പൊതുജനം തങ്ങളുടെ അടുത്തേക്കുവരും എന്ന് സത്യപ്രബോധകര്‍ ധരിക്കരുത്. സത്യസന്ദേശത്തിന്റെ പ്രചാരണവുമായി സമസ്തപ്രവാചകന്‍മാരും പൊതുജനത്തിന്റെയടുത്ത് ചെല്ലുകയായിരുന്നു. അവരുടെ വാതിലുകളില്‍ ചെന്നുമുട്ടി നിദ്രയിലാണ്ട് കിടക്കുകയായിരുന്ന അവരെ ദൈവദൂതന്‍മാര്‍ വിളിച്ചുണര്‍ത്തി. ഇക്കാര്യത്തില്‍ ഏറ്റവും മഹത്തായ മാതൃക കാണിച്ചുതന്നത് അന്ത്യപ്രവാചകനാണ്. നീണ്ട പത്ത് വര്‍ഷക്കാലം ഹജ്ജുവേളകളില്‍ തീര്‍ഥാടകരെ അവരുടെ വീടുകളില്‍ നേരിട്ടുചെന്ന് ക്ഷണിച്ചും അങ്ങാടികളില്‍ മാറിമാറി സന്ദര്‍ശനം നടത്തിയും ആളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളില്‍ കടന്നുചെന്നും നബി തിരുമേനി സത്യസന്ദേശം സമൂഹത്തിന് എത്തിച്ചുകൊടുക്കാന്‍ ശ്രമിച്ചു.
എന്നും എവിടെയും ദൈവദൂതന്‍മാര്‍ സത്യപ്രബോധനം നിരന്തരം നടത്തിക്കൊണ്ടേയിരുന്നു. പ്രബോധനമെന്നത് അവര്‍ക്ക് ്്്് നൈരന്തര്യസ്വഭാവമുള്ള ദൗത്യമായിരുന്നു. വീടുകളിലോ പള്ളികളിലോ മുക്കുമൂലകളിലോ അവരാരും ചടഞ്ഞുകൂടിയിരുന്ന ചരിത്രം നമുക്ക് കാണാന്‍ കഴിയില്ല. പ്രവാചകന്‍മാരുടെ തുടര്‍ച്ചയായ പ്രബോധനപ്രവര്‍ത്തനം വഴി ലോകത്തിന്റെ അഷ്ടദിക്കുകളിലും ഇസ്‌ലാം വ്യാപിച്ചു. അവരുടെ നെറ്റിത്തടങ്ങളില്‍ നിന്നടര്‍ന്നു വീണ വിയര്‍പ്പുകണങ്ങളാല്‍ ഭൂമി കുളിരണഞ്ഞു. ദൂതന്‍മാര്‍ നടത്തിയ അനുഗൃഹീത പ്രബോധനം ശ്രവിച്ച അവരുടെ ദാഹാര്‍ത്തമായ ഹൃദയങ്ങള്‍ ആര്‍ദ്രങ്ങളായി. സമാദരണീയരായ പ്രവാചകാനുചരന്‍മാര്‍ സത്യപ്രബോധനത്തിന്റെ കാര്യത്തിലും അധ്വാനവ്യയത്തിന്റെകാര്യത്തിലും ഓരോ പ്രബോധകനും മാതൃകയാണ്. സമയം അവര്‍ പാഴാക്കിക്കളഞ്ഞില്ല. ഭൗതികമായ സുഖസൗഭാഗ്യനഷ്ടങ്ങളെ അവര്‍ ഭയന്നില്ല. അതുകൊണ്ട് ഇക്കാലത്തെ പ്രബോധനദൗത്യം ശീഘ്രമായും ചടുലമായും മുന്നോട്ടുപോകേണ്ടതുണ്ട്. പ്രബോധനവൃത്തം അല്‍പാല്‍പമായി വികസിതമാകേണ്ടതുണ്ട്. ഒരു വാക്കുകൊണ്ടാണെങ്കില്‍ പോലും ഇസ്‌ലാമികദര്‍ശനത്തിന്റെ സംസ്ഥാപന മാര്‍ഗത്തില്‍ ഒരിഷ്ടിക വെക്കാനെങ്കിലും ഓരോ പ്രബോധകനും കഴിയണം. പ്രവാചകതിരുമേനി ഒരിക്കല്‍ പറഞ്ഞല്ലോ: ‘എന്നില്‍നിന്ന് ഒരു സൂക്തമെങ്കിലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക’.
