ത് മുന്നില്‍ വെച്ചുകൊണ്ട് കണ്ടെത്താന്‍ പരിശ്രമം നടത്തി.
2. മദ്ഹബിന്റെ ഇമാമുമാര്‍ സ്വീകരിച്ച ഇജ്തിഹാദിന്റെ മാര്‍ഗത്തിലൂടെത്തന്നെ വ്യത്യസ്ത മദ്ഹബുകളെ അവലംബിച്ചുകൊണ്ട് ‘ഖാഇദ’കള്‍ ഉണ്ടാക്കി.
3. ഫിഖ്ഹീ മദ്ഹബുകളുടെ ക്രോഡീകരണം: വിധികളുടെ ക്രമീകരണത്തിന്റെയും വിശദീകരണത്തിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ ക്രോഡീകരണം നടന്നത്. മറ്റ് മദ്ഹബുകളുമായി ഭിന്നിപ്പുള്ള പ്രശ്നങ്ങളുടെ തെളിവുകളും മുന്‍ഗണനാര്‍ഹമായ അഭിപ്രായത്തിനുള്ള കാരണങ്ങളും വ്യക്തമാക്കപ്പെടുകയുണ്ടായി. ഇത് ഫിഖ്ഹിന് വിശാലതയും വളര്‍ച്ചയും നല്‍കുകയും അവ്യക്തതകള്‍ ഇല്ലാതാക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുകയും ചെയ്തു.
ആധുനിക ഫിഖ്ഹിന്റെ നവജാഗരണ പ്രവര്‍ത്തനങ്ങള്‍
ബഗ്ദാദിന്റെ പതനത്തിനു ശേഷമാണ് ആധുനിക ഘട്ടം ആരംഭിക്കുന്നത്. പണ്ഡിതന്മാര്‍ അനുകരണത്തിലേക്ക് മാറുകയും അവരില്‍ അല്ലാഹുവിനോടുള്ള ഭയം കുറയുകയും ചെയ്തിരുന്നു. ഖുര്‍ആനെതിരായി വിധിപറഞ്ഞപ്പോള്‍ അത് അന്ധവിശ്വാസത്തിലേക്കും വിശ്വാസ ദൌര്‍ബല്യത്തിലേക്കുമാണ് ജനങ്ങളെ നയിച്ചത്.
ഈ ഒരു പ്രവണതയെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും ഇസ്ലാമിക കര്‍മശാസ്ത്രത്തിന്റെ നവജാഗരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട് എന്നും ആഗ്രഹിച്ചിരുന്ന ധാരാളം പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലും ഇത്തരക്കാര്‍ക്കെതിരെ പോരാടിയ കര്‍മശാസ്ത്ര പണ്ഡിതന്മാരും നവോത്ഥാന ചിന്തകന്മാരും ഉണ്ടായിരുന്നു. ഇവരിലധികവും ഇജ്തിഹാദിനു വേണ്ടി വാദിക്കുന്നവരും തഖ്ലീദിനെ തടയണമെന്നാഗ്രഹിക്കുന്നവരുമായിരുന്നു. ഇമാം ശൌകാനി, സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ഇമാം മുഹമ്മദ് അബ്ദു തുടങ്ങിയവര്‍ ഈ പണ്ഡിതന്മാരില്‍ പെട്ടവരാണ്. മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ് (ഹിജാസ്) അഹ്മദ് സര്‍ഹിന്ദി, ഷാ വലിയുല്ലാഹിദ്ദഹ്ലവി(ഹിന്ദ്) തുടങ്ങിയവര്‍ ഇവര്‍ക്കു ശേഷം വന്നവരാണ്.
