അറബി ഭാഷയില്‍ നമസ്‌കാരത്തിനു ‘സലാത് എന്നാണ് പറയുക. അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ കൊണ്ടു തുടങ്ങി അസ്സലാമുഅലൈക്കും എന്ന ‘തസ് ലീം’ കൊണ്ടവസാനിക്കുന്ന നിശ്ചിത വാക്കുകളും പ്രവര്‍ത്തികളും ഉള്‍ക്കൊള്ളുന്ന മുസ്‌ലിംകളുടെ സവിശേഷമായ ആരാധനാരീതിയാണ് നമസ്‌കാരം. ഇസ്‌ലാമിന്റെ നെടുംതൂണാണ് നമസ്‌കാരം എന്ന നബിവചനം ഇസ്‌ലാമില്‍ നമസ്‌കാരത്തിനുള്ള പ്രധാന്യത്തെ സൂചിപ്പിക്കുന്നു. അല്ലാഹു നിര്‍ബന്ധമാക്കിയ ആരാധനാക്രമങ്ങളില്‍ പ്രഥമസ്ഥാനം നമസ്‌കാരത്തിനാണ്.
വിശ്വാസിയുടെ മനസ്സും ശരീരവും സദാ ദൈവോന്മുഖമായിരിക്കേണ്ടതിനുള്ള ഉപാധിയാകുന്നു നമസ്‌കാരം. ദൈവത്തിനു മുന്നില്‍ ചെന്നുനിന്ന് ചില ചലനങ്ങളിലൂടെ അവനോടുള്ള ദാസ്യവും വണക്കവും പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും സന്മാര്‍ഗ ലബ്ദിക്കും ദുര്‍മാര്‍ഗ മുക്തിക്കുമായി പ്രാര്‍ഥിക്കുകയും ഒടുവില്‍ തന്റെ ചുറ്റുമുള്ള ലോകത്തിന് ശാന്തി നേര്‍ന്നുകൊണ്ട് ആ പ്രാര്‍ഥനയില്‍ നിന്ന് വിരമിക്കുകയാണ് വിശ്വാസി ചെയ്യുന്നത്. ദിവസം അഞ്ചു പ്രാവശ്യം ഈ കര്‍മം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസിയില്‍ ദൈവബോധവും സന്മാര്‍ഗാഭിമുഖ്യവും സജീവമായി നില നില്‍ക്കുന്നു. ഇത് അവരെ ദൈവത്തിനിഷ്ടമില്ലാത്തതില്‍ നിന്നെല്ലാം തടയുകയും ദൈവപ്രീതിയുടെ മാര്‍ഗത്തിലേക്ക് ചരിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പ്രസ്താവിച്ചു ”നമസ്‌കാരം നിലനിര്‍ത്തുക, നിശ്ചയം നമസ്‌കാരം ആഭാസങ്ങളെയും ദുര്‍വൃത്തികളെയും വിലക്കുന്നു. ദൈവസ്മരണ ഏറ്റം മഹത്തരമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു” (29:45). പ്രവാചകന്‍ നമസ്‌കാരത്തെ വര്‍ണിച്ചതിങ്ങനെയാണ്: ”നിങ്ങളുടെ വീടിനരികിലൂടെ ഒരു തെളിനീരരുവി ഒഴുകികൊണ്ടിരിക്കുന്നു. നിങ്ങള്‍ അഞ്ചുനേരം അതിലിറങ്ങി കുളിക്കുന്നുണ്ട്. എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ വല്ല മാലിന്യവുമുണ്ടായിരിക്കുമോ ?അതുപോലെ സംശുദ്ധവും സംസ്‌കൃതവുമായിത്തീരുന്നു നമസ്‌കരിക്കുന്നവന്റെ മനസ്സ്.”
Add Comment