ഭാഗം, വശം, അഭിമുഖീകരിക്കപ്പെടുന്നത്. അഭിമുഖമായ എന്നൊക്കെയാണ് ഈ പദത്തിന്റെ ഭാഷാര്‍ഥം. നമസ്‌കാരത്തില്‍ മുസ്‌ലിംകള്‍ അഭിമുഖമായി നില്‍ക്കേണ്ട കഅ്ബയെക്കുറിച്ചാണ് ഖിബ് ല എന്ന് സാങ്കേതികമായി പറയുന്നത്. നമസ്‌കാരത്തിന്റെ നിബന്ധനയില്‍ ഒന്നാണ് ഖിബ്‌ലയെ അഭിമുഖീകരിക്കല്‍. ദുആ, ഇഹ്‌റാം മുതലായവ ഖിബ്‌ലക്കഭിമുഖമായാണ് നിര്‍വഹിക്കേണ്ടത്. അറവുമൃഗങ്ങളെ ഖിബ്‌ലക്കഭിമുഖമായി ചെരിച്ചുകിടത്തി വേണം അറുക്കാന്‍. മരിച്ചവരെ മറവുചെയ്യേണ്ടത് ഖിബ്‌ലക്ക് അഭിമുഖമായാണ്. വാഹനത്തില്‍ യാത്രചെയ്യുമ്പോഴുള്ള നമസ്‌കാരം ആരംഭിക്കുമ്പോള്‍ ഖിബ്‌ലക്ക് അഭിമുഖമായിരിക്കണം. പിന്നീട് വാഹനം ഏത് ദിശയിലേക്ക് തിരിഞ്ഞാലും കുഴപ്പമില്ല. ഖിബ്‌ല ഏതുഭാഗത്താണെന്ന് മനസ്സിലാവാത്ത സ്ഥലത്തെത്തിയാല്‍ ഖിബ്‌ല മനസ്സിലാക്കാന്‍ പരമാവധി ശ്രമിച്ചശേഷം നമസ്‌കാരം തുടങ്ങുക. നമസ്‌കാരം തുടങ്ങിക്കഴിഞ്ഞ ശേഷമാണ് ഖിബ്‌ല മനസ്സിലാവുന്നതെങ്കില്‍ നമസ്‌കാരത്തില്‍ തന്നെ ആ ഭാഗത്തേക്ക് തിരിയേണ്ടതാണ്.
മലമൂത്ര വിസര്‍ജന സമയത്ത് മറയില്ലാതെ ഖിബ്‌ലയെ അഭിമുഖീകരിക്കുകയോ പിന്‍ഭാഗത്താക്കുകയോ ചെയ്യരുത്. ഖിബ്‌ലക്ക് അഭിമുഖമായി തുപ്പാനും പാടില്ല. ഉറങ്ങുമ്പോള്‍ ഖിബ്‌ലക്കഭിമുഖമായി കിടക്കുന്നതാണ് ഉത്തമം.
ബൈത്തുല്‍ മഖ്ദിസ് ആയിരുന്നു മുസ്‌ലിംകളുടെ പ്രഥമ ഖിബ്‌ല. ഹിജ്‌റക്കുശേഷം പതിനാറോ പതിനേഴോ മാസം ബൈത്തുല്‍ മഖ്ദിസിലേക്ക് തിരിഞ്ഞു നമസ്‌കരിച്ചു. പിന്നീടാണ് കഅ്ബ ഖിബ്‌ലയായി മാറിയത്. ഹിജ്‌റ രണ്ടാംവര്‍ഷം റജബിലോ ശഅ്ബാനിലോ ആണ് ഖിബ്‌ലമാറ്റം ഉണ്ടായത്. ഈ സംഭവം ഹദീസില്‍ ഇങ്ങനെ വിവരിക്കുന്നു. ഇബ്‌നു സഅ്ദില്‍ നിന്ന് നിവേദനം: നബി തിരുമേനി ബിശ്‌റ് ഇബ്‌നു ബറാഅ് ഇബ്‌നു മഅ്‌റൂറിന്റെ വീട്ടില്‍ ഒരു സല്‍ക്കാരത്തിന് പോയിരിക്കുകയായിരുന്നു. അവിടെവെച്ച് ളുഹ്ര്‍ നമസ്‌കാരത്തിന്റെ സമയമായി. തിരുമേനി ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കാന്‍ നിന്നു. രണ്ട് റക് അത്ത ്കഴിഞ്ഞിട്ടുണ്ടായിരുന്നു. മൂന്നാം റക്അത്തില്‍ പൊടുന്നനെ ‘വഹ്‌യ് ‘മുഖേന ഖുര്‍ആന്‍ വാക്യം അവതരിച്ചു. അപ്പോള്‍തന്നെ നബിയും പിന്നില്‍ നിന്ന് നമസ്‌കരിച്ചിരുന്നവരും ഒന്നായി ബൈത്തുല്‍ മഖ്ദിസിന്റെ ഭാഗത്തുനിന്ന് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു. പിന്നീട് മദീനയിലും പരിസരപ്രദേശങ്ങളിലും അത് വിളംബരം ചെയ്യപ്പെട്ടു. ബറാഉ ബ്‌നു ആസിബ് പറയുന്നു:’ഒരു സ്ഥലത്ത് ആ വാര്‍ത്ത വിളിച്ചുപറയുന്ന ശബ്ദം കേട്ടപ്പോള്‍ ജനങ്ങള്‍ റുകൂഇലായിരുന്നു. ഉടന്‍ അവര്‍ അതേ നിലയില്‍ കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു.’ അനസ് ഇബ്‌നു മാലിക് പറയുന്നു:’ബനൂസല്‍മ ഗോത്രത്തില്‍ പ്രസ്തുത വാര്‍ത്ത രണ്ടാം ദിവസം സുബ്ഹ് നമസ്‌കാരവേളയിലാണ് ലഭിച്ചത്. ജനങ്ങള്‍ ഒരു റക്അത്ത് നമസ്‌കരിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോഴാണ് , ‘അറിഞ്ഞുകൊള്ളുക, ഖിബ്‌ല കഅ്ബയുടെ ഭാഗത്തേക്ക് മാറ്റിരിക്കുന്നു’എന്ന ശബ്ദം അവരുടെ കാതുകളില്‍ പതിഞ്ഞത് . കേട്ട മാത്രയില്‍ ജമാഅത്തൊന്നായി കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു.
ഖിബ്‌ലമാറ്റം യഹൂദികളുടെ രൂക്ഷമായ വിമര്‍ശനത്തിന് പാത്രമായി. ഖുര്‍ആന്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ‘മൂഢന്‍മാരായ ചിലയാളുകള്‍ ചോദിക്കുന്നു. അവര്‍ തിരിഞ്ഞുനിന്നിരുന്ന ഖിബ്‌ലയില്‍നിന്ന് അവരെ തെറ്റിച്ചതെന്ത്? പറയുക:’കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെതുതന്നെ. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു”(അല്‍ബഖറ 142). ലോകനേതൃത്വം ഇസ്രായീല്യരില്‍ നിന്ന് മുസ്‌ലിംകളിലേക്ക് മാറിയതിന്റെ പ്രതീകാത്മക സൂചനയാണ് ഖിബ്‌ലമാറ്റം. ഖിബ്‌ലമാറ്റം സംഭവിക്കണമെന്ന് നബി(സ) ആഗ്രഹിച്ചിരുന്നു. ഖിബ്‌ലമാറ്റം അറിയിച്ചുകൊണ്ടുള്ള കല്‍പനയില്‍ അല്ലാഹു നബിയുടെ ഈ ആഗ്രഹവും സൂചിപ്പിക്കുന്നു. ‘നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല'(അല്‍ ബഖറ 144). മുസ്‌ലിംകള്‍ക്ക് സ്വന്തമായ ഖിബ്‌ലയുണ്ടെന്നും മറ്റുള്ളവരുടെ ഖിബ്‌ലയെ അവര്‍ പിന്‍പറ്റരുതെന്നും ഖുര്‍ആന്‍ പറയുന്നു :’നീ ഈ വേദക്കാരുടെ മുമ്പില്‍ എല്ലാ തെളിവുകളും കൊണ്ടുചെന്നാലും അവര്‍ നിന്റെ ഖിബ്‌ലയെ പിന്‍പറ്റുകയില്ല. അവരുടെ ഖിബ്‌ലയെ നിനക്കും പിന്‍പറ്റാനാവില്ല. അവരില്‍തന്നെ ഒരു വിഭാഗം മറ്റുവിഭാഗക്കാരുടെ ഖിബ്‌ലയെയും പിന്തുടരില്ല. ഈ സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകും'(അല്‍ബഖറ 145) ‘ഓരോരുത്തര്‍ക്കും ഓരോ ദിശയുണ്ട്. അവര്‍ അതിന്റെ നേരെ തിരിയുന്നു. അതിനാല്‍ നിങ്ങള്‍ നന്‍മയിലേക്ക് മത്സരിച്ച് മുന്നേറുക. നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ'(148).
ഖിബ്‌ല വളരെ കൃത്യമായി ശരിയാവുന്നതിന് ‘ഖിബ്‌ല ഐന്‍’ എന്നും ഏതാണ്ട് ശരിയാകുന്നതിന് ‘ഖിബ്‌ല ജിഹത്ത് ‘എന്നും പറയും.
Add Comment