ഇമാം ശൌകാനി: (മരണം-ഹി:1250) തഖ്ലീദിനെതിരില്‍ ശക്തമായി പോരാടുകയും മദ്ഹബുകളെ നിരുപാധികം പിന്തുടരുന്നതിനെ കഠിനമായി വെറുക്കുകയും ചെയ്തിരുന്നു. ‘മദ്ഹബുകളെ അന്ധമായി പിന്‍പറ്റുന്നത് നാശത്തിലേക്ക് നയിക്കും. മുസ്ലിംകള്‍ അതിനെത്തന്നെ ആശ്രയിക്കുന്നത് അഭിപ്രായഭിന്നതകള്‍ക്ക് കാരണമാവും’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇമാം ശൌകാനി മഹാനായ പണ്ഡിതനും പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു. ഖുറാഫാത്തുകള്‍ക്കെതിരെ ശക്തമായി പോരാടിയ ആളായിരുന്നു. അനുകരണത്തിന് വേണ്ടി ഉന്നയിക്കുന്ന തെളിവുകളെ ഇല്ലാതാക്കുകയും വാദങ്ങളെ വായടപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക ലോകത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍ മികച്ചത് അദ്ദേഹത്തിന്റെ തഫ്സീറും ഹദീസും ചരിത്രവുമെല്ലാമാണ്.
സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി: ( മരണംഹി:1315). പരിഷ്കര്‍ത്താവും നവോത്ഥാന നായകനും ചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമെല്ലാമായിരുന്നു അദ്ദേഹം. മുസ്ലിം ലോകത്തെ നിന്ദ്യതയിലേക്കും അപമാനത്തിലേക്കും നയിക്കുന്ന ഭിന്നിപ്പുകള്‍ക്കെതിരായിരുന്നു അദ്ദേഹം പോരാടിയത്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ പരിഷ്കരണത്തിലേക്കും നവോത്ഥാനത്തിലേക്കും മാറത്തക്കരീതിയില്‍ വളരെ വലിയ സ്വാധീനം തന്നെ അതുണ്ടാക്കി. ഭരണകൂടത്തെയും വിധികര്‍ത്താക്കളെയും അധികാരികളെയുമൊന്നും അദ്ദേഹം ഭയന്നിരുന്നില്ല. മറിച്ച് രാജാധികാരങ്ങളും ഭരണകൂടങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ചിന്തകളെ ഭയക്കുകയും അദ്ദേഹത്തെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
അദ്ദേഹം മദ്ഹബുകളെ അന്ധമായി അനുകരിക്കുന്നതില്‍ നിന്ന് പണ്ഡിതന്മാരെ തടയുകയും ഇജ്തിഹാദിന് പ്രാധാന്യം നല്‍കുകയും ചെയ്തു. മുന്‍കഴിഞ്ഞ മുജ്തഹിദുകളുടെ അഭിപ്രായങ്ങളില്‍ ശരിയോട് യോജിക്കുന്നതും ബുദ്ധിക്ക് നിരക്കുന്നതുമായ കാര്യങ്ങള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. ഇജ്തിഹാദിനെ വിലക്കിയ നടപടിക്കെതിരെ അദ്ദേഹം പോരാടി.
പ്രമാണങ്ങള്‍ അവലംബിക്കുന്നതില്‍ അദ്ദേഹം സൂക്ഷ്മത പുലര്‍ത്തിയിരുന്നു. മദ്ഹബീ പണ്ഡിതന്മാരെയും മുജ്തഹിദുകളെയുമെല്ലാം ബഹുമാനിക്കുന്ന ആളായിരുന്നു അദ്ദേഹം.
ഇമാം മുഹമ്മദ് അബ്ദു: (മരണം:ഹി:1323). ജമാലുദ്ദീന്‍ അഫ്ഗാനിയുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. പ്രബോധകനും പണ്ഡിതനും നവോത്ഥാന നായകനുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രണ്ട് മേഖലകളിലായിരുന്നു.
1. അനുകരണങ്ങളെ ഇല്ലാതാക്കുക. ഭിന്നിപ്പുണ്ടാകുന്നതിന് മുമ്പ് മുന്‍ഗാമികളെ മാതൃകയാക്കി ദീനിനെ മനസ്സിലാക്കുക, ചിന്തക്കും ബുദ്ധിക്കും സ്വീകാര്യമായ രീതിയില്‍ അതിനെ ആഴത്തിലറിയുക, കര്‍മമേഖലയിലും തര്‍ബിയത്തീമേഖലയിലുമെല്ലാം ഇസ്ലാമിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളിലൂന്നി പ്രബോധനം നടത്തുക.
2. അറബിഭാഷയുടെ പരിഷ്ക്കരണം.
