വിവാഹം-ലേഖനങ്ങള്‍

പങ്കാളിയെ തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ വേണോ ?!

‘യൗവനം യുവാക്കള്‍ പാഴാക്കിക്കളയുന്നു’ എന്ന് സാധാരണയായി ചിലര്‍ പറയാറുണ്ട്. അപ്പറഞ്ഞതില്‍ അല്‍പം സത്യമില്ലാതില്ല. ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജവും ആവേശവും പ്രസരിപ്പിക്കപ്പെടുന്ന കാലഘട്ടമാണ് യുവത്വം. അത് പലപ്പോഴും തങ്ങള്‍ സ്വാംശീകരിച്ച കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ സ്വപ്‌നത്തേരിലേറി ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഇതിഹാസമായിരിക്കും. അത്തരം ഘട്ടത്തില്‍ ജീവിതത്തിലെ എല്ലാ സാധ്യതകളെയും യൗവനം പരീക്ഷിക്കുന്നു.
പലപ്പോഴും യൗവനം അക്ഷമയുടെതും ധൃതിയുടെയും ഉഛ്വാസമായിത്തീരാറുണ്ട്. തന്റെ പരിശ്രമങ്ങള്‍ക്ക് ഉടനടി ഫലം സമ്പൂര്‍ണാര്‍ഥത്തില്‍ തന്നെ ലഭിക്കണമെന്ന അത്യാഗ്രഹമാണതിന് പിന്നില്‍. വിവേകവും അറിവുമാണ് വിജയത്തിന് നിദാനമെന്ന യാഥാര്‍ഥ്യം മറന്നുപോകുന്നവരാണ് യുവാക്കള്‍. അറിവ് നേടാന്‍ ജീവിതാനുഭവങ്ങളല്ലാതെ മറ്റുകുറുക്കുവഴികളില്ലെന്ന് അവരിലധികപേര്‍ക്കും അറിയില്ല..
ജീവിതാനുഭവങ്ങള്‍ക്ക് ശത്രുവോ എതിരാളിയോ ഇല്ല. രണ്ടാംതലമുറയെ അപേക്ഷിച്ച് പ്രായമേറിയവരുടെ കയ്യിലുള്ള അമൂല്യരത്‌നമാണ് പ്രസ്തുത ജീവിതാനുഭവങ്ങള്‍. അതിനാല്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഉപദേശങ്ങള്‍ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ജീവിതലക്ഷ്യം നിര്‍ണയിക്കുന്നതിലും നേടിയെടുക്കുന്നതിലും വളരെ സഹായകരമാണ്.

പ്രായമേറിയവര്‍ ബുദ്ധിയുള്ളവര്‍

ഇക്കാലത്ത് മുസ്‌ലിംയുവാക്കള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വിവാഹവുമായി ബന്ധപ്പെട്ടതാണ്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകളാണ് അതില്‍ മുഖ്യം. ആ എതിര്‍പ്പുകളുടെ പിന്നില്‍ തറവാട്, സംസ്‌കാരം, മദ്ഹബ്, പ്രായം, ജോലി, കുടുംബപശ്ചാത്തലം തുടങ്ങി പരിഗണനകളാണ് താനും. ഇനി ഈ തലമുറകള്‍ ജീവിതശൈലിയിലും പരസ്പരാശയ വിനിമയത്തിലും പരസ്പരബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതിലും മതധാര്‍മികമൂല്യങ്ങളോടുള്ള പ്രതിപത്തിയിലും കടുത്ത അന്തരം പുലര്‍ത്തുന്നവരാണെങ്കില്‍ സംഘര്‍ഷം അവസാനിക്കുകയേയില്ല.
ഉദാഹരണത്തിന്, മതമോ വംശമോ പരിഗണിക്കാതെ വിദേശിയായ ഒരു സുന്ദരിയില്‍ അനുരക്തനായ ഒരു മുസ്‌ലിംയുവാവ് അവളെ വിവാഹംകഴിക്കണമെന്ന ആഗ്രഹം വീട്ടുകാരോട് പ്രകടിപ്പിച്ചാല്‍ ദീനിതാല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള പ്രസ്തുത ദാമ്പത്യം തകര്‍ച്ചയിലേ കലാശിക്കൂ എന്ന് മനസ്സിലാക്കുന്നതുകൊണ്ട് രക്ഷിതാക്കള്‍ അതിന് വിസമ്മതിക്കും. ഈ ഘട്ടത്തില്‍ ‘ ഉറ്റസുഹൃത്തുക്കള്‍ ‘ യുവാവിനെ പ്രോത്സാഹിപ്പിക്കുകയും തുടര്‍ന്ന് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങളെ മാനിക്കാതെ അവന്‍ വേറിട്ട് താമസമാരംഭിക്കുകയും ചെയ്യും.

