Dr. Alwaye Column

സംവദനത്തിന് സവിശേഷ രീതികള്‍

പ്രസംഗവും പ്രഭാഷണവും വ്യത്യസ്തമായ രണ്ട് സങ്കേതങ്ങളാണ്. ഒരു നിര്‍ണിത വിഷയം അവധാനതയോടും കരുതലോടും സൂക്ഷ്മതയോടുംകൂടി അവതരിപ്പിക്കുന്നതാണ് പ്രഭാഷണം. തെളിവുകളും പ്രമാണങ്ങളും ഔചിത്യപൂര്‍വം പ്രഭാഷണത്തിനിടയില്‍ ഉദ്ധരിക്കപ്പെടും. ലക്ഷ്യസാക്ഷാത്കാരത്തിനായി പ്രഭാഷകര്‍ വ്യക്തവും ക്ലിഷ്ടവുമായ മാതൃകകള അവലംബിക്കേണ്ടതുണ്ട്. വൈകാരികതയെ ഉദ്ദീപിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വര്‍ധിതമായ അളവില്‍ ഉപയോഗിക്കാതിരിക്കാനും പ്രകോപനപരമായ അംഗവിക്ഷേപങ്ങളും ശരീരഭാഷയും പിന്തുടരാതിരിക്കാനും പ്രഭാഷകന്‍ ശ്രദ്ധിക്കണം. ഇപ്പറഞ്ഞതൊക്കെ അടിസ്ഥാനപരമായി പ്രസംഗത്തിന് അഭികാമ്യമാണെന്ന് വന്നേക്കാം.

പുനരുത്ഥാനം, മരണാനന്തരജീവിതം തുടങ്ങിയ മതകീയ വിഷയങ്ങള്‍ പരാമര്‍ശിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം ജീവിക്കുന്ന സംഭവലോകത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് ശ്രോതാക്കളുടെ ശ്രദ്ധതിരിക്കാന്‍ പ്രഭാഷകന്‍ ബാധ്യസ്ഥനാണ്. ഇവിടെ ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും ലോകത്ത് മരണവും പുനരുത്ഥാനവും നടക്കുന്നുണ്ടല്ലോ. അതിലേക്ക് വിരല്‍ചൂണ്ടുക വഴിയും ഉദാഹരണങ്ങള്‍ നിരത്തിയും ഹൃദയങ്ങളെ യാഥാര്‍ഥ്യങ്ങളിലേക്കടുപ്പിക്കാന്‍ കഴിയും. മരണാനന്തരജീവിതത്തെ അരക്കിട്ടുറപ്പിക്കാന്‍ വിശുദ്ധഖുര്‍ആന്‍ സ്വീകരിച്ച രീതിശാസ്ത്രം നമുക്ക് മുന്നിലുണ്ട്. ‘തരിശായിക്കിടക്കുന്ന ഭൂമിയെ നീ കാണുന്നില്ലേ? അതില്‍ നാം വെള്ളമിറക്കുന്നതോടെ അത് ഉന്‍മേഷവതിയും ഹരിതാഭവുമാകുന്നു എന്നത് ഒരു ദൈവികദൃഷ്ടാന്തമാണ്. തീര്‍ച്ചയായും തരിശുഭൂമിയെ ജീവിപ്പിച്ചവന് മരിച്ചുപോയവരെയും ജീവിപ്പിക്കാന്‍ കഴിയും. എല്ലാത്തിനും കഴിവുള്ളവനാകുന്നു അല്ലാഹു.’