അന്ധമായ അനുകരണത്തിനെതിരെ മുസ്ലിം സമുദായത്തെ ബോധവാന്മാരാക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. അനുകരണത്തിന് വേണ്ടി വാദിക്കുന്ന പണ്ഡിതന്മാരെക്കുറിച്ച് അദ്ദേഹം പറയുന്നു: ‘ഇക്കൂട്ടര്‍ അവര്‍ക്ക് മനസിലാകാത്ത കാര്യങ്ങള്‍ യാതൊരു ചിന്തക്കും വിധേയമാക്കാതെ തള്ളിക്കളയുന്നു. ഇനി ചിന്തിച്ചാല്‍ത്തന്നെ അതിനെ സ്വീകരിക്കുകയില്ല. ഇനി സ്വീകരിച്ചാലോ അത് ഖുര്‍ആനിലും സുന്നത്തിലും വന്നതു തന്നെയായിരിക്കും’.
പൊതുവെ ആധുനിക കാലത്തിന് അനുസൃതമായിക്കൊണ്ട് ദീനിന്റെ മുഖത്തെ തേച്ചു മിനുക്കുകയായിരുന്നു നവോത്ഥാന നായകന്മാര്‍. അതില്‍ കൂട്ടിച്ചേര്‍ത്തതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിരുന്നു.
ആധുനിക ഫിഖ്ഹിന്റെ നവോത്ഥാനത്തിന് കാരണമായ മറ്റൊന്നായിരുന്നു ഇതര രാഷ്ട്രങ്ങളുമായുള്ള ആശയ സംഘട്ടനങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഈ രാഷ്ട്രങ്ങള്‍ക്ക് ഇസ്ലാമിക രാഷ്ട്രത്തില്‍ നടപ്പിലാക്കാന്‍ അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്. സുവിശേഷ പ്രചരണവും ഓറിയന്റലിസ്റ് പ്രവര്‍ത്തനങ്ങളും സായുധപോരാട്ടങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക സംസ്കാരത്തെയും പാരമ്പര്യത്തെയും തകര്‍ത്തുകൊണ്ട് മുസ്ലിംകളും ഇസ്ലാമും തമ്മിലുള്ള ബന്ധം നശിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.
ഇസ്ലാമിക വിദ്യാഭ്യാസമേഖലകളിലുണ്ടായ വികാസം നവജാഗരണപ്രക്രിയ മൂലമാണ്. യൂനിവേഴ്സിറ്റികള്‍ നിര്‍മ്മിക്കപ്പെട്ടതും പുതിയ ശൈലികള്‍ രൂപീകരിക്കപ്പെട്ടതും ഈ കാലത്തിന്റെ പ്രത്യേകതകളാണ്. കാലാനുസൃതമായി ഇസ്ലാമിക നിയമങ്ങള്‍ പഠിപ്പിക്കപ്പെടുന്ന ലോകോളേജുകള്‍തന്നെ ഈ യൂനിവേഴ്സിറ്റികളില്‍ ഉണ്ടായിരുന്നു. അധ്യാപകന്മാരായി സേവനമനുഷ്ഠിച്ചവരൊക്കെ ഫിഖ്ഹീ മേഖലകളില്‍ രചനകള്‍ നടത്തിയവരും മദ്ഹബുകള്‍ ആഴത്തില്‍ പഠിച്ചവരുമായിരുന്നു. ഇസ്ലാമിക ശരീഅത്തും ഇതര നിയമങ്ങളും താരതമ്യ പഠനത്തിന് വിധേയമാക്കപ്പെട്ടിരുന്നു. കിഴക്കിലും പടിഞ്ഞാറിലുമെല്ലാം ഉയര്‍ന്നുവന്ന ഇത്തരം സ്ഥാപനങ്ങള്‍ ഇസ്ലാമിക ശരീഅത്തില്‍ കാര്യമായി സ്വാധീനിച്ചിരുന്നു. അറബ് നാടുകളിലെ അറിയപ്പെടുന്ന യൂനിവേഴ്സിറ്റികളിലെല്ലാം ഇസ്ലാമിക പഠനത്തിന് ഭാഗങ്ങള്‍ തന്നെയുണ്ട്. ഇതെല്ലാം താരതമ്യപഠനം പോലെ ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്. പ്രശോഭിതമായ വളര്‍ച്ചക്കും വികാസത്തിനുമെല്ലാം കാരണമാകത്തക്ക രീതിയില്‍ നവജാഗരണ പഠനങ്ങള്‍ ഇതില്‍ വളരെ വലിയ സ്വാധീനം വഹിച്ചിരുന്നു.
