ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
ഇന്നത്തെ കുട്ടികള്‍ നാളെയുടെ നായകന്മാര്(Today’s Children are Tomorrow’s Leaders) എന്നത് വെറുമൊരു പ്രസ്താവനയല്ല. മഹത്തായ ഒരു ആശയമാണ്. ശൈശവവും കൗമാരവും പിന്നിട്ട് യുവത്വത്തിലെത്തുന്നതോടെ ഏതൊരു കുട്ടിയും ‘നായകത്വം ‘എന്ന സവിശേഷതലത്തിലേക്ക് ഉയര്ന്നുവരണമെന്നില്ല. നിരവധി വൈയക്തിക ക്ഷമതകള്‍ മുതല്‍ ഒട്ടേറെ ജീവിതനൈപുണികള്‍ വരെ ആര്‍ജിച്ചാലേ നായകത്വം എന്ന വിശിഷ്ട തലത്തിലേക്കെത്തിച്ചേരാനാവൂ. ഇത്തരമൊരു ലക്ഷ്യസാക്ഷാത്കാരമായിരിക്കണം വിദ്യാഭ്യാസ പ്രക്രിയയിലൂടെ നടക്കേണ്ടത്. ഇന്നത്തെ കുട്ടികളെ നാളേക്കുപകരിക്കുന്ന നായകന്മാരല്ല നല്ല പൗരന്മാരാക്കി വളര്ത്താനെങ്കിലുമുള്ള ഉള്ളടക്കം എത്രത്തോളം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയക്കകത്തുണ്ട് എന്നത് വിശകലനമര്‍ഹിക്കുന്ന ഗൗരവതരമായൊരു പഠനവിഷയമാണ്.
അതിവേഗം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മോടൊപ്പം നമ്മുടെ കുട്ടികളും ജീവിക്കുന്നത് . മാറുന്ന ലോകത്തിന്റെ പ്രവണതകളും അഭിരുചികളും ഓരോ കുട്ടിയെയും അത്യഗാധമായി സ്വധീനിച്ചുകൊണ്ടിരിക്കുന്നു. ദൃശ്യ-ശ്രാവ്യ-അച്ചടി സാമൂഹികമാധ്യമങ്ങള്‍ അവരും നിരീക്ഷിച്ചുവിലയിരുത്തുന്നുണ്ട്. കുട്ടികളുടെ പ്രതികരണങ്ങളും ആവിഷ്കാരങ്ങളും ജീവിതശൈലികളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ‘പരിണാമങ്ങളു’ടെ പ്രതിഫലനം നമുക്ക് ബോധ്യപ്പെടും. അവരുടെ ചിന്തയും മനോഭാവവും പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്തുന്നതില്‍ ബാഹ്യശക്തി സമ്മര്‍ദ്ദങ്ങളുടെ പങ്ക് ദിനേനയെന്നോണം കൂടിക്കൂടി വരികയാണ്. സമൂഹം വികസിപ്പിച്ചെടുത്ത മൂല്യസങ്കല്പത്തിന് പോലും പൊരുത്തപ്പെടാനാവാത്ത പ്രതിലോമപരമായൊരു ചിന്താ-മനോഭാവ രൂപവല്‍ക്കരണമാണ് കുട്ടികളില്‍ ഇപ്പോള്‍ നടന്നുവരുന്നത്.
ഒരിക്കല്‍ പ്രതിഭാശാലിയായ ഒരു കലാകാരന് ക്യാന്‍വാസില്‍ വക്രമായ കുറെ രേഖകള്‍ കൊണ്ട് അവ്യക്തമായൊരു ചിത്രം വരച്ചു. ഒരു ഡോക്ടറുടെ മുന്നില്‍ പിന്നീടാ ചിത്രം പ്രദര്‍ശിപ്പിച്ച് അതെന്താണ് എന്നന്വേഷിച്ചു.
‘മനുഷ്യമസ്തിഷ്കത്തിനകത്തെ കോശങ്ങള്‍’ എന്നായിരുന്നു മറുപടി. ഒരു വഴിപോക്കന് ആ ചിത്രം കണ്ടിട്ടുപറഞ്ഞത് ‘ഭ്രാന്താശുപത്രിയില്‍ കഴിയുന്ന മനോരോഗിയുടെ കാലില്‍ കിടക്കുന്ന ചങ്ങല’എന്നാണ്. വളര്‍ന്നുവരുന്ന ഒരു ചെടിയുടെ മണ്ണിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന വേരുകള്‍ എന്നായിരുന്നു ഒരു കര്‍ഷകന്റെ പ്രതികരണം. എന്നാല്‍ ഒരു ന്യൂജെന്‍ കോളേജ് വിദ്യാര്‍ഥിയുടെ പ്രതികരണമാണ് ഇക്കൂട്ടത്തില്‍ കൗതുകകരമായത്: ‘എന്റെ കാമുകിയുടെ ചുരുണ്ട തലമുടി’ എന്നായിരുന്നു ആ പ്രതികരണം.