നമുക്ക് സുപരിചിതവും ദൃശ്യവുമായ നിസ്സാരമായൊരു ബീജകണത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിഞ്ഞ അല്ലാഹുവിന് മരണശേഷം അവരെ പുനരുജ്ജീവിപ്പിക്കാന്‍ തീര്‍ച്ചയായും കഴിയും. മരണാനന്തരജീവിതം അനുഭവവേദ്യമാകാന്‍ പോവുന്ന ഒരു യാഥാര്‍ഥ്യമാണ്. സസ്യരഹിതവും നിശ്ചേതനവുമായ ഭൂമിയെ ജലവര്‍ഷംകൊണ്ട് ഊര്‍ജസ്വലയും ഹരിതാഭവുമാക്കുന്നതുപോലെ, രുചിഭേദങ്ങളും വര്‍ണവൈവിധ്യങ്ങളുമുള്ള ഫലവിഭവങ്ങള്‍ സസ്യങ്ങള്‍ വിളയിക്കുന്നതുപോലെ മരിച്ചുപോയ മനുഷ്യന്‍ ജീവിതത്തിലേക്ക് തിരിച്ചുവരിക എന്നത് സംഭവ്യമാണ്. പുനരുത്ഥാനമെന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സൃഷ്ടിപ്പിനെക്കാള്‍ ലളിതമായൊരു കാര്യമാണ്. ‘ഒരു ബീജത്തില്‍നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചത് കണ്ടില്ലേ? എന്നിട്ടുമവന്‍ വല്ലാതെ താര്‍ക്കികന്‍ ആയിരിക്കുന്നു. സ്വന്തം ഉല്‍പത്തി തന്നെ മറന്നുകൊണ്ടും നമുക്കെതിരെ ന്യായങ്ങളുമായി അവന്‍ വന്നിരിക്കുന്നു. ജീര്‍ണിച്ച് മണ്ണടിഞ്ഞ എല്ലുകളെ ആരാണ് ജീവിപ്പിക്കുക എന്നാണവന്റെ ചോദ്യം. നീ പറയുക: ആദ്യം അതുണ്ടാക്കിയവന്‍ തന്നെ അതിനെ ജീവിപ്പിക്കും. എല്ലാ സൃഷ്ടികളെക്കുറിച്ചും അവന് നന്നായറിയാം'(യാസീന്‍ 77-79).
ശ്രോതാക്കള്‍ക്ക് കാര്യങ്ങള്‍ ശരിയാംവിധം മനസ്സിലാക്കാന്‍ സഹായിക്കുംവിധം പ്രഭാഷകന്‍ സംഗതമായ ഖുര്‍ആന്‍ സൂക്തങ്ങളെ ഉദ്ധരിക്കേണ്ടതും വ്യാഖ്യാനിക്കേണ്ടതുമാണ്.

ഇനി അധ്യാപനരൂപത്തിലാണ് സത്യപ്രബോധനം നടത്താനുദ്ദേശിക്കുന്നതെങ്കില്‍ അങ്ങനെയുമാകാം. അപ്പോഴത് ഏതെങ്കിലുമൊരു മതകീയ പ്രശ്‌നത്തെയോ പ്രശ്‌നങ്ങളെയോ കേന്ദ്രീകരിച്ചുകൊണ്ടാകാം. പക്ഷേ, വിശുദ്ധഖുര്‍ആന്റെയും പ്രവാചകചര്യയുടെയും പൂര്‍വസൂരികളുടെ സത്യസരണിയുടെയും വെളിച്ചത്തിലായിരിക്കണം അധ്യാപനം. അധ്യാപനം ശ്രവിക്കാന്‍ ചെറിയൊരു സദസ്സേ ഉണ്ടാവൂ. അതിനാല്‍ അവരുമായി സുദൃഢമായ ഹൃദയബന്ധം സ്ഥാപിക്കാന്‍ പ്രബോധകന്ന് നല്ലൊരു അവസരം ലഭിക്കും. കൃത്യമായ വിഷയാവതരണം നടത്താന്‍ പ്രബോധകന്ന് സാധിക്കണം. അധികപ്രസംഗവും അതിശയോക്തിയും ഒഴിവാക്കാനായില്ലെങ്കില്‍ ശ്രോതാവ് അടിസ്ഥാനവിഷയത്തില്‍ നിന്ന് അകന്നുപോവുകയും സ്വയം മടുത്തുപോവുകയും ചെയ്യും. അവതരണത്തില്‍ അവധാനത അവലംബിക്കുകയും വേഗത കുറക്കുകയും വേണം. എന്നാല്‍ മാത്രമേ , ശ്രോതാക്കള്‍ക്കും കാര്യം ഗ്രഹിക്കാനാവൂ. ശാഖാപരമായ പ്രശ്‌നങ്ങളും ഭിന്നതകളും സാധ്യമായിടത്തോളം സംസാരത്തില്‍ നിന്ന് ഒഴിവാക്കണം അനിവാര്യഘട്ടങ്ങളില്‍, ഏതെങ്കിലുമൊരു വിഷയത്തില്‍ മതവിധി പറയേണ്ടിവരുമ്പോള്‍ കര്‍മശാസ്ത്രപണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളില്‍ ഏറ്റവും പ്രബലവും സ്വീകാര്യവുമായവ -യുക്തിപൂര്‍വം അവതരിപ്പിക്കുന്നതാവും അഭികാമ്യം.