പുതിയ പ്രവണതകള്‍
മനുഷ്യനിര്‍മിതമായ നിയമങ്ങളും ഇസ്ലാമിക ശരീഅത്തും തമ്മിലുള്ള കൂടിക്കലരലിന് ഇക്കാലഘട്ടത്തില്‍ നടന്ന ഫിഖ്ഹ് നിയമക്രമീകരണം കാരണമായി. മുസ്ലിംകളില്‍ ഭിന്നിപ്പും ദൌര്‍ബല്യവും ഉണ്ടാകാന്‍ ഇത് കാരണമായി. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഇതര രാഷ്ട്രങ്ങളുടെ നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാശ്ചാത്യ ശക്തികള്‍ ശ്രമിച്ചു. പക്ഷേ, ഈ ശ്രമങ്ങളെ പരാജയപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ട്.
ഈ കാലഘട്ടത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ താഴെ പറയും പ്രകാരം സംഗ്രഹിക്കാം:
1.ഫിഖ്ഹീ രചനകള്‍: ആധുനിക ഫിഖ്ഹില്‍ രചനകള്‍ നടന്നു എന്നത് വളരെ പ്രധാനമായ കാര്യമാണ്. അത് പല ഘട്ടങ്ങളിലൂടെയായിരുന്നു.
മൊത്തം വിഷയങ്ങളെ ഫിഖ്ഹിന്റെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തുകയായിരുന്നു ഒന്നാമത്തെ രീതി. യൂനിവേഴ്സിറ്റികളിലെല്ലാം ഇത് വ്യാപകമായിരുന്നു. അതിനാല്‍ തന്നെ ഗവേഷണത്തിലും ആഴത്തിലുള്ള പഠനങ്ങളിലുമെല്ലാം കഴിവുറ്റ ധാരാളം ആളുകള്‍ വളര്‍ഴ വന്നിട്ടുണ്ട്.
കാലാനുസൃതമായിക്കൊണ്ട് മദ്ഹബുകളെ പഠിക്കുന്നതായിരുന്നു മറ്റൊരു രീതി. ജനങ്ങളുടെ നന്മ മുന്നില്‍ കണ്ടുകൊണ്ട് മദ്ഹബീ പക്ഷപാതിത്തത്തിന്നതീതമായുള്ള കര്‍മശാസ്ത്ര മദ്ഹബുകളുടെ പഠനമായിരുന്നു ഇത്. കാലം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമായി ബന്ധപ്പെട്ട് മുന്‍കഴിഞ്ഞ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിലുപരി കാലത്തിന്റെ ശബ്ദങ്ങളെയും കാഴ്ചപ്പാടുകളെയും പരിഗണിച്ചു. ഇത്തരത്തില്‍, യൂനിവേഴ്സിറ്റികളില്‍ നിന്നെല്ലാം ഫിഖ്ഹിനെ ശരിയായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന പണ്ഡിതന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇത്തരം രചനകള്‍ ഫിഖ്ഹില്‍ വളരെയധികം ഗുണം ചെയ്തിട്ടുണ്ട്.
2.ഫിഖ്ഹീ വിജ്ഞാനകോശം: വിജ്ഞാനകോശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പേ ഉണ്ടായിരുന്നു. പക്ഷേ, അത് രൂപപ്പെട്ടത് ആധുനിക കാലത്താണ്. 1956 ല്‍ ഡമസ്കസ് യൂനിവേഴ്സിറ്റിയിലാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് ഈജിപ്തിലും സിറിയയിലുമെല്ലാം ഇത് രൂപംകൊണ്ടു. സിറിയയില്‍ ഈ പ്രവര്‍ത്തനം നിലച്ചെങ്കിലും ഈജിപ്തില്‍ തുടരുന്നുണ്ട്. കയ്റോയിലും കുവൈത്തിലുമെല്ലാം വിജ്ഞാനകോശങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇസ്ലാമിക കര്‍മശാസ്ത്രരംഗത്ത് വിജ്ഞാനകോശങ്ങള്‍ അടിസ്ഥാനപരമായി ഇടപെടുന്നുണ്ട് എന്നത് ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. സൂക്ഷ്മമായിക്കൊണ്ടുതന്നെ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഇസ്ലാമിക ലോകത്തിന് പ്രായോഗികമായ രീതികളാണ് ഓരോ വിജ്ഞാനകോശവും സംഭാവനചെയ്യുന്നത്.
