താബിഉകള്‍ക്കു ശേഷമാണ് മദ്ഹബിന്റെ ഇമാമുമാരുടെ കാലഘട്ടം. താബിഉകളിലെ രണ്ട് ചിന്താസരണികള്‍ ഉയര്‍ത്തിവിട്ട ആന്ദോളനങ്ങള്‍ ഇമാമുമാരുടെ കാലഘട്ടത്തെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. ധാരാളം മതവിജ്ഞാന സദസ്സുകള്‍ ഉയര്‍ന്നുവന്നു. മതവിജ്ഞാനോപാസുകരായ ധാരാളം സംഘങ്ങള്‍ രൂപപ്പെട്ടു. ഈ കാലയളവില്‍ ധാരാളം മദ്ഹബുകള്‍ പിറവിയെടുക്കുകയുണ്ടായി. ഏകദേശം എഴുപതോളം മദ്ഹബുകള്‍. നാലെണ്ണം മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. ബാക്കിയെല്ലാം അതത് ഇമാമുമാരുടെ മരണാനന്തരം നാമാവശേഷമായി.
ഹനഫി, മാലികി, ശാഫിഈ, ഹമ്പലി മദ്ഹബുകളാണ് ഇന്ന് അവശേഷിക്കുന്ന മദ്ഹബുകള്‍. ഇമാം അബൂഹനീഫയാണ് (ഹി: 80-150) ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവ്. കൂഫ കേന്ദ്രമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മദീനകേന്ദ്രമായി പ്രവര്‍ത്തിച്ച ഇമാം മാലിക്കാണ് (ഹി: 90-179) മാലികീ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച ഇമാം ശാഫിഈ (ഹി: 150-204)യാണ് ശാഫി മദ്ഹബിന്റെ ആവിഷ്കര്‍ത്താവ്. ബഗ്ദാദ് കേന്ദ്രമായി പ്രവര്‍ത്തിച്ച ഇമാം അഹ്മദുബ്നു ഹമ്പലാണ് (ഹി: 164-241) ഹമ്പലീ മദ്ഹബിന്റെ ആവിഷ്കര്‍ത്താവ്.
ഫിഖ്ഹ് ഒരു ശാസ്ത്രമായി വികസിച്ചുവെന്നതാണ് ഇമാമുമാരുടെ കാലഘട്ടത്തിന്റെ മുഖ്യ സവിശേഷത. കാലഘട്ടത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ത്തന്നെയായിരുന്നു ഇവിടെയും ഫിഖ്ഹ്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള വിഭിന്ന പ്രശ്നങ്ങളെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍ ഇമാമുമാര്‍ അപഗ്രഥിച്ചു. ജനങ്ങള്‍ക്കുള്ള ക്ളിഷ്ടതകളെയും പ്രയാസങ്ങളെയും ദുരിതങ്ങളെയും അവര്‍ ദൂരീകരിച്ചു. ജനങ്ങള്‍ക്ക് അവരുടെ കര്‍മതലങ്ങളില്‍ ലാളിത്യവും എളുപ്പവും സൃഷ്ടിച്ചെടുക്കുകയായിരുന്നു ഇക്കാലഘട്ടത്തിലെ ഫിഖ്ഹ്. സാങ്കല്‍പിക ഫിഖ്ഹ് വരെ ഇക്കാലയളവില്‍ ഉയര്‍ന്നുവരികയുണ്ടായി. അതോടൊപ്പം ഇവര്‍ ഇജ്തിഹാദ് ചെയ്തെടുത്ത ഫിഖ്ഹീ വീക്ഷണം രേഖപ്പെടുത്തുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തു. ഇക്കാലഘട്ടത്തിലെ ഫിഖ്ഹ്, ജീവിതത്തിന്റെ ഏഴ് തലങ്ങളെ സ്പര്‍ശിച്ചിരുന്നതായി ഇതുമായി ബന്ധപ്പെട്ട ഫിഖ്ഹീ ഗ്രന്ഥത്തില്‍ കാണാനാവും.
1. ആരാധനാവശങ്ങളുമായി ബന്ധപ്പെട്ട വിധികള്‍. ഉദാ: നമസ്കാരം, സകാത്ത്, നോമ്പ്, ഇവയുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധികള്‍ ഇമാമുമാര്‍ ക്രോഡീകരിച്ചു.
2. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ വിധികള്‍. ഉദാ: നിക്കാഹ്, ത്വലാഖ്…
3. സാമൂഹിക കാര്യങ്ങളുമായി ബന്ധമുള്ള അടിസ്ഥാനങ്ങളുടെ വിധികള്‍. സാമ്പത്തിക ഇടപാട്, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവ ഇവയ്ക്കുദാഹരണമാണ്.
4. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവയുടെ വിധികള്‍. നിയമനിര്‍മാണം, ഭരണനിര്‍വ്വഹണവിഭാഗം, നീതിന്യായം, കൂടിയാലോചന തുടങ്ങിയവയുമായി ബന്ധപ്പെട്ട വിധികളെല്ലാം ഈ ഇനത്തിലാണ് ഉള്‍പ്പെടുക.
