Dr. Alwaye Column

പരീക്ഷണങ്ങളെ പ്രതിരോധിക്കുക

മനുഷ്യജീവിതത്തിലെ ദൈവികനടപടിക്രമങ്ങളുടെ ഭാഗമെന്നോണം പ്രബോധകന്‍മാര്‍ പരീക്ഷിക്കപ്പെടാനിടയുണ്ട്. അല്ലാഹുവിന്റെ യുക്തിയുടെ തേട്ടമായും സത്യപ്രബോധകന്‍മാരുടെ മനസ്സിലുള്ള യഥാര്‍ഥവിശ്വാസവും നിസ്വാര്‍ഥതയും പുറത്തുകൊണ്ടുവരേണ്ടതിനായും തദ്വാരാ അര്‍ഹമായ പ്രതിഫലം നല്‍കേണ്ടതിനായുമൊക്കെ ആവാം ഇത്യാദി പരീക്ഷണങ്ങള്‍. അത്തരം ഘട്ടങ്ങളില്‍ പരീക്ഷണങ്ങളെ ആത്മപീഢകളായി പ്രബോധകന്‍മാര്‍ തെറ്റിദ്ധരിക്കരുത്. അതേസമയം പരീക്ഷണങ്ങളില്‍നിന്ന് മുക്തമാകാന്‍ വേണ്ട സാധ്യമായതും ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശിച്ചതുമായ രക്ഷാമാര്‍ഗങ്ങള്‍ പ്രയോഗിച്ചുനോക്കേണ്ടതുമുണ്ട്. സത്യപ്രബോധന സരണിയില്‍ പരീക്ഷണങ്ങളുണ്ടാകുമെന്നും അപ്പോള്‍ ക്ഷമിക്കേണ്ടിവരുമെന്നും പറയുന്നതിന്റെ ഉദ്ദേശ്യം പ്രബോധകന്‍ പ്രബോധനദൗത്യത്തിന്റെ സഹചാരിയായി ക്ഷമയെന്ന മനോജ്ഞമായ സ്വഭാവഗുണത്തെ കൊണ്ടുനടക്കാനും വാഗ്ദത്തം ചെയ്യപ്പെട്ട അന്തിമസഹായം ലഭിക്കാന്‍ അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കാനും വേണ്ടിയാണ്. സ്വയം നാശത്തിലേക്കും ആത്മനിന്ദയിലേക്കും എടുത്തുചാടുക എന്നത് ഇസ്‌ലാമില്‍ അഭിലക്ഷണീയമായ കാര്യമല്ല. നിന്ദകരും പീഡകരുമായ മിഥ്യയുടെ വക്താക്കള്‍ക്ക് തല കൊടുക്കാന്‍ പാടില്ല എന്നതുപോലെ സ്വകരങ്ങളെ നിങ്ങള്‍ നാശത്തിലേക്കിടരുത് (അല്‍ബഖറ 195) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍(സ) നല്‍കിയ ഒരു നിര്‍ദേശം ഇങ്ങനെയാണ്: ‘ആത്മനിന്ദ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. ‘എങ്ങനെയാണ് ദൈവദൂതരേ ഒരാള്‍ ആത്മനിന്ദ കാട്ടുക?’ അനുചരന്‍മാര്‍ തിരക്കി. തിരുമേനി പ്രതിവചിച്ചു: ‘താങ്ങാനാവാത്ത പരീക്ഷണങ്ങള്‍ ക്ഷണിച്ചുവരുത്തി അത് സഹിക്കുക’.

റോമക്കാരുമായുള്ള യുദ്ധത്തിന് നിയുക്തമായ സൈന്യത്തിന്റെ നായകനായി നിശ്ചയിക്കപ്പെട്ട ഉസാമത്തുബ്‌നു സൈദിനെ നബിതിരുമേനി ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: ‘നിങ്ങളൊരിക്കലും ശത്രുവുമായുള്ള ഏറ്റുമുട്ടലിന് കൊതിക്കരുത്. അവരാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടാന്‍ പോവുകയാണോ എന്ന് നിങ്ങള്‍ക്കറിയില്ല. എന്നാല്‍ നിങ്ങളിങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുവേ, ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്ന് ഞങ്ങളെ നീ തടുക്കേണമേ. അവരുമായുള്ള യുദ്ധം നീ പ്രതിരോധിക്കേണമേ’. വിശ്വാസികളോട് അല്ലാഹു കാട്ടിയ ഔദാര്യമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്:’ വിശ്വാസികളില്‍നിന്ന് യുദ്ധത്തെ അകറ്റിനിര്‍ത്താന്‍ അല്ലാഹു മതി’. യുദ്ധം ഒഴിഞ്ഞുപോവുക എന്നത് അല്ലാഹുവിന്റെ ഇടപെടലിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നും അത് വിശ്വസികളോടുള്ള ദൈവികഔദാര്യമായി കാണേണ്ടതാണെന്നും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. യുദ്ധം എന്നത് പ്രയാസവും വേദനയുമാണല്ലോ.
ഇത്തരുണത്തില്‍ സത്യപ്രബോധനദൗത്യമേറ്റെടുത്ത ഓരോരുത്തരും രണ്ട് സുപ്രധാന യാഥാര്‍ഥ്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ഒന്ന്: ഇസ്‌ലാമിന്റെ പ്രചാരണത്തിനും വിജയത്തിനും പ്രയോജനകരമാവാത്ത യാതൊന്നിനും സ്വന്തം കഴിവും അധ്വാനവും വിനിയോഗിക്കാതിരിക്കുക. ഇന്നയാള്‍ സത്യപ്രബോധനത്തിനായി ഒരു പാട് പ്രയാസം സഹിച്ചു, ത്യാഗംചെയ്തു എന്നൊക്കെ ജനങ്ങള്‍ ആരെയെങ്കിലും കുറിച്ച് പറഞ്ഞു നടന്നു എന്നതുകൊണ്ട് ഇസ്‌ലാമിന് പ്രത്യേകിച്ചൊരു മെച്ചവുമുണ്ടാകാന്‍ പോകുന്നില്ല. അതേസമയം ഇന്നയിന്ന ലക്ഷ്യത്തോടെ ഇന്നയിന്ന പ്രേരകങ്ങളാല്‍ ചരിത്രനിയോഗമെന്ന അര്‍ഥത്തിലാണ് പീഡനങ്ങളും പ്രയാസങ്ങളും ഒരാള്‍ സഹിച്ചതെങ്കില്‍ അതില്‍ കാര്യമുണ്ട്. ഒരു പ്രബോധകന്റെ സ്വത്വമെന്നത് അവന്റെ അധികാരപരിധിയില്‍പെട്ടതല്ല. അല്ലാഹുവിന്റെ അധികാരപരിധിയില്‍ പെട്ടതാണ്. ഭ്രംശമാര്‍ഗികള്‍ പരിചയിച്ച ആത്മഹത്യാപരവും പ്രതിലോമകരവുമായ മാര്‍ഗം പിന്തുടര്‍ന്ന് പ്രബോധകന്‍മാര്‍ സ്വയം വിനാശത്തിന്റെ പാത സ്വീകരിക്കാന്‍ പാടുള്ളതല്ല.

