സ്വതന്ത്ര ഭരണകൂടങ്ങള്‍

ഫാത്വിമി ഭരണകൂടം ( ഹി 297-567)

ഹി. 297 ല്‍ ആഫ്രിക്കയിലെ ഖൈറുവാന്‍ നഗരത്തില്‍ നിലവില്‍വന്ന ഈ ഭരണകൂടത്തിന്‍റെ സ്ഥാപകന്‍ ഉബൈദുല്ലയാണ്. അദ്ദേഹം നബിപുത്രി ഫാത്വിമയുടെ പരമ്പരയില്‍ പെട്ടയാളായതുകൊണ്ടാണ് ഈ ഭരണകൂടത്തെ ഫാത്വിമി എന്ന് വിശേഷിപ്പിക്കുന്നത്. ചരിത്രത്തില്‍ അദ്ദേഹം മഹ്ദിയായി വിശേഷിപ്പിക്കപ്പെടുന്നു. ശീഈ വിഭാഗത്തിലെ ഇസ്മാഈലികള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇമാംജഅ്ഫര്‍ സാദിഖിന്‍റെ മകന്‍ ഇസ്മാഈലിനെയാണ് ഇവര്‍ ഇമാമായി അംഗീകരിക്കുന്നത് എന്നതിനാലാണിത്. മറ്റൊരു മകനായ മൂസാ കാളിമിനെ ഇമാമായി ഗണിക്കുന്നവര്‍ ഇസ്നാ അശ്രികള്‍ എന്നാണ് അറിയപ്പെടുന്നത്.

അബ്ബാസികളുടെ കാലത്ത് നിലവിലുണ്ടായിരുന്ന ഭരണകൂടങ്ങളൊക്കെത്തന്നെയും സ്വയംഭരണാധികാരം ഉണ്ടായിരിക്കെത്തന്നെ ബഗ്ദാദിലെ കേന്ദ്രഖിലാഫത്തിനെ അംഗീകരിച്ചാണ് മുന്നോട്ടുനീങ്ങിയത്. ജുമുഅ ഖുത്വുബകളില്‍ അബ്ബാസി ഖലീഫമാരുടെ പേരുകള്‍ പരാമര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഫാത്വിമികള്‍ ആ സമ്പ്രദായം നിറുത്തലാക്കി. അവര്‍ തങ്ങളുടെ ഖിലാഫത്തിനെ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

ഉത്തരാഫ്രിക്കയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഫാത്വിമികള്‍ അല്‍മുഇസ്സി(ഹി. 341-365)ന്‍റെ കാലത്ത് ഈജിപ്ത് കീഴടക്കി. തുടര്‍ന്ന് കൈറോ നഗരം സ്ഥാപിച്ചു. ഫുസ്ത്വാതിനടുത്തുള്ള ഈ നഗരം പിന്നീട് അവരുടെ ആസ്ഥാനമായി മാറി. അവിടെ ജാമിഉല്‍ അസ്ഹര്‍ എന്ന പേരില്‍ ഒരു പള്ളി പണിതതാണ് പിന്നീട് മുസ്ലിംലോകത്ത് വിഖ്യാതമായ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയായിത്തീര്‍ന്നത്.

അല്‍മുഇസ്സിനുശേഷം വന്ന പുത്രന്‍ അസീസ്(ഹി. 365-386) യോഗ്യനായ ഭരണാധികാരിയായിരുന്നു. സിറിയ, ഹിജാസ്, യമന്‍ തുടങ്ങിയ പ്രവിശ്യകള്‍ അക്കാലത്താണ് ഫാത്വിമികളുടെ അധീനതയില്‍ വന്നത്. മുസ്ലിംകളുടെ നാവികശക്തി വളരെയധികം വികസിച്ചത് ഇവരുടെ ഭരണകാലത്താണ്. ജനീവ, , റോം, നേപ്ള്‍സ് എന്നിവയെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്ന ഫാത്വിമികളുടെ നാവികസേനയെ പ്രതിരോധിക്കാന്‍ യൂറോപ്യര്‍ക്ക് കഴിഞ്ഞില്ല.
അബ്ബാസികള്‍ക്ക് ശേഷം വന്ന ഭരണകൂടങ്ങളില്‍ ശക്തികൊണ്ടും ഭരണദൈര്‍ഘ്യം കൊണ്ടും നീണ്ടുനിന്നത് ഫാത്വിമികളാണ്.296 മുതല്‍ 567 വരെ രണ്ടേമുക്കാല്‍ നൂറ്റാണ്ട് അത് തുടര്‍ന്നു. സിറിയന്‍ ഭരണാധികാരിയായിരുന്ന നൂറുദ്ദീനാണ്ഫാത്വിമീ ഭരണകൂടത്തിന് അന്ത്യം കുറിച്ചത്.

Topics