5. ക്രമസമാധാനം, ആഭ്യന്തരഭദ്രത, ക്രിമിനല്‍ ചട്ടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അടിസ്ഥാനങ്ങളുടെ വിധികള്‍. വ്യഭിചാരം, കൈക്കൂലി, രാജ്യദ്രോഹം തുടങ്ങിയ ക്രമിനല്‍ കുറ്റങ്ങളുടെയല്ലാം വിധികള്‍ ഇമാമുമാര്‍ രേഖപ്പെടുത്തി.
6. ഒരു ഇസ്ലാമിക രാഷ്ട്രം മറ്റു രാഷ്ട്രങ്ങളോടു പാലിക്കേണ്ട നിയമങ്ങളും വിധികളും. സന്ധിചെയ്യല്‍, യുദ്ധം, രാഷ്ട്രത്തിന്റെ അവകാശങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണമാണ്.
7. മനുഷ്യന്റെ ധാര്‍മിക സദാചാര മേഖലയുമായി ബന്ധപ്പെട്ട സംഹിതകള്‍. ഇത്തരം ധാര്‍മിക-സദാചാര അധ്യാപനങ്ങളുടെ വിധികള്‍ ഇമാമുമാര്‍ ആവിഷ്കരിക്കുകയും ജനങ്ങള്‍ക്ക് ലഘൂകരണം വരുത്തുകയും ചെയ്തു.
ചരിത്രത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ് മദ്ഹബിന്റെ ഇമാമുമാരുടെ കാലഘട്ടം. ഫിഖ്ഹിന്റെ വൈജ്ഞാനിക ചക്രവാളങ്ങള്‍ ഇക്കാലഘട്ടത്തില്‍ വന്‍തോതില്‍ വികസിച്ചു. സര്‍വ അതിര്‍ത്തികളെയും മറികടന്ന് വ്യാപിക്കുകയായിരുന്നു ഇസ്ലാമിന്റെ സന്ദേശം. ഇസ്ലാം വ്യാപിക്കുന്ന സന്ദര്‍ഭത്തില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണല്ലോ. അതുപോലെ, ഇസ്ലാമിക ഖിലാഫത്ത് രാജാധിപത്യത്തിന്റെ കൈകളിലമര്‍ന്ന സാഹചര്യവുമായിരുന്നു ഇത്. ഇങ്ങനെ ഇസ്ലാമിക ഖിലാഫത്ത് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മുസ്ലിംസമൂഹം അനുഭവിക്കുന്ന വേറെ പ്രശ്നങ്ങള്‍ മറ്റൊരു ഭാഗത്തും. ഇവ്വിധം ഇസ്ലാമും മുസ്ലിം സമൂഹവും അഭിമുഖീകരിക്കുന്ന സര്‍വവിധ പ്രശ്നങ്ങളെയും ഇസ്ലാമിന്റെ മൂശയിലിട്ട് മദ്ഹബിന്റെ ഇമാമുമാര്‍ കൈകാര്യം ചെയ്തു. എല്ലാ പ്രശ്നങ്ങളെയും ഇസ്ലാമീകരണത്തിന് വിധേയമാക്കി. ചരിത്രത്തില്‍ അത്യന്തം അത്ഭുതകരമായ ഒരു യശോധാവള്യം കുറിക്കുകയായിരുന്നു അവര്‍.
ഇസ്ലാമിക ഫിഖ്ഹിന്റെ അടിസ്ഥാനങ്ങള്‍ വികസിച്ച കാലഘട്ടം കൂടിയാണ് ഇമാമുമാരുടെ കാലഘട്ടം. ഖുര്‍ആന്‍, സുന്നത്ത്, ഖിയാസ്, ഇജ്മാഅ് എന്നിവയായിരുന്നു നേരത്തേയുണ്ടായിരുന്ന ഇസ്ലാമിക ഫിഖ്ഹിന്റെ അടിസ്ഥാനങ്ങള്‍. ഇതോടൊപ്പം സ്വഹാബിവചനങ്ങള്‍ക്കും ഇമാമുമാര്‍ സ്ഥാനം നല്‍കി. ഈ അടിസ്ഥാനങ്ങളെ മദ്ഹബിന്റെ ഇമാമുമാര്‍ വളരെ പ്രാധാന്യപൂര്‍വം അവലംബിച്ചു. ഇമാം അബൂഹനീഫ(റ) പറയുന്നു: ‘ഞാന്‍ ഏറ്റവും ആദ്യം വിശുദ്ധ ഖുര്‍ആനില്‍ നിന്നാണ് തെളിവ് സ്വീകരിക്കുക. അതില്‍ തെളിവുകളില്ലെങ്കില്‍ വിശ്വസ്തരായ റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട നബിവചനമനുസരിച്ച്. അവ രണ്ടിലും തെളിവുകളില്ലാത്തതാണെങ്കില്‍ ഇഷ്ടപ്പെട്ട സഹാബികളുടെ വചനം സ്വീകരിക്കും. പുറമെ മറ്റാരുടേതും സ്വീകരിക്കില്ല. ഇബ്റാഹീം, ശഅബി, ഇബ്നുമുസയ്യബ് എന്നിവരിലേക്കാണ് പ്രശ്നം ചെന്നെത്തുന്നതെങ്കില്‍ ഞാനും അവരെപ്പോലെ ഇജ്തിഹാദ് ചെയ്യും.’
