പ്രബോധനമാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവശ്യംവേണ്ട ഒരു ഗുണമാണ് ക്ഷമ. പ്രബോധനമാര്‍ഗത്തില്‍ നേരിടേണ്ടിവരുന്ന എതിര്‍പ്പുകളും പ്രതിരോധങ്ങളും പീഡനങ്ങളും മറികടക്കാന്‍ പ്രസ്തുത ഗുണം ഉണ്ടായേ തീരൂ. പ്രസ്തുത സ്വഭാവഗുണം എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതിനെക്കുറിച്ചാണീ കുറിപ്പ്.
ക്ഷമ എങ്ങനെ വളര്‍ത്തിയെടുക്കാം
പ്രബോധനമേഖലയില്‍ ക്ഷമയെക്കുറിച്ച് പ്രതിപാദിക്കുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാനാകും. ഈ സൂക്തങ്ങളെല്ലാം ക്ഷമയവലംബിക്കേണ്ട സന്ദര്‍ഭങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ‘ക്ഷമകൈക്കൊള്ളുക’യെന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ എവിടെയൊക്കെ പരാമര്‍ശിക്കുന്നുണ്ടോ അവിടെയെല്ലാം അതിന്റെ സന്ദര്‍ഭവും സാഹചര്യവും എന്തെന്ന് അനുവാചകന്‍ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തിലുള്ള സൂക്തങ്ങള്‍ക്ക് ഏതാനും ചില ഉദാഹരണങ്ങളിതാ:
1. ‘നീ ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത് ‘(അന്നഹ്ല്‍ 127).
ഒരു അടിസ്ഥാനയാഥാര്‍ഥ്യം വെളിവാക്കുന്ന സൂക്തമാണിത്: സര്‍വശക്തനായ അല്ലാഹുവിന്റെ സഹായമോ പിന്തുണയോ കൂടാതെ ഒരാള്‍ക്കും യാതൊന്നുംചെയ്യാന്‍ കഴിയില്ല. ഒരു നിര്‍ദ്ദേശത്തോടൊപ്പമാണ് ഇവിടെ കല്‍പന കടന്നുവരുന്നത്. ക്ഷമയെന്ന അമൂല്യമായ സ്വഭാവഗുണം നേടിയെടുക്കണമെങ്കില്‍ അല്ലാഹുവിനുള്ള കീഴ്‌വണക്കം തികഞ്ഞ അനുസരണയോടെ വിശ്വാസി സമര്‍പ്പിക്കേണ്ടതുണ്ട്. അതിന് ദീര്‍ഘമായ പ്രാര്‍ഥനയുടെയും ദൈവസ്മരണയുടെയും ഘട്ടംപിന്നിടണം. ‘ നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു ‘(ഫാതിഹ 5)എന്ന പ്രാര്‍ഥന നമസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും മര്‍മ്മമായത് അതുകൊണ്ടാണ്. ഏറ്റവും മനോഹരമായ പ്രാര്‍ഥന ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക:”ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ക്ഷമ പകര്‍ന്നുതരേണമേ! (അല്‍ബഖറ 250,അല്‍അഅ്‌റാഫ് 126)
2. ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്റെ കഥ ഇവര്‍ക്കു പറഞ്ഞുകൊടുക്കുക…(സ്വാദ് 17)
തനിക്ക് മുമ്പുള്ള പ്രവാചകന്‍മാരെയും അവരുടെ സമുദായത്തെയുംപറ്റി മുഹമ്മദ് നബിക്ക് അല്ലാഹു വിവരിച്ചുകൊടുക്കുന്നുണ്ട്. മുകളിലെ സൂക്തത്തില്‍ ദാവൂദ് നബിയുടെ ചരിത്രമാണ് അല്ലാഹു ഓര്‍മിപ്പിക്കുന്നത്. തങ്ങളുടെ അനുഭവവുമായി സാദൃശ്യമുള്ള പ്രസ്തുത ചരിത്രപാഠങ്ങളുടെ ലെന്‍സിലൂടെ ഭാവിയെ കൃത്യമായി നിരീക്ഷിച്ച് ദിശാബോധത്തോടെ മുന്നോട്ടുനീങ്ങാന്‍ അത് പ്രബോധകരെ സഹായിക്കുമെന്നതുകൊണ്ടുതന്നെ ഖുര്‍ആന്റെ വലിയൊരു ഭാഗം ചരിത്രവിവരണം ആയതില്‍ അത്ഭുതപ്പെടാനില്ല.