ഇത്തരം യൗവനങ്ങളെ അഭിസംബോധന ചെയ്യുകയാണിവിടെ. അത്തരം തീരുമാനങ്ങളെടുക്കുംമുമ്പ് അവര്‍ ഒരു നിമിഷം ആലോചിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടാണ് തന്റെ രക്ഷിതാക്കള്‍ താനിഷ്ടപ്പെട്ട പെണ്ണുമായുള്ള വിവാഹബന്ധത്തെ എതിര്‍ക്കുന്നതെന്ന് ഒരു നിമിഷം അവന്‍ ചിന്തിക്കട്ടെ. ജീവിതപങ്കാളിയാകുന്ന വിഷയത്തില്‍ ആ വ്യക്തിയുടെ തെരഞ്ഞെടുപ്പില്‍ രക്ഷിതാക്കളുടെ എതിര്‍പ്പിന്റെ കാരണമെന്തായിരിക്കാം ? ഇക്കാര്യങ്ങളെല്ലാം തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ രക്ഷിതാക്കളുമായി ആശയവിനിമയം ചെയ്യാന്‍ അവര്‍ തയ്യാറാവണം.
രണ്ടാമതായി, രക്ഷിതാക്കള്‍ പങ്കുവെച്ച അഭിപ്രായങ്ങളിലും ആശങ്കകളിലും എന്തെങ്കിലും കഴമ്പുണ്ടോയെന്ന് വിശകലനം ചെയ്യണം. തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ രക്ഷിതാക്കള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ തൊണ്ണൂറുശതമാനവും മക്കളുടെ ഭാവിസുരക്ഷയെ മുന്‍നിര്‍ത്തിയായിരിക്കുമെന്നതില്‍ സംശയമില്ല. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വെച്ചുപുലര്‍ത്തിയ മാനദണ്ഡങ്ങളും ആദര്‍ശവും തങ്ങള്‍ പില്‍ക്കാലജീവിതത്തില്‍ എത്രമാത്രം സ്വാധീനംചെലുത്തി എന്നത് അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. ആ ബോധ്യത്തില്‍ നിന്നാണ് അവര്‍ പുതുതലമുറയെ മാര്‍ഗദര്‍ശനം ചെയ്യാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ചില പ്രത്യേകഗണത്തില്‍പെട്ട രക്ഷിതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തള്ളിക്കളയേണ്ടിയും വരും. വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ആളുടെ മാതാപിതാക്കള്‍ അമുസ്‌ലിംകളാണെന്നതോ, അല്ലെങ്കില്‍ മക്കളുടെ അത്ര ദീനിപ്രതിബദ്ധത ഉള്ളവരല്ല അവരെന്നതോ ഒക്കെയാണ് അതിലൊന്ന്. അത്തരം മതപരമായ പരിഗണനകള്‍ക്കപ്പുറം, നിറം കുറവാണ്, വണ്ണം കൂടുതലാണ്, സ്ത്രീധനം പോരാ, പെണ്‍കുട്ടിക്ക് പാചകമറിയില്ല, ഡിഗ്രിയില്ല, വീട്ടില്‍ സഹോദരങ്ങളേറെയുള്ള കുടുംബമാണ്, കൂട്ടുകുടുംബജീവിതരീതിയാണ് അങ്ങനെ തുടങ്ങിയുളള വിഷയങ്ങളെച്ചൊല്ലി വിവാഹാലോചന നിരുത്സാഹപ്പെടുത്തുന്ന കൂട്ടരുമുണ്ട്. ഇത്തരം സംഗതികളില്‍ പലതും കാലംചെല്ലുമ്പോള്‍ മാറിമറിയാവുന്നതാണ് (ഉദാഹരണം: പാചകമറിയില്ല, ഡിഗ്രിയില്ല, താമസരീതി, ജോലി തുടങ്ങിയവ..)എന്നിരിക്കെ യുവാക്കള്‍ അത്തരം സംഗതികളുടെ പേരില്‍ നല്ലൊരു വിവാഹാലോചനയെ വേണ്ടെന്ന് വെക്കരുത്. രക്ഷിതാക്കളുടെ അത്തരംവിഷയങ്ങളിലുള്ള എതിര്‍പ്പിനെ യുക്തിയോടെയും അവധാനതയോടെയും തിരുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതേസമയം ഇസ്‌ലാം വിവാഹാലോചനകളില്‍ സ്വീകരിക്കാന്‍ കല്‍പിച്ചിട്ടുള്ള ദീനി മാനദണ്ഡങ്ങളെക്കുറിച്ച ബോധ്യം അവര്‍ക്ക് പകര്‍ന്നുനല്‍കാനും ശ്രദ്ധിക്കണം.
ഇസ്‌ലാമികമൂല്യങ്ങളെ മുന്‍നിര്‍ത്തി വിവാഹത്തിന് ശ്രമിച്ചിട്ട് കുടുംബത്തില്‍ നിന്നും മുതിര്‍ന്ന ബന്ധുക്കളില്‍നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുന്ന ഘട്ടത്തില്‍ നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീരുമാനമെടുക്കാന്‍ സഹായംതേടി നമസ്‌കരിക്കുക(സ്വലാത്തുല്‍ ഇസ്തിഖാറഃ).
യുവസമൂഹം ഒരു കാര്യം മനസ്സിലാക്കുക. അതായത്, തങ്ങളുടെ ഭാവിയെപ്പറ്റി കരുതലുള്ളവരാണ് രക്ഷിതാക്കളെന്ന വസ്തുത യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ ചില മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ നിസ്സാരകാരണങ്ങളുന്നയിച്ച് വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞിട്ടുണ്ടാകാം. എന്നിരുന്നാല്‍ പോലും ആത്യന്തികമായി നാം മനസ്സിലാക്കേണ്ട ഒരു വസ്തുത നമ്മുടെ ജീവിതത്തില്‍ എല്ലാ വിധിയും അല്ലാഹുവിങ്കല്‍നിന്നാണെന്നതാണ്. ആ വിധിയെ മാതാപിതാക്കളെന്നല്ല,ഒരാള്‍ക്കും തടുക്കാനാവില്ല.

