Global

ജറൂസലമില്‍ വീണ്ടും ഇസ്രായേല്‍ അധിനിവേശം: 153 വീടുകള്‍ക്ക് കൂടി അനുമതി

ജറൂസലം: ട്രംപ് അധികാരമേറ്റതിനു ശേഷം വീണ്ടും ജറൂസലമില്‍ ഇസ്രായേല്‍ അധിനിവേശം. കിഴക്കന്‍ ജറൂസലമില്‍ 153 വീടുകള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കി. വരുന്ന മാസങ്ങളില്‍ ആയിക്കണക്കിന് വീടുകള്‍ക്ക് അനുമതി നല്‍കുമെന്ന് ജറൂസലം ഡപ്യൂട്ടി മേയര്‍ അറിയിച്ചു.
നേരത്തെ ഒബാമ ഭരണകുടത്തിന്റെ സമ്മര്‍ദ്ദം മൂലം നിര്‍ത്തി വെച്ച വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡപ്യൂട്ടി മേയര്‍ മീര്‍ തുര്‍ഗ്മാന്‍ എഎഫ്പിയോട് പറഞ്ഞു. 11,000 വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായും അദ്ദേഹം വെളിപെടുത്തി.

ട്രംപ് അധികാരമേറ്റതിനു പിന്നാലെ 22ന് 566 വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് മേയര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം വെസ്റ്റ് ബാങ്കില്‍ 2,500 വീടുകള്‍ക്കു അനുമതി നല്‍കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുടിയേറ്റ വീടുകള്‍ നിര്‍മിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ യു.എന്‍ അപലപിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ പിന്തുണയാണ് ഇസ്രായേലിന് നല്‍കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് യുഎന്‍ രക്ഷാസമിതിപ്രമേയം പസാക്കിയത്. അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കാതെ വന്നതോടെയാണ് അന്ന് പ്രമേയം പാസായത്. ഇസ്രയേലിന്റെയും ഡോണള്‍ഡ് ട്രംപിന്റെയും താത്പര്യങ്ങള്‍ക്കു വിരുദ്ധമായായിരുന്നു ഒബാമ ഭരണകൂടത്തിന്റെ അന്നത്തെ നീക്കം. ജനുവരി 20നു ശേഷം യുഎന്നിലുള്‍പ്പെടെ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് ഇതിനുശേഷം ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ജറുസലേമിനെ വിഭജിക്കാതെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപിന്റെ ക്യാംപയിന്‍ പ്രസ്താവനയിലും പറഞ്ഞിരുന്നു.
1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ജൂതപാര്‍പ്പിടകേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് ഫലസ്തീന്റെ നിലപാട്. ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് അവര്‍ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കേണ്ടത്.

Topics