3. ഫിഖ്ഹീ സമ്മേളനങ്ങളും ചര്‍ച്ചകളും: കര്‍മശാസ്ത്രവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രതലങ്ങളില്‍ പണ്ഡിതന്മാരുടെ സമ്മേളനങ്ങളും യോഗങ്ങളും നടന്നുവരുന്നു. ലോകതലത്തില്‍തന്നെ ഇസ് ലാമിക പണ്ഡിതന്‍മാര്‍ ഒത്തുചേരത്തക്കവിധം സംഘടിപ്പിക്കപ്പെടുന്ന ഇത്തരം സമ്മേളനങ്ങളില്‍ കര്‍മശാസ്ത്ര ചര്‍ച്ചകളിലുപരി ഇസ്ലാമിക സംസ്കാരത്തിന്റെ വ്യാപനത്തെക്കുറിച്ച് ചര്‍ച്ചകളും നടക്കാറുണ്ട്. ഫിഖ്ഹീ വിധികളിലും ആധുനിക ജീവിതരീതികളിലുമെല്ലാം ഈ കൂടിക്കാഴ്ചകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
1937-ല്‍ നടന്ന ഒരു സമ്മേളനത്തില്‍ ഓറിയന്റലിസ്റ് പ്രവര്‍ത്തനങ്ങളുടെ അപകടങ്ങളെക്കുറിച്ച് കാര്യമായ പഠനം നടക്കുകയുണ്ടായി. ഫിഖ്ഹിന്റെ താരതമ്യ പഠനങ്ങളും ഇസ്ലാമിക സിവില്‍ നിയമങ്ങളും രാഷ്ട്രീയ ബാധ്യതകളും ഇസ്ലാമിക ശരീഅത്തും റോമന്‍ നിയമവും തമ്മിലുള്ള സാദൃശ്യങ്ങള്‍ എന്നിവയിലെല്ലാം ആഴത്തിലുള്ള പഠനം ഈ സമ്മേളനത്തില്‍ നടക്കുകയുണ്ടായി. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങള്‍ നടത്താന്‍ ഇത് പ്രേരകമായി. താഴെകൊടുത്തിരിക്കുന്ന സംഗതികളായിരുന്നു സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ടത്.
എ) ഇസ്ലാമിക ശരീഅത്താണ് പൊതുവായ നിയമങ്ങളുടെ സ്രോതസ്സ്.
ബി) ഇസ്ലാമിക ശരീഅത്ത് കാലികവും വികസിക്കുന്നതുമാണ്.
സി) ഇസ്ലാമിക ശരീഅത്ത് ആത്യന്തികമായി ദൈവികമാണ്. അത് മറ്റൊന്നില്‍ നിന്ന് എടുക്കപ്പെട്ടതല്ല.
ഡി) സമ്മേളനത്തില്‍ നടക്കുന്ന ഗവേഷണങ്ങളും ചര്‍ച്ചകളും അറബിയിലായിരിക്കും.
ഇത്തരത്തിലുള്ള സമ്മേളനങ്ങളും ചര്‍ച്ചകളുമെല്ലാം ആധുനിക ഫിഖ്ഹിന്റെ നവോത്ഥാനത്തിനും വികാസത്തിനും വളരെയധികം സഹായിച്ചിട്ടുണ്ട്.
4.ഫിഖ്ഹീ സംഘടനകളും സമിതികളും: ഇമാം മുഹമ്മദ് അബ്ദുവായിരുന്നു ആദ്യമായി ഇത്തരമൊരു നീക്കം നടത്തിയത്. അദ്ദേഹം പണ്ഡിതന്മാരെയും ഫഖീഹുകളെയുമെല്ലാം ക്ഷണിച്ചു. ഇതിന് പ്രാധാന്യം നല്‍കിയവരില്‍പ്പെട്ട ആളാണ് ആധുനിക പണ്ഡിതന്മാരില്‍ ശ്രദ്ധേയനായ ഡോ. മുഹമ്മദ് യൂസുഫ് മൂസ.