മെല്ലെപ്പോക്കിന്റെ യുഗമവസാനിച്ചിരിക്കുന്നു. കാലത്തിന് വേഗത കൂടിയിട്ടുണ്ട്. വേഗത കുറഞ്ഞവരോട് കാലം ഇനി കനിവുകാട്ടുകയില്ല. മനുഷ്യര്‍ക്കിടയില്‍ നടത്തപ്പെടുന്ന ആശയപ്രചാരണത്തിന്റെ രീതിശാസ്ത്രങ്ങളുമായി ബന്ധപ്പെടുത്തുമ്പോള്‍ സത്യപ്രബോധന മാര്‍ഗങ്ങളെ നമുക്ക് മൂന്നായി തിരിക്കാം. 1.വാക്ക് 2. പ്രവൃത്തി 3. വ്യക്തിത്വം
1. വാചിക പ്രബോധനം:
പ്രസംഗം , പ്രഭാഷണം, ബോധനം, സംഭാഷണം, ചര്‍ച്ച, ഗ്രന്ഥരചന, ഭാഷാന്തരം എന്നിവയെ നമുക്ക് ഈ ഗണത്തില്‍ പെടുത്താം. ദൈവികസരണിയിലേക്കുള്ള പ്രബോധനത്തിന്റെ അടിസ്ഥാനം തന്നെ വാക്കുകളാണ്. വിശുദ്ധഖുര്‍ആന്‍ പോലും മുഹമ്മദ് നബിക്ക് ജിബ്‌രീല്‍ മാലാഖ വഴി ലോക രക്ഷിതാവ് ഇറക്കിക്കൊടുത്ത അതീന്ദ്രിയ വാക്കുകളാണല്ലോ. ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കേണ്ട ദൈവികസന്ദേശമാണ് ആ വാക്കുകള്‍: സ്വന്തം നാട്ടുകാര്‍ക്ക് വ്യക്തമായ വാക്കുകളിലൂടെ ദൈവികസന്ദേശം എത്തിച്ചുകൊടുക്കേണ്ടതാണെന്ന് സമസ്തപ്രവാചകന്‍മാരോടും അല്ലാഹു കല്‍പിച്ചിരുന്നല്ലോ. അന്ത്യപ്രവാചകനോടും അല്ലാഹു ഇങ്ങനെ കല്‍പിച്ചിരുന്നു:’നീ പറയുക, ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍നിന്ന് സത്യസന്ദേശം വന്നെത്തിയിരിക്കുന്നു.’
വ്യക്തമായ വാക്കുകളുപയോഗിച്ചുള്ള പ്രബോധനത്തിന്റെ പ്രാധാന്യവും ശുഭവചനങ്ങള്‍ മനുഷ്യമനസ്സിലുണ്ടാക്കുന്ന സ്വാധീനവും താഴെ പറയുന്ന ഖുര്‍ആനികസൂക്തം വെളിപ്പെടുത്തുന്നുണ്ട്: ഓരോ ജനതയിലേക്കും അല്ലാഹു ദൈവദൂതന്‍മാരെ അയച്ചപ്പോള്‍ അവരുടെ മാതൃഭാഷയില്‍ പ്രബോധനം നടത്തുന്നവരെയാണ് അയച്ചത്. കാര്യങ്ങള്‍ യഥോചിതം പറഞ്ഞുബോധ്യപ്പെടുത്തുന്നതിന് വേണ്ടി. അല്ലാഹു പറയുന്നു: ‘ ഒരു ജനതയിലേക്കും നാം ദൈവദൂതന്‍മാരെ അയച്ചിട്ടില്ല, അവരുടെ ഭാഷയില്‍ വ്യക്തമായി സംസാരിക്കുന്നവരായിട്ടല്ലാതെ'(ഇബ്‌റാഹീം 4).അതുകൊണ്ട് വാക്കുകള്‍ സത്യപ്രബോധനത്തിന്റെ അടിസ്ഥാന രീതിശാസ്ത്രങ്ങളാണ് എന്ന് നാം മനസ്സിലാക്കണം.
