വിശ്വാസം-പഠനങ്ങള്‍

ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഹദീസില്‍ – 2

നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതികലോകത്തിന്റെ തകര്‍ച്ചയുടെ അടയാളങ്ങളെക്കുറിച്ച ഹദീസുകള്‍ വ്യക്തമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. ദിവ്യത്വം അവകാശപ്പെടുകയും തനിക്ക് വഴിപ്പെടാനായി ജനങ്ങളെ ക്ഷണിക്കുകയും എന്നാല്‍ തികഞ്ഞ ന്യൂനതയായ ഒറ്റക്കണ്ണോടുകൂടിയവനുമായ മനുഷ്യനായ ‘മസീഹുദ്ദജ്ജാല്‍’ പ്രത്യക്ഷപ്പെടലാണ് ഇവയില്‍ പ്രധാനം.

1. ‘പെരുംകള്ളന്‍മാരായ മുപ്പതോളം വ്യാജവാദികള്‍ പ്രത്യക്ഷപ്പെടുന്നതുവരെ ലോകാവസാനം സംഭവിക്കില്ല. തങ്ങള്‍ അല്ലാഹുവിന്റെ ദൂതന്‍മാരാണെന്ന് അവരെല്ലാം അവകാശപ്പെടും’.
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:

‘തങ്ങളുടെ സമുദായത്തെ ഒറ്റക്കണ്ണനും പെരുങ്കള്ളനുമായ ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാതെ ഒരു പ്രവാചകനും നിയോഗിക്കപ്പെട്ടിട്ടില്ല. തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണനല്ല. ദജ്ജാലിന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ‘കാഫിര്‍’ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കും.’
ഹുദൈഫ (റ) നിവേദനംചെയ്യുന്നു: ‘വെള്ളവും തീയുമായാണ് ദജ്ജാല്‍ പുറപ്പെടുക. ജനം തീയാണെന്ന് മനസ്സിലാക്കുന്നത് തണുത്തവെള്ളമായിരിക്കും. അവര്‍ തണുത്ത വെള്ളമായി കരുതുന്നത് കത്തിക്കാന്‍ ശേഷിയുള്ള തീയായിരിക്കും. ഇത് ആരെങ്കിലും കണ്ടാല്‍ തീയാണ് എന്ന് കാണുന്നതിനെ സമീപിക്കട്ടെ. അത് തണുത്ത വെള്ളമായിരിക്കും.’

മുഗീറഃ (റ) പറയുന്നു: ദജ്ജാലിനെക്കുറിച്ച് ഞാന്‍ ചോദിച്ചത് മറ്റാരും നബി(സ)യോട് ചോദിച്ചിട്ടില്ല. നബി(സ) എന്നോട് ചോദിച്ചു:’ദജ്ജാല്‍ നിന്നെ എന്തുചെയ്യാനാ? അവന്റെ കൂടെ ഒരു റൊട്ടിമലയും ജലനദിയും ഉണ്ടാകുമെന്ന് ആളുകള്‍ പറയുന്നു. നബി;’അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഏറെ നിസ്സാരമത്രെ” ദജ്ജാലിന്റെ പ്രകടനങ്ങള്‍ യാഥാര്‍ഥ്യങ്ങളായിരിക്കില്ലെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ആകാശത്തുനിന്ന് ഭൂമിയിലേക്ക് അവതരിക്കുന്ന ഈസാ നബി(അ) ദജ്ജാലിനെ വധിച്ച് ഭൂമിയില്‍ ഇസ്‌ലാമികശരീഅത്ത് സ്ഥാപിക്കും.

2.ഈസാനബിയുടെ പുനരാഗമനം സംബന്ധിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

3. ജനങ്ങളോട് സംസാരിക്കുന്ന ഒരു ജന്തുവിന്റെ പുറപ്പാടാണ് ലോകാവസാനത്തിന്റെ മറ്റൊരു ലക്ഷണം. ഖുര്‍ആന്‍ പറയുന്നു: ‘നമ്മുടെ വചനം അവരില്‍ പുലര്‍ന്നാല്‍ നാം അവര്‍ക്കായി ഭൂമിയില്‍നിന്ന് ഒരു ജന്തുവിനെ പുറപ്പെടുവിക്കും. ജനം നമ്മുടെ വചനങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അതവരോട് പറയും.’ (അന്നംല് 82)

4. സൂര്യന്‍ പടിഞ്ഞാറ് നിന്നുദിക്കും. പ്രാപഞ്ചികഘടന കീഴ്‌മേല്‍ മറിയുന്നതിന്റെ വ്യക്തമായ അടയാളം. ഇതുണ്ടായിക്കഴിഞ്ഞാല്‍ സത്യനിഷേധികളുടെ ഇസ്‌ലാമാശ്ലേഷം സ്വീകരിക്കപ്പെടില്ല. അധര്‍മികളുടെ പശ്ചാത്താപം പരിഗണിക്കപ്പെടുകയില്ല. (സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക എന്ന നബിവചനത്തിന്റെ വിവക്ഷ പാശ്ചാത്യലോകത്തെ ഇസ്‌ലാമിന്റെ പ്രചാരണവും പ്രഭാവവുമാണെന്ന തരത്തില്‍ പലരും വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ ഈ സൂക്തം ലോകാവസാനത്തെക്കുറിച്ചാണ് പറയുന്നതെന്നിരിക്കെ, വിശ്വസിക്കാനും പശ്ചാത്തപിക്കാനും അവസരം കഴിഞ്ഞിരിക്കെ പിന്നെ എന്ത് ഇസ്‌ലാം പ്രചാരണം ?).

Topics