ആധുനിക പണ്ഡിതന്മാര്‍ക്ക് ഇജ്തിഹാദ് നിര്‍ബന്ധമാണെന്നും പൊതുവായ സംഗമം നടക്കേണ്ടതുണ്ട് എന്നും അദ്ദേഹം സ്വന്തം ലേഖനങ്ങളിലൂടെ വാദിച്ചു. 1961-ല്‍ ‘മജ്മഉല്‍ ബുഹൂസില്‍ ഇസ്ലാമിയ്യഃ’ എന്ന ഒരു സംഘം രൂപീകരിക്കപ്പെട്ടു. സാംസ്കാരിക പ്രശ്നങ്ങളെ പരിഹരിക്കാനുതകുന്ന ചര്‍ച്ചകളും ഗവേഷണങ്ങളും ഇത്തരം സംഘടനകള്‍ക്കു കീഴില്‍ നടക്കുന്നു. സംഘടന രൂപീകരിച്ച് 45 ഓളം വര്‍ഷങ്ങള്‍ ആയിട്ടും ഭരണഘടനയില്‍ എഴുതിവെച്ച ഉദ്ദേശ്യങ്ങളൊന്നും വെളിച്ചം കണ്ടില്ല.
പിന്നീട് ഈ സംഘടന ഇസ്ലാമിക ഫിഖ്ഹ് സമിതി എന്ന രൂപത്തില്‍ ആവുകയും പ്രശ്നങ്ങളെ ഇല്ലാതാക്കി എളുപ്പമുണ്ടാക്കുന്ന ഉദ്ദേശ്യത്തിലേക്ക് മാറുകയും ചെയ്തു.
ഹി: 1383-ല്‍ കയ്റോവില്‍ രൂപികൃതമായ ഫിഖ്ഹീ സംഘടന ഒരുപാട് ഫിഖ്ഹീ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. വിജ്ഞാനകോശം പോലെയുള്ള ഗ്രന്ഥങ്ങളുടെ രചനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
5.സുന്നത്തിന്റെ കേന്ദ്രങ്ങള്‍: ഖുര്‍ആനു ശേഷമുള്ള ഒന്നാമത്തെ അടിസ്ഥാനമാണ് പ്രവാചകന്റെ സുന്നത്ത്. ഫിഖ്ഹീ പ്രവര്‍ത്തനങ്ങളില്‍ ഖുര്‍ആനിനെയും സുന്നത്തിനെയും ഒറ്റ അടിസ്ഥാനമായിട്ടാണ് ഇമാം ശാഫിഈ കണ്ടിരുന്നത്. അതിനാല്‍ത്തന്നെ പ്രവാചകസുന്നത്തിന്റെ കേന്ദ്രങ്ങള്‍ ആധുനിക ഫിഖ്ഹിന്റെ നവോത്ഥാനവുമായി വളരെയധികം ബന്ധപ്പെട്ടതാണ്. 1990 മാര്‍ച്ച് 10-13 വരെ ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ സുന്നത്തില്‍ ഒരു വിജ്ഞാനകോശം ഇറക്കുന്ന വിഷയത്തില്‍ ഒരു സമ്മേളനം നടന്നു.
ചുരുക്കത്തില്‍ ആധുനിക ഫിഖ്ഹ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ശരീഅത്തിന്റെ അടിസ്ഥാനത്തിലും ആധുനിക വിജ്ഞാനീയത്തിലുമെല്ലാം വികസനങ്ങളും ചിന്തകളും നടന്നുകൊണ്ടിരിക്കുകയാണ്. ഫിഖ്ഹിനെക്കുറിച്ച ആഗോള സമ്മേളനങ്ങളും സമിതികളും സംഘടനകളും ഗവേഷണങ്ങളും പഠനങ്ങളും ലേഖനങ്ങളുമെല്ലാം ഫിഖ്ഹിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല.
Add Comment