ചരിത്രം

ചരിത്രത്തിന് പ്രചോദനം ഇസ്‌ലാം

ചരിത്രരചനക്ക് മുസ്‌ലിംകളുടെ സംഭാവന മികവുറ്റതും അദ്വിതീയവുമാണ്. മധ്യകാലഘട്ടത്തില്‍ ചരിത്രം എന്നത് തീര്‍ത്തും ഒരു മുസ്‌ലിംശാസ്ത്രമായാണ് അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിന് മുമ്പുള്ള അറബികള്‍ക്ക് പദ്യമല്ലാതെ മറ്റൊരു സാഹിത്യശാഖയും പരിചയമുണ്ടായിരുന്നില്ല. ഇസ്‌ലാമാണ് അവരില്‍ വിജ്ഞാനദാഹത്തിന്റെ ഉണര്‍വുകള്‍ സൃഷ്ടിച്ചത്. ‘ചരിത്രം’എന്ന അര്‍ഥസൂചന നല്‍കുന്ന പദം അറബിഭാഷയില്‍ ഉണ്ടായിരുന്നില്ല. ‘ഖബര്‍'(വാര്‍ത്ത) എന്നതിന്റെ ബഹുവചനമായ ‘അഖ്ബാര്‍’ (വാര്‍ത്തകള്‍) എന്ന പദമായിരുന്നു ചരിത്രസംഭവങ്ങളെ സൂചിപ്പിക്കാന്‍ അറബികള്‍ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. തലമുറകളായി കേട്ടുപോരുന്ന ‘വാര്‍ത്ത’കള്‍ക്കാവട്ടെ രേഖകളുടെ പിന്‍ബലമൊന്നും ഉണ്ടായിരുന്നില്ല താനും. ‘ചരിത്രം’ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ‘താരീഖ്’ എന്ന പദം പോലും കൃത്യമായി ചരിത്രത്തെയല്ല സൂചിപ്പിക്കുന്നത്. സമയം മാത്രമാണ് അതിന്റെ സൂചന. ഇസ്‌ലാമിന് മുമ്പുള്ള അറബികളുടെ പാരമ്പര്യത്തില്‍നിന്ന് വളര്‍ന്നുവലുതായ വിജ്ഞാനശാഖയല്ല ചരിത്രം എന്ന് മനസ്സിലാക്കാന്‍ ഈ വസ്തുതകള്‍ സഹായിക്കുന്നു. മുസ്‌ലിംസംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച ഗ്രീക്ക് നാഗരികതയും ചരിത്രത്തിന്റെ കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് വലതുതായൊന്നും നല്‍കിയിട്ടില്ല. ഗ്രീക്ക് , ലാറ്റിന്‍ ചരിത്രഗ്രന്ഥങ്ങള്‍ അറബികള്‍ക്ക് ലഭിച്ചിരുന്നില്ല. ചരിത്രവിജ്ഞാനശാഖ മുസ്‌ലിംകള്‍ സ്വയം വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്. പ്രവാചകദൗത്യത്തിന്റെ ഫലമായാണ് മുസ്‌ലിംകളില്‍ ചരിത്രവിജ്ഞാനകൗതുകം ഉടലെടുത്തത് എന്ന് പണ്ഡിതന്‍മാര്‍ സമര്‍ഥിക്കുന്നു.

മുഹമ്മദ് നബി മുന്‍പ്രവാചകന്‍മാരുടെ ശൃംഖലയിലെ ഒടുവിലത്തെ കണ്ണിയായാണ് സ്വയം പരിചയപ്പെടുത്തിയത്. മനുഷ്യവംശത്തിന്റെ ചരിത്രവുമായി മുസ്‌ലിംസമൂഹത്തെ പൂര്‍ണാര്‍ഥത്തില്‍ ലയിച്ചുചേര്‍ക്കുന്ന ഘടകമാണിത്. സത്യസന്ദേശവുമായി മുഴുവന്‍ മനുഷ്യസമൂഹങ്ങളിലും പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ട് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അടിസ്ഥാനവിശ്വാസം ഒരു ചരിത്രബോധമായി വികസിക്കുകയാണ് ചെയ്തത്. പൂര്‍വ്വികസമൂഹങ്ങളുടെ ഉത്ഥാനപതനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഖുര്‍ആന്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുന്നുണ്ട്. ഭൂതത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഇണക്കിച്ചേര്‍ക്കുന്ന സമീപനം ഇസ്‌ലാമികദര്‍ശനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മുസ്‌ലിമിന്റെ ജീവിതദര്‍ശനത്തെ രൂപപ്പെടുത്തുന്നതില്‍ ചരിത്രത്തിന് സുപ്രധാന പങ്കുണ്ട്. ആദംമുതല്‍ മുഹമ്മദ് നബിവരെയും മുഹമ്മദ് മുതല്‍ അന്ത്യനാള്‍ വരെയും നീണ്ടുകിടക്കുന്ന ധാരമുറിയാത്ത ഒരു പ്രവാഹത്തിലെ ബിന്ദുവായാണ് ഒരു മുസ്‌ലിംസ്വയം തിരിച്ചറിയുന്നത്. മുഹമ്മദ് നബിക്ക് മുമ്പുള്ള പ്രവാചകന്‍മാരുടെ ദൗത്യം അതത് സമൂഹങ്ങളില്‍മാത്രം പരിമിതമായിരുന്നു. എന്നാല്‍ മുഹമ്മദിന്റെ ദൗത്യം തന്റെ പൂര്‍വ്വികരുടെ ദൗത്യങ്ങളുടെ തുടര്‍ച്ചയും ലോകാവസാനംവരെ നിലനില്‍ക്കുന്നതുമാണ്. ഈ വിശ്വാസമാണ് മുസ്‌ലിംകളില്‍ ചരിത്രാന്വേഷണത്വര വളര്‍ത്തുന്നതില്‍ വഹിച്ച മറ്റൊരു സുപ്രധാനഘടകം. ചരിത്രത്തില്‍ മുഹമ്മദ് നബിക്കുള്ള അതുല്യമായ സ്ഥാനം ചരിത്രപഠനത്തെ ഒരു സാധനയാക്കാന്‍ മുസ്‌ലിംപണ്ഡിതന്‍മാര്‍ക്ക് പ്രചോദനംനല്‍കി.

ധാരാളം ചരിത്രസംഭവങ്ങളിലേക്ക് ഖുര്‍ആന്‍ വിശ്വാസികളുടെ ശ്രദ്ധക്ഷണിക്കുന്നുണ്ട്. ജനതകളുടെ അനുഭവങ്ങളെക്കുറിച്ച് പഠിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. ഇസ് ലാമികചരിത്രവിജ്ഞാനീയത്തിന്റെ പ്രഥമതത്ത്വം ഈ ഖുര്‍ആനികശാസനയാണ്. ആദ്, സമൂദ് സമൂഹങ്ങളെക്കുറിച്ച് പ്രതിപാദിക്കവെ സമൂഹത്തിന്റെ കൂട്ടായ്മ ജനിപ്പിക്കുന്ന ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ഖുര്‍ആന്‍ എടുത്തുകാട്ടുന്നു. വ്യക്തിയെക്കാള്‍ സമൂഹം പ്രസക്തമാകുന്ന ചരിത്രസന്ദര്‍ഭങ്ങളെക്കുറിച്ചുള്ള ഈ സൂചനകളാണ് ചരിത്രപാഠത്തിന് ഖുര്‍ആന്‍ നല്‍കുന്ന രണ്ടാമത്തെ തത്ത്വം. ചരിത്രം സ്വയം രൂപപ്പെടുകയല്ല , സമൂഹങ്ങള്‍ ചരിത്രത്തെ രൂപപ്പെടുത്തുകയാണ് വേണ്ടത് എന്ന കര്‍ത്തവ്യബോധം ചരിത്രദര്‍ശനത്തിന്റെ ഭാഗമാക്കുന്നതും ഖുര്‍ആന്‍ തന്നെയാണ്. ഈ ആശയപശ്ചാത്തലത്തിലാണ് മുസ്‌ലിംകളുടെ ചരിത്രാന്വേഷണം പിറവികൊണ്ടത്.
ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട ചരിത്രസംഭവങ്ങളുടെ വിശദാംശങ്ങള്‍ പഠിക്കാന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് ചരിത്രഗവേഷണം അനിവാര്യമായിത്തീര്‍ന്നു. ഖുര്‍ആന്ന് ബൃഹത്തായ വ്യാഖ്യാനമെഴുതിയ ഇബ്‌നു ജരീര്‍ ത്വബരി വലിയൊരു ചരിത്രകാരന്‍ കൂടിയായിത്തീര്‍ന്നത് ഇക്കാരണത്താലാണ്.

Topics