ഒരേചിത്രത്തെ നാലുപേര്‍ എന്തുകൊണ്ട് നാലുതരത്തില്‍ നിരീക്ഷിച്ചു എന്നന്വേഷിക്കുമ്പോള്‍ നമുക്ക് ബോധ്യമാകും, നാലുപേരുടെയും ചിന്താ-മനോഭാവങ്ങളെ സ്വാധീനിച്ച വ്യത്യസ്ത പരിസരയാഥാര്ഥ്യങ്ങളുണ്ട് എന്ന്. കുട്ടികളുടെ വ്യക്തിത്വരൂപീകരണം നിയന്ത്രിക്കുന്നതില്‍ അവരുടെ ജീവിതപരിസരം ഇത്തരത്തില്‍ നിര്‍ണായകപങ്കുവഹിക്കുന്നു എന്ന് നാം തിരിച്ചറിയണം. ‘നല്ല നാട്ടില്‍ അല്ലാഹുവിന്റെ ഇംഗിതത്തോടെ നല്ലതു മുളക്കുന്നു. മ്ലേഛതയുള്ള നാട്ടില്‍ മ്ലേഛമായതേ മുളക്കൂ.. നന്ദിയോടെ ജീവിക്കുന്നവര്‍ക്ക് ഉല്ക്കൊള്ളാനായി ഇത്തരം ദൃഷ്ടാന്തങ്ങള്‍ നാം വിവരിച്ചുകൊടുക്കുന്നു’ എന്ന് ഖുര്‍ആന്‍ അടിവരയിടുന്നതും ഇപ്പറഞ്ഞ വസ്തുതയിലേക്കാണ്.
സമ്പത്തുപോലെ കുട്ടികളും ഭൗതികലോകത്ത് നമ്മുടെ ആഹ്ലാദവും സൗന്ദര്യവുമാണ്. കുട്ടികള്‍ ജനിക്കുന്നതും വളരുന്നതും കളിക്കുന്നതും ചിരിക്കുന്നതും വിജയിച്ചുമുന്നേറുന്നതും ഉയരങ്ങള്‍ കീഴടക്കുന്നതുമെല്ലാം നമ്മുടെ കണ്‍കുളിര്‍മയുടെ നിമിത്തങ്ങളാണ്. മുന്ഗാമികളുയര്ത്തിപ്പിടിച്ച വിശ്വാസദര്ശനത്തെയും സാംസ്കാരികപൈതൃകത്തെയും കാത്തുരക്ഷിച്ച് വരുംകാലങ്ങളിലേക്ക് കൈമാറേണ്ട പിന്‍ഗാമികളാണ് നമ്മുടെ സന്താനങ്ങള്‍. നൂറ്റിയിരുപതാമത്തെ വയസ്സിലും പ്രതീക്ഷ കൈവിടാതെ ഒരു കുഞ്ഞിനെനല്കി കനിയാന്‍ തമ്പുരാനോട് ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ സക്കരിയ്യാ പ്രവാചകനെ പ്രചോദിപ്പിച്ചത് ഈയൊരു തിരിച്ചറിവാണ്. പൈതൃകസൂക്ഷിപ്പുകാരും കാവല്‍ക്കാരുമാണ് സന്താനങ്ങള്‍.