രണ്ട്: പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും നേരെ സ്വീകരിക്കേണ്ട സ്വയംപ്രതിരോധത്തിന്റെയും അവയ്ക്കുമുന്നില്‍ അടിയറവു പറയാതിരിക്കുന്നതിന്റെയും അനിവാര്യത :
സത്യപ്രബോധനത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ പ്രവാചകതിരുമേനി സ്വന്തം ജീവിതത്തിലൂടെ ഈ യാഥാര്‍ഥ്യം പ്രായോഗികമായി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. എക്കാലത്തും എവിടെയുമുള്ള സമസ്ത പ്രബോധകന്‍മാര്‍ക്കും പ്രസ്തുത പ്രവാചകമാതൃക ഒരു കെടാദീപമായി അവശേഷിക്കാന്‍വേണ്ടികൂടിയാണ് ദൈവദൂതന്‍ അത് സ്വാനുഭവങ്ങളിലൂടെ അത് കാണിച്ചുതന്നത്. മക്കയില്‍നിന്ന് അബ്‌സീനിയയിലേക്ക് വിശ്വാസികളോട് പലായനം നടത്താന്‍ കല്‍പിച്ചത് തങ്ങളുടെ വിശ്വാസദര്‍ശനം കാത്തുരക്ഷിക്കാനും ഖുറൈശീപീഡനങ്ങളില്‍നിന്ന് സ്വയം രക്ഷതേടാനും വേണ്ടിയായിരുന്നു. സാധ്യത തുറന്നുകിട്ടിയാല്‍ പരീക്ഷണങ്ങളെ പ്രതിരോധിക്കല്‍ ബാധ്യതയായി കാണണമെന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്. രക്ഷപ്പെടാന്‍ കഴിയുമെന്നിരിക്കെ പീഡനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സ്വയം നിന്നുകൊടുക്കുക എന്നത് അഭിലക്ഷണീയമല്ല എന്ന് മാത്രമല്ല, അനുവദനീയം കൂടിയല്ല എന്ന് മനസ്സിലാക്കേണ്ടതുമുണ്ട്. ‘മുഅ്ത’ യുദ്ധമുഖത്ത് നിന്ന് മുസ്‌ലിംസൈന്യത്തെയും കൊണ്ട് ഖാലിദ് ബ്‌നു വലീദ് പിന്‍വാങ്ങുകയും മദീനയിലേക്ക് തിരിച്ചുവരികയുംചെയ്ത സന്ദര്‍ഭത്തില്‍ പ്രസ്തുത നടപടിയെ വിശ്വാസികളില്‍ ചിലര്‍ അധിക്ഷേപിക്കുകയുണ്ടായി. യുദ്ധമുഖത്തുനിന്ന് നടത്തിയ വിലക്കപ്പെട്ട ഒളിച്ചോട്ടം തന്നെ അതെന്ന് മറ്റുചിലര്‍ പരിഹസിച്ചു:’ഛെ, എന്തൊരു ഒളിച്ചോട്ടം! ദൈവമാര്‍ഗത്തില്‍ നിന്നല്ലേ നിങ്ങള്‍ ഒളിച്ചോടിയത്’ എന്നുകൂടി അവര്‍ പറഞ്ഞുകളഞ്ഞു. അപ്പോള്‍ ദൈവദൂതര്‍ ഇടപെട്ട് കൊണ്ട് പറഞ്ഞു:’അവര്‍ ഒളിച്ചോടിയതല്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ മറ്റൊരു പോരാട്ടത്തിനായി എടുത്തുചാടിയതാണ്’. യുദ്ധരംഗത്തുനിന്നുള്ള ഖാലിദ് ബ്‌നുല്‍ വലീദിന്റെയും സൈന്യത്തിന്റെയും പിന്‍വാങ്ങലും മദീനയിലേക്കുള്ള തിരിച്ചുവരവും വളരെയേറെ ദീര്‍ഘദൃഷ്ടിയോടെയാണ് ദൈവദൂതന്‍ നോക്കിക്കണ്ടത്. സത്യപ്രബോധനത്തിന്റെ ധീരമായ ചരിത്രപ്രയാണത്തില്‍ പ്രസ്തുത പിന്‍വാങ്ങലിനും തിരിച്ചുവരവിനും സ്വയം പ്രതിരോധത്തിന്റെയും തുടര്‍വിജയത്തിന്റെയും ഒരു രീതിശാസ്ത്രമുണ്ടെന്ന് നബിതിരുമേനി ബോധ്യപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വളരെയേറെ പ്രയോജനം കിട്ടാനിടയുള്ള മറ്റൊരു പോരാട്ടത്തിനും സജ്ജമാകാനായിരുന്നു ഖാലിദും സംഘവും മുഅ്ത പോര്‍ക്കളം ഉപേക്ഷിച്ചതും യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതുമെന്ന് ചുരുക്കം.


മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics