മാതൃഭാഷ സ്വായത്തമാക്കാന്‍ കഴിഞ്ഞ ഒരു കുട്ടിക്ക് രണ്ടാം ഭാഷകള്‍ സ്വായത്തമാക്കാന്‍ വളരെ എളുപ്പമാണ്. നേടിയെടുത്ത ഒരു പഠന ശേഷി മറ്റൊന്ന് പഠിച്ചെടുക്കാന്‍ പ്രയോജനപ്പെടുത്തുക (transfer of learning) എന്നൊരു തത്ത്വമുണ്ടല്ലൊ.അങ്ങനെ നോക്കുമ്പോള്‍, മാതൃഭാഷയില്‍ നമ്മുടെ കുട്ടികള്‍ എത്രത്തോളം
കഴിവാര്‍ജിച്ചിട്ടുണ്ടോ അതിന്റെ പ്രതിഫലനം രണ്ടാംഭാഷ സ്വായത്തമാക്കുന്ന പ്രക്രിയയില്‍ നമുക്ക് കാണാന്‍ കഴിയും. നോം ചോംസ്‌കി മുന്നോട്ട് വെച്ച ‘ സാര്‍വലൗകിക വ്യാകരണം ( Universal Grammar) എന്ന ആശയമനുസരിച്ച് സമസ്ത ഭാഷകളെയും ചൂഴ്ന്നു നില്‍ക്കുന്ന പൊതു വ്യാകരണ ഘടകങ്ങളുണ്ട് എന്നാണ്.
അതല്ലെങ്കില്‍, ഭാഷകളിലെ വ്യാകരണ ഘടകങ്ങള്‍ക്ക് സാധര്‍മ്യങ്ങളുണ്ട് എന്നാണ്. അതു കൊണ്ടാണ് ഏതെങ്കിലുമൊരു രണ്ടാം ഭാഷ സ്വായത്തമാക്കിയ ഒരു വ്യക്തിക്ക് മറ്റൊരു രണ്ടാം ഭാഷ സ്വായത്തമാക്കാന്‍ പ്രയാസമില്ലാത്തത്. ജര്‍മന്‍കാരനായ ഡോ. ഹെറാള്‍ഡ് സ്‌റൂസ് 300 ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു.എന്തിന്,
മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് മലയാളം കൂടാതെ അറബി, സംസ്‌കൃതം, പാര്‍സി, ഉര്‍ദു ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നല്ലൊ. ചുരുങ്ങിയത് അഞ്ചു രണ്ടാം ഭാഷകളെങ്കിലുമറിയുന്ന എത്രയോ പേര്‍ നമുക്കിടയില്‍ തന്നെയുണ്ട്!
പറഞ്ഞു വന്നത് ഇതാണ്:
അറബി എന്ന രണ്ടാം ഭാഷപഠിപ്പിക്കുന്ന നമ്മുടെ മുന്നില്‍ ഒരു അനുകൂല ഘടകമുണ്ട്. അതായത് നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികള്‍ മാതൃഭാഷ സ്വായത്തമാക്കിയ വരാണ് എന്നത് നമ്മുടെ ജോലിയെ എളുപ്പമാക്കുന്നു. അതുകൊണ്ട് മാതൃഭാഷ സ്വായത്തമാക്കാന്‍ സഹായിച്ച സാധ്യമായ എല്ലാ ബോധന തന്ത്രങ്ങളും രണ്ടാം ഭാഷയുടെ കാര്യത്തിലും പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ക്‌ളാസ് മുറിക്കകത്ത് ഭാഷയുടെ ഒരു പരിസരം സൃഷ്ടിക്കലാണ് ആദ്യം വേണ്ടത്. ഭാഷ ഉപയോഗിക്കാനുള്ള ആവശ്യബോധമുണ്ടാക്കലാണ് രണ്ടാമത്തേത്. കൃത്രിമമായ പരിസരവും കൃത്രിമമായ ആവശ്യവും, ഒന്നാം ഭാഷയിലെയും രണ്ടാം ഭാഷയിലെയും പൊതു സവിശേഷതകളെ ഉയര്‍ത്തിപ്പിടിക്കുക, ഇരു ഭാഷകളിലെയും വൈജാത്യങ്ങളെ തിരിച്ചറിയുക, പഠിതാക്കളുടെ അഭിരുചികള്‍ക്കും ആവശ്യങ്ങള്‍ക്കും യോജിച്ച ഭാഷാപ്രവര്‍ത്തനം ക്‌ളാസ് മുറികളില്‍ നടപ്പാക്കുക അങ്ങനെ പലതും. ഒഴുക്കോടെ ഭാഷ ഉപയോഗിക്കുന്ന തിന് തടസ്സമാകുംവിധം ഭയത്തിന്റെയും മടുപ്പിന്റെയും അന്തരീക്ഷം ക്‌ളാസിലുണ്ടാകരുത്. കുട്ടികള്‍ പറയട്ടെ, നാമത് കേള്‍ക്കണം. വരണ്ട കല്‍പനകള്‍ ഒഴിവാക്കി സൗമ്യമായി, സ്‌നേഹപൂര്‍വ്വം അവരോട് സംസാരിക്കണം.’ വേണ്ട’, ‘അരുത് ‘ (كلا ,لا) തുടങ്ങിയ നിഷേധാത്മക വാക്കുകള്‍ക്ക് പകരം ക്രിയാത്മകമായ വാക്കുകള്‍ ഉപയോഗിക്കുക.
( തുടരും)