സൈബര്‍ കേന്ദ്രിതവും സങ്കീര്‍ണവുമായ ഒരു സാമൂഹികഘടനയ്ക്കകത്താണ് നമ്മുടെ കുട്ടികള്‍ ഇന്ന് വളരുന്നത്. നല്ല മാതൃകകളും നല്ല അനുഭവങ്ങളും അവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയണം. ഇമാം ഗസ്സാലിയുടെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്: ‘ഓരോ കുട്ടിയും മാതാപിതാക്കളുടെയടുക്കല്‍ പ്രകൃതി ഏല്പിച്ചിട്ടുള്ള സൂക്ഷിപ്പുസ്വത്താണ്. നിര്‍മലവും വിശുദ്ധവുമായ അവരുടെ ഹൃദയം അമൂല്യമായ രത്നമാണ്. എന്തിലേക്കും അത് ആകര്‍ഷിക്കപ്പെടും. ഏതിലേക്കും ചായും. നല്ല പരിശീലനം ലഭിച്ചാല്‍ കുട്ടിക്ക് വിജയിക്കാനാവും. മാതാപിതാക്കള്‍ക്ക് ആഹ്ലാദിക്കുകയുംചെയ്യാം.’ മറിച്ചാണെങ്കില്‍ കുട്ടി തോല്‍ക്കുകയും മാതാപിതാക്കള്‍ സങ്കടത്തിലാവുകയുംചെയ്യും. ശരീരവളര്‍ച്ചക്ക് ആഹാരം എത്രപ്രധാനമാണോ അതേപോലെ പ്രധാനമാണ് മാനസികവളര്ച്ചക്ക് ശിക്ഷണപരിശീലനങ്ങളും. മൂല്യങ്ങളും നൈതികതകളും കുട്ടികളില്‍ കുത്തിവെച്ച് നിറക്കാവുന്നതല്ല. അനുഭവിപ്പിച്ചുകൊണ്ടേ അവ വളര്‍ത്താനാവൂ.
മുതിര്‍ന്നവരില്‍നിന്ന് ലഭിക്കുന്ന സ്നേഹോദ്ദീപകങ്ങളായ വാക്കുകളും സൗമ്യമായ ഭാഷയും ആകര്‍ഷകമായ ശൈലിയും ഹൃദ്യമായ സമീപനവുമൊക്കെ കുട്ടികളുടെ വ്യക്തിത്വത്തെ ആരോഗ്യകരമായി സ്വാധീനിക്കുമ്പോള്‍ മറിച്ചുള്ളവ എതിര്ഫലങ്ങളുണ്ടാക്കുകയും ചെയ്യും. അഡോള്‍ഫ് ഹിറ്റ്ലറെ കിരാതനും ഭീകരനുമാക്കിമാറ്റിയതില് സ്വന്തം പിതാവിന്റെ പങ്ക് നമുക്കറിയാമല്ലോ. ചരിത്രത്തില്‍ കുപ്രസിദ്ധരായ പലരുടെയും കുട്ടിക്കാലം പരിശോധിക്കുമ്പോള്‍ നമുക്കത് മനസ്സിലാകും.
സ്വന്തം മക്കളെ എടാ, എടീ എന്നുവിളിക്കാന്‍ മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതൊന്നും അസഭ്യവാക്കുകളുമല്ല. പക്ഷേ, ‘പൊന്നുമോനേ, പൊന്നുമോളേ’ എന്നിവക്കു പകരം നില്ക്കാന് പോന്ന വാക്കുകളല്ല അവയെന്നും അനുഭവത്തില്‍നിന്ന് നമുക്ക് ബോധ്യമാകും. പ്രവാചകന്മാരും തത്ത്വജ്ഞാനികളും അവരുടെ മക്കളെ ‘പൊന്നുമോനേ’, ‘പൊന്നുമക്കളേ’ എന്നൊക്കെയായിരുന്നു സംബോധനചെയ്തിരുന്നത് എന്ന് വേദഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. മകന് ഇസ്മാഈലിനെ ബലിയറുക്കണമെന്ന് സ്വപ്ന ദര്‍ശനമുണ്ടായപ്പോള്‍ ഇബ്റാഹീം പ്രവാചകന് ഇസ്മാഈലിനെ അടുത്തുവിളിച്ച് പറഞ്ഞത് ഇപ്രകാരമാണ് : ‘പൊന്നുമോനേ, നിന്നെ ബലിയറുക്കണമെന്ന് എനിക്ക് സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?’ ഉടനെ ഇസ്മാഈലിന്റെ പ്രതികരണം വന്നു:’ഉപ്പാ , കല്പനപോലെ ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാല്‍ ഏതു പരീക്ഷണത്തെയും ഞാന്‍ ക്ഷമയോടെ നേരിടുന്നതായി ഉപ്പാക്കുകാണാം.’