തന്റെ എതിരാളിയുടെ ആക്ഷേപം അസഹനീയമായ ഘട്ടത്തില്‍ മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞു:’അല്ലാഹു മൂസാ (അ)യുടെ മേല്‍ കാരുണ്യം ചൊരിയുമാറാകട്ടെ. അദ്ദേഹം ഇതിനേക്കാള്‍ കഠിനമായി ഉപദ്രവിക്കപ്പെട്ടപ്പോള്‍ ക്ഷമാലുവായി നിലകൊണ്ടു'(ബുഖാരി).
അതിനാല്‍ ക്ഷമാപൂര്‍വം നിലകൊണ്ട മുന്‍കാലദൈവസന്ദേശവാഹകരുടെ ചരിത്രം പഠിക്കുന്നതിലൂടെ നമുക്കും ക്ഷമ പരിശീലിക്കാനാകും. ഇവിടെ വായനക്കാര്‍ ചിന്തിക്കാനായി ഒന്നു ചോദിച്ചോട്ടെ, മുഹമ്മദ് നബിയെ ക്ഷമയെന്ന സ്വഭാവഗുണം ആര്‍ജിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് എന്തിനാണ് ദാവൂദ് (അ)ന്റെ ചരിത്രം അല്ലാഹു ഓര്‍മിപ്പിച്ചത്?
3. അതിനാല്‍ ക്ഷമിക്കുക. സംശയമില്ല; അവസാനഫലം ഭക്തന്മാര്‍ക്കനുഗുണമായിരിക്കും.(ഹൂദ് 49)
ജനങ്ങള്‍ക്ക് സത്യസന്ദേശം എത്തിക്കുന്ന പ്രബോധനദൗത്യവുമായി ബന്ധപ്പെട്ട് ക്ഷമയെ പരാമര്‍ശിക്കുമ്പോള്‍ മാനവസമൂഹത്തിന്റെ ആദ്യപ്രവാചകനായ നൂഹ് നബിയെ മാറ്റിനിര്‍ത്താനാകില്ല. തന്റെ സമുദായത്തെ ആയിരത്തോളം വര്‍ഷം അദ്ദേഹം ദൈവികസന്ദേശത്തിലേക്ക് ക്ഷണിച്ചു. ആ ജനതയില്‍നിന്ന് അദ്ദേഹം നേരിട്ട കടുത്ത പരീക്ഷണത്തിനു സമാനമായത് മുഹമ്മദ് നബി തന്റെ ജീവിതത്തില്‍ അഭിമുഖീകരിച്ചിരുന്നു. ദൗത്യപ്രചാരണവേളയുടെ കടുത്ത പ്രതിസന്ധി ഘട്ടത്തിലാണ് ഹൂദ് അധ്യായം നബിക്ക് അവതീര്‍ണമാകുന്നത്. അതില്‍ നൂഹ് നബിയുടെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ കഥ ഉള്‍പ്പെടുത്തിക്കൊണ്ട് മുഹമ്മദ് നബിയോട് ക്ഷമകൈക്കൊള്ളാന്‍ ആജ്ഞാപിക്കുകയാണ്. അതോടൊപ്പം’ അവസാനഫലം ഭക്തന്മാര്‍ക്കനുഗുണമായിരിക്കും’ എന്ന് പറഞ്ഞുവെക്കുകയുംചെയ്തു. അതായത്, എല്ലാ പ്രവാചകന്‍മാരുടെയും ദൈവദൂതന്‍മാരുടെയും ചരിത്രം നല്‍കുന്ന ഗുണപാഠം ഭക്തന്‍മാര്‍ക്കാണ് അന്തിമവിജയമെന്നത്രേ. അന്തിമവിജയം ആര്‍ക്കെന്ന അറിവ് നല്‍കുന്ന ക്ഷമാശീലം തീര്‍ച്ചയായും വലിയൊരു പ്രചോദനമാണ്.
