അനന്തരാവകാശ നിയമത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹജ്ബ് അഥവാ തടയല്‍. ചില അനന്തരാവകാശികളുടെ സാന്നിധ്യത്തില്‍ മറ്റുചിലര്‍ക്ക് അനന്തരാവകാശം പൂര്‍ണമായോ ഭാഗികമായോ തടയപ്പെടുന്ന അവസ്ഥയ്ക്കാണ് ഹജ്ബ് എന്ന് പറയുന്നത്. ഇത് രണ്ട് തരമുണ്ട്.
I. ഭാഗികമായ തടയല്‍ (ഹജ്ബ് നുഖ്‌സ്വാന്‍)
II. പൂര്‍ണമായ തടയല്‍ (ഹജ്ബ് ഹിര്‍മാന്‍)
ഹജ്ബ് നുഖ്‌സ്വാന്‍ – ഭാഗികതടയല്‍ 3 വിധം:
1. ഒരു നിശ്ചിത ഓഹരിക്കാരന്‍ മറ്റു ചില ഓഹരിക്കാരുടെ സാന്നിധ്യത്തില്‍ നേരത്തെ ഉള്ളതിലും കുറഞ്ഞ ഓഹരിക്കാരനായി മാറുക. ഇപ്രകാരം ഓഹരികള്‍ കുറയുന്നവര്‍ താഴെപ്പറയുന്ന കൂട്ടരാണ്:
– ഭര്‍ത്താവിന്റെ ഓഹരിയായ രണ്ടിലൊന്ന് സന്താനങ്ങളുടെ സാന്നിധ്യത്തില്‍ നാലിലൊന്ന് ആയിമാറും.
– ഭാര്യയുടെ ഓഹരിയായ നാലിലൊന്ന് സന്താനങ്ങളുടെ സാന്നിധ്യത്തില്‍ എട്ടിലൊന്ന് ആയി കുറയുന്നതാണ്.
-മാതാവിന്റെ ഓഹരിയായ മൂന്നിലൊന്ന് സന്താനങ്ങള്‍ അല്ലെങ്കില്‍ ഒന്നിലധികം സഹോദരങ്ങളുടെ സാന്നിധ്യത്തില്‍ ആറിലൊന്ന് ആയി കുറയുന്നതാണ്.
-പുത്രന്റെ പുത്രിയുടെ ഓഹരിയായ രണ്ടിലൊന്ന് നേര്‍പുത്രിയുടെ സാന്നിധ്യത്തില്‍ ആറിലൊന്ന് ആയി ചുരുങ്ങും.
-പിതാവൊത്ത സഹോദരിയുടെ ഓഹരിയായ രണ്ടിലൊന്ന് സഹോദരിയുടെ സാന്നിധ്യത്തില്‍ ആറിലൊന്ന് ആയി കുറയും.
2. ശിഷ്ട ഓഹരിക്കാരന്‍ എന്നതില്‍നിന്ന് നിശ്ചിതഓഹരിക്കാരന്‍ എന്നതിലേക്ക് മാറുക
– ശിഷ്ട ഓഹരിക്കാരനായ പിതാവ്/ പിതാമഹന്‍, പുത്രന്റെ അല്ലെങ്കില്‍ പുത്രന്റെ പുത്രന്റെ(പൗത്രന്‍) സാന്നിധ്യത്തില്‍ ആറിലൊന്ന് ലഭിക്കുന്ന നിശ്ചിത ഓഹരിക്കാരനായി മാറുന്നതാണ്.
3. നിശ്ചിത ഓഹരിയില്‍നിന്ന് അതിലുംകുറഞ്ഞ ശിഷ്ട ഓഹരിയിലേക്ക് മാറുക
പുത്രി, പുത്രന്റെ പുത്രി(പൗത്രി), നേര്‍സഹോദരി, പിതാവൊത്ത സഹോദരി എന്നിവര്‍ക്കൊപ്പം അവരവരുടെ സഹോദരന്‍മാരുമുണ്ടെങ്കില്‍ അവരുടെ നിശ്ചിത ഓഹരിയായിരുന്ന രണ്ടിലൊന്ന് എന്നതില്‍നിന്ന് മാറി അവര്‍ ശിഷ്ട ഓഹരിക്കാരായി ത്തീരുന്നതാണ്.