ഖുര്‍ആന്റെ നസ്സ്(അടിസ്ഥാന വചനം), ഹദീസിന്റെ നസ്സ്, ഇജ്മാഅ്, ഖിയാസ് എന്നിവയെ ഇമാം മാലികും ഫിഖ്ഹിന്റെ അടിസ്ഥാനങ്ങളായി സ്വീകരിക്കുകയുണ്ടായി. ഇമാം ശാഫിഈ(റ) തന്റെ അര്‍രിസാലയില്‍ സ്വന്തം ഗവേഷണത്തിന്റെ നിദാനങ്ങള്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘ഖുര്‍ആനും സുന്നത്തുമാണ് ആധാരം. അവ രണ്ടിലുമില്ലെങ്കില്‍ തദടിസ്ഥാനത്തില്‍ ഖിയാസ് നടത്തണം. നബി തിരുമേനിയുമായി നേരിട്ടു ബന്ധപ്പെടുന്ന ഹദീസുണ്ടെങ്കില്‍ അതുമതി. പണ്ഡിതന്മാരുടെ പൊതു അഭിപ്രായത്തിന് ഖബര്‍വാഹിദിനേക്കാള്‍ പ്രാധാന്യമുണ്ട്’.
ഇമാം അഹ്മദിന്റെ ഫിഖ്ഹീതത്വങ്ങള്‍ നോക്കുക.
1. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും നസ്സുകള്‍ ഉള്ളപ്പോള്‍ മറ്റൊരു തെളിവും സ്വീകാര്യമല്ല.
2. യാതൊരു നസ്സും ഇല്ലെങ്കില്‍ സ്വഹാബികളുടെ ഫത്വകള്‍ നോക്കി എതിര്‍പ്പില്ലാത്ത ആരുടെയെങ്കിലും വചനം കിട്ടിയാല്‍ അത് സ്വീകരിക്കും. അതിനെതിരെ മറ്റൊന്നും പ്രാമാണികമല്ല.
3. സ്വഹാബത്തിന്റെ ഫത്വ എതിര്‍പ്പുള്ളതാണെങ്കില്‍ ഖുര്‍ആനിനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തത് സ്വീകരിക്കും. ഖുര്‍ആനും സുന്നത്തുമായി ഏറ്റവും അടുത്തത് ഏതെന്ന് അവ്യക്തമാണെങ്കില്‍ ഒന്നിനും പ്രത്യേകം ഊന്നല്‍ നല്‍കാതെ അഭിപ്രായാന്തരങ്ങള്‍ ഉദ്ധരിക്കുക മാത്രം ചെയ്യും.
4. പറയപ്പെട്ട തെളിവുകളൊന്നുമില്ലെങ്കില്‍ സന്ദര്‍ഭോചിതം ഖിയാസ് നടത്തും.
ഈ അടിസ്ഥാനങ്ങളെ സ്വീകരിച്ചതോടൊപ്പം മറ്റുചില അടിസ്ഥാനങ്ങള്‍ക്കൂടി മദ്ഹബിന്റെ ഇമാമുമാര്‍ സ്വതന്ത്രമായി ആവിഷ്കരിച്ചു. അവയെ ലഘുവായി പരിചയപ്പെടുന്നത് നന്നായിരിക്കും.
1. ഇസ്തിഹ്സാന്‍:
പ്രകടമായ ഖിയാസിന്റെ താല്‍പര്യത്തില്‍ നിന്നും ഗോപ്യമായ ഖിയാസിന്റെ താല്‍പര്യത്തിലേക്ക് തെറ്റലാണ് ഇസ്തിഹ്സാന്‍. ഇമാം കര്‍ഖി ഇസ്തിഹ്സാനെ നിര്‍വചിച്ചത് ഇങ്ങനെയാണ്: ‘പ്രബലമായ ഒരു ന്യായത്തിന്റെ പേരില്‍ ഒരു പ്രശ്നത്തിന് തത്തുല്യമായ പ്രശ്നങ്ങളുടെ വിധിയില്‍ നിന്നും ഭിന്നമായ വിധികല്‍പിക്കുക’.
വ്യത്യസ്ത തരം ഇസ്തിഹ്സാനുണ്ട്. ചിലതുമാത്രമാണ് താഴെ:
1. പ്രമാണം കൊണ്ടുള്ള ഇസ്തിഹ്സാന്‍: പൊതുവായ തെളിവിനാല്‍ സ്ഥാപിതമായ വിധിക്കു വിരുദ്ധമായി ഖുര്‍ആനിക വിധിയോ സുന്നത്തിന്റെ വിധിയോ സ്വീകരിക്കലാണിത്. നോമ്പുകാരന്റെ മറവി മൂലമുള്ള അന്നപാനം ഇതിനുദാഹരണമാണ്. പ്രമാണമനുസരിച്ച് നോമ്പുമുറിയില്ല. ഖിയാസനുസരിച്ച് നോമ്പുമുറിയും.
