ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
സ്‌നേഹിക്കുക എന്നത് ഉദാത്തമായൊരു മാനുഷികഗുണമാണെങ്കില്‍ സ്‌നേഹിക്കപ്പെടുക എന്നത് ഓരോരുത്തരുടെയും മനസ്സ് മന്ത്രിക്കുന്ന അസ്തിത്വപരമായൊരാവശ്യമാണ്. സ്‌നേഹം നിഷേധിക്കപ്പെടുകയോ സ്‌നേഹിക്കപ്പെടുന്നില്ല എന്ന് തോന്നുകയോ ചെയ്യുമ്പോള്‍ സ്വതവേ മനുഷ്യന്‍ അസ്വസ്ഥനാവും. അഭികാമ്യമല്ലാത്ത ചിന്തകളിലേക്ക് വഴുതി വീഴും. ജീവിതം തന്നെ ഭാരമായി മാറും. നമുക്കിടയില്‍ കുട്ടികള്‍ അപ്രത്യക്ഷമാകുന്നതിന്റെയും സ്ത്രീകള്‍ ആത്മാഹുതി ചെയ്യുന്നതിന്റെയും കാരണങ്ങളില്‍ ഒന്ന് സ്‌നേഹനിഷേധമാണ് എന്ന വസ്തുത നാം ഓര്‍ക്കണം.
സ്‌നേഹവും കാരുണ്യവും ഓരോ മനുഷ്യരിലും സത്താപരമായി ഉള്‍ച്ചേര്‍ന്നുകിടക്കുന്ന ദൈവദത്തമെന്നോ പ്രകൃതിദത്തമെന്നോ പറയാവുന്ന രണ്ട് വികാരങ്ങളാണ്. ഇവ രണ്ടും പരസ്പരപൂരകങ്ങളുമാണ്. കാരുണ്യത്തില്‍ നിന്നാണ് സ്‌നേഹമെന്ന വികാരം രൂപപ്പെട്ടു വികസിച്ചുവരുന്നത്. കാരുണ്യം വറ്റിപ്പോയ ഹൃദയങ്ങളില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിക്കേണ്ടതില്ല എന്ന് മഹത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. അമ്മമാരില്‍ നിന്ന് ഓരോ കുട്ടിയും അനുഭവിക്കുന്ന നിര്‍വ്യാജമായ സ്‌നേഹത്തിന് പിന്നില്‍ വര്‍ണിക്കാനാകാത്ത മഹാകാരുണ്യത്തിന്റെ പശ്ചാത്തലമുണ്ട്
ഒരിക്കല്‍ മുഹമ്മദ് നബിയുടെയടുത്ത് തടവുകാരുടെ ഒരുസംഘമെത്തി. അക്കൂട്ടത്തില്‍ ശരീരം തടിച്ച ഒരു സ്ത്രീയുമുണ്ടായിരുന്നു. സഹതടവുകാരില്‍ ചിലരുടെ കുട്ടികള്‍ വിശന്നുകരയുന്നത് കണ്ടപ്പോള്‍ അവരെ ഓരോരുത്തരെയെടുത്ത് മാറോടുചേര്‍ത്ത് ആ സ്ത്രീ മുലയൂട്ടാന്‍ തുടങ്ങി. ചുറ്റുമുണ്ടായിരുന്ന പ്രവാചകന്റെ സുഹൃത്തുക്കള്‍ കൗതുകത്തോടും ആശ്ചര്യത്തോടും കൂടി ആ ദൃശ്യം നോക്കിനിന്നു. അപ്പോള്‍ തിരുമേനി അവരോടു ചോദിച്ചു: ‘എന്തുതോന്നുന്നു നിങ്ങള്‍ക്കിത് കണ്ടിട്ട്? സ്വന്തം കുട്ടികളെ ഈ സ്ത്രീ തീയിലേക്ക് വലിച്ചെറിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’
‘ഒരിക്കലുമില്ല’എന്നായിരുന്നു അനുചരന്‍മാരുടെ മറുപടി.
