11. ധനസംഭരണ-വിതരണകേന്ദ്രം
വിശ്വാസി സമൂഹത്തിന്റെ സമ്പദ്വിഭവങ്ങളും മറ്റും ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണംചെയ്യുന്നതിനുള്ള കേന്ദ്രമായി പള്ളി ഉപയോഗപ്പെടുത്തിയിരുന്നു. ദമാസ്കസിലെ ഉമവീ ജുമാമസ്ജിദ്, ഹലബ് സിറ്റിയിലെ വലിയ ജുമാമസ്ജിദ് മുതലായവ ബൈത്തുല്‍ മാല് കേന്ദ്രങ്ങളായിരുന്നു. അംറുബ്നുല്‍ ആസ്വ് മസ്ജിദില്‍ മിമ്പറിനടുത്ത് അനാഥ -അഗതികള്‍ക്ക് മാത്രമായി ബൈത്തുല്‍മാല്‍ ഉണ്ടായിരുന്നു. പിന്നീടത് പള്ളിയുടെ നടുമുറ്റത്തേക്ക് മാറ്റുകയായിരുന്നു.
12. സൈനികആസ്ഥാനം
സൈനികനീക്കങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു. യുദ്ധസന്നാഹങ്ങള്‍ ഒരുക്കുന്നതിനും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും പള്ളികളില്‍ അവര്‍ ഒത്തുകൂടി. നബി(സ) അനുയായികളെ വിളിച്ചുകൂട്ടി. ക്ഷമയും സ്ഥൈര്യവും കൈമുതലാക്കി ശത്രുക്കളെ നേരിടാനും ജിഹാദ് ചെയ്യാനും പ്രേരിപ്പിച്ചിരുന്നു. പള്ളിയങ്കണത്തില്‍ ഭടന്മാരെ അണിനിരത്തി. ബറ്റാലിയനുകള്‍ തിരിച്ച് സൈനികത്തലവന്മാര്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
13. ലിആന്‍ നടത്താനുള്ള വേദി
ജീവിത പങ്കാളികളിലൊരാള്‍ മറ്റെയാളെപ്പറ്റി വ്യഭിചാരാരോപണം ഉന്നയിച്ചാല്‍ ശരീഅത്ത് അനുശാസിക്കുംവിധം ‘ലിആനി'(ശാപപ്രാര്‍ഥന)ലൂടെയാണ് അത് പ്രസ്താവിക്കേണ്ടത്. പ്രസ്തുത ലിആന്‍ നബി(സ)യുടെ കാലത്ത് പള്ളിയില്‍വെച്ചാണ് നടന്നിരുന്നത്. സഹ്ലുബ്നു സഅ്ദില്‍നിന്ന് :’ അല്ലാഹുവിന്റെ ദൂതരേ, തന്റെ ഭാര്യയെ അന്യപുരുഷ സംസര്ഗത്തിലായിക്കണ്ട മനഷ്യന് എന്തുചെയ്യണം? അയാള്‍ ജാരനെ കൊന്നുകളയട്ടയോ?’ നബി(സ) പറഞ്ഞു: ‘എന്റെ മുമ്പാകെ അവര്‍ പരസ്പര ശാപപ്രാര്‍ഥന നടത്തട്ടെ.’
14. ഗനീമത്ത് വീതംവെക്കുന്ന ഇടം
മസ്ജിദുന്നബവിയില്‍ വെച്ച് യുദ്ധമുതല്‍ (ഗനീമത്ത്) പങ്കുവെക്കപ്പെട്ടിരുന്നു. അനസ്(റ)ല്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ‘ബഹ്റൈനില്‍നിന്ന് ധാരാളം യുദ്ധമുതലുകള്‍ നബിയുടെ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. അവയെല്ലാം പള്ളിയില്‍ ഒരുമിച്ചുകൂട്ടൂ. നബി കല്പിച്ചു. അദ്ദേഹം അവ തീരെ ഗൗനിച്ചില്ല. പിന്നീട് നമസ്കാരം നിര്‍വഹിച്ച ശേഷം ഓരോരുത്തര്‍ക്കായി വിഭജിച്ച് കൊടുത്തുകൊണ്ടിരുന്നു. അബ്ബാസിന്റെ ഊഴമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാനെന്നെ സമ്പൂര്‍ണമായി സമര്‍പ്പിച്ച വേളയായിരുന്നു ദൂതരേ, അത്. അപ്പോള്‍ നബി പറഞ്ഞു: ‘ഇതാ പിടിച്ചോളൂ’ ഇതുംപറഞ്ഞ് അദ്ദേഹം അബ്ബാസ്(റ)ന്റെ തുണിയിലേക്ക് വാരിയിട്ടു.’
15. റിമാന്റ് സെല്‍
യുദ്ധത്തിലും മറ്റും പിടിയിലായവരെ പള്ളിയിലെ തൂണില്‍ ബന്ധിച്ചിരുന്നു. അബൂഹുറയ്റ പറയുന്നു: ‘ നജ്ദിലേക്ക് നബി(സ) കുതിരപ്പടയാളികളെ നിയോഗിച്ചു. ബനൂ ഹനീഫഃ ഗോത്രത്തിലെ നേതാവായ ഥുമാമത്ത് ബ്നു ഉഥാലിനെ തടവുപുള്ളിയായി പിടിച്ചു. അദ്ദേഹത്തെ പള്ളിയില്‍ ബന്ധിച്ചിട്ട് നബി അദ്ദേഹത്തിന്റെയടുക്കല്‍ ചെന്നു. ഞങ്ങളോടായി കല്പിച്ചു: ‘ഥുമാമഃയെ വിട്ടയക്കൂ!’ ഥുമാമ പള്ളിക്കുപുറത്തുള്ള ഈത്തപ്പനത്തോട്ടത്തിലേക്ക് പോകുകയും കുളിച്ച ശേഷം തിരികെ പള്ളിയിലേക്ക് കയറി ശഹാദത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ‘
16. ബാലഭവനം
നാളെയുടെ വാഗ്ദാനങ്ങളായ ബാലകുസുമങ്ങളെ ഇസ്ലാം അങ്ങേയറ്റം പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു. പള്ളിയുമായി ഹൃദയബന്ധം സ്ഥാപിക്കുന്നതിന് അവരെ പര്യാപ്തമാക്കാന്‍ സഹായകരമായ ഇടപെടലുകളാണ് നടക്കേണ്ടത്. ഭാവിയുടെ വിപ്ലവകാരികളെ ഇരുളടഞ്ഞ തെരുവോരങ്ങളില്‍ ഉപേക്ഷിച്ചുകൊണ്ട് സമൂഹനിര്‍മാണം സാധ്യമല്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന, സത്യവിശ്വാസിയുടെ സമാധാന ഗേഹമായ, കര്‍മോത്സുകതയുടെ പാഠശാലയായ പള്ളികളുമായി അടുത്തുകൊണ്ടാവണം ബാലന്മാര് കൗമാരത്തിലേക്ക് കടക്കേണ്ടത്. നബിയുടെ കാലത്ത് കുട്ടികള്‍ പള്ളിയില്‍ വരാറുള്ളവരായിരുന്നു. അതാണല്ലോ ഏതോ കുട്ടിയുടെ കരച്ചില്‍കേട്ട് നമസ്കാരം ദീര്ഘിപ്പിക്കാതിരുന്ന നബിയുടെ ചര്യ ഓര്‍മിപ്പിക്കുന്നത്. പക്ഷേ, ഇക്കാലത്ത് പള്ളികളുടെ മുതവല്ലിമാരും ജോലിക്കാരും ചെറിയ കുട്ടികളെ പള്ളിയില്‍നിന്ന് ആട്ടിയോടിക്കാറാണ് പതിവ്. അതിനവര്‍ പറയുന്ന ന്യായം ഒരു ഹദീസാണ്: ‘ഭ്രാന്തന്മാരെയും പിള്ളേരെയും പള്ളിയില്നിന്നകറ്റി നിര്‍ത്തുക’.എന്നാല്‍ മേല്‍ഹദീസ് ദുര്‍ബലമാണെന്ന് ഇബ്നുല്ജൗസിയും മുന്ദിരിയും ഹൈഥമിയും ഹാഫിള് ഇബ്നു ഹജറില്‍ അസ്ഖലാനിയും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇനി ഹദീസ് പ്രബലമാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ , അത് പള്ളിയെ വൃത്തികേടാക്കുന്ന കുട്ടികളെയും മറ്റും ഉദ്ദേശിച്ചാവാനേ തരമുള്ളൂ. നബി ചരിത്രത്തില്‍ , പ്രവാചകന് ഏതെങ്കിലും ബാലനെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയതായി കാണാന്‍ കഴിയില്ല. എന്നല്ല, മിമ്പറില്‍ പ്രഭാഷണം നടത്തവേ, പേരക്കുട്ടികളായ ഹസനെയും ഹുസൈനെയും കണ്ട് ആളുകള്‍ക്കിടയിലൂടെ കടന്നുചെന്ന് ഉമ്മവെച്ച് ആശ്ലേഷിച്ച് , ശേഷം ഖുത്വുബ തുടര്‍ന്ന പ്രവാചകചര്യ മനഃശാസ്ത്രകാരെ അമ്പരപ്പിക്കുംവിധം നമ്മുടെ മുമ്പിലുണ്ട്.
17. വിശക്കുന്നവന് ആശ്വാസകേന്ദ്രം
മദീനാപള്ളിയില്‍ വരുന്ന വിശന്നുവലഞ്ഞവര്ക്കായി പഴുത്ത ഈത്തപ്പനക്കുലകള്‍ തൂക്കിയിടുമായിരുന്നു.
18. ആശുപത്രി
ഹന്ദഖ് യുദ്ധത്തില്‍ മുറിവേറ്റ സഅ്ദ്ബ്നു മുആദ് തുടങ്ങിയ സ്വഹാബാക്കള്‍ക്ക് മുറിവ് തുന്നിക്കെട്ടുന്നതിനും മറ്റും രംഗത്തുവന്നത് റുഫൈദഃ അസ്ലമിയ്യഃ എന്ന സ്വഹാബി വനിതയായിരുന്നു. നബിയുടെ നിര്‍ദ്ദേശപ്രകാരം മദീനാ പള്ളിയില്‍ സൈനികാശുപത്രിയായി തമ്പ് കെട്ടിയപ്പോള്‍ റുഫൈദഃയ്ക്കായിരുന്നു അതിന്റെ മേല്‍നോട്ടം.
‘ആഇശ (റ)യില്നിന്ന് നിവേദനം: ഖന്ദഖ് യുദ്ധവേളയില്‍ സഅ്ദിന്റെ കൈയിന്റെ മധ്യത്തിലൂടെയുള്ള രക്തധമനിക്ക് മുറിവേറ്റു. അടുത്തുനിന്ന് അദ്ദേഹത്തെ പരിചരിക്കാന്‍ പ്രവാചകന് പള്ളിയില്‍ ഒരു തമ്പ് സ്ഥാപിച്ചു. മറ്റൊരു തമ്പ് ബനൂ ഗിഫ്ഫാര്‍ ഗോത്രത്തിന്റെ വകയായി അതേയവസരത്തില്‍ പള്ളിയിലുണ്ടായിരുന്നു.(സഅ്ദിന്റെ ശരീരത്തില്‍നിന്നും) ഒലിച്ചുകൊണ്ടിരുന്ന രക്തം ആ തമ്പിലേക്ക് ഒഴുകിച്ചെന്നത് കണ്ടപ്പോഴാണ് അവര്‍ പേടിച്ചത്. അവര്‍ വിളിച്ചുചോദിച്ചു:’ തമ്പിലുള്ളവരേ, നിങ്ങളുടെ ഭാഗത്തുനിന്നും ഞങ്ങളുടെ അടുക്കലേക്ക് ഈ ഒഴുകിക്കൊണ്ടിരിക്കുന്നതെന്താണ്? ‘ നോക്കുമ്പോള്‍, സഅ്ദിന്റെ മുറിവില്‍നിന്ന് രക്തമതാ ശക്തിയായി ഒഴുകിക്കൊണ്ടിരിക്കുന്നു. അവസാനം അതേ അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം നിര്യാതനായത് ‘(ബുഖാരി). പള്ളിയില്‍ ആശുപത്രി സംവിധാനിച്ചു എന്നതുപോലെ പ്രധാനമാണ് ഒരു വനിതയായിരുന്നു അതിന്റെ ചുമതല വഹിച്ചത് എന്നതും. ‘നിങ്ങള്‍ അദ്ദേഹത്തെ റുഫൈദഃയുടെ തമ്പിലേക്ക് കൊണ്ടുപോവുക’ എന്ന നബിയുടെ ഉത്തരവ് വനിതകള്‍ക്ക് കിട്ടിയ ആദരം കൂടിയാണ്.
പള്ളികളോട് ചേര്‍ന്ന് മുസ്ലിംനാടുകളില്‍ ക്ലിനിക്കുകളും കണ്‍സള്‍ട്ടിങ് റൂമുകളും ഫാര്‍മസികളും സാധാരണമായിരുന്നു. അവ പ്രാധാനമായും പള്ളികളില്‍ നമസ്കരിക്കാനെത്തുന്ന രോഗികളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ഡോ. മുസ്ത്വഫസ്സ്വിബാഈ എഴുതി: എല്ലാ ജുമുഅ മസ്ജിദുകള്‍ക്കും സമീപം ക്ലിനിക്കുകളുണ്ടായിരുന്നു. മഖ്രീസി പറയുന്നു: ‘ഇബ്നു തുലൂന് തന്റെ പ്രസിദ്ധമായ പള്ളിയോടനുബന്ധിച്ച് അതിന്റെ പിന്‍വശത്ത് ഫാര്‍മസിയും വുദു എടുക്കാനുമുള്ള വലിയ പാത്രങ്ങളും സജ്ജീകരിച്ചിരുന്നു. വെള്ളിയാഴ്ചകളില്‍ അവിടെ നമസ്കരിക്കാന്‍ വരുന്നവരിലെ രോഗികളെ പരിശോധിക്കുന്നതിന് ഡോക്ടര്‍മാരുണ്ടായിരുന്നു. അവരെ സേവിക്കാന്‍ അറ്റന്‍ഡര്‍മാരും’.
19. വിദേശകാര്യാലയം
നബിയുടെ കാലത്ത് വിദൂര ദിക്കുകളില്‍നിന്ന് വരുന്ന പ്രതിനിധിസംഘത്തെ പള്ളിയിലാണ് സ്വീകരിച്ചിരുന്നത്. പ്രധാനമായും ഇസ്ലാമിനെ പഠിക്കാനും അത് സ്വീകരിച്ച് പ്രഖ്യാപനം നടത്താനുമായിരുന്നു അവര്‍ വന്നിരുന്നത്. ഇമാം ഇബ്നു ഖയ്യിം അല്‍ ജൗസി തന്റെ ‘സാദുല്‍ മആദ് …’ എന്ന കൃതിയില്‍ എഴുതുന്നു: ‘ സഖീഫ് പ്രതിനിധി സംഘം നബിയുടെ അടുക്കല്‍ വന്ന് ബൈഅത്ത് ചെയ്ത് ഇസ് ലാം സ്വീകരിച്ചു. അവര്‍ക്കായി നബി പള്ളിയുടെ മൂലയില്‍ ഖുബ്ബ നാട്ടി. നജ്റാനില്‍ നിന്നുള്ള സംഘം നബിയെ പള്ളിയില്‍ വന്നുകണ്ടതും അവര്‍ അവിടെവെച്ച് പ്രാര്‍ഥിച്ചതും പ്രസിദ്ധമാണല്ലോ.’
20. ഗ്രന്ഥാലയം
വ്യത്യസ്ത വിഷയങ്ങളിലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ പള്ളികളില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. ഭൗതിക- ദീനീ വിഷയങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ കരസ്ഥമാക്കുന്നതിനും സംശയനിവാരണത്തിനും ആളുകള്‍ പള്ളികളിലാണ് എത്തിയിരുന്നത്. അസ്ഹര്‍ പള്ളിയില്‍ ഒരു ലക്ഷത്തോളം അടിസ്ഥാനഗ്രന്ഥങ്ങളുണ്ടായിരുന്നതില് 25000 ഓളം കൈയ്യെഴുത്ത് പ്രതികളായിരുന്നു. ഭരണകര്‍ത്താക്കളും പണ്ഡിതന്മാരും പൊതുജനങ്ങളും പള്ളി ഗ്രന്ഥാലയത്തെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പഠനക്ലാസുകളും ചര്‍ച്ചാവേദികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. മക്കയിലും മദീനയിലും ഖുദ്സിലും ലോകത്തെ പ്രമുഖപള്ളികളിലും കേന്ദ്രീകരിച്ച് കൂടുതല്‍ ഗ്രന്ഥാലയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Add Comment