ജനങ്ങളോടൊപ്പമിരുന്നുകൊണ്ടുള്ള സംസാരവും സത്യപ്രബോധനത്തിന്റെ രീതിശാസ്ത്രമാണ്. മതകീയ വിഷയങ്ങളില്‍ ജനങ്ങളെ ശരിയുടെ വഴിയിലേക്ക് തിരിച്ചുവിടാനും തെറ്റിന്റെ വഴിയില്‍ നിന്ന് പിന്തിരിപ്പിക്കാനും സംസാരത്തിലൂടെ കഴിയും. പ്രബോധനത്തിന്റെ മുന്‍നിരയില്‍ വരുന്നത് നന്‍മ കല്‍പിക്കലും തിന്‍മ വിലക്കലുമാണ്. ഒറ്റക്കും കൂട്ടായും ഇത്തരം സംസാരമാകാം. ഇവിടെ ഗൗനിക്കേണ്ട കാര്യമുണ്ട്. നന്‍മയിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്ന് പ്രസ്തുത ‘നന്‍മ’യെക്കുറിച്ച് കൃത്യമായ ബോധ്യവും തിന്‍മയെ വിലക്കുമ്പോള്‍ വിലക്കപ്പെടുന്ന തിന്‍മയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരിക്കണം. ഇക്കാര്യം നമ്മുടെ നിത്യജീവിതത്തില്‍ വ്യക്തമായിട്ടുള്ളതാണ്. രോഗലക്ഷണവും കാരണവും ഔഷധവുമറിയുന്ന ആളാണല്ലോ ഏറ്റവും നല്ല ചികിത്സകന്‍. പ്രബോധകനെ സംബന്ധിച്ചും ഇത് ബാധകമാണ്. ‘ നീ പറയുക: എന്റെ മാര്‍ഗം ഇതാണ്. ഞാനും എന്നെ പിന്‍പറ്റുന്നവരും ശരിയായ ബോധ്യത്തോടുകൂടിയാണ് അല്ലാഹുവിലേക്കും ജനങ്ങളിലേക്കും ക്ഷണിക്കുന്നത്'(യൂസുഫ് 108).

സംസാരത്തില്‍ സൗമ്യത കാട്ടാനും ജനങ്ങളുമായി നല്ലരീതിയില്‍ ഇടപെടാനും സത്യപ്രബോധകന്ന് കഴിയണം. സൗമ്യമായ സംസാരം സത്യപ്രബോധനത്തിന്റെ അടിസ്ഥാനങ്ങളിലൊന്നായി അല്ലാഹു തന്നെ എടുത്തുപറഞ്ഞിട്ടുള്ളതും അത് മുറുകെപ്പിടിക്കാന്‍ പ്രവാചകന്‍മാരോട് അനുശാസിച്ചിട്ടുള്ളതുമാണ്. മൂസാ(അ), ഹാറൂന്‍(അ) പ്രവാചകന്‍മാരോട് അല്ലാഹു കല്‍പിച്ചത് കാണുക: ‘നിങ്ങള്‍ ഇരുവരും ഫിര്‍ഔന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമികാരിയായിരിക്കുന്നു. അവനോട് നിങ്ങള്‍ രണ്ടുപേരും സൗമ്യമായി സംസാരിക്കുക. അവന്‍ ഉദ്ബുദ്ധനാവുകയും അല്ലാഹുവിനെ ഭയപ്പെടുകയുംചെയ്‌തെങ്കിലോ'(ത്വാഹാ 24).
ജനങ്ങളോട് പ്രബോധനം നടത്തുമ്പോള്‍ സൗമ്യതയുടെ രീതിശാസ്ത്രത്തില്‍നിന്ന് അകന്നുപോകാതിരിക്കാന്‍ പ്രബോധകന്‍ ശ്രമിക്കണം. പ്രവാചകതിരുമേനി ഒരിക്കല്‍ പറഞ്ഞു: ‘ സൗമ്യത ഒരു കാര്യത്തെ മനോഹരമാക്കുമെങ്കില്‍ പാരുഷ്യം അതിനെ വിരൂപമാക്കും’.