‘എങ്കില്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക. ഈ സ്ത്രീക്ക് അവരുടെ കുട്ടികളോടുള്ള കാരുണ്യത്തേക്കാള്‍ വലുതാണ് ദൈവത്തിന് അവന്റെ പടപ്പുകളോടുള്ള കാരുണ്യം’
ദൈവദൂതന്‍ അങ്ങനെ പറഞ്ഞുനിര്‍ത്തി.
ദൈവകാരുണ്യത്തിന്റെ വലുപ്പം പഠിപ്പിക്കുക മാത്രമല്ല, ഇവിടെ പ്രവാചകന്‍ ചെയ്തത്. വിശന്നുകരയുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ ഒരന്യ സ്ത്രീക്കുകഴിയണമെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് ആ കുഞ്ഞുങ്ങളോട് സ്‌നേഹമുണ്ടാകണം. അവരോട് കാരുണ്യം തോന്നണം.
‘എനിക്ക് നിന്നോട് സ്‌നേഹമുണ്ട് ”ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ കൊണ്ട് പകര്‍ന്നുകൊടുക്കാവുന്നതല്ല സ്‌നേഹവും കാരുണ്യവും. മറ്റൊരാള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതാകണം നമ്മുടെ കാരുണ്യവും സ്‌നേഹവും. വാക്കിലൂടെയും നോക്കിലൂടെയും പെരുമാറ്റത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സ്‌നേഹം അനുഭവിക്കാന്‍ കഴിയുന്നിടത്താണ് വ്യക്തികള്‍ക്കിടയിലുള്ള ബന്ധങ്ങള്‍പോലും ഊഷ്മളവും സുദൃഢവുമാകുന്നത്.
പട്ടിണിയും പകര്‍ച്ചവ്യാധിയും തളര്‍ത്തിയ റഷ്യയുടെ ഒരു ദരിദ്രഗ്രാമത്തിലൂടെ ഒരിക്കല്‍ ടോള്‍സ്‌റ്റോയ് നടന്നുവരികയായിരുന്നു. കുറച്ചുമുന്നോട്ടുപോയപ്പോള്‍ അതാ ഒരു യാചകന്‍ ‘വല്ലതും തരണേ’ എന്നപേക്ഷിച്ചുകൊണ്ട് തനിക്കുനേരെ കൈനീട്ടുന്നു.
യാചകന് എന്തെങ്കിലും കൊടുക്കണമെന്ന ആഗ്രഹത്തോടെ ടോള്‍സ്‌റ്റോയ് കീശയില്‍ കയ്യിട്ടു. പക്ഷേ കീശയില്‍ ഒന്നുമില്ലായിരുന്നു.’അനുജാ എന്നോട് ക്ഷമിക്കണം. എന്റെ കീശ കാലിയാണ്’ യാചകന്റെ മുന്നില്‍ ടോള്‍സ്‌റ്റോയി തന്റെ നിസ്സഹായത അറിയിച്ചു.
‘ഇതുമതി എനിക്ക് ഇതുമാത്രം. അനുജാ എന്ന സ്‌നേഹത്തോടെയുള്ള ആ വിളി’ യാചകന്‍ അതുപറയുമ്പോള്‍ ആ കണ്ണുകളില്‍ അവാച്യമായ ഒരു ആത്മനിര്‍വൃതിയുടെ പ്രകാശത്തിളക്കമുണ്ടായിരുന്നു.
ഒരു മഹാദാനത്തേക്കാള്‍ വലുതാണ് ചില നേരങ്ങളില്‍ സ്‌നേഹത്തോടെയുള്ള ചെറിയൊരു വിളി എന്ന ഗുണപാഠം ഈ സംഭവം നമുക്കു പറഞ്ഞുതരുന്നുണ്ട്. സ്‌നേഹനിരാസത്തിന്റെ ദുരന്തങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി അരങ്ങേറുന്ന ഇക്കാലത്ത് ഇത്തരം ഗുണപാഠങ്ങള്‍ നമുക്ക് പ്രചോദനമാകേണ്ടതുണ്ട്.
Add Comment