‘മോനേ, ഉപ്പാ’ എന്നിങ്ങനെയുള്ള പരസ്പരവിളികളില് അന്തര്‍ഭവിച്ചുകിടക്കുന്ന ഊഷ്മളവും സുദൃഢവുമായ ആ പിതൃ-പുത്രബന്ധത്തെ എത്രമാത്രം പുകഴ്ത്തിയാലും നമുക്കുമതിയാവില്ല. പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നതായി സ്വപ്നദര്‍ശനം ലഭിച്ചപ്പോള്‍ ഉറക്കമുണര്‍ന്നയുടനെ യൂസുഫ് പ്രവാചകന് പിതാവായ യഅ്ഖൂബ് പ്രവാചകന്റെയടുക്കല്‍ ഓടിയെത്തി ‘ഉപ്പാ’ എന്ന് വിളിച്ച് ആ വൃത്താന്തം പങ്കുവെച്ചതും ‘പൊന്നുമോനേ’ എന്ന് പിതാവ് ഉപദേശിച്ചതും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. പിതൃ- പുത്രബന്ധത്തിന്റെ മനോജ്ഞമായ ഇഴയടുപ്പമാണ് ഇവിടെയും ആവിഷ്കൃതമാവുന്നത്.
ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണാനുള്ള അനുഭവാധിഷ്ഠിത പരിശീലനം കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ കിട്ടേണ്ടതുണ്ട്. ഉയര്‍ന്ന ചിന്തയും ഉയരങ്ങളിലെത്തിച്ചേരണം എന്ന ആഗ്രഹവും കൂടിച്ചേരുമ്പോള്‍ കുട്ടികളുടെ ജീവിതത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ തുടങ്ങും. ‘ജന്മദത്തമായ ക്ഷമതകളെയും സാധ്യതകളെയും പുറത്തേക്കെടുക്കാന്‍ കുട്ടികള്‍ മുന്നോട്ടുവരുന്നത് വലിയ സ്വപ്നങ്ങളും ഉയര്‍ന്ന ആഗ്രഹങ്ങളുമുണ്ടാകുമ്പോഴാണ്’.ഒരിക്കല്‍ നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ് മകന് ഹസനോട് ‘വലുതാകുമ്പോള്‍ ആരാകാനാണ് ആഗ്രഹം’ എന്ന് ചോദിച്ചു:’ഉപ്പയെപ്പോലെയാകണം’ എന്നായിരുന്നു ഹസന്റെ പ്രതികരണം. ‘ഉപ്പയെപ്പോലെയാകാനല്ല ഉപ്പാപ്പയെപ്പോലെയാകാന് നീ ആഗ്രഹിക്കണം’ എന്ന് മറുമൊഴി കൊടുത്ത് മകനെ ഖലീഫ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
കുട്ടികളെ എപ്പോഴും ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കണം. അടുത്തിടെ മരണപ്പെട്ട വിഖ്യാതശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന് എറണാകുലം കലൂരില്നിന്നുള്ള ഗ്രിഗറി കുര്യന് എന്നൊരു പത്താംക്ലാസ് വിദ്യാര്‍ഥി ഒരു കത്തയച്ചതായി പത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞു. തനിക്കൊരു ശാസ്ത്രജ്ഞനാകാന്‍ കൊതിയുണ്ടെന്നും അതിനാവശ്യമായ ഉപദേശം തന്ന് സഹായിക്കണമെന്നുമായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. സ്റ്റീഫന്‍ ഹോക്കിങിന്റെ മറുപടി വൈകാതെയെത്തി: ‘നീ കാലുകളിലേക്ക് നോക്കാതെ നക്ഷത്രങ്ങളിലേക്ക് നോക്കുക. ശാസ്ത്രജ്ഞനാകാം’എന്നായിരുന്നു കത്തിലെ ഉപദേശം.
