അനുഷ്ഠാനം-ലേഖനങ്ങള്‍

ചോദിക്കാം, ഈ റമദാന്‍ നമുക്ക് നേടിത്തന്നത് എന്ത് ?

വിശ്വാസികള്‍ക്ക് തികഞ്ഞ അനുഗ്രഹമായ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണല്ലോ റമദാന്‍. അതിനാലാണ് വ്രതശുദ്ധിയിലൂടെ പരിശുദ്ധഖുര്‍ആനിനെ ഓരോ വിശ്വാസിക്കും മനസ്സിലേക്ക് ആവാഹിക്കാന്‍ അല്ലാഹു ആ മാസത്തില്‍ അവസരം നല്‍കിയത്. ഖുര്‍ആന്‍ മനുഷ്യന്റെ സ്വഭാവപെരുമാറ്റരീതികളിലുള്ള മികവും തികവും ആണ് ആവശ്യപ്പെടുന്നത്. മുസ്‌ലിംകളെന്ന നിലക്ക് ഉത്തമസ്വഭാവഗുണങ്ങളാണ് നമ്മില്‍നിന്ന് പ്രകൃതിക്കും അതിലെ ചരാചരങ്ങള്‍ക്കും മനുഷ്യസഹോദരങ്ങള്‍ക്കും അനുഭവവേദ്യമാകേണ്ടത്. ഈ റമദാന്‍ നമുക്ക് നേടിത്തന്നതെന്തൊക്കെയാണെന്ന ചോദ്യങ്ങളാണ് ഇവിടെഉയര്‍ത്തുന്നത്.

1. മനുഷ്യസമൂഹത്തില്‍ വിശ്വാസിയെന്ന നിലക്ക് നാം ആരാണെന്നും നമ്മുടെ മേന്‍മയെന്താണെന്നുമുള്ള തിരിച്ചറിവ് ലഭിച്ചുവോ? അതിന് സാധ്യമാകുംവിധമുള്ള ഖുര്‍ആന്‍ പാരായണമാണോ നാം നടത്തിയത് ?

2. നന്‍മ കല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുന്ന ഉത്തമസമുദായമെന്ന(ആലുഇംറാന്‍ 110) ഖുര്‍ആന്റെ ഓര്‍മപ്പെടുത്തല്‍ നമ്മുടെ ശ്രദ്ധയില്‍പെട്ടുവോ?

3. എന്തുമാത്രം സാമ്പത്തിക-ശാരീരിക-രാഷ്ട്രീയ നേട്ടങ്ങള്‍ ലഭിക്കുമെങ്കിലും അതെല്ലാം ദൈവപ്രീതികാംക്ഷിച്ച് വേണ്ടെന്നുവെക്കാന്‍ മനസ്സിനെ നാം പാകപ്പെടുത്തിയോ?

4. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും അവര്‍ക്ക് നല്ലുതവരണമെന്ന ഗുണകാംക്ഷ വെച്ചുപുലര്‍ത്താനും നല്ലതും ചീത്തയും ഏതെന്ന് അവര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കാനുമാണ് നമ്മെ  നിയോഗിച്ചിട്ടുള്ളതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുവോ?

5. തനിക്ക് അല്ലാഹു നല്‍കിയ വിഭവങ്ങളില്‍ ഒരുപങ്ക് അഗതികള്‍ക്കും ദരിദ്രര്‍ക്കും അവകാശപ്പെട്ടതാണെന്ന ചിന്ത ഉണ്ടാകാറുണ്ടോ?

6. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ നല്ലതുപറയാനും അപ്രിയമായത് കേട്ടാല്‍  ഒട്ടുംകോപിക്കാതെ ശാന്തമായി മറുപടികൊടുക്കാനും അല്ലെങ്കില്‍ സമാധാനപൂര്‍വം പിന്തിരിയാനും ഉള്ള മാനസികാവസ്ഥ നേടിയെടുക്കാന്‍ കഴിഞ്ഞോ?

7. നമ്മോടുപിണങ്ങി അകന്നുനില്‍ക്കുകയും ബന്ധംമുറിക്കുകയുംചെയ്ത സഹോദരങ്ങളുമായി (അവര്‍ കുടുംബബന്ധുക്കളായാലും സുഹൃത്തുക്കളായാലും ശരി) ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചുവോ?

8. ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ അങ്ങേയറ്റം തെറ്റുധരിപ്പിക്കപ്പെട്ട ഇക്കാലത്ത് അതിന്റെ യഥാര്‍ഥരൂപം വാചാ-കര്‍മണാ തന്റെ ജീവിതത്തിലൂടെ പ്രസരിപ്പിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തുവോ?

9.അല്ലാഹുവിന്റെ സഹായം ഏതുപ്രതിസന്ധിഘട്ടത്തിലും ഉറപ്പുവരുത്താന്‍ കഴിയുമാറ്  പ്രാര്‍ഥനയിലൂടെയും പശ്ചാതാപത്തിലൂടെയും അവനുമായി അടുത്തബന്ധം സ്ഥാപിച്ചുവോ?

10.അല്ലാഹുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അവനറിയിച്ചുതന്ന ഖുര്‍ആനികകല്‍പന പിന്തുടരണമെന്നും ദൈവദൂതന്‍ കാണിച്ചുതന്നതുപോലെ ജീവിക്കണമെന്നുമുള്ള തിരിച്ചറിവ് നേടിയെടുത്തുവോ?

11. ദൈനംദിനജീവിതത്തില്‍ ഖുര്‍ആന്റെ ആശയസഹിതമുള്ള വായന ശീലിക്കുകയും അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയുംചെയ്യുമെന്ന തീരുമാനം കൈക്കൊണ്ടുവോ?

ജീവിതത്തില്‍ വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായ എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ ആവശ്യമായ എല്ലാ ഒറ്റമൂലികളും ഖുര്‍ആനിലുണ്ടെന്ന തിരിച്ചറിവും അതുകൊണ്ടുതന്നെ ആ ഖുര്‍ആനിനെ സദാ മുറുകെപ്പിടിക്കുമെന്ന ദൃഢനിശ്ചയവുമാണ്  ഓരോ വിശ്വാസിക്കും ഈ റമദാന്‍ നേടിത്തരുന്നത്. അതു നേടിയവരാണ് സന്തോഷപൂര്‍വം ശവ്വാല്‍ ഒന്നില്‍ സന്തോഷത്തോടെ അവന്റെ മഹത്വം വാഴ്ത്തുകയും അവനെ പ്രകീര്‍ത്തിക്കുകയുംചെയ്യുന്നത്.

Topics