II. പൂര്‍ണമായ തടയല്‍ (ഹജ്ബ് ഹിര്‍മാന്‍)
– പുത്രന്‍ , പൗത്രനെ(പുത്രന്റെ പുത്രനെ) തടയും
– പുത്രനും, പൗത്രനും പുത്രന്റെ പുത്രന്റെ പുത്രനെ തടയും.
– പുത്രന്‍, ഒന്നിലധികം പുത്രിമാര്‍ (പുത്രന്റെ പുത്രിയോടൊപ്പം പുത്രന്റെ പുത്രനില്ലെങ്കില്‍) പുത്രന്റെ പുത്രിയെ ദായധനത്തില്‍നിന്ന് തടയും.
– പുത്രന്റെ പുത്രിയെ തടയുന്നവര്‍ , ഒന്നിലധികം പുത്രന്റെ പുത്രിമാര്‍(പുത്രന്റെ പുത്രിയോടൊപ്പം പുത്രന്റെ പുത്രന്റെ പുത്രനില്ലെങ്കില്‍) പുത്രന്റെ പുത്രന്റെ പുത്രിയെ തടയും
– പിതാവ്/ പിതാക്കന്‍മാരുടെ തലമുറയില്‍ താഴെയുള്ളവര്‍ മേലെയുളളവരെ തടയും. അതിനാല്‍ പിതാവിന്റെപിതാവ് ദായധന ഓഹരിയില്‍ തടയപ്പെടും.
– മാതാവോ പിതാവോ ഉണ്ടെങ്കില്‍ പിതാവിന്റെ മാതാവി(പിതാമഹി)ന് വിഹിതം തടയപ്പെടും.
– മാതാവ് ഉണ്ടെങ്കില്‍ മാതാവിന്റെ മാതാവ്(മാതാമഹി)ന് ഓഹരി നഷ്ടമാകും.
– പിതാവ്/ പിതാവിന്റെ പിതാവ്
(പിതാമഹന്‍)/ പുത്രന്‍/ പുത്രി/ പുത്രന്റെ പുത്രന്‍(പൗത്രന്‍) / പുത്രന്റെ പുത്രി (പൗത്രി) എന്നിവരുണ്ടെങ്കില്‍ മാതാവൊത്ത സഹോദരന് അനന്തരസ്വത്തില്‍ വിഹിതം തടയപ്പെടും.
– പിതാവ്/ പിതാമഹന്‍/ പുത്രന്‍/ പുത്രി/ പുത്രന്റെ പുത്രന്‍/പുത്രന്റെ പുത്രി എന്നിവരുണ്ടെങ്കില്‍ മാതാവൊത്ത സഹോദരിക്ക് അനന്തരസ്വത്തില്‍വിഹിതം തടയപ്പെടും.
– പിതാവ്/ പിതാമഹന്‍/ പുത്രന്‍ / പൗത്രന്‍ തുടങ്ങിയവരുണ്ടെങ്കില്‍ നേര്‍ സഹോദരന് അനന്തരസ്വത്തില്‍ ഓഹരി ലഭിക്കുകയില്ല.
– പിതാവ്/ പിതാമഹന്‍/ പുത്രന്‍ / പൗത്രന്‍ തുടങ്ങിയവരുണ്ടെങ്കില്‍ നേര്‍ സഹോദരിക്ക് അനന്തരസ്വത്തില്‍ ഓഹരി ലഭിക്കുകയില്ല.
– പിതാവ്/ പിതാവിന്റെ പിതാവ്/ പുത്രന്‍/ പുത്രന്റെ പുത്രന്‍/ നേര്‍ സഹോദരന്‍/ പുത്രിയുടെ സാന്നിധ്യത്തില്‍ ശിഷ്ടഓഹരിയില്‍ പങ്കുപറ്റുന്ന നേര്‍ സഹോദരി എന്നിവരിലാരെങ്കിലുമുണ്ടെങ്കില്‍ പിതാവൊത്ത സഹോദരന് അനന്തരസ്വത്തില്‍ വിഹിതം നിഷേധിക്കപ്പെടും.
-പിതാവ്/ പിതാവിന്റെ പിതാവ്/ പുത്രന്‍/ പുത്രന്റെ പുത്രന്‍/ നേര്‍ സഹോദരന്‍/ പുത്രിയുടെ സാന്നിധ്യത്തില്‍ ശിഷ്ടഓഹരിയില്‍ പങ്കുപറ്റുന്ന നേര്‍ സഹോദരി/ ഒന്നിലധികം സഹോദരിമാര്‍(പിതാവൊത്ത സഹോദരിയോടൊപ്പം പിതാവൊത്ത സഹോദരനുമില്ലെങ്കില്‍) അനന്തരസ്വത്തില്‍ പിതാവൊത്ത സഹോദരിക്ക് വിഹിതം തടയപ്പെടും.
– പിതാവിന്റെ പിതാവ്/ പിതാവൊത്ത സഹോദരനെ തടയുന്നവര്‍ / പിതാവൊത്ത സഹോദരന്‍ എന്നിവരിലാരെങ്കിലുമുണ്ടെങ്കില്‍ നേര്‍ സഹോദരന്റെ പുത്രന് വിഹിതം ഉണ്ടാവുകയില്ല.
-നേര്‍ സഹോദരന്റെ പുത്രനെ തടയുന്നവരോ, നേര്‍ സഹോദരന്റെ പുത്രനോ തുടങ്ങിയവരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ പിതാവൊത്തസഹോദരന്റെ പുത്രന്‍മാര്‍ക്ക് അനന്തരവിഹിതം തടയപ്പെടും.
– പിതാവ് ഒത്ത സഹോദരന്റെ പുത്രനെ തടയുന്നവരോ, പിതാവ് ഒത്ത സഹോദരന്റെ പുത്രനോ ഉണ്ടെങ്കില്‍ പിതാവിന്റെ പിതാവിന്റെ നേര്‍ സഹോദരന് അനന്തരവിഹിതം തടയപ്പെടുന്നതാണ്.
– പിതാവിന്റെ നേര്‍ സഹോദരനെ തടയുന്നവരോ പിതാവിന്റെ നേര്‍ സഹോദരനോ ഉണ്ടെങ്കില്‍ പിതാവിന്റെ പിതാവൊത്ത സഹോദരന് ഓഹരിവിഹിതം തടയപ്പെടും.
– പിതാവിന്റെ പിതാവ് ഒത്ത സഹോദരനെ തടയുന്നവരോ, പിതാവിന്റെ പിതാവ് ഒത്ത സഹോദരനോ ഉണ്ടെങ്കില്‍ പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന് അവകാശവിഹിതം ഉണ്ടായിരിക്കുന്നതല്ല.
-പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രനെ തടയുന്നവരോ പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രനോ ഉണ്ടെങ്കില്‍ പിതാവിന്റെ പിതാവ് ഒത്ത സഹോദരന്റെ പുത്രന് അനന്തരസ്വത്തില്‍ വിഹിതം തടയപ്പെടും.
* മരിച്ചയാള്‍ക്ക് പുത്രന്‍മാരില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ജീവിച്ചിരിപ്പില്ലാത്ത പുത്രന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല. അതുപോലെ പുത്രന്റെ പുത്രന്‍മാരുണ്ടെങ്കില്‍ പുത്രന്റെ പുത്രന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല.
*മരിച്ചയാള്‍ക്ക് പുത്രന്‍മാര്‍ ആരും ജീവിച്ചിരിപ്പില്ലെങ്കില്‍ പുത്രന്റെ സന്താനങ്ങള്‍ക്ക് (നിശ്ചിത ഓഹരിക്കാരുടെ ഓഹരി കഴിച്ച് ബാക്കിയുണ്ടെങ്കില്‍) അനന്തരാവകാശം ലഭിക്കുന്നതാണ്. അതുപോലെ പുത്രന്റെ പുത്രനില്ലെങ്കില്‍ പുത്രന്റെ പുത്രന്റെ സന്താനങ്ങള്‍ അനന്തരാവകാശം ലഭിക്കുന്നതാണ്.
* മരിച്ചയാള്‍ക്ക് ഒരു പുത്രി മാത്രമേ ഉള്ളൂ എങ്കില്‍ പുത്രന്റെ പുത്രിമാര്‍ക്ക് (പുത്രന്റെ പുത്രന്‍മാര്‍ ഇല്ലാത്ത അവസ്ഥയിലും) അനന്തരാവകാശം ലഭിക്കുന്നതാണ്.
* മരിച്ചയാള്‍ക്ക് രണ്ടോ അതിലധികമോ പുത്രിമാരുണ്ടെങ്കില്‍ പുത്രന്റെ പുത്രിമാര്‍ക്ക് (പുത്രന്റെ പുത്രന്‍മാര്‍ ഇല്ലാത്ത അവസ്ഥയില്‍) അനന്തരാവകാശം ലഭിക്കുകയില്ല.