ചര്‍ച്ച, സംവാദം എന്നിവയും വാചികമായ സത്യപ്രബോധനരീതികളാണ്. അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ: ‘പ്രായോഗികബുദ്ധിയോടും സദുപദേശത്തോടും കൂടി നീ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുക. ഏറ്റവും നല്ല നിലക്കും നീ അവരോട് സംവദിക്കുകയും ചെയ്യുക'(അന്നഹ്ല്‍ 125).
രണ്ടുവ്യക്തികള്‍ തമ്മിലോ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലോ സംവാദവും ചര്‍ച്ചയും നടക്കാം. ഓരോരുത്തരും തങ്ങളുടേതായ വീക്ഷണവും കാഴ്ചപ്പാടും അവതരിപ്പിക്കും. ചര്‍ച്ചയിലോ സംവാദത്തിലോ പങ്കെടുക്കുമ്പോള്‍ സത്യപ്രബോധകന്‍ നല്ല വാക്കുകള്‍ പ്രയോഗിക്കണം. മാന്യമായ സമീപനം പുലര്‍ത്തണം. മാന്യമായ സമീപനം പുലര്‍ത്തണം. തികഞ്ഞ പക്വത കാണിക്കണം. എതിര്‍പക്ഷത്തുള്ളവരെ പ്രകോപിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. അവരെ തൃപ്തിപ്പെടുത്താനുതകുന്ന വാദമുഖങ്ങളും വ്യക്തമായ ന്യായങ്ങളുമായിരിക്കണം മുന്നോട്ടുവെക്കേണ്ടത്.

പ്രതിയോഗികള്‍ പലനിലക്കും പ്രബോധകന്നുനേരെ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടെന്ന് വരും. ദുര്‍മാര്‍ഗിയാണെന്ന് ആരോപിച്ചേക്കാം. അധികാരമോഹവും ആര്‍ത്തിയും ഉള്ളവനായി ചിത്രീകരിച്ചേക്കാം. അപ്പോഴൊന്നും പക്വത കൈവെടിയരുത്. സംസാരത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത ഉപേക്ഷിക്കരുത്. സൂക്ഷ്മവും പ്രിയങ്കരവുമായ മറുപടി കൊടുത്ത് ഉദാത്തമായ വ്യക്തിത്വ നിലവാരം ഉയര്‍ത്തിപ്പിടിക്കണം. പ്രവാചകന്‍മാര്‍ അവരുടെ നാട്ടുകാരുമായി നടത്തിയ ചില ചര്‍ച്ചകളുടെ ചിത്രങ്ങള്‍ വിശുദ്ധഖുര്‍ആന്‍ വരച്ചുകാട്ടുന്നുണ്ട്: ‘നൂഹിനെ നാം അവന്റെ ജനതയിലേക്കയച്ചു. അവന്‍ പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവവുമില്ല. ഒരു ഭയങ്കരദിനത്തിന്റെ ശിക്ഷ തീര്‍ച്ചയായും നിങ്ങള്‍ക്ക് വരുമെന്ന് ഞാന്‍ പേടിക്കുന്നു. അവന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: വ്യക്തമായ പിഴവിലാണ് തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ കാണുന്നത്. അവര്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ഒരു പിഴവും എനിക്കില്ല മറിച്ച്, ലോകപരിപാലകന്റെ സന്ദേശവാഹകനാണ് ഞാന്‍. എന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചുതരുന്നു. നിങ്ങളോട് ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുന്നു. നിങ്ങളറിയാത്തത് അല്ലാഹുവില്‍നിന്ന് ഞാനറിയുന്നു. നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാനും അങ്ങനെ അനുഗൃഹീതരാകാനും നിങ്ങളില്‍പെട്ട ഒരാള്‍ വഴി നിങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള ഉദ്‌ബോധനം വന്നു എന്നതില്‍ ആശ്ചര്യപ്പെടുന്നുവോ?'(അല്‍അഅ്‌റാഫ് 59-63)

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics