പള്ളികള്‍, ഭൂമിയിലെ ഏറ്റവും വിശുദ്ധവും ശ്രേഷ്ഠവും ഇടം എന്ന നിലയ്ക്ക് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അബൂഹുറയ്റ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. പള്ളികള്‍ ആരാധനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും മാത്രമുള്ള ഇടങ്ങളല്ല. മറിച്ച്, വ്യത്യസ്ത ദേശ-ഭാഷാ-വര്‍ഗ- വര്‍ണ- വര്‍ഗ-വംശക്കാരായ സഹോദരങ്ങളെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയില്‍ ഒരുമിപ്പിച്ച് സാമൂഹിക-സദാചാര-സാഹിതീ രംഗത്ത് ആത്മീയമായും ഭൗതികമായും ദീനി അടിത്തറയില്‍ തര്‍ബിയത്ത് നല്കുന്ന ശാശ്വത ശിക്ഷണകേന്ദ്രമാണ്. ഭിന്നിപ്പുകള്ക്കും പ്രതിലോമചിന്തകള്‍ക്കും ഇടം നല്കുന്ന എല്ലാതരം വിഭാഗീയതകളെയും അത് തള്ളിപ്പറയുന്നു.
മദീനയിലെ മസ്ജിദുന്നബവി ധാരാളം വഹ് യുകള്‍ക്ക് ഇടമായിരുന്നിട്ടുണ്ട്. അത് കലാലയവും വിദ്യാകേന്ദ്രവുമായിരുന്നു. പ്രവാചകചര്യയുടെയും ശരീഅത്ത് നിയമങ്ങളുടെയും ഇസ് ലാമിക സംസ്കാരത്തിന്റെയും വിവിധ ശാസ്ത്രങ്ങളുടെയും അടിത്തറ പാകിയ കേന്ദ്രം. ഇതിന്റെയെല്ലാം നേര്‍സാക്ഷ്യമാണ് ഇന്നും നാം കാണുന്ന കെയ്റോയിലെ അല്‍അസ്ഹര്‍, തുനീഷ്യയിലെ സയ്തൂനഃ, ഫൈസിലെ ഖറവിയ്യീന് തുടങ്ങി യൂണിവേഴ്സിറ്റികള്‍. തന്റെ അനുയായികളെ പഠിപ്പിച്ചും പഠിച്ചും നല്ല അധ്യാപകനായി മുഹമ്മദ് നബി മാതൃകകാട്ടി. അബൂഹുറയ്റ(റ)യില്നിന്ന് നിവേദനം: ‘നബി(സ) പറഞ്ഞു: ആരെങ്കിലും സദുദ്ദേശ്യത്തോടെ നല്ലത് പഠിക്കാനും പഠിപ്പിക്കാനും നമ്മുടെ പള്ളിയില്‍ പ്രവേശിച്ചുവോ, അല്ലാഹുവിന്റെ മാര്‍ഗത്തിലെ മുജാഹിദാണ് അയാള്‍. അതല്ലാത്ത എന്തെങ്കിലും സംഗതിക്കാണ് ഒരാള്‍ പ്രവേശിച്ചതെങ്കില്‍ തന്റേതല്ലാത്തതിലേക്ക് നോക്കിയവനെപ്പോലെയാണയാള്.’
പള്ളികളുടെ സവിശേഷമായ ദൗത്യങ്ങള്‍
1. ദൈവകീര്ത്തന സങ്കേതം
പള്ളികള്‍ ആരാധനാ-നമസ്കാരാദികള്‍ നിര്‍വഹിക്കാനുള്ള കേന്ദ്രമാണ്. നമസ്കാരം ദീനിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നാണല്ലോ. അതുകൊണ്ട് ഭൂമിയെ ശുദ്ധിയുള്ളതും അതുവഴി സുജൂദ് ചെയ്യുന്നയിടവും ആക്കിമാറ്റിയിരിക്കുന്നു. ജനമനസ്സുകളെ വിമലീകരിച്ച് ദൈവഹിതത്തിനനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് നമസ്കാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ആ നമസ്കാരം കൂട്ടായി നിര്‍വഹിക്കാനാണ് പള്ളി. നമസ്കാരം ഒരുക്കുന്ന കൂട്ടായ്മ, ഹൃദയവിശുദ്ധി എന്ന ലക്ഷ്യത്തിലേക്ക് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന പള്ളിയില്‍ ആയിരിക്കുമ്പോള്‍ അവനോട് ഏറ്റവുമടുത്താണ് താനെന്ന യാഥാര്‍ഥ്യം വിശ്വാസിയെ കൊണ്ടെത്തിക്കും. തന്നോട് ചേര്‍ന്നുനില്‍ക്കുന്ന സഹോദരനോട് തോന്നുന്ന അടുപ്പവും സ്നേഹവും ജനങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തെയും സഹകരണത്തെയും പരിചയത്തെയും ശക്തിപ്പെടുത്തി സാഹോദര്യബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. സംഘംചേര്‍ന്നുള്ള നമസ്കാരം ഒറ്റക്കുള്ള നമസ്കാരത്തേക്കാള്‍ 27 ഇരട്ടി പ്രതിഫലമുള്ളതായത് അതുകൊണ്ടാണ്.