ജീവിതത്തിന്റെ നിമ്നോന്നതികളിലെത്താന് ഉണര്‍ന്നും ഉയര്‍ന്നും ചിന്തിക്കണമെന്നും തനിക്കതിനുകഴിവും യോഗ്യതയുമുണ്ടെന്ന് വിശ്വസിക്കണമെന്നും ആഗ്രഹങ്ങളോടൊപ്പം സദാ കര്മനിരതനാകണമെന്നുമായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് കത്തിലൂടെ പകര്‍ന്നുകൊടുത്ത ആശയം. ഓരോ കുട്ടിയുടെയും സവിശേഷതകളും അഭിരുചികളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അവരെ വഴികാണിക്കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും പലപ്പോഴും പരാജയപ്പെടുന്നുണ്ട്. കുട്ടികളുടെ നൈസര്‍ഗിക ചോദനകള്പോലും അവഗണിക്കപ്പെടുന്ന എത്രയോ സംഭവങ്ങളുണ്ട്. ഓരോ കുട്ടിയും നക്ഷത്രമാണ് എന്ന പ്രാപഞ്ചികയാഥാര്ഥ്യത്തിന് നേരെ മുതിര്‍ന്നവര്‍ കണ്ണടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
പ്രമുഖ വിദ്യാഭ്യാസവിചക്ഷണരായ പ്രൊഫ. മിക്കായേല്‍ ഫുള്ളനും ഡോ. മരിയ ലാംഗ്വേര്ത്തിയും കുട്ടികളുടെ ജന്മദത്തമായ ചിന്താശേഷിയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അന്വേഷണശേഷിയാണ് ഇവയില്‍ പ്രധാനം. ആസൂത്രണം, ഗവേഷണം, അനുമാനം , പ്രശ്നനിര്വചനം, പ്രശ്നനിര്‍ധാരണം എന്നീ കഴിവുകള്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്നത് അവര്‍ക്ക് അന്വേഷണശേഷിയുള്ളതുകൊണ്ടാണ്. വിവരസംസ്കരണ ശേഷിയാണ് മറ്റൊന്ന്. സ്ഥാനനിര്‍ണയം ദത്തശേഖരണം, വര്‍ഗീകരണം, താരതമ്യം, ആശയക്രമീകരണം തുടങ്ങിയവയ്ക്കുള്ള കഴിവുകള്‍ ഇപ്പറഞ്ഞ ശേഷിയുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിയും പുറത്തെടുക്കുന്നത്. യുക്തിചിന്തന ശേഷിയാണ് മൂന്നാമത്തേത്. അനുമാനിക്കുന്നതും കാര്യകാരണബന്ധം തിരിച്ചറിയുന്നതും തീരുമാനമെടുക്കുന്നതും യുക്തിചിന്തനശേഷിയുടെ പിന്‍ബലത്തിലാണ്. മൂല്യനിര്‍ണയ ശേഷിയാണ് നാലാമത്തേത്. വസ്തുക്കളുടെയോ സംഭവങ്ങളുടെയോ പ്രതിഭാസങ്ങളുടെയോ പ്രത്യേകതകള്‍ക്കനുസരിച്ച് ഇനം തിരിക്കാനും വിധിപ്രസ്താവിക്കാനും സാധിക്കണമെങ്കില്‍ മൂല്യനിര്‍ണയ ശേഷി സ്വായത്തമാക്കേണ്ടതുണ്ട്. അഞ്ചാമത്തേത് സര്‍ഗാത്മക ശേഷിയാണ്. പുതിയ ആശയങ്ങള്‍ വികസിപ്പിക്കാനും നൂതനചിന്തകള്‍ രൂപപ്പെടുത്താനും ഭാവനകള്‍ പ്രയോഗിക്കാനും നവീനമായ രീതിശാസ്ത്രങ്ങള്‍ അവലംബിക്കാനും പ്രാപ്തമാക്കുന്നത് സര്‍ഗാത്മക ശേഷിയാണ്. കുട്ടികളില്‍ ഇപ്പറഞ്ഞ അഞ്ച് ശേഷികളും ജന്മനാ അന്തര്‍ലീനമായി കിടക്കുന്നുണ്ട് എന്നും പഠനപ്രക്രിയയില്‍ ഇവയുടെ ഇടം പരിഗണിക്കപ്പെടാതെ പോവരുതെന്നുമാണ് മിക്കായേല്‍ ഫുള്ളനും ലാംഗ് വേര്ത്തിയും അഭിപ്രായപ്പെടുന്നത്.
ജന്മസിദ്ധമായ ശേഷികളെ സ്വയം പുറത്തെടുക്കാനും വികസിപ്പിക്കാനും കുട്ടികള്‍ക്ക് അവസരം കിട്ടുമ്പോള്‍ മാത്രമാണ് ക്ലാസുമുറികള്‍ ജൈവമായ അതിന്റെ ദൗത്യം യഥാര്‍ഥത്തില്‍ ഏറ്റെടുക്കൂ എന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. ഇനിമുതല്‍ നമുക്കും കുട്ടികളോട് ആകാശത്തേക്ക് നോക്കാന്‍ പറയാം. അവര്‍ നക്ഷത്രങ്ങളെ കാണട്ടെ..
റഫറന്‍സ്
1. ഖുര്‍ആന്‍ 7:58
2. ഖുര്‍ആന്‍ 18:46
3. ഖുര്‍ആന്‍ 19:4
4. മആലിമുത്തന്‍സീല്‍ – അബൂമുഹമ്മദ് ഹുസൈന് ബ്നു മസ്ഊദ് ബഗ്വി
5. ഖുര്‍ആന്‍ 37:102
6. ഖുര്‍ആന്‍ 12:4-5
7. Towards a new End: New Pedegogis of Deep Learning
Add Comment