പ്രസംഗവും പ്രഭാഷണവും ഈ ഗണത്തില്‍ മുന്‍നിരയില്‍ വരുന്നവയാണ്. പ്രസംഗവും പ്രഭാഷണവും വിജയകരമാകണമെങ്കില്‍ പ്രബോധകന്‍മാര്‍ക്ക് ചിന്തിക്കാനുള്ള കഴിവുണ്ടാകണം. പ്രസ്തുതചിന്തകളെ പൊതുജനത്തിന് വിശദീകരിച്ചുകൊടുക്കാന്‍ കഴിയണം. പ്രഭാഷണത്തിലും പ്രസംഗത്തിലും മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ അഭിസംബോധിതരുടെ ജീവിതാവസ്ഥകളോട് സമരസപ്പെടുന്നതാകണം. പ്രസംഗത്തിനും പ്രഭാഷണത്തിനുമിടയില്‍ വിശുദ്ധഖുര്‍ആനില്‍നിന്നും തിരുവചനങ്ങളില്‍നിന്നുമുള്ള പ്രമാണങ്ങള്‍ ഉദ്ധരിക്കണം. പ്രവാചകന്‍തിരുമേനിയുടെ ജീവിതത്തില്‍ നിന്ന് പ്രായോഗികമാതൃകകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കാന്‍ കഴിയണം. കഥകള്‍ പറഞ്ഞോ, ഉദാഹരണങ്ങളും ഉപമകളും ചൂണ്ടിക്കാണിച്ചോ ആശയാവതരണം നടത്തുന്നതും നല്ലതാണ്. പ്രവാചകതിരുമേനി ഇക്കാര്യത്തിലും പിന്തുടര്‍ന്ന രീതിയാണ് ഏറ്റവും മികച്ചത്. പ്രവാചകതിരുമേനി ഒരിക്കല്‍ നമസ്‌കാരത്തിന്റെ ശ്രേഷ്ഠത വിശദീകരിക്കുന്ന പ്രസംഗത്തിനിടയില്‍ ഇങ്ങനെ പറഞ്ഞു:’നിങ്ങളിലൊരാളുടെ വാതില്‍ക്കലൂടെ ഒരു പുഴ ഒഴുകുന്നുണ്ട് എന്ന സങ്കല്‍പിക്കുക. അയാള്‍ അതിലിറങ്ങി അഞ്ചുനേരം കുളിക്കുന്നു. അയാളുടെ ശരീരത്തില്‍ എന്തെങ്കിലും അഴുക്ക് അവശേഷിക്കുമോ?
അനുചരന്‍മാര്‍: ‘ഒരിക്കലുമില്ല, ദൈവദൂതരേ!
പ്രവാചകതിരുമേനി: ‘എങ്കില്‍ മനസ്സിലാക്കുക. അഞ്ചുനേരത്തെ നമസ്‌കാരം അതുപോലെയാണ്.”
പ്രസംഗിക്കുന്നത് ആരായാലും വാക്കുകള്‍ക്ക് വ്യക്തതയും കൃത്യതയുമുണ്ടായിരിക്കണം. ശ്രോതാക്കളുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ചായിരിക്കണം. മനം മടുപ്പിക്കുംവിധം നീണ്ടുപോവുകയോ ദുര്‍ഗ്രഹമാകുംവിധം വെട്ടിച്ചുരുക്കുകയോ ചെയ്യരുത്. അമിതവേഗത്തിലായിരിക്കരുത് പ്രസംഗം. ആവശ്യമില്ലാതെ ശബ്ദമുയര്‍ത്തരുത്. മനസ്സിലാക്കിയെടുക്കാന്‍ പ്രയാസകരമാണെങ്കില്‍ പ്രസംഗത്തിനിടയില്‍ വിശുദ്ധഖുര്‍ആനോ തിരുവചനങ്ങളോ ഉദ്ധരിക്കാതിരിക്കുന്നതാണ് അഭികാമ്യം. വേണമെന്നുണ്ടെങ്കില്‍ സാധ്യമായ വിശദീകരണം നല്‍കുന്നത് ഉചിതമായിരിക്കും. ചിന്തകള്‍ സങ്കീര്‍ണമാകാതിരിക്കാനും മനസ്സുകള്‍ അസ്വസ്ഥമാകാതിരിക്കാനും അത് സഹായിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയാക്കുന്ന ശാഖാപരമായ പ്രശ്‌നങ്ങളില്‍ തലയിടാതെ നോക്കാനും പ്രസംഗകന്‍ ശ്രദ്ധിക്കണം.
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment