അമാനുഷികത

ഖുര്‍ആനിന്റെ ദൈവികത

ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ രചനയല്ല. ദൈവികസന്ദേശങ്ങളുടെ സമാഹാരമാണ്. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ‘ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതാണ്. നിശ്ചയം വിശ്വസ്തനായ മാലാഖ അത് നിന്റെ (നബിയുടെ )ഹൃദയത്തിലാണിതിറക്കിത്തന്നത്. നീ താക്കീതുനല്‍കുന്നവരിലുള്‍പ്പെടാന്‍. സ്പഷ്ടമായ അറബി ഭാഷയിലാണിത് ‘(അശ്ശുഅറാഅ് 192-195) ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്ന അവകാശവാദത്തെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

തൗറാത്ത്, ഇഞ്ചീല്‍ തുടങ്ങിയ പൂര്‍വവേദങ്ങളില്‍ മുഹമ്മദ് നബിയുടെ ആഗമനത്തെയും ഖുര്‍ആന്‍ അവതരണത്തെയും കുറിച്ച് പ്രവചനങ്ങള്‍ കാണാം. ഖുര്‍ആന്‍ തന്നെ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ‘നിന്റെ നാഥന്റെ വചനം സത്യത്താലും നീതിയാലും സമഗ്രമായിരിക്കുന്നു. അവന്റെ വചനങ്ങളില്‍ ഭേദഗതി വരുത്തുന്ന ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.(അല്‍ അന്‍ആം 115) ‘.’പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇതുണ്ട്. ഇസ്രയേല്‍ മക്കളിലെ പണ്ഡിതര്‍ക്ക് അതറിയാം എന്നതുതന്നെ ഇവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലേ?'(അശ്ശുഅറാഅ് 197). ‘സത്യം മനസ്സിലായതിനാല്‍ ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ(ശുദ്ധഹൃദയരായ ക്രിസ്ത്യാനികളുടെ) കണ്ണുകളില്‍നിന്ന് കണ്ണീരൊഴുകുന്നത് നിനക്കുകാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു:’ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ’ ‘(അല്‍മാഇദ 83). പ്രവാചകന്റെ കാലത്ത് യഹൂദരും ക്രൈസ്തവരുമായ നിരവധി പണ്ഡിതന്‍മാര്‍ ഇപ്രകാരം ഇസ്‌ലാംസ്വീകരിച്ചിരുന്നു. ഏതോപ്യയിലെ രാജാവ് നേഗസ്, റോമന്‍ഗവര്‍ണറും ബിഷപ്പുമായ ഇബ്‌നു നാത്തൂന്‍, പ്രസിദ്ധ ബൈബിള്‍ പണ്ഡിതനായിരുന്ന കഅ്ബുല്‍ അഹ്ബാര്‍, മദീനയിലെ ജൂതനേതാവായിരുന്ന അബ്ദുല്ലാ ഇബ്‌നു സലം തുടങ്ങിയവര്‍ ഉദാഹരണം. ഇപ്പോള്‍ പ്രചാരത്തിലുള്ള ബൈബിളിലും മുഹമ്മദ് നബിയെയും ഖുര്‍ആനെയും സംബന്ധിക്കുന്ന സൂചനകള്‍ ഉണ്ട്. ആവര്‍ത്തനപുസ്തകം18:18,19 , മത്തായി 21 : 42-44 4: 17 യോഹന്നാന്‍ 14:15,16 തുടങ്ങിയ വാക്യങ്ങള്‍ ഈ പ്രവചനം ഉള്‍ക്കൊള്ളുന്നു.

ഖുര്‍ആന്റെ ദൈവികതയ്ക്ക് അത് സ്വയം ഹാജരാക്കുന്ന മറ്റൊരു സാക്ഷ്യം അതില്‍ യാതൊരു വൈരുധ്യവുമില്ല എന്നതാണ്. ‘ ഖുര്‍ആന്‍ അല്ലാഹുവല്ലാത്ത വല്ലവരുടെയും പക്കല്‍നിന്നുള്ളതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ ധാരാളം ഭിന്നത കാണുമായിരുന്നു’ (അന്നിസാഅ് 82).ഇരുപത്തിമൂന്നുവര്‍ഷത്തിനിടയ്ക്ക് പലപ്പോഴായി അവതരിച്ച സൂക്തങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ എന്നിരിക്കെ ഈ പ്രത്യേകത ഏറെ ശ്രദ്ധേയമാകുന്നു.
പ്രവാചകനും അനുചരന്‍മാര്‍ക്കും ഖുര്‍ആന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെട്ട സംഭവങ്ങളും ഖുര്‍ആന്റെ അമാനുഷികതയ്ക്കുള്ള തെളിവുനല്‍കുന്നു. ഹുദൈബിയ സന്ധിക്കുശേഷം നിരാശരായി മടങ്ങിയ മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ മക്കാവിജയത്തെക്കുറിച്ച് പ്രവചനം നടത്തി(അല്‍ഫത്ഹ് 27). വളരെ കൃത്യമായി ഇത് പുലരുകയുണ്ടായി. പേര്‍ഷ്യക്കാര്‍ക്കെതിരെ റോമക്കാര്‍ വിജയം നേടുമെന്ന പ്രവചനം(അര്‍റൂം 4-6), മുസ്‌ലിംകള്‍ക്ക് മേധാവിത്തം ലഭിക്കുമെന്ന പ്രവചനം(അന്നൂര്‍ 45) ഇവ മറ്റുദാഹരണങ്ങളാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics