വിശ്വാസം-പഠനങ്ങള്‍

വിധിവിശ്വാസത്തിന്റെ കര്‍മപ്രതികരണങ്ങള്‍

ഇസ്‌ലാമിക വിശ്വാസസംഹിതയില്‍ അതീവപ്രധാനമാണ് വിധിവിശ്വാസം. മനുഷ്യജീവിതത്തിലെ സകലനന്‍മകളും തിന്‍മകളും അല്ലാഹുവില്‍നിന്നുള്ളതാണ് എന്നതേ്രത പ്രസ്തുത വിശ്വാസം. അല്ലാഹുവിലും അവന്റെ മലക്കുകളിലും പ്രവാചകന്‍മാരിലും വേദഗ്രന്ഥങ്ങളിലും അന്ത്യദിനത്തിലും നന്‍മയും തിന്‍മയും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും വിശ്വസിക്കലാണ് ഇസ് ലാമിലെ വിശ്വാസകാര്യങ്ങള്‍(മുസ് ലിം). ആറാമതുപറഞ്ഞ വിധിവിശ്വാസത്തിന് മനുഷ്യരുടെ നിത്യജീവിതവുമായി അഭേദ്യബന്ധമുണ്ട്.

അല്ലാഹുവിന്റെ സിംഹാസനാരോഹണം, സമീപവാനത്തിലേക്കുള്ള ഇറക്കം മുതലായ വിശ്വാസവിഷയങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ഇച്ഛ, അല്ലാഹുവിന്റെ കേവലഇച്ഛ, മനുഷ്യന്റെ പ്രവര്‍ത്തനോത്തരവാദിത്വം, അവന്റെ വ്യവഹാരങ്ങള്‍ എന്നിവയുമായി ഒരുപോലെ ബന്ധപ്പെടുന്നതാണ് വിധിവിശ്വാസം. ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ നടന്ന ചര്‍ച്ച രണ്ടുരീതിയിലാണ്:

1. ലോകത്ത് സ്രഷ്ടാവും സൃഷ്ടികളും മാത്രമേയുള്ളൂ. ‘അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ് (അര്‍റഅ്ദ് 16)’. അതിനാല്‍ മനുഷ്യന്റെ എല്ലാ വിശേഷണങ്ങളും അവസ്ഥകളും പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ സൃഷ്ടിയത്രേ.
2. അല്ലാഹുവിന്റെ നീതിബോധത്തെ ഉയര്‍ത്തിക്കാട്ടുന്നവര്‍. ‘ഇതുനിങ്ങളുടെ കൈകള്‍ സമ്പാദിച്ചതാകുന്നു. അല്ലാഹുവോ തന്റെ അടിമകളെ പീഡിപ്പിക്കുന്നവനല്ലതന്നെ'(ആലുഇംറാന്‍ 182), ‘അല്ലാഹു ജനങ്ങളോട് യാതൊരു അക്രമവും ചെയ്യുന്നില്ല. പക്ഷേ , ജനങ്ങള്‍ തങ്ങളെത്തന്നെ അക്രമിക്കുന്നവരാകുന്നു'(യൂനുസ് 44) മുതലായ സൂക്തങ്ങളും ‘എന്റെ അടിമകളെ ഞാന്‍ അക്രമത്തെ സ്വയം വിലക്കുകയും അതിനെ നിങ്ങള്‍ക്കിടയില്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’. ‘എന്റെ ദാസന്‍മാരേ, നിങ്ങളുടെ കര്‍മങ്ങളെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എണ്ണിത്തിട്ടപ്പെടുത്തുന്നു. പിന്നെ അവയുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ക്ക് തികച്ചുതരുന്നു. ആയതിനാല്‍ ആരെങ്കിലും നന്‍മ കണ്ടാല്‍ അവന്‍ അല്ലാഹുവെ സ്തുതിക്കട്ടെ. മറ്റു വല്ലതുമാണ് കാണുന്നതെങ്കില്‍ സ്വന്തത്തെയല്ലാതെ അവന്‍ ആക്ഷേപിക്കേണ്ടതില്ല'(മുസ്‌ലിം) മുതലായ ഹദീസുകളും അല്ലാഹുവിന്റെ നീതി ബോധത്തെയാണ് കാണിക്കുന്നത്.
ഇസ്‌ലാമിക വിശ്വാസപ്രകാരം വിധിവിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത് രണ്ട് അടിസ്ഥാനങ്ങളിലാണ്. ഒന്ന്: മനുഷ്യന്റെ സ്വതന്ത്രേച്ഛ. രണ്ട്: അല്ലാഹുവിന്റെ കേവലേച്ഛ.