2. ഇജ്മാഅ് കൊണ്ടുള്ള ഇസ്തിഹ്സാന്‍: ഖിയാസിനോ പൊതുവായ തത്വത്തിനോ വിരുദ്ധമായി ഇജ്മാഅ് ഉണ്ടാക്കലാണിത്. ഇല്ലാത്ത വസ്തുവിന്റെ മേലുള്ള കരാര്‍ ഇതിനുദാഹരണമാണ്. കര്‍ഷകന്റെ ഭാവിയാണ് ഇവിടെ പരിഗണനീയം. ഇജ്മാഅനുസരിച്ച് അനുവദനീയമാണിത്. ഖിയാസനുസരിച്ച് അനനുവദനീയവും.
3. അനിവാര്യതകൊണ്ടുള്ള ഇസ്തിഹ്സാന്‍: സ്ത്രീയുടെ ശരീരം ഔറത്താണ്. അത് കാണലും നോക്കലും നിഷിദ്ധമത്രേ. എന്നാല്‍ രോഗചികിത്സ പോലുള്ള നിര്‍ബന്ധിത സാഹചര്യത്തില്‍ സ്ത്രീശരീരവും നോക്കാം.
ഇസ്തിഹ്സാനെ വളരെ ഉദാരമായി പ്രയോഗിച്ച മദ്ഹബിന്റെ ഇമാമാണ് ഇമാം അബൂഹനീഫ(റ). ഇമാം മാലിക്കും തന്റെ ഫിഖ്ഹിന്റെ അടിത്തറയായി ഇസ്തിഹ്സാനെ സ്വീകരിച്ചു. ഒരഭിപ്രായപ്രകാരം ഇമാം അഹ്മദ്ബ്നു ഹമ്പലും ഇസ്തിഹ്സാനെ സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇസ്തിഹ്സാനെ നിഷ്കരുണം എതിര്‍ത്ത ഇമാമാണ് ഇമാം ശാഫി ഈ(റ). ചില കാരണങ്ങള്‍ നിരത്തിയാണ് ഇസ്തിഹ്സാനെ അദ്ദേഹം എതിര്‍ത്തത്.
2) ഇസ്തിദ്ലാല്‍
നസ്സോ ഖിയാസോ ഇജ്മാഓ ഇല്ലാത്തിടത്ത് ന്യായയുക്തി പ്രയോഗിക്കുന്ന മാര്‍ഗമാണ് ഇസ്തിദ്ലാല്‍. ശാഫിഇീ മദ്ഹബിലെ ഒരംഗീകൃത തത്വമാണിത്. മുഖ്യമായും രണ്ടിനമാണ് ഇസ്തിദ്ലാലിന്റെ വരുതിയില്‍ വരുന്നത്.
എ: ഇസ്തിദ്ലാല്‍ ബില്‍ഖിയാസില്‍ മന്‍തിഖീയ്യ.
ന്യായവാക്യങ്ങളിലൂടെ അനുമാനത്തിലെത്തുന്ന രീതിയാണിത്. ഉദാഹരണം: വില്‍പന ഒരു ഇടപാടാണ്. എല്ലാ ഇടപാടുകളുടെയും ആധാരം പരസ്പര സംതൃപ്തിയാണ്. അപ്പോള്‍ വില്‍പനയുടെ ആധാരം പരസ്പരം സംതൃപ്തിയാണ്’ (ശരീഅത്തും ഇന്ത്യന്‍ മുസ്ലിംകളും. വി.എ. കബീര്‍:41).
ബി: ഇസ്തിദ്ലാല്‍ ബിസ്തിസ്ഹാബില്‍ ഹാല്‍.
‘നൈരന്തര്യം’ എന്നാണ് ഇസ്തിസ്ഹാബിന്റെ ഭാഷാര്‍ത്ഥം. എന്നെങ്കിലും ഒരിക്കല്‍ ഉണ്ടെന്നോ ഇല്ലെന്നോ സ്ഥിരപ്പെട്ട സംഗതി അതില്‍ മാറ്റം സ്ഥിരീകൃതമാവാത്തതിനാല്‍ പൂര്‍വസ്ഥിതിയില്‍ത്തന്നെ അനിവാര്യമായി തുടരുക. പൂര്‍വ വിധിയെ മാറ്റുന്ന നൂതനമായ ഒരു വിധി ലഭിക്കാത്തിടത്തോളമാണ് ഇസ്തിസ്ഹാബിന്റെ പ്രസക്തി. “ഒരു മുജ്തഹിദ് പാനീയം, ഭക്ഷണം, നീര്‍ജീവവസ്തു, സസ്യം, ജീവികള്‍, ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് ചോദിക്കപ്പെട്ടെന്നിരിക്കട്ടെ, ശരീഅത്തില്‍ അതിന്റെ വിധിയെ കുറിച്ച ഒരു തെളിവും ലഭിക്കുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രശ്നത്തിന് അനുവാദം നല്‍കിക്കൊണ്ട് മുജ്തഹിദ് വിധി നടത്തും. കാരണം, അനുവാദമാണ് ഇടപാടിന്റെ അടിസ്ഥാനം. അനുവാദത്തെ മാറ്റുന്ന ഒരു തെളിവും നിലവിലില്ല.” ഈ അവസ്ഥയില്‍ ഇമാം ശാഫിയോടൊപ്പം ഇമാം അഹ്മദുബ്നു ഹമ്പലും, ഇമാം മാലികും ഇസ്തിസ്ഹാബിനെ തങ്ങളുടെ ഫിഖ്ഹിന്റെ അടിസ്ഥാനമായി സ്വീകരിച്ചു.