പള്ളിയില്‍ വെച്ചുള്ള നമസ്കാരത്തെയും തന്മൂലം പള്ളി നിര്‍മാണത്തെയും പ്രവാചകന് വളരെയധികം പ്രോത്സാഹിപ്പിച്ചു. അബൂഹുറയ്റ(റ)യില്‍ നിവേദനം. പ്രവാചകന് പറഞ്ഞു: ‘ഒരു നാട്ടില്‍ അല്ലാഹുവിനേറെ പ്രിയപ്പെട്ടത് അവിടത്തെ പള്ളികളും ഏറെ വെറുക്കപ്പെട്ടത് അവിടത്തെ മാര്‍ക്കറ്റുകളുമാണ്’
മുഹമ്മദ് നബി(സ) പറഞ്ഞു: ‘ആറു കാര്യങ്ങളാല്‍ മറ്റു പ്രവാചകന്മാരേക്കാള് ഞാന്‍ ശ്രേഷ്ഠനാക്കപ്പെട്ടിരിക്കുന്നു. കുറഞ്ഞ വാക്കുകളിലൂടെ വിശാലമായ ആശയ പ്രചാരണസിദ്ധി എനിക്ക് നല്കപ്പെട്ടു. എതിരാളികളുടെ മനസ്സില്‍ ഭയം അങ്കുരിപ്പിച്ച് ഞാന്‍ സഹായിക്കപ്പെട്ടു. ഗനീമത്ത് മുതല്‍ എനിക്ക് ഹലാലാക്കപ്പെട്ടു. ഭൂമി ശുദ്ധമാക്കിക്കൊണ്ട് സാഷ്ടാംഗത്തിനനുയോജ്യമാക്കി. സര്‍വ ജനങ്ങളിലേക്കുമായി ഞാന്‍ അയക്കപ്പെട്ടു. പ്രവാചക പരമ്പര എന്നാല്‍ മുദ്രവെക്കപ്പെട്ടു.’
വിശ്വാസിക്ക് സാന്ത്വനമേകുന്ന , ദൈവസ്മരണയിലൂടെ തഖ്വാ ബോധം ഉണര്‍ത്തുന്ന, പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിനുള്ള അഭിവാദ്യമെന്ന നിലക്ക് രണ്ട് റക്അത്ത് നമസ്കരിക്കാന്‍ പ്രവാചകന് കല്പിച്ചു. മാത്രമല്ല, അവിടെ നമസ്കാരം നിര്‍വഹിക്കാനും മറ്റുമായി എത്തുന്നവര്‍ക്ക് ശല്യമുണ്ടാക്കുംവിധം അനിഷ്ടകരമായ ഗന്ധമുള്ള ആഹാരസാധനങ്ങള്‍ ഭക്ഷിച്ചുവരുന്നതും നിസ്സാരകാര്യങ്ങള്‍ക്ക് അനൗണ്‍സ്മെന്റ് ചെയ്യുന്നതും പ്രവാചകന് വിലക്കി. തിരക്കുകൂട്ടിയോ മറ്റുള്ളവരുടെ വസ്ത്രത്തില്‍ ചവിട്ടിയോ നമസ്കരിക്കുന്നവരുടെ മുന്നിലൂടെ കടന്നുപോയിക്കൊണ്ടോ അല്ല പള്ളിയില്നിന്നിറങ്ങേണ്ടത്. നബിതിരുമേനി(സ) പറയുന്നു: ‘നമസ്കരിക്കുന്നവരുടെ മുമ്പിലൂടെ നടക്കുന്നയാള് അതിന്റെ പേരില്‍ തനിക്കുള്ള കുറ്റം എന്താണെന്നറിഞ്ഞിരുന്നുവെങ്കില് മുന്നിലൂടെ നടക്കുന്നതിനുപകരം 40 ദിവസത്തോളം അവിടെത്തന്നെ നില്‍ക്കുന്നത് ഉത്തമമായി കാണുമായിരുന്നു’ (നിവേദകന്, നാല്പതുകൊണ്ടുദ്ദേശിക്കുന്നത് അത്രയും ദിവസമാണോ മാസമാണോ വര്‍ഷമാണോ എന്നറിയില്ലെന്ന് പറയുന്നുണ്ട്). അല്ലാഹുവിനെ തസ്ബീഹ്, തഹ്മീദ്, തഹ്ലീലുകള്ക്കൊണ്ട് വാഴ്ത്തുവാന്‍ ഏറെ അനുയോജ്യവും പ്രതിഫലാര്‍ഹവുമായ ഇടമാണ് പള്ളികള്‍.
2. ഇഅ്തികാഫിനുള്ള ഇടം
ഖുര്‍ആന്‍ ‘വ അന്തും ആകിഫൂന ഫില്‍ മസാജിദി’ (നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫിരിക്കുന്നവരായിരിക്കെ-അല്‍ബഖറ 187) എന്ന് പറയുന്നുണ്ട്. ഖുര്‍ആനിലും ഇഅ്തികാഫിനെക്കുറിച്ച പരാമര്‍ശമുണ്ട്. ‘ആഇശ(റ)യില്‍ നിന്ന് പ്രവാചകന് മരണംവരെ റമദാനിലെ അവസാനപത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന് ശേഷം അവിടത്തെ പത്നിമാരും ഇഅ്തികാഫ് ഇരിക്കുമായിരുന്നു'(ബുഖാരി).
3. ഉല്‍കൃഷ്ട പ്രാര്ഥനാഗേഹം
മറ്റെല്ലാ കര്‍മങ്ങളില്‍നിന്നും വിട്ടുനിന്ന് ഏകാഗ്രതയോടെ അല്ലാഹുവുമായി മുഖാമുഖഭാഷണത്തിലേര്പ്പെട്ട് തന്റെ ആവശ്യങ്ങള്‍ അടിമ സമര്‍പ്പിക്കുന്നു. അഹങ്കാരത്തിന്റെ തരിമ്പും തന്നിലവശേഷിക്കുന്നില്ലെന്ന് പ്രകടിപ്പിക്കുന്ന സുജൂദിന്റെ വേളയിലാണ് വിശ്വാസി തന്റെ നാഥനോട് ഏറ്റവും അടുക്കുന്നത്.
4. ഖുര്‍ആന്‍ പഠനവേദി
പള്ളിയില്‍ സദുദ്ദേശ്യത്തോടെ പ്രവേശിച്ച വ്യക്തിയുടെ ഹൃദയം അനാവശ്യചിന്തകളില്‍നിന്ന് മുക്തമായിരിക്കും. വികാരവിഷയങ്ങളെ വിസ്മരിച്ച് മനസ്സ് റബ്ബിലേക്ക് തിരിയുന്നു. അത്തരം ഹൃദയവിശുദ്ധിയുടെ സമയത്ത് ദൈവികകല്പനകള് സസൂക്ഷ്മം ശ്രവിക്കാനും മനസ്സിലാക്കാനും ഭയഭക്തന് സാധിക്കുന്നു. അതുകൊണ്ട് ദൈവികവിധിവിലക്കുകളും നിയമങ്ങളും പ്രതിപാദിക്കുന്ന ഖുര്ആനിന്െര സാരമറിഞ്ഞുള്ള പഠനവും മനനവും ഏറ്റവും നന്നായി നടക്കുക പള്ളിയില്‍ വെച്ചാണ്. അബൂഹുറയ്റ (റ)യില്നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘അല്ലാഹുവിന്റെ പള്ളിയില്‍ അവന്റെ ഗ്രന്ഥം പാരായണംചെയ്യാനും പഠിക്കാനും പഠിപ്പിക്കാനുമായി കൂടിയിരിക്കുന്ന സമൂഹത്തെ അല്ലാഹു ഓര്‍ക്കുകയും അവരെ തന്റെ കാരുണ്യത്താല്‍ പൊതിയുകയും അവരിലേക്ക് ശാന്തി ഇറക്കുകയുംചെയ്യും.’