മനുഷ്യന്റെ സ്വതന്ത്രേഛയും തുടര്‍പ്രതിഫലനങ്ങളും.
ധാരാളം മേഖലകളില്‍ അല്ലാഹു മനുഷ്യന്റെ സ്വതന്ത്രേഛ അംഗീകരിച്ചിരിക്കുന്നു. ഇതു സംബന്ധമായി ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങള്‍ കാണാം. ഇവയെല്ലാം വ്യത്യസ്ത രീതികളില്‍ മനുഷ്യന്റെ സ്വതന്ത്രേഛയെ എടുത്തുപറയുന്നു.

1. ഉദ്ദേശ്യങ്ങളെയും ഇഛയെയും നേരിട്ടും വ്യക്തമായും മനുഷ്യനിലേക്ക് ചേര്‍ത്തിപ്പറയുന്ന രീതി

ഉദാഹരണം: ‘രാത്രിയെയും പകലിനെയും പിന്‍ഗാമികളാക്കിയതും അവന്‍ തന്നെ. ഉദ്ബുദ്ധനോ നന്ദിയുള്ളവനോ ആകാന്‍ ആഗ്രഹിക്കുന്നവനുവേണ്ടി'(അല്‍ഫുര്‍ഖാന്‍ 62). ‘നിങ്ങളില്‍ ഇഹലോകം ഉദ്ദേശിക്കുന്നവനുണ്ട്. നിങ്ങളില്‍ പരലോകം ഉദ്ദേശിക്കുന്നവനുമുണ്ട്'(ആലുഇംറാന്‍ 152) . ‘കുട്ടികളെ മുലകുടിപ്രായം മുഴുവന്‍ മുലയൂട്ടണമെന്ന് പിതാക്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാതാക്കള്‍ അവരുടെ ശിശുക്കളെ രണ്ടുവര്‍ഷം തികച്ചും മുലയൂട്ടേണ്ടതാണ് ‘(അല്‍ ബഖറ 233).
അവര്‍ പുറപ്പെടണമെന്ന് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുമായിരുന്നു'(അത്തൗബഃ 46). ‘തീര്‍ച്ചയായും ഇത് ഒരു ഉദ്‌ബോധനമാകുന്നു. അതിനാല്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്ക് അവന്‍ മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ'(അല്‍ മുസമ്മില്‍ 19). ‘സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയശേഷം അടുത്തുവിളിക്കാനും താങ്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. ഇക്കാര്യത്തില്‍ താങ്കള്‍ക്ക് യാതൊരു വിഷമവുമില്ല'(അഹ്‌സാബ് 51).

2. പ്രവൃത്തിയെ കര്‍ത്താവിലേക്ക് ചേര്‍ത്ത് നല്ലതോ ചീത്തയോ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള രീതി

‘അല്ലാഹുവിങ്കലേക്ക് ആവര്‍ത്തിച്ചുമടങ്ങുന്നവര്‍, അവനെ കീഴ്‌വണങ്ങിക്കൊണ്ടിരിക്കുന്നവര്‍, അവന്റെ സ്തുതികള്‍ സങ്കീര്‍ത്തനം ചെയ്യുന്നവര്‍, അവനുവേണ്ടി രാജ്യസഞ്ചാരത്തിലേര്‍പ്പെട്ടവര്‍, അവനെ നമിക്കുകയും പ്രണമിക്കുകയും ചെയ്യുന്നവര്‍, നന്‍മകള്‍ കല്‍പിക്കുകയും തിന്‍മകള്‍ വിരോധിക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ നിയമപരിധികള്‍ സൂക്ഷിക്കുന്നവര്‍'(അത്തൗബ 112)
‘നിശ്ചയം, മുസ്‌ലിംകളും വിശ്വാസികളും വണക്കമുള്ളവരും സത്യസന്ധരും സഹനശീലരും അല്ലാഹുവിനോട് ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീകളും പുരുഷന്‍മാരുമാരോ അവര്‍ക്ക് അല്ലാഹു പാപമുക്തിയും ഉദാത്തമായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്(അല്‍അഹ്‌സാബ് 35).’

നല്ല പ്രവൃത്തികളെയും നന്‍മ പ്രവര്‍ത്തിക്കുന്നവരെയും കുറിച്ചാണ് മേല്‍ രണ്ടുസൂക്തങ്ങളിലെയും പരാമര്‍ശം. എന്നാല്‍ ഇതിന് നേര്‍ വിപരീതമായി ചീത്ത പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ‘മോഷ്ടാവ് സ്ത്രീയായാലും അവരെ കരഛേദം ചെയ്യുവിന്‍. അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലവും, അല്ലാഹുവിങ്കല്‍നിന്നുള്ള പാഠം പഠിപ്പിക്കുന്ന ശിക്ഷയുമാണിത്. അല്ലാഹുവിന്റെ കഴിവ് സര്‍വാതിശായിയാകുന്നു. അവന്‍ അഭിജ്ഞനുമാകുന്നു. ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചശേഷം പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയുംചെയ്താല്‍ അപ്പോള്‍ അല്ലാഹുവിന്റെ കരുണാകടാക്ഷം അവനില്‍ പതിക്കുന്നു.'(അല്‍മാഇദ 38,39)

‘വ്യഭിചാരിണിയും വ്യഭിചാരിയും ഇവരില്‍ ഓരോരുത്തരെയും നൂറുവീതം പ്രഹരിക്കുക'(അന്നൂര്‍ 2).
രണ്ടാമതായി , മനുഷ്യന്റെ സ്വതന്ത്രേഛയെ സ്ഥാപിക്കുന്ന ഇസ്‌ലാം, അതിനനുസൃതമായി മനുഷ്യനില്‍നിന്നുണ്ടാകുന്ന പ്രവൃത്തികളുടെ തുടര്‍ഫലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഉദാഹരണമായി,

a) അല്ലാഹു മനുഷ്യനോട് സത്യവിശ്വാസം സ്വീകരിക്കാനും ,ചിന്തയിലും വാക്കര്‍മങ്ങളിലും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കാനും ആവശ്യപ്പെട്ടിരിക്കുന്നു. ‘താങ്കള്‍ പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുക. അല്ലാഹു തീര്‍ച്ചയായും നിങ്ങളുടെ പ്രവൃത്തി കാണുകതന്നെചെയ്യും. അവന്റെ ദൂതനും സത്യവിശ്വാസികളും'(അത്തൗബ 105).
‘നിങ്ങള്‍ വീടുകളുടെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയികളായേക്കും. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുക..'(അല്‍ബഖറ 189,190)
‘സത്യവിശ്വാസികളേ, നിങ്ങള്‍ പ്രണമിക്കുക, സാഷ്ടാംഗം നമിക്കുക, നിങ്ങളുടെ നാഥന് വഴിപ്പെടുക, നിങ്ങള്‍ നല്ലത് ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം'(അല്‍ഹജ്ജ് 77).

b) ആദര്‍ശ- ചിന്താ-വാക്കര്‍മങ്ങള്‍ എല്ലാതരം തിന്‍മകളില്‍നിന്ന് മുക്തമായിരിക്കണമെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു. ‘….അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ നിങ്ങള്‍ വര്‍ജിക്കുവിന്‍. പൊളിവചനങ്ങളെയും വിട്ടകലുവിന്‍’ (അല്‍ഹജ്ജ് 30)
‘ സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നാസ്ത്രങ്ങളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാകുന്നു. അവയെ നിങ്ങള്‍ വര്‍ജ്ജിക്കുക.നിങ്ങള്‍ക്ക് വിജയ സൗഭാഗ്യം പ്രതീക്ഷിക്കാം.’ (അല്‍മാഇദ 90).

c) അല്ലാഹുവിന്റെ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കാനും അവന്റെ മാര്‍ഗത്തില്‍ സമരം നടത്താനും സത്യവും ക്ഷമയുംക്കൊണ്ട് പരസ്പരം ഉപദേശിക്കാനും നന്‍മകല്‍പിക്കാനും തിന്‍മ വിരോധിക്കാനും അല്ലാഹു നമ്മോട് കല്‍പിച്ചിരിക്കുന്നു. ജനങ്ങളെ വഴികേടില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ ഇത് മാത്രമാണ് ഏകമാര്‍ഗം.

” അല്ലാഹുവിന്റെ സന്ദേശങ്ങളെത്തിച്ചുകൊടുക്കുകയും അവനെത്തന്നെ ഭയപ്പെടുകയും ഏകദൈവത്തെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവരാണവര്‍. വിചാരണക്കായി അല്ലാഹുതന്നെ മതിയായവനല്ലോ’ (അല്‍അഹ്‌സാബ് 39).
‘നീ നിന്റെ രക്ഷിതാവിലേക്ക് യുക്തിദീക്ഷയോടും സദുപദേശത്തോടും ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ നീ അവരോട് സംവാദം നടത്തുകയും ചെയ്യുക’ (അന്നഹ്ല്‍125)
‘ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമസമുദായമാണ് നിങ്ങള്‍ . നിങ്ങള്‍ നല്ലത് കല്‍പിക്കുന്നു. തിന്‍മ വിരോധിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു'(ആലുഇംറാന്‍ 110).
അല്ലാഹു വിശ്വാസികളില്‍നിന്ന് അവരുടെ ദേഹവും ധനവും സ്വര്‍ഗത്തിന് പകരമായി വിലയ്ക്ക് വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ,സമരം ചെയ്യുകയും വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവരോടുള്ള(സ്വര്‍ഗവാഗ്ദാനം) അല്ലാഹു ഏറ്റെടുത്ത ബലിഷ്ഠമായ ഒരു കരാറാകുന്നു. തൗറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും , അല്ലാഹുവിനേക്കാളേറെ കരാറുപാലിക്കുന്നവനായി ആരുണ്ട്? (അത്തൗബ 11)

d) കാര്യകാരണ ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് അല്ലാഹു വിശ്വാസികളോടാവശ്യപ്പെടുന്നു.
പ്രവാചകരേ, താങ്കള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിരിക്കവെ (യുദ്ധവേളയില്‍) അവര്‍ക്ക് നമസ്‌കാരം നടത്തുകയുമാണെങ്കില്‍, അവരില്‍ ഒരുപക്ഷം താങ്കള്‍ക്കൊപ്പം നിന്നുകൊള്ളട്ടെ. അവര്‍ ആയുധധാരികളായിരിക്കുകയുംചെയ്യട്ടെ. സുജൂദ് കഴിഞ്ഞാല്‍ അവര്‍ പിറകോട്ടുമാറുകയും നമസ്‌കരിച്ചിട്ടില്ലാത്ത മറ്റേ വിഭാഗം വന്ന് താങ്കളോടൊപ്പം നമസ്‌കരിക്കുകയുംചെയ്യട്ടെ. അവരും ജാഗ്രതയുള്ളവരും ആയുധധാരികളുമായിരിക്കണം. എന്തെന്നാല്‍ ആയുധങ്ങളിലും വിഭവങ്ങളിലും നിങ്ങള്‍ അല്‍പമൊന്നശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ ഒറ്റക്കെട്ടായി ചാടിവീഴാന്‍ തക്കംപാര്‍ത്തിരിക്കുകയാകുന്നു സത്യനിഷേധികള്‍'(അന്നിസാഅ് 102).

മനുഷ്യരുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ കാത്തുസൂക്ഷിക്കേണ്ട മര്യാദ സംബന്ധിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ നിശ്ചിതഅവധിവരെ കടമിടപാട് നടത്തുമ്പോള്‍ അത് എഴുതിവെക്കണം'(അല്‍ബഖറ 282).ശരീരസുരക്ഷയുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പറയുന്നു:’അല്ലാഹു നിങ്ങളുടെ ഭവനങ്ങളെ വിശ്രമസങ്കേതങ്ങളാക്കിയിരിക്കുന്നു. മൃഗത്തോലുകളില്‍ അവന്‍ നിങ്ങള്‍ക്ക് ഭവനങ്ങളുണ്ടാക്കിത്തന്നു. സഞ്ചാരവേളകളിലും സ്ഥിരവാസവേളകളിലും അവ നിങ്ങള്‍ക്ക് ലഘുവായി അനുഭവപ്പെടുന്നു. അവയുടെ (ചെമ്മരിയാടിന്റെയും കോലാടിന്റെയും ഒട്ടകത്തിന്റെയും രോമങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് ജീവിതത്തിന്റെ നിശ്ചിതഅവധിവരെ പ്രയോജനപ്പെടുന്ന ഒട്ടേറെ സാധനങ്ങളുണ്ടാക്കി തന്നിരിക്കുന്നു'(അന്നഹ്ല്‍ 80,81). ആര്‍ത്തവവേളയില്‍ ഭാര്യയുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് വിലക്കിയതിന് കാരണമായി ഖുര്‍ആന്‍ പറയുന്ന ന്യായം ശ്രദ്ധേയമാണ്: ‘ആര്‍ത്തവത്തിന്റെ വിധിയെന്തെന്ന് അവര്‍ താങ്കളോട് ചോദിക്കുന്നു:’പറയുക, അത് അശുദ്ധാവസ്ഥയാകുന്നു. ആ അവസ്ഥയില്‍നിന്ന് ശുദ്ധിയാകുന്നതുവരെ നിങ്ങള്‍ സ്ത്രീകളെ സമീപിക്കാതെ അകന്നുകഴിയുക”(അല്‍ബഖറ 222).

f) പ്രവര്‍ത്തനങ്ങളുടെ മുകളില്‍ പറഞ്ഞ പ്രതിഫലനങ്ങളുടെയെല്ലാം ശേഷം നീതിപൂര്‍വകമായ അന്തിമഫലം കാണുമാറാകും. ‘ആരെങ്കിലും അണുമണിത്തൂക്കം നന്‍മ ചെയ്താല്‍ അയാള്‍ നല്ലത് കാണും. ആരെങ്കിലും തിന്‍മ ചെയ്താല്‍ അയാള്‍ ചീത്ത കാണും'(അസ്സല്‍സല: 7,8).
അതായത്, ഇഹലോകത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായാണ് പരലോകത്തെ രക്ഷയും ശിക്ഷയും. നല്ലതിന്റെ പ്രതിഫലം നല്ലതല്ലാതെ മറ്റെന്താണ്?(അര്‍റഹ്മാന്‍ 60). ‘നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് കാരണം നിങ്ങള്‍ യഥേഷ്ടം തിന്നുക, കുടിക്കുക, തീര്‍ച്ചയായും ഇവ്വിധമാണ് നാം സുകൃതികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.'(അല്‍മുര്‍സ്വലാത് 43,44). സുകൃതികള്‍ സല്‍കര്‍മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുമ്പോള്‍ കുറ്റവാളികള്‍ സ്വയം കൃതാനര്‍ഥങ്ങളാണ് അനുഭവിക്കുകയെന്ന് ഖുര്‍ആന്‍ പറയുന്നു.’അവരതില്‍ കുളിരോ പാനീയമോ ആസ്വദിക്കുന്നതല്ല. വല്ലതും ലഭിക്കുന്നുവെങ്കില്‍ അത് ചുട്ടുതിളച്ച വെള്ളവും വ്രണങ്ങളുടെ ദുര്‍നീരുമായിരിക്കും. ഉചിതമായ പ്രതിഫലം. അവര്‍ ഒരു വിചാരണയെക്കുറിച്ച് വിചാരമേ ഇല്ലാത്തവരായിരുന്നു'(അന്നബഅ് 24-27)

മുകളിലെ സൂക്തങ്ങളില്‍ പ്രതിഫലത്തെ കര്‍മത്തോട് വ്യക്തമായി ബന്ധപ്പെടുത്തിയതാണ് നാം കാണുന്നത്. മനുഷ്യന്റെ സ്വതന്ത്രേച്ഛയില്‍നിന്ന് ഉടലെടുത്ത പ്രവര്‍ത്തനങ്ങളായിരുന്നു അവയെല്ലാം. അല്ലാഹുവിന്റെ കല്‍പന ബാധകമാകാനുള്ള സമസ്ത സാഹചര്യങ്ങളും അവരില്‍ തികഞ്ഞിരുന്നു.ഇസ്‌ലാമിലെ നിദാനശാസ്ത്രകാരന്‍മാര്‍ ഇതിനെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: ‘അല്ലാഹു ഒരാളോട് ഒരു കാര്യം കല്‍പിക്കുമ്പോള്‍ അതനുസരിക്കാന്‍ കഴിയുമ്പോഴേ അയാള്‍ ഉത്തരവാദിയാകുന്നുള്ളൂ. കാര്യകാരണങ്ങള്‍ പ്രകാരം അയാള്‍ക്ക് അതിന് കഴിയണം. ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. അഥവാ, അതിനുള്ള ചുറ്റുപാടുകളുണ്ടാകണം. ഇതൊന്നുമില്ലെങ്കില്‍ അയാള്‍ ഉത്തരവാദിയായിരിക്കില്ല.’
ഖുര്‍ആനിലെ ഒട്ടേറെ സൂക്തങ്ങള്‍ മേല്‍ നിദാനശാസ്ത്രതത്ത്വത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട് : ‘ദൂതനെ നിയോഗിക്കുന്നതുവരെ നാം ശിക്ഷിക്കുന്നതല്ല'(അല്‍ഇസ്‌റാഅ് 15).

‘ഒരാള്‍ വിശ്വാസം കൈക്കൊണ്ട ശേഷം നിഷേധിച്ചാല്‍ (അയാളുടെ )ഹൃദയത്തില്‍ വിശ്വാസം ദൃഢമായിരിക്കെ(നിഷേധിക്കാന്‍) നിര്‍ബന്ധിക്കപ്പെട്ടതാണെങ്കില്‍ (സാരമില്ല). എന്നാല്‍ മനസ്സമ്മതത്തോടെ സത്യനിഷേധം അംഗീകരിക്കുന്നവരാരോ, അവര്‍ അല്ലാഹുവിന്റെ ക്രോധത്തിനിരയാകുന്നു. അങ്ങനെയുള്ളവര്‍ക്കൊക്കെയും ഭയാനകശിക്ഷയുണ്ട്'(അന്നഹ്ല്‍ 106). ‘അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലാഭാരം വഹിപ്പിക്കുകയില്ല. അവന്‍ എന്തു നന്‍മചെയ്തുവോ അതിന്റെ ഫലം അവനുതന്നെയാകുന്നു. വല്ല തിന്‍മയും ചെയ്താല്‍ അതിന്റെ നാശവും അവന്നുതന്നെ(അല്‍ബഖറ 286). മേല്‍സൂക്തങ്ങള്‍ ഒരുവശത്ത് മനുഷ്യന്റെ ബാധ്യതയും പ്രതിഫലവും മറുവശത്ത് മനുഷ്യന്റെ കഴിവും ഇഛാസ്വാതന്ത്ര്യവും തമ്മിലുള്ള വ്യക്തമായ ബന്ധത്തെ സ്പഷ്ടമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു എന്റെ സമുദായത്തില്‍നിന്ന് പിശകായോ മറന്നോ നിര്‍ബന്ധിതമായോ സംഭവിക്കുന്നതെല്ലാം ഇറക്കിവെച്ചിരിക്കുന്നു'(ഇബ്‌നുമാജഃ).

ഇത്രയും കാര്യങ്ങള്‍ ഗ്രഹിച്ചുകഴിഞ്ഞാല്‍, അല്ലാഹു മനുഷ്യരെ തെറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ച ശേഷം അതിന്റെ പേരില്‍ അവരെ ശിക്ഷിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്ക് സ്ഥാനമില്ല. ‘അല്ലാഹുവേ, നിന്നെ ധിക്കരിക്കാനായി ഞാന്‍ തെറ്റുചെയ്തിട്ടില്ല. നീ എന്റെ മേല്‍ നിര്‍ണയിച്ച വിധിയനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. നീ തന്നതുകൊണ്ട് മാത്രമാണ് ഞാന്‍ തെറ്റുചെയ്തത്. നിന്റെ ഔദാര്യമില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോകുമായിരുന്നു. നിന്റെ വിധി ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ വിജയികളില്‍ പെട്ടേനെ , എന്നിങ്ങനെ അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ മനുഷ്യന്‍ എങ്ങനെയാണ് ധൈര്യപ്പെടുക.’

മനുഷ്യന് സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത ഒരു കാര്യവുമായി പ്രതിഫലത്തെയോ ശിക്ഷയെയോ ബന്ധപ്പെടുത്തുന്നത് ബുദ്ധിപരമായും പ്രമാണപരമായും യുക്തിസഹമല്ല. അല്ലാഹു തൊലിവെളുത്തതിന്റെ പേരില്‍ വെളുത്തവന് പ്രതിഫലവും തൊലികറുത്തതിന്റെ പേരില്‍ കറുത്തവന് ശിക്ഷയും നല്‍കുമെന്ന് പറയുന്നതുപോലെ അപഹാസ്യമാണ് ഈ വാദവും.

മനുഷ്യന്‍ പ്രകൃത്യാതന്നെ ഇഛാസ്വാതന്ത്ര്യത്തെയും പ്രതിഫലത്തെയും പരസ്പരം ബന്ധപ്പെടുത്തിയാണ് ചിന്തിക്കുന്നത്. ഈ അടിസ്ഥാനത്തില്‍തന്നെയാണ് മനുഷ്യവ്യവഹാരങ്ങള്‍ നടന്നുപോരുന്നതും. വീടിന്റെ മച്ചില്‍നിന്ന് ഒരു മരക്കഷ്ണം തലയില്‍വീണാല്‍ അതിന്റെ പേരില്‍ ആരും മരത്തോട് ദേഷ്യപ്പെടാറില്ല. കാരണം അതിന് ഉദ്ദേശ്യമില്ലല്ലോ. അതേ സമയം ഒരാള്‍ വടികൊണ്ടടിച്ചാല്‍ ദേഷ്യപ്പെടും, കാരണം അടിച്ചയാള്‍ക്ക് ഉദ്ദേശ്യമുണ്ട്. മരം വീണുണ്ടായ വേദനയെക്കാള്‍ എത്രയോ നിസ്സാരമാണ് വടികൊണ്ടുള്ള വേദന എന്നിരിക്കിലും നമുക്ക് ക്ഷമിക്കാന്‍ കഴിയില്ല.

g) മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അല്ലാഹുവിന്റെ നീതിയെയും കാരുണ്യത്തെയും ശക്തമായി പ്രതിഫലിപ്പിക്കുന്നതാണ് തൗബഃ അഥവാ പശ്ചാത്താപം. തിന്‍മകള്‍ നന്‍മകളാക്കി മാറ്റാനും അല്ലാഹുവിന്റെ സ്‌നേഹവും സംതൃപ്തിയും നേടിയെടുക്കാനുമുള്ള സുവര്‍ണാവസരം. ‘സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുക, നിങ്ങള്‍ വിജയികളായേക്കാം.'(അന്നൂര്‍ 31).
‘എന്നാല്‍ അതിക്രമം ചെയ്തശേഷം ആരെങ്കിലും പശ്ചാത്തപിക്കുകയും നന്നാവുകയും ചെയ്താല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു'(അല്‍ബഖറ 222).

Topics