3. മസാലിഹു മുര്‍സല
ഒരു കാര്യത്തിന്റെ വിധിയെ സംബന്ധിച്ച് ശരീഅത്ത് മൌനം പാലിച്ചിരിക്കുന്നു. അതിന്റെ സാധുതയോ, ഇല്ലായ്മയോ ഒന്നിനെ സംബന്ധിച്ചും ശരീഅത്തില്‍ തെളിവു വന്നിട്ടില്ല. എന്നാല്‍ ഇടപാടുകളില്‍ അനുവാദമാണ് അടിസ്ഥാനമെന്ന നിദാനശാസ്ത്ര തത്വത്തിലൂന്നി പൊതുന•ക്ക് വേണ്ടി പ്രസ്തുത കാര്യത്തെ അനുവദിക്കലാണിത്. ജയില്‍ നിര്‍മാണം മസാലിഹുമുര്‍സലക്ക് ഒരുദാഹരണമാണ്. നാണയമിറക്കല്‍ മറ്റൊരുദാഹരണം. ഈ തത്വത്തെ സ്വീകരിച്ചവര്‍ ഇതിന്റെ പ്രാമാണികതക്കുള്ള തെളിവുകളും നിരത്തുന്നുണ്ട്. ജനങ്ങള്‍ക്ക് നേരത്തേ മാതൃകകളില്ലാത്ത എണ്ണമറ്റ ആവശ്യങ്ങള്‍ പുതുതായി വന്നുകൊണ്ടേയിരിക്കും. പുതിയ ആവശ്യങ്ങള്‍ക്ക് ശരീഅത്തില്‍ വിധികള്‍ ഇല്ലെങ്കില്‍ ശരീഅത്ത് ഏതെങ്കിലും ഒരു കാലത്തേക്ക് മാത്രം പരിമിതമായിപ്പോകും. വ്യത്യസ്ത കാലങ്ങളിലും വിഭിന്ന ദേശങ്ങളിലും പുതുതായി ഉണ്ടാവുന്ന ജനനന്മകളും സാങ്കേതിക കണ്ടുപിടിത്തങ്ങളും സമൂഹത്തിനു നിഷേധിക്കപ്പെടുകയും ചെയ്യും. കൂടാതെ സ്വഹാബിവര്യര്‍ ജനക്ഷേമപരമായ പരിപാടികള്‍ പ്രായോഗികമായി നടപ്പില്‍ വരുത്തിയിട്ടുമുണ്ട്. മസാലിഹുമുര്‍സലയെ അവലംബിച്ച് നൂതന ന•കള്‍ ആവിഷ്കരിക്കുമ്പോള്‍ ചില നിബന്ധനകള്‍ ഓര്‍മ്മയിലുണ്ടാവണം. ജനക്ഷേമവും സാമൂഹികവുമാവണം പ്രസ്തുത നന്മ. വ്യക്തിതാല്‍പര്യവും ഭൌതിക നേട്ടവുമാവരുത് അതിന്റെ ഉദ്ദേശ്യം. നന്മ നല്‍കുന്നതും പ്രയാസത്തെ ദൂരീകരിക്കുന്നതുമായിരിക്കണം അത്. ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാവാന്‍ പാടില്ല. ഇജ്മാഅ് കൊണ്ടോ, പ്രമാണങ്ങള്‍ക്കൊണ്ടോ സ്ഥിരപ്പെട്ട വിധികള്‍ക്ക് എതിരാവാനും പാടില്ല. (കൂടുതല്‍ വിശദീകരണത്തിന് ‘ഇല്‍മ് ഉസൂലുല്‍ ഫിഖ്ഹ്’ കാണുക). ഇമാം അഹ്മദുബ്നു ഹമ്പലും ഇമാം മാലികുമാണ് മസാലിഹുമുര്‍സലയെ തങ്ങളുടെ ഫിഖ്ഹിന്റെ അടിത്തറയായി സ്വീകരിച്ച മദ്ഹബിന്റെ ഇമാമുമാര്‍.
4. ഉര്‍ഫ്
നാട്ടുപ്രമാണമാണിത്. സര്‍വസാധാരണയായി പരിചിതമായത് എന്നര്‍ത്ഥം. ജനങ്ങള്‍ ഒരു സംഗതിയെ അവലംബിച്ചുപോരുന്ന പ്രക്രിയയാണിത്. അത് സംസാരമാകാം. പ്രവര്‍ത്തനമാകാം. ഒരു കാര്യത്തെ ഉപേക്ഷിക്കുന്നതുമാകാം. കച്ചവടം നടക്കുമ്പോള്‍ ഏല്‍പിക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും വാചകങ്ങള്‍ ഉച്ചരിക്കണമെന്നാണ് പ്രമാണം. എന്നാല്‍, ഈ വാചകങ്ങള്‍ ഇല്ലാതെത്തന്നെ കച്ചവടം നടക്കല്‍ സര്‍വസാധാരണമാണ്. വാചകങ്ങള്‍ ഉദ്ധരിക്കാതെത്തന്നെ ഏല്‍പിക്കലും സ്വീകരിക്കലും ഉദ്ദേശ്യപൂര്‍വം നടക്കുന്നുണ്ടാവും. ഉര്‍ഫിന് ഇനിയും നിരവധി ഉദാഹരണങ്ങള്‍ കാണാനാവും. ഉര്‍ഫിനുമുണ്ട് ചില ഉപാധികള്‍. സര്‍വസാധാരണവും സര്‍വാംഗീകൃതവും പ്രചാരം സിദ്ധിച്ചതുമാവണം അത്. ശരീഅത്തിന്റെ പ്രമാണങ്ങളോട് വിരുദ്ധമാവുന്നതാകരുത്. നിഷിദ്ധത്തെ അനുവദനീയമോ അനുവദനീയമായതിനെ നിഷിദ്ധമോ ആക്കാന്‍ ഉര്‍ഫിലൂടെ പാടില്ല. പൊതു ന•യിലും ജനക്ഷേമകാര്യങ്ങളിലുമാണ് ഉര്‍ഫ് കൂടുതലായും കടന്നുവരിക. ഇമാം അബൂഹനീഫയാണ് ഉര്‍ഫിനെ സ്വീകരിച്ച മദ്ഹബിന്റെ ഇമാം.