ചാരിത്ര്യവതികളുമായി വിവാഹാലോചനയ്ക്ക് രക്ഷിതാവിന്റെ അനുവാദം

വിശ്വാസിസമൂഹത്തിലെ ചാരിത്ര്യവതികളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അവരുടെ രക്ഷിതാക്കളുടെ അനുവാദം ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. യുവതിയുടെ രക്ഷകര്‍ത്താക്കള്‍ എന്ന അര്‍ഥത്തില്‍ അഹ്‌ല് എന്ന പദാവലി ഉപയോഗിച്ചതായി കാണാം. ‘അതിനാല്‍ അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക'(അന്നിസാഅ് 25). ഇസ്‌ലാമിനെക്കുറിച്ച് അത്ര കാര്യഗൗരവമായി മനസ്സിലാക്കാത്ത ആളുകള്‍ക്ക് ഈ നിബന്ധന പിന്തിരിപ്പനും അനീതിയും ആയി തോന്നിയേക്കാം. അതായത്, ഒരു പെണ്‍കുട്ടിക്ക് തനിക്കിഷ്ടമുള്ള ആളെ വിവാഹംചെയ്യണമെങ്കില്‍ രക്ഷിതാക്കളുടെ അനുവാദം വേണം. അതേസമയം ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം രക്ഷിതാക്കളുടെ വിസമ്മതത്തെ അവഗണിച്ചുപോലും -അത് പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടില്ല- വിവാഹം സാധ്യമാണ്.

തനിക്കിഷ്ടമുള്ള ആളുമായി വിവാഹ-വിവാഹേതര ബന്ധം പുലര്‍ത്തി ജീവിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുള്ള മതനിരാസ-പുരോഗമന-ലിബറല്‍ ചിന്താഗതികളുള്ള സമൂഹങ്ങളില്‍ പക്ഷേ, സ്ത്രീസമൂഹത്തിന്റെ അവസ്ഥയെന്തെന്ന് ഇത്തരുണത്തില്‍ നാം പരിശോധിക്കുന്നത് നല്ലതാണ്. ദാമ്പത്യജീവിതമാരംഭിക്കാന്‍, പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ അനുവാദം ഒരു ഉപാധിയാക്കിയ അല്ലാഹുവിന്റെ യുക്തിയുടെ അപാരത അപ്പോള്‍ നമ്മെ അമ്പരപ്പിക്കുകതന്നെ ചെയ്യും.

ദാമ്പത്യത്തില്‍ ഭീഷണിനേരിടുന്നത് സ്ത്രീകള്‍
സാധാരണ വൈവാഹികജീവിതത്തില്‍ പുരുഷന്‍മാരില്‍നിന്ന് വൈകാരികമായും ശാരീരികമായും ഏറ്റവും കൂടുതല്‍ പീഡനമേല്‍ക്കുന്നത് സ്ത്രീജനങ്ങളാണ്. തിരിച്ചും സംഭവിക്കുന്നുണ്ട് എന്ന് നിഷേധിച്ചുകൊണ്ടല്ല, ഏവര്‍ക്കുമറിയാവുന്ന ഈ കയ്പുറ്റ യാഥാര്‍ഥ്യത്തെ ഇവിടെ മുന്നില്‍വെച്ചത്. പുരുഷന്‍ കായികമായി ശക്തനും വൈകാരികമായി വ്യത്യസ്തനുമാണ്. വ്യക്തമായി പറഞ്ഞാല്‍ വര്‍ത്തമാനലോകത്ത് സ്വതന്ത്രനായി ജീവന് ഭീഷണിയില്ലാതെ സൈ്വരവിഹാരം നടത്താന്‍ കഴിയുന്നത് പുരുഷനു മാത്രമാണ്. വിവാഹത്തിന്റെ പരിണതിയെന്നോണം ഗര്‍ഭം ധരിക്കുകയും ശിശുവിനെ പരിപാലിക്കുകയും ചെയ്യുന്ന നിര്‍ബന്ധിതാവസ്ഥയും അവനില്ല. ലിബറല്‍ – മതനിരാസ സമൂഹത്തിലെ പുരുഷനാകട്ടെ, തനിക്ക് അനുഗുണമെന്ന് തോന്നുന്ന സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുകയും പിന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഈ ആസ്വാദനപ്രക്രിയ അനവരതം തുടരുന്നു. വിവാഹം ഒഴിവാക്കി ചിലതിലെങ്കിലും കുട്ടികളെ സമ്മാനിക്കുന്ന ഇത്തരം ജീവിതം ഒട്ടേറെ സ്ത്രീജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. അതുപോലെത്തന്നെ, ഗര്‍ഭകാലത്ത് ശാരീരികക്ലേശങ്ങള്‍ക്കും പ്രസവാനന്തരപരിരക്ഷണങ്ങള്‍ക്കും വിധേയയായി കുട്ടിയെ നോക്കുന്ന സമയത്ത് യാത്രകളും അതുപോലെ കായികാധ്വാനവും വേണ്ടിവരുന്ന ജോലികള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ല. അത് അവരുടെ ശോഭന ഭാവിക്കുപയുക്തമായ പ്രൊഫഷണല്‍ ജോലിസാധ്യതയെ ഇല്ലാതാക്കുന്നു. കുട്ടികളെ പരിപാലിക്കാന്‍ അതുകൊണ്ടുതന്നെ കഴിയാതാവുന്നു. രക്ഷിതാക്കളുടെയും കുടുംബബന്ധുക്കളുടെയും സ്വാധീനവലയത്തില്‍നിന്ന് ‘ഫ്രീഡം’ പ്രഖ്യാപിച്ച് പ്രേമവും അങ്ങനെ ഒരുമിച്ചുതാമസവും തുടങ്ങുന്ന യുവതികള്‍ അവസാനം സ്വന്തം കുട്ടിയെ പോറ്റാന്‍വേണ്ടി കഠിനാധ്വാനംചെയ്യുന്ന ‘ഒറ്റയമ്മ’ (സിംഗിള്‍ മദര്‍)മാരായി മാറുന്നു.

അല്ലാഹുവിന്റെ യുക്തി
പുരുഷന്‍മാര്‍ സ്ത്രീകളെ അപേക്ഷിച്ച് കായബലത്തിലും കായികവൈഭവങ്ങളിലും മുന്നിലാണ്. അതിനാല്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ സ്ത്രീകളെ വിവാഹംചെയ്യാനുള്ള അവസരം പുരുഷന്‍മാര്‍ക്ക് ലഭിച്ചാല്‍ അവര്‍ നിര്‍ബാധം വിവാഹബന്ധത്തിലും വിവാഹമോചനത്തിലും ഏര്‍പ്പെടുകയും അത് ആസ്വാദനത്തിനുള്ള മാര്‍ഗമായി സ്വീകരിക്കുകയുംചെയ്യും. മനുഷ്യവംശത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്ന കുടുംബവ്യവസ്ഥ അതോടെ തകര്‍ന്നുപോകും. മാത്രമല്ല, ഗര്‍ഭം ധരിക്കുന്നതും ശിശുവിനെ വളര്‍ത്തുന്നതും അവളെ ലൈംഗികാകര്‍ഷണം കുറഞ്ഞവളാക്കുന്നു. ആ ഘട്ടത്തില്‍ അവളെയും കുഞ്ഞിനെയും പരിപാലിക്കുന്നതും വീട്ടുചിലവുകള്‍ നോക്കിനടത്തുന്നതും കടുത്ത സാമ്പത്തികബാധ്യതയായി കാണുന്ന പുരുഷന്‍ അവരെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. അത്തരമൊരു ഘട്ടത്തില്‍ പുരുഷന്‍ മറ്റൊരുവളെ തേടി നീങ്ങുന്നു. ഇന്നത്തെ മതനിരാസ-ലിബറല്‍ സമൂഹങ്ങളില്‍ പൊതുവെ കണ്ടുവരുന്ന പ്രവണതയാണിത്. പല സ്ത്രീകളും പുരുഷനോടൊന്നിച്ച് കഴിഞ്ഞതുമൂലമുണ്ടായ കുട്ടിയുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നത് അവിടത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം യുവതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുംവിധം അവരെ ഡേകെയറുകളില്‍ ഉപേക്ഷിച്ചിട്ടാണ് ജോലിക്കുപോകുന്നതുതന്നെ. എന്നാല്‍ ഇസ്‌ലാം ഇത്തരം അനാരോഗ്യകരമായ അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യുന്നു. സ്ത്രീകളെ വെറും ആസ്വാദനത്തിനുള്ള ഉപകരണങ്ങളായും പ്രസവയന്ത്രമായും കാണാന്‍ പുരുഷന്‍മാരെ അത് അനുവദിക്കുന്നില്ല. ആര്‍ക്കും യഥേഷ്ടം ഉപയോഗിച്ച് വലിച്ചെറിയാനുള്ള വസ്തുവെന്ന അവസ്ഥ ഇല്ലാതാക്കി യുവതികളെ അത് മുത്തുകളെപ്പോലെ സംരക്ഷിക്കുന്നു.

സമാപനം:
വിവാഹപ്രായമെത്തിക്കഴിഞ്ഞാല്‍ ഓരോ മുസ്‌ലിംയുവാവും യുവതിയും അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്ന വിഷയത്തില്‍ മാതാപിതാക്കളടക്കമുള്ള രക്ഷിതാക്കളുടെ ഇടപെടലിനെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുക. അതേസമയം രക്ഷിതാക്കള്‍ മക്കളുടെ താല്‍പര്യങ്ങളെ വിലക്കുന്നുവെന്ന് തോന്നാത്തവിധം അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുന്നോട്ടുവരിക.

Topics