4.നിന്റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്.(അശ്ശൂറാ 48)
അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ഒരാളെ ക്ഷണിക്കുമ്പോള്‍ അതിനോട് ക്രിയാത്മകമായ പ്രതികരണമില്ലാതെ പോകുന്നതാണ് പ്രബോധകന് ഏറ്റവും വേദനയുണ്ടാക്കുന്നത്. അത്തരത്തിലുള്ള വേദനയും മനപ്രയാസവും പ്രവാചകന്‍ മുഹമ്മദ്(സ)നും ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തെ ആശ്വസിപ്പിക്കുകയുണ്ടായി. ‘അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം'(അശ്ശുഅറാഅ് 3). ഈ സൂക്തം മുന്നോട്ടുവെക്കുന്ന ആശയം ഇതാണ്. സത്യസന്ദേശപ്രചാരണം എന്നത് ആളുകള്‍ സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലുള്ള ഒന്നല്ല. മറിച്ച്, എന്തുതന്നെ ഫലങ്ങള്‍ ഉണ്ടാക്കിയാലും ഇല്ലെങ്കിലും ദൈവത്തിന്റെ വിധിവിലക്കുകളെക്കുറിച്ച വിവരമെത്തിക്കുകയും ബോധവത്കരിക്കുകയും ചെയ്യുകയെന്നതുമാത്രമാണ് പ്രബോധകന്റെ ദൗത്യം. അതിന്റെ ഫലം തീരുമാനിക്കുന്നത് അല്ലാഹുവാണ്.
5. അതിനാല്‍ ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. (ത്വാഹാ 130)
പ്രബോധകന്‍ പരിപോഷിപ്പിച്ചെടുക്കേണ്ട ഗുണമാണ് ക്ഷമ. ഹൃദയപൂര്‍വം അല്ലാഹുവിന്റെ മഹത്ത്വത്തെ വാഴ്ത്തുകയും അത് നാവുകൊണ്ട് വെളിപ്പെടുത്തുകയും ജീവിതത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ ക്ഷമ ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയും. പ്രബോധനമെന്ന പ്രാധാന്യമേറിയ ദൗത്യത്തില്‍നിന്ന് അതുകൂടി ഉള്‍ക്കൊള്ളുന്ന അതിപ്രധാനമായ, അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും സ്തുതിക്കുകയുംചെയ്യുന്ന പ്രവൃത്തിയിലേക്ക് പ്രബോധകന്റെ ശ്രദ്ധ ക്ഷണിക്കുകയാണെന്ന് നമുക്ക് ഒരുവേള തോന്നിയേക്കാം. മൂസാ (അ) അല്ലാഹുവിനോട് സഹോദരന്‍ ഹാറൂനെക്കൂടി തന്റെ ദൗത്യത്തില്‍ നിയോഗിച്ച് ശക്തിപ്പെടുത്താന്‍ പ്രാര്‍ഥിക്കുന്നത് ‘ഞങ്ങള്‍ നിന്റെ വിശുദ്ധി ധാരാളമായി വാഴ്ത്താനാണിത്.നിന്നെ നന്നായി ഓര്‍ക്കാനും'(ത്വാഹാ 33,34) എന്നാണ്. ഇത് വളരെ ആലോചനാമൃതമാണ്.
6.തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. (അല്‍ കഹ്ഫ് 28)
ആരുടെയും സഹകരണമോ പിന്തുണയോ ഇല്ലാതെ പ്രബോധനം നടത്താന്‍ കഴിയുമായിരുന്നെങ്കില്‍ അതിന് കഴിവുറ്റവന്‍ മുഹമ്മദ് നബിയായിരുന്നു. എന്നിട്ടും അല്ലാഹു അദ്ദേഹത്തോട് കല്‍പിക്കുന്നത് തന്നെ പ്രഭാതത്തിലും പ്രദോഷത്തിലും സ്മരിക്കുന്നവരോടൊപ്പം നിലയുറപ്പിക്കാനാണ്. മാത്രമല്ല, അവരില്‍നിന്ന് ശ്രദ്ധ തെറ്റി മറ്റുള്ളവരിലേക്ക് പോകരുതെന്ന് മുന്നറിയിപ്പുകൊടുക്കുന്നു. അല്ലാഹുവിന് മുന്‍ഗണനകൊടുക്കുകയും അവന് കീഴൊതുങ്ങി ജീവിക്കണമെന്ന് തീരുമാനിക്കുകയുംചെയ്ത ആളുകളോടൊപ്പം കഴിച്ചുകൂട്ടുന്നത് ക്ഷമ പ്രദാനംചെയ്യുന്ന സംഗതിയാണ്. തന്റെ സഹോദരനെ കൂടെ നിയോഗിക്കണം എന്ന്ആഗ്രഹിച്ച മൂസാനബി അവനിലൂടെ ‘എന്റെ കഴിവിന് മികവ് വരുത്തേണമേ'(ത്വാഹാ 31) എന്നാണ് പ്രാര്‍ത്ഥിച്ചത്.
ഏറെ നാളത്തെ ദൗത്യത്തിന്റെ വിഷമവേളയില്‍ തന്റെ പുറത്തുതട്ടി ‘അല്ലാഹുവിന്റെ ദൂതരേ, അവന്‍ താങ്കള്‍ക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും ‘ എന്ന് അബൂബക്ര്‍ പ്രവാചകനോട് പറഞ്ഞതുപോലെ ഒരാള്‍ പറഞ്ഞാല്‍ അതിനേക്കാള്‍ വലുതായി മറ്റെന്തെങ്കിലുമുണ്ടോ?
മകുടോദാഹരണം
അങ്ങേയറ്റം ക്ഷമയവലംബിച്ച മഹാന്‍മാരില്‍ ഉന്നതസ്ഥാനത്ത് വിരാജിക്കുന്നത് പ്രവാചകന്‍ മുഹമ്മദ് (സ) ആണെന്നതില്‍ സംശയമില്ല. അദ്ദേഹത്തെ സ്വന്തംജനത ജനത അവഗണിച്ചപ്പോഴും, പരിഹസിച്ചും ആക്ഷേപിച്ചും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചപ്പോഴും, കണ്‍മുന്നില്‍ അനുയായികളെ ഭേദ്യംചെയ്യുന്നത് കാണേണ്ടിവന്നിട്ടും, മക്കയില്‍നിന്ന് ആട്ടിയോടിച്ചിട്ടും, വധഗൂഢാലോചനകള്‍ക്കിരയായിട്ടും, ഉന്‍മൂലനംചെയ്യാന്‍ യുദ്ധംചെയ്തിട്ടും അദ്ദേഹം പ്രകടിപ്പിച്ച ക്ഷമ തുല്യതയില്ലാത്തതായിരുന്നു.
അല്ലാഹു വിജയം സമ്മാനിക്കുന്നതുവരെ അദ്ദേഹം പ്രബോധനമാര്‍ഗത്തില്‍ നിലകൊണ്ടു. പ്രബോധകന്റെ വിജയത്തിന് ജനങ്ങള്‍ സന്ദേശം സ്വീകരിക്കണമെന്നത് അനിവാര്യഘടകമല്ല. എന്നാല്‍ ആ സന്ദേശം ജനങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും സ്പര്‍ശിച്ചിരിക്കണം. ദൗത്യത്തില്‍ തനിച്ചാണെങ്കില്‍ പോലും അല്ലാഹുവിന്റെ ദൂതനായി മരിക്കുന്നതിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലും ആണ് പ്രബോധകന്റെ യഥാര്‍ഥവിജയം.
ഡോ. വാഇല്‍ ഹംസ
വിവ: ഉമര്‍ഖാന്‍ (അസ്ഹറുല്‍ ഉലൂം വിദ്യാര്‍ത്ഥി)
Add Comment