5. വഹ്യ് രേഖപ്പെടുത്തുന്ന ഇടം
നബിക്ക് അവതരിക്കുന്ന വഹ്യുകള് അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചുതന്നെ അപ്പപ്പോള്‍ രേഖപ്പെടുത്തിയതും പള്ളിയില്‍ വെച്ചായിരുന്നു. അല്‍ ഇഖ്ദുല്‍ ഫരീദില്‍ നബിയുടെ വഹ് യ് എഴുത്തുകാരുടെ പേരുകള്‍ പറയുന്നുണ്ട്. സൈദുബ് നു സാബിത്, മുആവിയഃ ബ്നു അബീസുഫ് യാന്‍, ഹന്‍ളലഃ ഇബ്നു റബീഅഃ, അബ്ദുല്ലാഹിബ്നു സഅ്ദ്(ഇദ്ദേഹം പിന്നീട് മക്കാമുശ് രിക്കുകളോടൊപ്പം ചേര്‍ന്നു) തുടങ്ങിയവരാണവര്‍.
6. വൈജ്ഞാനികകേന്ദ്രം
പള്ളി എന്നും ഒരു പാഠശാലയായിരുന്നു. അത് സ്കൂളായും ഇന്സ്റ്റിറ്റിയൂട്ടായും യൂണിവേഴ്സിറ്റിയായും അതിന്റെ ധര്‍മം നിര്‍വഹിച്ചിട്ടുണ്ട്. ശാസ്ത്രം, സാമൂഹികശാസ്ത്രം, നിയമം തുടങ്ങി ഒട്ടേറെ ശാഖകള്‍ അവിടെ കൈകാര്യംചെയ്തിരുന്നു. ഇതിനേറ്റവും വലിയ ഉദാഹരണം മസ്ജിദുന്നബവിയാണ്. നബി (സ) തന്റെ അനുയായികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുകൊടുത്തത് ഇവിടെ വെച്ചായിരുന്നു. ഇന്ന് നാം കാണുന്ന പല മുസ്ലിംനാടുകളിലെയും യൂണിവേഴ്സിറ്റികള്‍ പള്ളികള്‍ വളര്‍ന്നുവികസിച്ചവയാണ്. പ്രമുഖചരിത്രകാരന്‍ വില്‍ ഡ്യൂറാന്റ് എഴുതുന്നു: ‘ ഏത് മുസ് ലിംനാട്ടിലെത്തുന്ന സന്ദര്ശകന്നും നഗരത്തിലെ പള്ളിയില്‍ നിന്ന് പകല്‍സമയത്ത് എപ്പോഴും ഏത് വിഷയത്തെക്കുറിച്ച പ്രഭാഷണം കേള്‍ക്കാന്‍ കഴിയുമായിരുന്നു.'(നാഗരികതയുടെ കഥ വില്‍ ഡ്യൂറാന്റ് വാള്യം 4 അധ്യായം 12 പേ. 169)പ്രമുഖ ഓറിയന്റലിസ്റ്റ് പണ്ഡിത സിഗ് രിഡ് ഹോങ്ക എഴുതുന്നു: ‘പള്ളിയുടെ ദൗത്യം നമസ്കാരത്തില്‍ പരിമിതമായിരുന്നില്ല. വിദ്യാഭ്യാസം, ന്യായവിധി മുതലായവ ഇസ് ലാമിന്റെയും സമൂഹത്തിന്റെയും ബഹുമുഖ താല്പര്യങ്ങള് പള്ളിയുടെ ലക്ഷ്യമായിരുന്നു'(അറബികളുടെ സൂര്യന് പടിഞ്ഞാറുദിക്കുന്നു). ഡോ. അബ്ദുല്‍ ഹലീം മുന്‍തസ്വിര്‍ എഴുതുന്നു:’ പള്ളികളിലെ വൈജ്ഞാനിക സദസ്സുകള്‍ മതപഠനത്തില്‍ മാത്രം പരിമിതമായിരുന്നില്ല. ഭാഷ ,തര്‍ക്കശാസ്ത്രം, സമയനിര്ണയശാസ്ത്രം, വൈദ്യശാസ്ത്രം മുതലായവയെല്ലാം പഠിപ്പിക്കപ്പെട്ടിരുന്നു. പ്രമുഖ ചരിത്രകാരന് അബ്ദുല്ലത്വീഫ് ബഗ്ദാദി എഴുതുന്നു: അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് വൈദ്യപഠനക്ലാസുകള് നടന്നിരുന്നു'(മുഹാദറാത്ത് ഫില്‍ ഉലം ഇന്ദല് അറബ് പേ. 46).
7. കൂടിയാലോചന
ഇസ്ലാമികചരിത്രം അറിയാവുന്നവര്‍ക്ക് പള്ളി ഒരു കൂടിയാലോചനാ കേന്ദ്രമായി വര്ത്തിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. നബിക്കുശഷം അബൂബക്റിന്റെയും ഉമറിന്റെയും കാലത്ത് ഏതു സംഗതികളിലും കൂടിയാലോചനകള്‍ നടത്തിയിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു. അലി(റ)യോട് ഖിലാഫത്ത് ഏറ്റെടുക്കാന്‍ ഒരു സംഘം ആളുകള്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച അദ്ദേഹം അഹ് ലുല് ഹല്ല് വല്‍ അഖ്ദിന്റെ സാന്നിധ്യത്തില്‍ പള്ളിയില്‍വെച്ച് തനിക്ക് ജനങ്ങള്‍ ബൈഅത്ത് ചെയ്താലല്ലാതെ താനതിന് തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
8. ഭരണസിരാകേന്ദ്രം
ഖലീഫമാര്‍ തങ്ങളുടെ രാഷ്ട്രീയനിലപാടുകള്‍ വിശദീകരിച്ചിരുന്നത് മദീന പള്ളിയില്വെച്ചിരുന്നു. ഉമര്‍(റ) താന്‍ തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞപ്പോള് മിമ്പറില്‍കയറി ജനങ്ങളെ അഭിസംബോധനചെയ്തു: ‘ ജനങ്ങളേ, നിങ്ങളുടെ വിഷയത്തില്‍ ഞാന്‍ ചുമതലയേല്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളില്‍ ഏറ്റവും ഉത്തമനൊന്നുമല്ല. സത്യത്തിന്റെ പാതയിലാണ് നിങ്ങളെന്നെ കാണുന്നതെങ്കില്‍ എന്റെ വാക്കുകളെ നിങ്ങള്‍ പരിഗണിക്കുക. മറിച്ച്, അഹിതകരമായത് എന്നില്‍ കാണുന്നുവെങ്കില്‍ എന്നെ നേര്‍വഴിക്ക് തെളിക്കുക. ഞാന്‍ അല്ലാഹുവെ അനുസരിക്കുവോളം നിങ്ങളെന്നെ അനുസരിക്കുക. ദൈവധിക്കാരത്തിലാണ് ഞാനുള്ളതെങ്കില് നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല.’
വിദൂരദിക്കുകളില്നിന്നുവരുന്ന പ്രതിനിധി സംഘങ്ങളുമായി നബി(സ) കൂടിക്കാഴ്ചകളും കരാറിലേര്പ്പെടലും സന്ധിസംഭാഷണങ്ങളും നടത്തിയിരുന്നതും പള്ളിയില്‍ വെച്ചായിരുന്നു. രാഷ്ട്രത്തിന്റെ നയങ്ങളും മറ്റും മിമ്പറുകളില്നിന്നാണ് നബി(സ) വിളംബരം ചെയ്തിരുന്നത്. എല്ലാ അര്‍ഥത്തിലും ഭരണസിരാകേന്ദ്രമായിരുന്നു മദീനാ പള്ളി.
9. കോടതി
പള്ളികള്‍ കോടതികളുമായിരുന്നു. നബി (സ) തര്‍ക്കപ്രശ്നങ്ങളില്‍ വിധിപറഞ്ഞിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു. കടം നല്‍കിയതുമായി ബന്ധപ്പെട്ട് കഅ്ബ് ബ്നു മാലികും ,ഇബ്നു അബീ ഹദ് റദും തമ്മില്‍ അസ്വാരസ്യമുണ്ടായപ്പോള്‍ പ്രശ്നത്തില്‍ വിധിപറഞ്ഞത് പള്ളിയില്‍ വെച്ചായിരുന്നു. സമാനസംഭവങ്ങള്‍ ഒട്ടേറെ നമുക്ക് കാണാനാവും.
10. മുസ്ലിംകളുടെ സമ്മേളനനഗരി
നമസ്കാരവേളകളിലും പെരുന്നാള്‍ ദിനങ്ങളിലും ജനാസകൊണ്ടുവരുമ്പോഴും മറ്റും മുസ് ലിംകള്‍ പള്ളികളില്‍ ഒരുമിച്ചുകൂടിയിരുന്നു. എന്തെങ്കിലും വിപത്തുകളോ മറ്റോ ബാധിച്ചാല്‍ ‘അസ്സ്വലാത്തുല്‍ ജാമിഅ ‘എന്ന് വിളംബരം ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടിയാലോചിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പ്രതിസന്ധി തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി നീങ്ങേണ്ടതിന്നും അവര്‍ പള്ളികളിലാണ് ഒത്തുകൂടിയിരുന്നത്.
(തുടരും)
Add Comment