5. ശറഉമന്‍ ഖബ്ലനാ(പൂര്‍വികരുടെ ശരീഅത്ത്)
വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും ഒരു വിധി. പ്രസ്തുത വിധി, മുന്‍ഗാമികള്‍ക്കും അല്ലാഹു ശരീഅത്താക്കിയിട്ടുണ്ട്. അപ്പോള്‍ അവര്‍ക്ക് ബാധകമായതുപോലെ നമുക്കും ബാധകമാണ്. അതിനെ അനുധാവനം ചെയ്യല്‍ നമ്മുടെ നിര്‍ബന്ധഘടകമാണ്. പൂര്‍വികരുടെ വിധിയാണെന്ന വാദത്തില്‍ അതിനെ നിരാകരിക്കാന്‍ പാടില്ല. എന്നാല്‍, വിശുദ്ധ ഖുര്‍ആനോ തിരുസുന്നത്തോ ഭേദഗതി ചെയ്ത പൂര്‍വിക വിധിയെ സ്വീകരിക്കാന്‍ പാടില്ല. ഇമാം മാലികാണ് പൂര്‍വിക ശരീഅത്തിനെ തന്റെ ഫിഖ്ഹിന്റെ അടിത്തറയായി സ്വീകരിച്ചത്.
6. സദ്ദുദ്ദറാഇഅ് (മാര്‍ഗങ്ങളെ അടച്ചുകളയല്‍)
തി•യിലേക്കുള്ള മാര്‍ഗങ്ങളെ അടച്ചുകളയല്‍ എന്നാണ് സദ്ദുദ്ദറാഇന്റെ വിവക്ഷ. ഏതെങ്കിലും ഒരു പ്രശ്നം ഉണ്ടായെന്നു കരുതുക. പ്രത്യക്ഷത്തില്‍ അനുവാദമാണ് പ്രസ്തുത പ്രശ്നത്തിന്റെ മുന്‍ഗണന. എന്നാല്‍ പരോക്ഷമായി തിന്മയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈയവസരത്തില്‍ പ്രസ്തുത പ്രശ്നം നിഷിദ്ധമാക്കിക്കൊണ്ട് വിധി പുറപ്പെടുവിക്കും. സദ്ദുദ്ദറാഇഅ് ഒരു ഉദാഹരണം നോക്കാം: കടം കൊടുത്തവന് കടക്കാരില്‍ നിന്ന് വല്ല പാരിതോഷികവും വാങ്ങല്‍ നിഷിദ്ധമാണ്. അത് പലിശയായി എണ്ണപ്പെടാന്‍ സാധ്യതയുണ്ട് എന്നതാണ് കാരണം. പാരിതോഷികം വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതുവായെടുക്കുമ്പോള്‍ അത് പലിശയിലേക്ക് നയിച്ചേക്കാം. അഥവാ പൊതുജനം അതിനെ ദുരുപയോഗം ചെയ്തേക്കാം. ഇമാം അഹ്മദുബ്നു ഹമ്പലും ഇമാം മാലികും സദ്ദുദ്ദറാഇഇനെ തങ്ങളുടെ ഫിഖ്ഹിന്റെ അടിത്തറയായി സ്വീകരിച്ചു.
ഇത്രയുമാണ് മദ്ഹബിന്റെ ഇമാമുമാരുടെ കാലഘട്ടം. അവര്‍ സ്വീകരിച്ച ഫിഖ്ഹിന്റെ അടിത്തറകളാണ് മുകളില്‍ വിവരിച്ചത്. ഫിഖ്ഹ് ഏറ്റവും പ്രശോഭിതമായതും വികസിച്ചതുമായ കാലഘട്ടവും ഇതുതന്നെ. എന്നാല്‍, ഈ ഘട്ടത്തിനുശേഷം ഫിഖ്ഹിന്റെയും ഇജ്തിഹാദിന്റെയും വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു. തഖ്ലീദ് ഘട്ടത്തിനായിരുന്നു ഇമാമുമാരുടെ ഘട്ടത്തിനുശേഷം മുസ്ലിം ലോകം സാക്ഷ്യം വഹിച്ചത്. തഖ്ലീദെന്നാല്‍ അന്ധമായ അനുകരണമെന്നര്‍ഥം. മുന്‍-പിന്‍ നോക്കാതെ ഇമാമുമാരുടെ അഭിപ്രായം മാത്രം സ്വീകരിക്കുക. ഇടതു-വലതു നോക്കാതെ പൂര്‍വ്വികരുടെ ഗവേഷണങ്ങളെ മാത്രം അവലംബിക്കുക. ഇതൊക്കെയാണ് തഖ്ലീദ് കൊണ്ട് ഉദ്ദേശിക്കുന്നത്.
തഖ്ലീദിന്റെ ഘട്ടംവരെ ജനങ്ങള്‍ പല പണ്ഡിതന്മാരെയും തങ്ങളുടെ സംശയങ്ങളും പ്രശ്നങ്ങളും ദൂരീകരിക്കുന്നതിന് അവലംബിച്ചു പോന്നിരുന്നു. ഇന്നാലിന്ന പണ്ഡിതനോട് മാത്രമേ ഫത്വ തേടാന്‍ പാടുള്ളൂവെന്ന യാതൊരു നിബന്ധനയും അവര്‍ക്കുണ്ടായിരുന്നില്ല. തഖ്ലീദിന്റെ ഘട്ടത്തോട് കൂടി ഈയൊരു സാഹചര്യം ഇല്ലാതായി. സ്വതന്ത്ര ചിന്ത ഇല്ലാതായി. ജനം ഏതെങ്കിലുമൊരു ഇമാമിനെ മാത്രം അവലംബിക്കുന്ന സ്ഥിതിവിശേഷമുണ്ടായി.
മുസ്ലിം സമൂഹത്തിന്റെ അധ:പതനവും തകര്‍ച്ചയുമായിരുന്നു ഇതിന്റെയൊക്കെ ഫലം. നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടെയും ഭൂമികയില്‍ നിന്ന് മുസ്ലിം സമൂഹം മാറ്റിനിര്‍ത്തപ്പെട്ടു. മദ്ഹബിന്റെ ഒരു ഇമാമിനെ പിന്‍പറ്റിയില്ലെങ്കില്‍ നിഷേധിയാക്കുന്ന പ്രവണത വരെ ഉടലെടുത്തു. എന്നാല്‍, ഈയൊരു സാഹചര്യത്തിലും പ്രതീക്ഷയുടെ ഒറ്റപ്പെട്ട കിരണങ്ങള്‍ കാണപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യത്തെ നിരാകരിക്കുക അസാധ്യമാണ്.
ഫിഖ്ഹിന്റെ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ചരിത്രഘട്ടങ്ങളെയാണ് ഇവിടെ വിശദീകരിച്ചത്. കേവലമൊരു ചരിത്ര വിവരണമല്ല ഇത്രയും വിശദീകരിച്ചതിന്റെ പിന്നിലെ പ്രചോദനം. മറിച്ച്, ദാര്‍ശനികമായ ചില മാനങ്ങളുമുണ്ടതിന്. കുറേ പാഠങ്ങളും അവയില്‍ നിന്ന് സ്വായത്തമാക്കാനാവും. കേവലമായ പാഠങ്ങളല്ല. ചരിത്രഗുണപാഠങ്ങളാണത്.
ഇസ്ലാമിക ചിന്തയുടെ വികാസമാണ് നമ്മുടെ ലക്ഷ്യം. താത്വികവും പ്രായോഗികവുമായ വികാസം. നിഷ്പ്രയാസം ചെയ്തുതീര്‍ക്കാനാവുന്ന ഒന്നല്ല ഇസ്ലാമിക ചിന്തയുടെ വികാസം. ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളെ സംബന്ധിച്ചും ആഴത്തിലുള്ള അവഗാഹം ഇതിന്റെ പ്രാഥമിക നിബന്ധനയാണ്. അതോടൊപ്പം മുന്‍ഗാമികള്‍ സഞ്ചരിച്ച മാര്‍ഗത്തെക്കുറിച്ച് സ്പഷ്ടമായ അറിവും. ആ അറിവ് കാര്യങ്ങളെ കൂടുതല്‍ എളുപ്പമാക്കും. ഇസ്ലാമിക ചിന്തയുടെ വികാസത്തിന് മുന്‍ഗാമികള്‍ ആവിഷ്കരിച്ച രീതിശാസ്ത്രത്തെ നിരൂപണം ചെയ്യുന്നതിലൂടെ പുതിയ കാലഘട്ടത്തില്‍ അതിലെ തെറ്റുകളെ മാറ്റിനിര്‍ത്തികൊണ്ടും ശരികളെ നിലനിര്‍ത്തികൊണ്ടും കൂടുതല്‍ ശരികളുള്ള നവീനമായൊരു രീതിശാസ്ത്രത്തെ നമുക്ക് വികസിപ്പിക്കാനാവും. ഇപ്രകാരം നാം കാര്യങ്ങളെ സമീപിക്കുന്നില്ലെങ്കില്‍, നേരെച്ചൊവ്വെയുള്ള സരണിയിലൂടെ സഞ്ചരിക്കുന്നതിനുപകരം വളഞ്ഞുതിരിഞ്ഞ വഴികളിലൂടെയായിരിക്കും നമ്മുടെ സഞ്ചാരം. നേര്‍ക്കുനേര്‍ മൂക്കുപിടിക്കുന്നതിനുപകരം വളഞ്ഞരീതിയില്‍ മൂക്ക് പിടിക്കുന്ന അതേ അവസ്ഥ.
ആര്‍ക്കും കുതിരകയറാനുള്ള ഒരു തട്ടകമായിത്തീര്‍ന്നിരിക്കുന്നു ഇന്ന് ഇജ്തിഹാദ്. ദുനിയാവറിയാത്ത മുല്ലമാരും ദീന്‍ അറിയാത്ത മിസ്റര്‍മാരും ഒരുപോലെ വിനാശകരമാണ്. ദീനും ദുനിയാവും അറിഞ്ഞുകൊണ്ടായിരിക്കണം ഇജ്തിഹാദ്. പ്രാമാണിക സ്രോതസ്സുകളെയും നിലവിലെ സങ്കീര്‍ണ സാഹചര്യങ്ങളെയും മുന്‍നിര്‍ത്തിയായിരിക്കണം അത്. അപ്പോള്‍ ദീന്‍ പഠിക്കേണ്ടിവരും. ദുനിയാവിനെ പഠിക്കേണ്ടിവരും. ഇസ്ലാമിക ചരിത്ര പൈതൃകങ്ങളെ പഠിക്കേണ്ടിവരും. വര്‍ത്തമാനകാലയാഥാര്‍ഥ്യങ്ങളെ പഠിക്കേണ്ടിവരും. ഇങ്ങനെ, എല്ലാം ഒത്തിണങ്ങി വരുമ്പോഴാണ് ഇസ്ലാമിക ചിന്തയുടെ പിറവി.
നമ്മുടെ പൈതൃകമാണ് നമ്മുടെ ചരിത്രം. മുന്‍ഗാമികള്‍ സംരചിച്ചതും ആവിഷ്കരിച്ചതും നമ്മുടെ തിരുശേഷിപ്പുകളാണ്. പൂര്‍വിക പൈതൃകങ്ങളുടെ ചരിത്രശേഷിപ്പുകളെ നിരാകരിക്കല്‍ അചിന്തനീയമാണ്. ചരിത്രത്തില്‍ നിന്ന് ഗുണപാഠങ്ങള്‍ സ്വായത്തമാക്കുന്ന വിവേകമതിക്ക് യോജിച്ച സ്വഭാവമല്ലത്. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും താളുകള്‍ മറിച്ച് നോക്കിയാല്‍ ഈ യാഥാര്‍ത്ഥ്യം സുതരാം വ്യക്തം. പ്രവാചക•ാരുടെയും മുന്‍ഗാമികളുടെയും രേഖകള്‍ അപഗ്രഥിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം പ്രസ്പഷ്ടം.
നമ്മുടെ പൂര്‍വികരുടെ ജീവിതം മാതൃകാപരമായിരുന്നു. ഓരോ മുന്‍ഗാമിയും തന്റെ പൂര്‍വികന്റെ പ്രതിഭയെ വിശകലനം ചെയ്യുകയും തന്റേതായ സാഹചര്യത്തില്‍ അതിലെ തെറ്റുകളെ മാറ്റിനിര്‍ത്തുകയും ശരികളെ നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നിട്ട് കൂടുതല്‍ ശരികളുള്ള ഒരു രീതിശാസ്ത്രത്തെ ആവിഷ്കരിക്കുന്നു. ഓരോ കാലത്തും തുടര്‍ന്നുപോരുന്ന ദൈവിക പ്രക്രിയയാണിത്. ആധുനിക നവോത്ഥാനം വരെ എത്തിയിരിക്കുന്നു ഈ ശൃംഖല. അത് ഇനിയും തുടരണം. തുടരും തീര്‍ച്ച. ഇങ്ങനെയൊക്കെയാണ് ഇസ്ലാം ഓരോ കാലഘട്ടത്തിലും അതിന്റെ പരിപൂര്‍ണ പ്രസന്നതയോടെ തല ഉയര്‍ത്തി നിന്നത്.
നിരവധിയാണ് ആധുനിക പ്രശ്നങ്ങള്‍. സകലതും സങ്കീര്‍ണമാണ്. ഈ സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ ആരായല്‍ ഇസ്ലാമിക വിചക്ഷണരുടെ ഉത്തരവാദിത്വമാണ്. കൂലങ്കശവും ആഴത്തിലുള്ളതുമായിരിക്കണം ഈ അന്വേഷണം. വ്യക്തിതലത്തിലും സംഘടനാതലത്തിലുമുണ്ടായിരിക്കണം ഈ അന്വേഷണം. സ്വതന്ത്രമായിട്ടായിരിക്കരുത്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലായിരിക്കണം. മുന്‍ഗാമികളുടെ തെറ്റുകളെ ദുരീകരിക്കുക. ശരികളെ നിലനിര്‍ത്തുക. കൂടുതല്‍ വലിയ ശരികളുള്ള രീതിശാസ്ത്രത്തിലൂന്നിയാവട്ടെ നമ്മുടെ കാലഘട്ടത്തിന്റെ ഇസ്ലാമിക ദൌത്യം.
Add Comment