* എന്നാല്‍ രണ്ടോ അതിലധികമോ പുത്രിമാരുണ്ടെങ്കിലും പൗത്രിമാരോടൊപ്പം പൗത്രന്‍മാരുമുണ്ടെങ്കില്‍ പൗത്രിമാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
* പിതാവിന്റെ അഭാവത്തില്‍ പിതാമഹനും പിതാവിന്റെയും പുത്രന്റെയും പുത്രന്റെ പുത്രന്റെയും അഭാവത്തില്‍ നേര്‍സഹോദരങ്ങളും അനന്തരാവകാശമെടുക്കുന്നു.
*പിതാവ് , നേര്‍ / അര്‍ധ സഹോദരീ സഹോദരന്‍മാരെ അനന്തരമെടുക്കുന്നതില്‍നിന്ന് തടയുന്നതാണ്. എന്നാല്‍ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് പിതാമഹന്‍(പിതാവിന്റെ പിതാവ്) നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീസഹോദരന്‍മാരെ അനന്തരമെടുക്കുന്നതില്‍നിന്ന് തടയുന്നതല്ല. മാതാവൊത്ത സഹോദരീ സഹോദരന്‍മാരെ മാത്രമേ തടയുകയുള്ളൂ.
കര്‍മശാസ്ര്തപണ്ഡിതന്‍മാര്‍ പിതാമഹനും സഹോദരങ്ങളും അനന്തരാവകാശികളായി വരുമ്പോഴുള്ള വിധിയെക്കുറിച്ച് പ്രധാനമായും രണ്ടഭിപ്രായക്കാരാണ്:
1. സഹോദരങ്ങളെ അനന്തരമെടുക്കുന്നതില്‍നിന്ന് പിതാമഹന്‍ തടയും – അബൂബക്ര്‍ സിദ്ദീഖ്(റ), ആഇശ(റ) തുടങ്ങി പ്രമുഖസ്വഹാബികളും ഇമാംഅബൂഹനീഫയും ഈ അഭിപ്രായക്കാരാണ്.
2. പിതാമഹനോടൊപ്പം സഹോദരങ്ങളും അനന്തരാവകാശമെടുക്കുന്നു – ഉമര്‍(റ), ഉഥ്മാന്‍ (റ), സൈദുബ്‌നു സാബിത് (റ) തുടങ്ങി സ്വഹാബിമാരും ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് എന്നിവരും ഈ അഭിപ്രായക്കാരാണ്.
ഭൂരിപക്ഷ കര്‍മശാസ്ത്രകാരന്‍മാരും രണ്ടാമത്തെ അഭിപ്രായത്തിന് മുന്‍തൂക്കം കൊടുത്തിരിക്കുന്നു.
* പിതാമഹന്‍ (പിതാവിന്റെ പിതാവ്) താഴെ പറയുന്നവരെ അനന്താരാവകാശം ലഭിക്കുന്നതില്‍നിന്ന് തടയുന്നതാണ്:
– മാതാവൊത്ത സഹോദരി, സഹോദരന്‍
– നേര്‍ സഹോദരന്റെ പുത്രന്‍
– പിതാവൊത്ത സഹോദരന്റെ പുത്രന്‍
– നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
– പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
– പിതാവിന്റെ നേര്‍ സഹോദരന്‍
– പിതാവിന്റെ പിതാവൊത്ത സഹോദരന്‍
– പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍
* സന്താനങ്ങളുടെയും പുത്രന്റെ സന്താനങ്ങളുടെയും പിതാവിന്റെയും പിതാമഹന്റെയും അഭാവത്തില്‍ മാതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നു.
*മാതാവിന്റെ അഭാവത്തില്‍ മാതാമഹി(മാതാവിന്റെ മാതാവ്)ക്കും മാതാവിന്റെയും പിതാവിന്റെയും അഭാവത്തില്‍ പിതാമഹി(പിതാവിന്റെ മാതാവ്)ക്കും അനന്തരാവകാശം ലഭിക്കുന്നു. അതായത്, പിതാവ് പിതാമഹിയെ മാത്രമേ തടയുകയുള്ളൂ. എന്നാല്‍ മാതാവ് പിതാമഹിയെയും (പിതാവിന്റെ മാതാവ്)മാതാമഹി(മാതാവിന്റെ മാതാവ്)യെയും അനന്തരമെടുക്കുന്നതില്‍നിന്ന് തടയുന്നതാണ്. (ഹന്‍ബലി മദ്ഹബനുസരിച്ച് മാതാവിന്റെ അഭാവത്തില്‍ പിതാവുണ്ടെങ്കിലും പിതാമഹിക്ക് അനന്തരാവകാശം ലഭിക്കും)
* പിതാമഹി ,മാതാമഹി ഇവരില്‍ ഒരാള്‍ മാത്രം ജീവിച്ചിരിക്കുന്നു എങ്കില്‍ ജീവിച്ചിരിപ്പില്ലാത്ത മറ്റെയാളുടെ മാതാവിന് അനന്തരാവകാശം ലഭിക്കുകയില്ല.
