സാങ്കേതിക ശബ്ദങ്ങള്‍

ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക ശബ്ദങ്ങള്‍

മുതവാതിര്‍
ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്‌ന്)വും. ഇവയുമായി ബന്ധപ്പെട്ട് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്ത്വങ്ങളുമാണ് ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക ശബ്ദങ്ങളുടെ ഉള്ളടക്കം. നിവേദകര്‍ എത്രപേരുണ്ടെന്നതിനെ അടിസ്ഥാനമാക്കി ഹദീസുകളെ മുതവാതിര്‍, ആഹാദ് എന്നിങ്ങനെ രണ്ടുവിഭാഗമായി തരംതിരിച്ചിട്ടുണ്ട്: കളവോ വ്യാജമോ ആകാന്‍ സാധ്യത ശേഷിക്കാത്തവിധം സത്യസന്ധമായി അനേകം പേരിലൂടെ പ്രസ്താവിക്കപ്പെട്ട ഹദീസാണ് മുതവാതിര്‍. നിവേദകപരമ്പരയുടെ ഓരോ പടവിലും ഈ വിധം നിവേദകരുടെ ആധിക്യം ഉണ്ടാവണമെന്ന് വ്യവസ്ഥയുണ്ട്. നിവേദകര്‍ ഉദ്ധരിക്കുന്നത് തങ്ങള്‍ നേരിട്ട് കേട്ടതോ കണ്ടതോ ആവണമെന്നതും ഹദീസ് മുതവാതിറാവാനുള്ള ഉപാധിയാണ്. ഈ മാനദണ്ഡങ്ങളിലേതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ ഹദീസ് മുതവാതിര്‍ അല്ലാതാവും.

മുതവാതിര്‍ രണ്ട് വിധമാണ്:
1. വാചികം (അല്‍ മുതവാതിറുല്ലഫഌ):
വാക്യവും ഉള്ളടക്കവും ഒരുപോലെ മുതവാതിറായി വന്നിട്ടുള്ളതാണ് വാചികമായ മുതവാതിര്‍.
2. ആശയപരം (അല്‍ മുതവാതിറുല്‍ മഅ്‌നവീ):
വാക്യങ്ങളില്‍ മാറ്റമുള്ളതോടൊപ്പം ആശയപരമായി മുതവാതിറായ ഹദീസാണ് മുതവാതിര്‍ മഅ്‌നവി.

I. സ്വഹീഹ്, ഹസന്‍
മുതവാതിറായ ഹദീസുകളുടെ സ്വീകാര്യതയില്‍ തര്‍ക്കമില്ലെന്നു മാത്രമല്ല. അതിന്റെ ഉള്ളടക്കം ഖണ്ഡിതമായി ബോധ്യപ്പെടുന്നതുമാണ്. ഇത്തരം ഹദീസുകളെ പണ്ഡിതന്‍മാര്‍ രണ്ടിനങ്ങളിലായി വീണ്ടും വിഭജിച്ചിരിക്കുന്നു.
1. സ്വഹീഹ്
2. ഹസന്‍

* സ്വഹീഹ്
സ്വഹീഹ്: ന്യൂനതകളില്‍നിന്ന് വിമുക്തമായത്, കുറ്റമറ്റത്, ആരോഗ്യമുള്ളത് എന്നൊക്കെയാണ് സ്വഹീഹിന്റെ ഭാഷാര്‍ഥം. വിശ്വസ്തരും ധാര്‍മികമൂല്യങ്ങളുള്ളവരും ഹദീസ് കൈകാര്യ നിര്‍വഹണത്തില്‍ കൃത്യനിഷ്ഠയുള്ളവരുമായ നിവേദകരുടെ മുറിയാത്ത പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതും മറ്റു നിവേദനങ്ങളോട് വിരുദ്ധമാകാത്തതും, ന്യുനതകളില്‍ നിന്ന് മുക്തമായതുമായ ഹദീസാണ് സാങ്കേതികമായി സ്വഹീഹ് എന്നറിയപ്പെടുന്നത്. ഹദീസ് സ്വഹീഹാകണമെങ്കില്‍ താഴെപറയുന്ന നിബന്ധനകള്‍ പൂര്‍ത്തീകരിച്ചിരിക്കണം:
1. ഓരോ നിവേദകനും താന്‍ നിവേദനംചെയ്ത ഹദീസ് തന്റെ മീതെയുള്ളവരില്‍നിന്ന് നേരിട്ട് സ്വീകരിക്കുക.
2. നിവേദകരെല്ലാവരും ധര്‍മനിഷ്ഠയുള്ളവരും വിവേകമതികളും കളങ്കമേല്‍ക്കാത്ത മാന്യതയുള്ളവരും പ്രായപൂര്‍ത്തിവന്നവരുമായിരിക്കുക.
3. താന്‍ ഉദ്ധരിച്ച ഹദീസ് തന്നെക്കാള്‍ പ്രാമാണികനായ നിവേദകന്‍ ഉദ്ധരിച്ച ഹദീസിനോട് എതിരാവാതിരിക്കുക.
4. ഹദീസ് ന്യൂനതകളില്‍നിന്ന് മുക്തമാവുക.
5. ഓരോ റിപ്പോര്‍ട്ടറും തനിക്കു ലഭിച്ച ഹദീസ് കൃത്യമായി ഹൃദിസ്ഥമാക്കി സൂക്ഷിക്കുന്നതില്‍ ജാഗ്രതയും നിഷ്ഠയുമുള്ളവനായിരിക്കുക.

* ഹസന്‍
ഹസന്‍ : ഉത്തമം, ഉല്‍കൃഷ്ടം, മനോഹരമായത് എന്നൊക്കെയാണ് ഹസനിന്റെ ഭാഷാര്‍ഥം. സ്വഹീഹായ ഹദീസിനുള്ള അഞ്ചാമത്തെ നിബന്ധന ഒഴികെയുള്ള മുഴുവന്‍ നിബന്ധനകളുമൊത്ത ഹദീസുകളാണ് ഹസന്‍. അഥവാ ഓരോ നിവേദകനും ഹദീസ് രേഖപ്പെടുത്തിയോ ഹൃദിസ്ഥമാക്കിയോ സൂക്ഷിക്കുന്ന കാര്യത്തില്‍ കൃത്യനിഷ്ഠയും ജാഗ്രതയുമുള്ളവനായിരിക്കുക എന്ന നിബന്ധന ഹസന് ബാധകമല്ല. ഇതാണ് സ്വഹീഹും ഹസനും തമ്മിലുള്ള പ്രധാന അന്തരം. പ്രാബല്യത്തില്‍ സ്വഹീഹിന്റെ താഴെയാണ് ഹസന്റെ പദവിയെങ്കിലും സ്വീകാര്യവും പ്രാമാണികവുമായ ഹദീസുകള്‍ക്കൊപ്പമാണ് ഹസന്റെ സ്ഥാനം.

II. ഖബറുല്‍ ആഹാദ്
മുതവാതിറല്ലാത്ത ഹദീസുകളൊക്കെ ഖബറുല്‍ ആഹാദ് എന്ന സംജ്ഞയില്‍ ഉള്‍പ്പെടുന്നു.
നിവേദകരുടെ എണ്ണത്തെ ആസ്പദിച്ച് ആഹാദിനെ മശ്ഹൂര്‍ , അസീസ് , ഗരീബ് എന്നീമൂന്ന് ഇനങ്ങളിലായി വിഭജിച്ചിട്ടുണ്ട്.
A. മശ്ഹൂര്‍
: നിവേദകശ്രേണിയിലെ ഓരോ പടവിലും മൂന്നോ അതിലധികമോ നിവേദകരുള്ള ഹദീസ്. ഇതിന് മുസ്തഫീദ് എന്നും പേരുണ്ട്.
B. അസീസ്
നിവേദകശ്രേണിയുടെ പടവുകളിലോരോന്നിലും രണ്ടില്‍ കുറയാത്ത നിവേദകരുള്ള ഹദീസിനെയാണ് അസീസ് എന്ന് പറയുന്നത്. ഒരുപടവില്‍മാത്രം രണ്ട്‌പേരും മറ്റുള്ള എല്ലാപടവുകളിലും മൂന്നോ അതിലധികമോ നിവേദകരുണ്ടായാലും ഹദീസ് അസീസ് തന്നെ.
C. ഗരീബ്
നിവേദകപരമ്പരയിലെ ഏതെങ്കിലും ഒരു ശ്രേണിയില്‍ നിവേദകര്‍ ഒരാള്‍ മാത്രമായാല്‍ അവയാണ് ഗരീബ്. ഇത് രണ്ട് വിധമുണ്ട്.
1. ഗരീബ് മുത്‌ലഖ്: ഒരാള്‍മാത്രം നിവേദകനായി വരുന്നത് ശ്രേണിയുടെ തുടക്കത്തി (സ്വഹാബി) ലാണെങ്കില്‍ ഗരീബ് മുത്‌ലഖ് എന്ന് പറയുന്നു.
2. ഗരീബ് നിസബി: സ്വഹാബിയല്ലാത്ത ആരെങ്കിലുമാണ് ഒറ്റയാളായി വരുന്നതെങ്കില്‍ അതിനെ ഗരീബ് നിസബി എന്നും പറയുന്നു.

III. തിരസ്‌കൃത ഹദീസുകള്‍
നിവേദകപരമ്പരയില്‍നിന്ന് ഒന്നോ അതിലധികമോ കണ്ണികള്‍ നഷ്ടമായതുകൊണ്ടോ നിവേദകന്റെ അയോഗ്യതകാരണമായോ നിവേദനത്തിന്റെ വിശ്വാസ്യത സംശയാസ്പദമായി തിരസ്‌കൃതമാകുന്ന ഹദീസുകളാണ് തിരസ്‌കൃതമായ ഹദീസുകള്‍.

A. നിവേദക ശ്രേണിയില്‍ നിന്ന് കണ്ണി നഷ്ടമാകല്‍
നിവേദകശ്രേണിയില്‍നിന്ന് അപ്രത്യക്ഷമായ നിവേദകരുടെ എണ്ണവും സ്ഥാനവും പരിഗണിച്ച് ഹദീസുകളെ നാല് ഇനമായി തിരിക്കാം:
1. മുഅല്ലഖ്.
2. മുര്‍സല്‍.
3. മുഅ്ദല്‍.
4. മുന്‍ഖത്വിഅ്.

* മുഅല്ലഖ്
നിവേദകശ്രേണിയുടെ ആദ്യഭാഗത്ത് ഒന്നോ അതിലധികമോ നിവേദകരെ ഒഴിവാക്കിയിട്ടുള്ള ഹദീസാണിത്. നിവേദകരില്‍ ആരെയും പരാമര്‍ശിക്കാതെ ”നബി തിരുമേനി പ്രസ്താവിച്ചു….” എന്നിങ്ങനെ ഉദ്ധരിക്കുന്ന ഹദീസ് ഈ ഗണത്തില്‍ പെടുന്നു. ഈ വിധം വിട്ട് കളഞ്ഞ നിവേദകര്‍ അജ്ഞാതമായിരിക്കുമ്പോള്‍ ഹദീസ് ദുര്‍ബലമാണെന്ന് വിധിക്കും.
അധ്യായ ശീര്‍ഷകങ്ങള്‍ക്കു താഴെ അനുബന്ധമായി ബുഖാരി ഉദ്ധരിച്ചിട്ടുള്ള ഇത്തരം ഹദീസ് സ്വഹീഹിന്റെ ഭാഗമായല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ”ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചത്” എന്ന് ഇത്തരം ഹദീസുകളെകുറിച്ച് പറയാവതല്ല; ”ബുഖാരി മുഅല്ലഖായി ഉദ്ധരിച്ചത്” എന്നേ പറയാവൂ.

* മുര്‍സല്‍
നിവേദകപരമ്പരയിലെ അവസാനത്തില്‍ താബിഇന്(സ്വഹാബികളുടെ പിന്‍ഗാമി)ശേഷം പരാമര്‍ശിക്കപ്പെടേണ്ട നിവേദകനെ വിട്ടുകളഞ്ഞ ഹദീസുകളാണ് മുര്‍സല്‍. നബി(സ)ഇപ്രകാരം പറഞ്ഞുവെന്ന് ഒരു താബിഅ് പ്രസ്താവിക്കുന്ന രൂപത്തിലാണ് ഇത് വരുന്നത്. ഇത്തരം ഹദീസുകള്‍ മറ്റു നിവേദനങ്ങളിലൂടെ വ്യക്തമാകാതിരുന്നാല്‍ അവ അസ്വീകാര്യവും ദുര്‍ബലവുമായിത്തീരും.

* മുഅ്ദല്‍
നിവേദകപരമ്പരയില്‍നിന്ന് തുടര്‍ച്ചയായി രണ്ടോ അതിലധികമോ നിവേദകര്‍ വിട്ടുപോയ ഹദീസാണ് മുഅ്ദല്‍.
* മുന്‍ഖത്വിഅ്
നിവേദകപരമ്പരയിലെ ചില കണ്ണികള്‍ നഷ്ടമായ ഹദീസുകളാണ് മുന്‍ഖത്വിഅ് എന്നതിന്റെ സാമാന്യ വിവക്ഷ. മുകളില്‍ പറയപ്പെട്ട മൂന്നിനങ്ങളും മുന്‍ഖത്വിഅ് ആണെങ്കിലും, നിവേദകശ്രേണിയുടെ മധ്യഭാഗത്ത് നിവേദകന്‍ വിട്ടു പോയ ഹദീസിനെയാണ് മുന്‍ഖത്വിഅ് എന്ന് സാങ്കേതികമായി വിളിക്കുന്നത്.

സനദുമായി ബന്ധപ്പെട്ട ചില സംജ്ഞകള്‍
*മുദല്ലസ്
*അല്‍ മുര്‍സലുല്‍ ഖഫിയ്യ്.

• മുദല്ലസ്
തദ്‌ലീസ് എന്ന ക്രിയാനാമത്തില്‍നിന്നും നിഷ്പന്നമായ കര്‍മപദമാണ് മുദല്ലസ്. വില്‍പനവസ്തുവിന്റെ ന്യൂനത, ഉപഭോക്താവില്‍നിന്നു മറച്ചുവെക്കുന്നതിന്നാണ് ഭാഷയില്‍ തദ്‌ലീസ് എന്ന് പറയുന്നത്. അഥവാ, നിവേദക ശ്രേണിയുടെ ന്യൂനത മറച്ചുവെച്ച് ബാഹ്യരൂപം ഭംഗിയാക്കുന്നതാണ് സാങ്കേതികമായി തദ്‌ലീസ് എന്നു പറയുന്നത്. ഇത് രണ്ട് വിധമുണ്ട്:
1. തദ്‌ലീസുല്‍ ഇസ്‌നാദ്.
2. തദ്‌ലീസുശ്ശുയൂഖ്.
• തദ്‌ലീസുല്‍ ഇസ്‌നാദ്
നിവേദകന്‍ തന്റെ ഗുരുവില്‍നിന്ന് നേരിട്ട് കേള്‍ക്കാത്ത ഹദീസ് നേരിട്ടു കേട്ടതാണെന്ന് പറയാതെ ഉദ്ധരിക്കലാണ് തദ്‌ലീസുല്‍ ഇസ്‌നാദ്.
• തദ്‌ലീസുശ്ശുയൂഖ്
നിവേദകന്‍ തന്റെ ഗുരുവില്‍നിന്ന് നേരിട്ടുകേട്ട ഹദീസ് ഉദ്ധരിക്കുമ്പോള്‍ ഗുരുവിനെ അദ്ദേഹം അറിയപ്പെടാത്ത ഒരു അപരനാമത്തില്‍ പരാമര്‍ശിക്കുന്ന രീതിയാണിത്.

* അല്‍ മുര്‍സലുല്‍ ഖഫിയ്യ്
പരോക്ഷ മുര്‍സല്‍ : നിവേദകന്‍ കാണുകയോ തന്റെ സമകാലികനായി ജീവിക്കുകയോ ചെയ്ത ആളില്‍നിന്ന് നേരിട്ടുകേള്‍ക്കുകയോ ചെയ്യാത്ത ഹദീസ് നേരിട്ട് കേട്ടതാണെന്നോ അല്ലെന്നോ സ്പഷ്ടമാക്കാതെ രണ്ടിനും സാധ്യതയുള്ള രൂപത്തില്‍ നിവേദനം ചെയ്യുന്ന ശൈലിയാണിത്.
1. താന്‍ ഹദീസുദ്ധരിച്ചവനുമായി നിവേദകന്‍ സന്ധിച്ചിട്ടില്ലെന്നോ പ്രസ്തുത ഹദീസ് അദ്ദേഹത്തില്‍നിന്ന് ലഭിച്ചതല്ലെന്നോ പണ്ഡിതന്മാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തല്‍.
2. നിവേദകന്‍ സ്വയംതന്നെ അത് വെളിപ്പെടുത്തുക.
3. നിവേദകനും അദ്ദേഹം ഉദ്ധരിക്കുന്ന വ്യക്തിക്കും മധ്യേ മറ്റൊരാളെ പരാമര്‍ശിക്കുന്ന വേറെ നിവേദനമുണ്ടാവുക. ഈ ഇനം മുന്‍ഖത്വിഇന്റെ ഗണത്തില്‍ പെട്ടതിനാല്‍ ദുര്‍ബലമായ ഹദീസാണ്.

B. നിവേദകന്റെ ന്യൂനതകള്‍
1. കളവു പറയല്‍.
2. കളവു പറഞ്ഞു എന്ന ആരോപണം.
3. അധാര്‍മിക നടപടികള്‍.
4. നിവേദകന്റെ അനാചാര ബന്ധം.
5. നിവേദകന്‍ അജ്ഞാതനാവുക.
(ഇവ അഞ്ചും മതധാര്‍മിക നിലപാടുമായി ബന്ധപ്പെട്ടതാണ്. തുടര്‍ന്നുവരുന്ന അഞ്ചെണ്ണം ഹദീസിന്റെ ആദാനപ്രദാനങ്ങളുമായും വിനിമയരംഗത്തെ വൈകല്യങ്ങളുമായും ബന്ധമുള്ളവയാണ്)
6. ഗുരുതരമായ അബദ്ധങ്ങള്‍.
7. മനഃപാഠ വൈകല്യം.
8. അശ്രദ്ധ.
9. ധാരണപ്പിശകുകളുടെ ആധിക്യം.
10.പ്രാമാണികരോടുള്ള വിയോജിപ്പ്.

മേല്‍പറഞ്ഞ കാരണങ്ങളാല്‍ തള്ളിക്കളയാവുന്ന ഹദീസുകളുടെ ഇനങ്ങള്‍ താഴെപറയുന്നവയാണ്.
* മൗദൂഅ്
നിവേദകന്റെ അയോഗ്യതക്ക് കാരണം നബി(സ)യുടെ പേരില്‍ കളവു പറഞ്ഞു എന്നതാണെങ്കില്‍ അയാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവ മൗദൂഅ് (കല്‍പിതം) ആണ്. ആത്മസൃഷ്ടവും സ്വകല്‍പിതവും ആയ വ്യാജ സംഗതികള്‍ നബിയുടെപേരില്‍ അവതരിപ്പിക്കുക എന്നതാണ് മൗദൂഇന്റെ സാങ്കേതിക നിര്‍വചനം. ഈ ഇനം ഏറെ നിന്ദ്യവും ദുര്‍ബലവുമാണ്.
* മത്‌റൂക്
കളവ്പറഞ്ഞു എന്ന ആരോപണമാണ് നിവേദകന്റെ അയോഗ്യതയെങ്കില്‍ അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസ് മത്‌റൂക് (വര്‍ജ്യം) എന്നറിയപ്പെടുന്നു. നിവേദകന്‍ കളവുപറയുന്നവനായി ആരോപിക്കപ്പെടുന്നത് രണ്ട് കാരണങ്ങളാലാണ്:
1. താന്‍ വഴിയല്ലാതെ ആ ഹദീസ് ഉദ്ധരിക്കപ്പെടാതിരിക്കുകയും ദീനിന്റെ സുപരിചിത തത്ത്വങ്ങള്‍ക്ക് അത് എതിരാവുകയും ചെയ്യുക.
2. നിവേദകന്‍ സാധാരണ സംസാരങ്ങളില്‍ കളവു പറയുന്നവനായി അറിയപ്പെടുക. എന്നാല്‍ നബി(സ)യുടെ പേരില്‍ കളവ് പറഞ്ഞതായി തെളിയാതിരിക്കുകയും ചെയ്യുക.

* മുന്‍കര്‍
ഗുരുതര അബദ്ധം, തികഞ്ഞ അശ്രദ്ധ, അധാര്‍മിക നടപടികളില്‍ അധിക്ഷേപിക്കപ്പെട്ടവന്‍ എന്നീ ന്യൂനതകളാല്‍ ആക്ഷേപിക്കപ്പെടുന്ന വ്യക്തി നിവേദക പരമ്പരയിലുണ്ടെങ്കില്‍ അത്തരം ഹദീസിനെ മുന്‍കര്‍ എന്നുപറയുന്നു.
* മുഅല്ലല്‍
ധാരണപ്പിശകാണ് ഒരാളുടെ അയോഗ്യതയ്ക്കു കാരണമെങ്കില്‍ അയാളുദ്ധരിക്കുന്ന ഹദീസാണ് മുഅല്ലല്‍(വികലം) എന്നറിയപ്പെടുന്നത്. ബാഹ്യരൂപം കുറ്റമറ്റതായിരിക്കെ, സാധുതയെ ദോഷകരമായി ബാധിക്കുന്ന നിഗൂഢവൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുള്ള ഹദീസ് എന്നാണ് ഇതിന്റെ സാങ്കേതിക നിര്‍വചനം. ഈ വൈകല്യത്തെ ‘ഇല്ലത്ത്’ എന്ന് പറയുന്നു. ഇല്ലത്തുകളെപ്പറ്റിയുള്ള ജ്ഞാനം ഹദീസ് വിജ്ഞാനീയത്തിന്റെ ഉല്‍കൃഷ്ടവും അതിസൂക്ഷ്മവുമായ വശമാണ്.

പ്രമാണികരോടുള്ള വിയോജിപ്പ്
പ്രാമാണികരുമായുള്ള വിയോജിപ്പാണ് നിവേദകന്‍ അനഭിമതനാവാനുള്ള മറ്റൊരു കാരണം. ഈ വിയോജിപ്പ് അഞ്ചു തരത്തിലാകാം:
1. സനദിന്റെ ശരിയായ ക്രമം തെറ്റിച്ചുകൊണ്ടോ, സഹാബിയുടെ അഥവാ താബിഇന്റെ പ്രസ്താവനയെ നബിവചനമാക്കി അവതരിപ്പിച്ചുകൊണ്ടോ ഹദീസ് ഉദ്ധരിക്കുക(മുദ്‌റജ്).
2. വാക്കുകള്‍ സ്ഥാനം മാറ്റി ഉദ്ധരിക്കുക (മഖ്‌ലൂബ്).
3. സനദില്‍ ഉള്‍പ്പെടാത്ത ഒരാളെ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുക.
4. ഒരു നിവേദകനുപകരം മറ്റൊരാളെ പരാമര്‍ശിക്കുകയോ മൂലവാക്യം വൈവിധ്യങ്ങളോടെ അവതരിപ്പിക്കുകയോ ചെയ്യുക (മുദ്ത്വരിബ്).
5. വാക്യഘടനയ്ക്കു ഭംഗം സംഭവിക്കാതെ പദത്തിനുമാറ്റം വരുത്തി ഉദ്ധരിക്കുക (മുസ്വഹ്ഹഫ്).

* മുദ്‌റജ്
നിവേദക ശ്രേണിയുടെ ശരിയായ ക്രമത്തിന് ഭംഗം സംഭവിച്ചിട്ടുള്ളതോ മൂലവാക്യത്തില്‍ ഉള്‍പ്പെടാത്തതു വല്ലതും അതില്‍ ചേര്‍ന്നു വന്നതോ ആയ ഹദീസാണ് ഇത്. പ്രവേശിപ്പിക്കുക, ഉള്‍ക്കൊള്ളിക്കുക എന്നൊക്കെയാണ് ഇതിന്റെ ഭാഷാര്‍ഥം. ശ്രേണിക്കാണ് ഭംഗം ഉണ്ടായതെങ്കില്‍ അതിനെ മുദ്‌റജുല്‍ ഇസ്‌നാദ് എന്നും മൂലവാക്യത്തില്‍ എന്തെങ്കിലും ചേര്‍ന്നുവന്നാല്‍ അതിനെ മുദ്‌റജുല്‍ മത്ന്‍ എന്നും പറയുന്നു.* മഖ്‌ലൂബ്
നിവേദക പരമ്പരയിലോ മൂലവചനത്തിലോ ഉള്ള രണ്ടുപദങ്ങളെ പരസ്പരം മാറ്റിപ്പറയുക എന്നതാണിതിന്റെ സാങ്കേതിക വിവക്ഷ. കീഴ്‌മേല്‍ മറിക്കുക എന്നാണ് ഖല്‍ബിന്റെ ഭാഷാര്‍ഥം. ഇത് രണ്ട് രീതിയിലുണ്ട്:

1. മഖ്‌ലൂബുസ്സനദ്.
2. മഖ്‌ലൂബുല്‍ മത്ന്‍.
• മഖ്‌ലൂബുസ്സനദ്
നിവേദകശ്രേണിയിലുള്ള പദങ്ങള്‍ സ്ഥാനം മാറുക. കഅ്ബുബ്‌നുമുര്‍റഃ എന്നിടത്ത് മുര്‍റത്തുബ്‌നു കഅ്ബ് എന്ന് തിരിച്ചു പറയുന്നത് ഇതിന് ഉദാഹരണമാണ്.
• മഖ്‌ലൂബുല്‍ മത്ന്‍.
മൂലവചനത്തിലെ പദങ്ങള്‍ക്ക് സ്ഥാനചലനം സംഭവിക്കുക. ‘ഇടതുകൈ ചെലവഴിക്കുന്നത് വലതുകൈ അറിയാതിരിക്കുമാറ്’ എന്ന് ചില നിവേദകര്‍ ഉദ്ധരിച്ചത് ഇതിനുദാഹരണമാണ്.

• അല്‍മസീദു ഫീ മുത്തസ്വിലില്‍ അസാനീദ്
കണ്ണികളൊന്നും വിട്ടുപോയിട്ടില്ലാത്തതും കുറ്റമറ്റതെന്ന് തോന്നിക്കുന്നതുമായ നിവേദകപരമ്പരയില്‍ അധികപ്പറ്റായി ചില നിവേദകനാമങ്ങള്‍ കടന്നു കൂടിയിട്ടുള്ള ഹദീസാണിത്.

• മുദ്ത്വരിബ്
സമീകരണം(ജംഅ്) പ്രായോഗികമല്ലാത്ത വിധം വിവിധ നിവേദനങ്ങളിലൂടെ ഭിന്ന രൂപങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഹദീസാണിത്. നിവേദനങ്ങളുടെ ബലാബലം തുല്യമായതിനാല്‍ അവയിലൊന്നിന് മുന്‍ഗണന(തര്‍ജീഹ്) നല്‍കി മറ്റുള്ളവ തിരസ്‌കരിക്കാന്‍ നിര്‍വാഹവുമില്ല. ഇത് രണ്ടു വിധമുണ്ട്:
1. മുദ്ത്വരിബുസ്സനദ്
2. മുദ്ത്വരിബുല്‍ മത്‌ന്

• മുദ്ത്വരിബുസ്സനദ്
(നിവേദകശ്രേണി അസ്ഥിരമായത്) ഒരേ മൂലവാക്യം വൈവിധ്യമാര്‍ന്ന രൂപത്തില്‍ ഉദ്ധരിക്കപ്പെട്ട يا رسول الله أراك شبت قال شيبتني هود وأخواتها
എന്ന ഹദീസ് ഇതിന് ഉദാഹരണമാണ്. ചിലരുടെ നിവേദനത്തില്‍ സ്വഹാബിയുടെ സ്ഥാനത്ത് അബൂബക്കര്‍(റ) ആണെങ്കില്‍ ചിലരുടേതില്‍ സഅ്ദും വേറെ ചിലരുടേതില്‍ ആഇശ(റ)യുമാണ്.
• മുദ്ത്വരിബുല്‍ മത്‌ന്
(മൂലവചനം അസ്ഥിരമായത്) ഒരേ നിവേദക പരമ്പരയിലൂടെ ഭിന്ന രൂപത്തില്‍ മൂലവചനം ഉദ്ധരിക്കപ്പെട്ട ഹദീസ്. إن في المال حقا سوى الزكاة
(നിശ്ചയം ധനത്തില്‍ സകാത്തല്ലാത്ത ബാധ്യതയുമുണ്ട്)എന്ന് തിര്‍മിദി ഉദ്ധരിച്ച മൂലവചനം, അതേ പരമ്പരകളോടെ ഇബ്‌നുമാജ ഉദ്ധരിക്കുന്നത് ليس في المال حق سوى الزكاة (ധനത്തില്‍ സകാത്തൊഴികെ യാതൊരു ബാധ്യതയുമില്ല) എന്നാണ്.
• മുസ്വഹ്ഹഫ്
അര്‍ഥവ്യത്യാസം ഉളവാകും വിധം പദത്തില്‍ മാറ്റം വരുത്തി ഉദ്ധരിച്ച ഹദീസാണ് മുസ്വഹ്ഹഫ് . രൂപഭേദം വരുന്നത് സനദിലോ മത്‌നിലോ ആവാം.
സനദില്‍ സംഭവിച്ചതിന് ഉദാഹരണം:
ശുഅ്ബ ഉദ്ധരിച്ച ഒരു ഹദീസിന്റെ നിവേദകരില്‍ ഒരാളുടെ പേര് كعب بن مرّة എന്നാണ്. എന്നാല്‍ ഇബ്‌നു മഈന്‍ ഈ നാമത്തെ مرّة بن كعب തസ്വ്ഹീഫ് വരുത്തിയിരിക്കുന്നു
മത്‌നില്‍ സംഭവിച്ചതിന് ഉദാഹരണം:
സൈദുബ്‌നു സാബിതിന്റെ ഹദീസില്‍ ورجل تصدّق بصدقة فأخفاها حتى لا تعلم شماله ما تنفق يمينه എന്നുള്ളത് ഇബ്‌നു ലഹീഅഃ ഉദ്ധരിച്ചത് حتى لا تعلم يمينه ما تنفق شماله എന്നാണ്.

IV. ശാദ്ദായ ഹദീസുകള്‍
പ്രാമാണികന്‍ ഉദ്ധരിച്ചതില്‍നിന്ന് ഭിന്നമായി നിവേദനം ചെയ്യപ്പെടുന്ന ഹദീസാണ് ശാദ്ദ് എന്നറിയപ്പെടുന്നത്. ഒറ്റപ്പെട്ടത് എന്നാണ് ശാദ്ദിന്റെ ഭാഷാര്‍ഥം. സ്വീകാര്യയോഗ്യനായ നിവേദകന്‍, തന്നെക്കാള്‍ യോഗ്യനായ നിവേദകന്‍ ഉദ്ധരിച്ചതിനു ഭിന്നമായി നിവേദനം ചെയ്ത ഹദീസ് എന്നാണ് ശാദ്ദിന്റെ സാങ്കേതിക നിര്‍വചനം. ഫജ്‌റ്(സുബ്ഹ്) നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നബി(സ) വലതുവശം ചരിഞ്ഞു കിടന്നിരുന്നു എന്ന് ധാരാളം പ്രമാണികരായ നിവേദകര്‍ ഉദ്ധരിച്ചതില്‍ നിന്ന് വ്യത്യസ്തമായി, ഈ ഹദീസിന്റെ നിവേദകരില്‍ ഒരാളായ അബ്ദുല്‍ വാഹിദ് ഇതിനെ നബിയുടെ ഒരു പ്രസ്താവനയും നിര്‍ദേശവുമായി,
إذا صلى أحدكم الفجر فليضطجع عن يمينه (നിങ്ങളിലൊരുവന്‍ ഫജ്‌റ് നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ വലതുവശം ചരിഞ്ഞു കിടക്കട്ടെ) എന്നാണ് ഉദ്ധരിച്ചിട്ടുള്ളത്. സനദിലും ശാദ്ദ് സംഭവിക്കാം. ശാദ്ദിനു വിരുദ്ധമായ നിവേദനം മഹ്ഫൂള് എന്നറിയപ്പെടുന്നു.
ഢ. ഖുദ്‌സിയായ ഹദീസും മര്‍ഫൂആയ ഹദീസും
നിവേദക ശ്രേണിവഴി ഉദ്ധരിക്കപ്പെടുന്ന വചനം അല്ലെങ്കില്‍ വസ്തുത ആരുമായി ബന്ധപ്പെടുന്നുവെന്നതിനെ ആധാരമാക്കി ഹദീസുകളെ നാലു വിഭാഗമാക്കി തരം തിരിക്കാറുണ്ട്:
1. അല്‍ ഹദീസുല്‍ ഖുദ്‌സീ
2. മര്‍ഫൂഉ്
3. മൌഖൂഫ്
4. മഖ്ത്വൂഅ്

* അല്‍ ഹദീസുല്‍ ഖുദ്‌സീ
വിശുദ്ധ സത്ത(അല്ലാഹു)യുമായി ബന്ധപ്പെട്ട വചനം എന്നാണ് ഇതിന്റെ വാചികാര്‍ഥം. നബി(സ) വഴി അല്ലാഹുവിന്റെ പ്രസ്താവനയായി നമുക്ക് ഉദ്ധരിച്ച് ലഭിക്കുന്ന വചനം എന്നതാണിതിന്റെ സാങ്കേതിക വിവക്ഷ. ഖുര്‍ആനും ഹദീസുല്‍ ഖുദ്‌സിയും വ്യത്യസ്തങ്ങളാണ്. ഖുര്‍ആനിലെ പദങ്ങളും ആശയങ്ങളും പൂര്‍ണമായും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. മാത്രമല്ല ഖുര്‍ആന്റെ ഓരോ വാക്യവും മുതവാതിറാകണമെന്ന് നിബന്ധനയുണ്ട്.
അല്ലാഹു പ്രസ്താവിച്ചതായി നബി(സ) ഉദ്ധരിക്കുന്നു: ഞാന്‍, എന്റെ മേല്‍ അക്രമം വിലക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ അത് നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്….. ഇത്തരത്തില്‍ ഖുദുസിയായ ഹദീസുകള്‍ ഇരുന്നൂറില്‍ പരം മാത്രമാണുള്ളത്.
* മര്‍ഫൂഉ്
ഉന്നതി നല്‍കപ്പെട്ടത് എന്നാണിതിന്റെ പദാര്‍ഥം. നബി(സ)യുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ട വാക്ക്, പ്രവൃത്തി, അംഗീകാരം, ഗുണവര്‍ണന എന്നിവയ്ക്കാണ് സാങ്കേതിക ഭാഷയില്‍ മര്‍ഫൂഅ് എന്ന് പറയുന്നത്. ‘നബി(സ)ജനങ്ങളില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ട സ്വഭാവമുള്ള ആളായിരുന്നു’ എന്ന വചനം ഗുണങ്ങള്‍ വര്‍ണിക്കുന്ന മര്‍ഫൂആയ ഹദീസിന് ഉദാഹരണമാണ്.
* മൌഖൂഫ്
നിര്‍ത്തിവെക്കപ്പെട്ടത് (സ്വഹാബിയിലെത്തി നില്‍ക്കുന്നത്) എന്നാണ് ഭാഷാര്‍ഥം. സ്വഹാബിയുടേതായി ഉദ്ധരിക്കപ്പെടുന്ന പ്രസ്താവനയോ പ്രവൃത്തിയോ അംഗീകാരമോ ആണ് അതിന്റെ വിവക്ഷ.
* മഖ്ത്വൂഅ്
ഛേദിക്കപ്പെട്ടത് എന്നാണ് ഭാഷാര്‍ഥം. താബിഇല്‍നിന്നോ അദ്ദേഹത്തിന് താഴെയുള്ളവരില്‍നിന്നോ ഉദ്ധരിക്കപ്പെടുന്ന വാക്കോ പ്രവൃത്തിയോ ആണ് സാങ്കേതികമായി മഖ്ത്വൂഅ്.

VI. മുസ്‌നദും മുത്തസിലും
സ്വീകാര്യമെന്നോ അസ്വീകാര്യമെന്നോ ഭേദമില്ലാത്ത ഹദീസുമായി ബന്ധപ്പെട്ട ചില സാങ്കേതിക സംജ്ഞകളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:
1. മുസ്‌നദ്
2. മുത്തസ്വില്‍
3. സിയാദാത്തുഥ്ഥിഖാത്ത്

* മുസ്‌നദ്
ചേര്‍ത്തു പറയപ്പെടുന്നത്, ചാരിവെക്കപ്പെട്ടത് എന്നെല്ലാമാണ് ഭാഷാര്‍ഥം. ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് എന്നാണ് മുസ്‌നദിന്റെ സാങ്കേതിക നിര്‍വചനം.
* മുത്തസ്വില്‍
ഇടവിടാതെ ചേര്‍ന്നു വന്നത്, അവിഛിന്നം എന്നെല്ലാം ഭാഷാര്‍ഥം. സാങ്കേതിക ഭാഷയില്‍ ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ)യില്‍നിന്നോ സ്വഹാബിയില്‍നിന്നോ ഉദ്ധരിക്കപ്പെടുന്നത് എന്ന് നിര്‍വചിക്കാം.
* സിയാദാത്തു ഥ്ഥിഖാത്ത്
പ്രാമാണികര്‍ അധികരിപ്പിച്ചവ എന്നര്‍ഥം. ഒരു ഹദീസിന്റെ നിവേദകന്‍മാരില്‍ ഒരാള്‍ മറ്റു നിവേദകന്മാര്‍ ഉദ്ധരിച്ചതിനേക്കാള്‍ അധികമായി നിവേദനം ചെയ്തിട്ടുള്ള ഭാഗമെന്നതാണ് ഇതിന്റെ വിവക്ഷ.

കുറിപ്പ്
ഹദീസ് സ്വഹീഹാണെന്ന് തെളിഞ്ഞാല്‍ അത് ശര്‍ഈ വിധികള്‍ക്ക് ആധാരമാക്കേണ്ട പ്രമാണമായിത്തീരും. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അതിനെ അവഗണിക്കാന്‍ നിര്‍വാഹമില്ല. هذا حديث صحيح എന്ന് പണ്ഡിതന്‍മാര്‍ പറയുന്നതിന്റെ വിവക്ഷ നേരത്തെ വിവരിച്ച അഞ്ച് ഉപാധികളും പൂര്‍ത്തീകരിച്ച ഹദീസ് എന്നാണ്. അതേപ്രകാരം هذا حديث غير صحيح എന്ന് പറഞ്ഞാല്‍ അഞ്ച് ഉപാധികള്‍ അതില്‍ ഒത്തുചേര്‍ന്നിട്ടില്ല എന്നേ അര്‍ത്ഥമുള്ളൂ. ആ ഹദീസ് വ്യാജമാണെന്ന ധ്വനി അതിലില്ല. സഹീഹായ ഹദീസുകള്‍ മാത്രം സമാഹരിച്ചുകൊണ്ടുള്ള ആദ്യരചന സ്വഹീഹുല്‍ ബുഖാരിയാണ്. പിന്നീട് സ്വഹീഹ് മുസ്ലിമും. എന്നാല്‍ സ്വഹീഹായ മുഴുവന്‍ ഹദീസുകളും പ്രസ്തുത കൃതികളില്‍ ഉള്‍ക്കൊള്ളുന്നില്ല.

അവലംബം: ഹദീസ് വിശേഷാല്‍ പതിപ്പ് (പ്രബോധനം)

About the author

padasalaadmin

Add Comment

Click here to post a comment

Topics