*മേല്‍ പറഞ്ഞ പ്രകാരം മാതാമഹി മാത്രമേ തടയുകയുള്ളൂ. പിതാമഹി തടയുകയില്ല എന്നാണ് ഇമാം മാലിക്, ഇമാം ശാഫി എന്നിവര്‍ അഭിപ്രായപ്പെടുന്നത്.
*നേര്‍ സഹോദരന്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരെ അനന്തരമെടുക്കുന്നതില്‍നിന്ന് തടയുന്നതാണ്.
*ഒന്നിലധികം നേര്‍ സഹോദരികളുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിയെ / സഹോദരിമാരെ അനന്തരമെടുക്കുന്നതില്‍നിന്ന് തടയുന്നതാണ്.
*ഒന്നിലധികം നേര്‍ സഹോദരിമാരുണ്ടെങ്കിലും പിതാവൊത്ത സഹോദരി/ മാരോടൊപ്പം പിതാവൊത്ത സഹോദരന്‍/ മാരുണ്ടെങ്കിലും പിതാവൊത്ത സഹോദരിമാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
* ഒരു നേര്‍ സഹോദരി പിതാവൊത്ത സഹോദരിയെ / സഹോദരിമാരെ അനന്തരമെടുക്കുന്നതില്‍നിന്ന് തടയുകയില്ല.
* ഒരു നേര്‍ സഹോദരിയും പുത്രി അല്ലെങ്കില്‍ പുത്രന്റെ പുത്രിയുമാണ് അവകാശികളായിട്ടുള്ളതെങ്കില്‍ നേര്‍ സഹോദരി ശിഷ്ടഓഹരിക്കാരിയാവുകയും പിതാവൊത്ത സഹോദരനെ അനന്തരാവകാശം ലഭിക്കുന്നതില്‍നിന്ന് തടയുകയുംചെയ്യും.
*അതുപോലെ ഒരു പിതാവൊത്ത സഹോദരിയും പുത്രി അല്ലെങ്കില്‍ പുത്രന്റെ പുത്രിയുമാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ പിതാവൊത്ത സഹോദരി ശിഷ്ട ഓഹരിക്കാരിയാവുകയും നേര്‍ സഹോദരന്റെ പുത്രനെ അനന്തരാവകാശം ലഭിക്കുന്നതില്‍നിന്ന് തടയുകയുംചെയ്യും.
*നേര്‍ സഹോദരനോ പിതാവൊത്ത സഹോദരനോ ഇല്ലെങ്കില്‍ നേര്‍ സഹോദരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു.
*എന്നാല്‍ നേര്‍ സഹോദരി, പിതാവൊത്ത സഹോദരി, ഒന്നിലധികം മാതാവൊത്ത സഹോദരങ്ങള്‍ എന്നിവരുണ്ടെങ്കില്‍ അവരുടെ നിശ്ചിത ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടാവില്ല എന്നതിനാല്‍ നേര്‍ സഹോദരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുകയില്ല.(രണ്ടിലൊന്ന്+ ആറിലൊന്ന്+മൂന്നിലൊന്ന് = 1)
താഴെക്കൊടുത്ത ഓരോ അനന്തരാവകാശിയും അവര്‍ക്ക് താഴെയുള്ള അനന്തരാവകാശികളെ അനന്തരാവകാശം ലഭിക്കുന്നതില്‍നിന്ന് തടയും:
– നേര്‍ സഹോദരന്റെ പുത്രന്‍
– പിതാവിന്റെ സഹോദരന്റെ പുത്രന്‍
– നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍
– പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍
– പിതാവിന്റെ നേര്‍ സഹോദരന്‍
– പിതാവിന്റെ പിതാവൊത്ത സഹോദരന്‍
– പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍
Add Comment