അനുഷ്ഠാനം-ലേഖനങ്ങള്‍

ഇന്നുമുതല്‍ തുടങ്ങട്ടെ പുതിയ ജീവിതം

ആത്മീയമായ ഉണര്‍വും ഇസ്‌ലാമികമായി ജീവിക്കാനുള്ള പ്രചോദനവും റമദാന്‍ എല്ലാ വിശ്വാസികള്‍ക്കും പകര്‍ന്നുനല്‍കുന്നു. നമ്മുടെ ദൈനംദിനാവശ്യങ്ങളുടെ പൂര്‍ത്തീകരണസമയത്ത് അത്യാവശ്യം വിഭവങ്ങളില്‍ തൃപ്തിയടയാനുള്ള മനസ്സ് അത് നേടിത്തരും. ഇത്രയും ഗുണപരമായ മാറ്റം ഉണ്ടാക്കുന്ന റമദാന്‍ നമ്മുടെ ദുഃശീലങ്ങള്‍ മാറ്റിയെടുക്കാന്‍ നല്ല ഒരു മാര്‍ഗമാണ്.  റമദാനുശേഷം തുടര്‍ന്നുള്ള മാസങ്ങളില്‍ തികച്ചും ഇസ്‌ലാമികമായ വ്യക്തിത്വം മുറുകെപ്പിടിക്കാന്‍ അതിനാല്‍ നമുക്ക് കഴിയേണ്ടതുണ്ട്.

പരദൂഷണങ്ങള്‍ക്ക് വിട

സാധാരണയായി റമദാനില്‍ എല്ലാ വിശ്വാസികളും ബോധപൂര്‍വം പരദൂഷണം പറച്ചിലില്‍നിന്ന് വിട്ടുനില്‍ക്കാറുണ്ട്.  അത് നോമ്പ് പാഴാക്കിക്കളയും എന്നതുതന്നെ കാരണം. പക്ഷേ, ചിലര്‍ നോമ്പുകാലം കഴിഞ്ഞാല്‍ വീണ്ടുംപൂര്‍വാധികം ശക്തിയോടെ പരദൂഷണക്ലബ്ബില്‍ സജീവമാകും.  അതിനാല്‍ വിശ്വാസി ആ ചെളിക്കുണ്ടിലേക്ക് വീണ്ടും ചെന്നുചാടിക്കൂടാ. റമദാന്‍ പകര്‍ന്നുതന്ന നിയന്ത്രണശേഷി നിലനിര്‍ത്തിക്കൊണ്ട്  പരദൂഷണത്തില്‍നിന്ന് വിട്ടുനില്‍ക്കുക. വ്യക്തികളിലെ നന്‍മകളെ ഓര്‍ത്തെടുക്കാനും അത് പറയാനും ശ്രമിക്കുക.  പരദൂഷണസ്വഭാവത്തില്‍നിന്ന് രക്ഷനേടാന്‍ ചില വഴികളുണ്ട്.

1. എപ്പോഴും കര്‍മനിരതനായിരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ സമയം പാഴാക്കാത്ത ഗുണപരമായ കര്‍മത്തില്‍ ഏര്‍പ്പെടുക.

2. നമ്മിലുള്ള ന്യൂനതകളെന്തെന്ന് സദാ ചികഞ്ഞുനോക്കുക. അവ ഉടന്‍തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക.

3. ഗോസിപ് കോളം ഉണ്ടാക്കിയശേഷം എത്രപേരെ പറ്റി മോശമായത് പറഞ്ഞുവെന്നത്  കുറിക്കുക. ഓരോദിവസവും എത്രമാത്രം പുരോഗതിയുണ്ടായെന്ന് നിരീക്ഷിക്കുക. ഈ രീതിയില്‍ കൂട്ടുകാരെക്കൂടി പങ്കെടുപ്പിച്ച് അത്തരത്തിലൊരു കൂട്ടായ്മ സംഘടിപ്പിക്കുക.

4. ആരും കുറ്റങ്ങളില്‍നിന്ന് വിമുക്തരല്ലെന്നും ഓരോ വ്യക്തികള്‍ക്കും അവരവരുടേതായ ന്യൂനതകളും ദൗര്‍ബല്യങ്ങളും ഉണ്ടെന്നും തിരിച്ചറിയുക. ആളുകളെ അവരുടെ അഭാവത്തില്‍ കുറ്റപ്പെടുത്തുന്നതും ഇകഴ്ത്തി സംസാരിക്കുന്നതും ധീരതയൊന്നുമല്ല. നിങ്ങളുടെ പ്രവൃത്തികൊണ്ട് നേട്ടമാണുദ്ദേശിക്കുന്നതെങ്കില്‍ മറ്റാരും കൂടെയില്ലാത്തപ്പോള്‍ അദ്ദേഹത്തോട് ന്യൂനതയെപ്പറ്റി ഗുണകാംക്ഷയോടെ ഉപദേശിക്കുക. ഒരുവേള, മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ കാരണമായ മോശം സ്വഭാവം നമ്മളിലും പ്രത്യേകസാഹചര്യത്തില്‍ ഉണ്ടാകാറുള്ളതായിരിക്കാം. അന്യരെ കുറ്റപ്പെടുത്താനും അവരെ വിധിയെഴുതാനും ശ്രമിക്കുന്ന സ്വഭാവം നമുക്കുതന്നെയാണ് ആത്യന്തികമായി ദോഷംവരുത്തുക. നമ്മുടെ പ്രവൃത്തികളെപ്പറ്റി നാമാണല്ലോ അല്ലാഹുവിന്റെ മുമ്പില്‍ സമാധാനം ബോധിപ്പിക്കേണ്ടിവരിക. 

ദുര്‍വ്യയവും ധൂര്‍ത്തും ഒഴിവാക്കുക

റമദാനില്‍ നമ്മുടെ ചിലവുകള്‍ കുറയേണ്ടതായിരുന്നു. എന്നാല്‍ തികച്ചുംവിരുദ്ധമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ആളുകള്‍ ഭക്ഷണത്തിനുവേണ്ടി കൂടുതല്‍ പൈസ നാംവകയിരുത്തുന്നുണ്ട്. പാവങ്ങളായ ആളുകള്‍ ഒരുനേരത്തേ ഭക്ഷണത്തിന് എത്രമാത്രം കഷ്ടപ്പെടുന്നുവെന്നും പട്ടിണി എങ്ങനെ സഹിക്കുന്നുവെന്നും  തിരിച്ചറിയാന്‍ ഒരുക്കിയ മാസത്തിലാണ് നാം ഭക്ഷണത്തിനായി കൂടുതല്‍ ചെലവിടുന്നതെന്ന് ഓര്‍ക്കണം. അതിനാല്‍തന്നെ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മാതൃകയാകുംവിധമുള്ള ഭക്ഷണരീതി നമുക്ക് ആസൂത്രണംചെയ്യാനാകും. നമ്മുടെ ശരീരത്തിന് പോഷണം നല്‍കുന്നതും പോക്കറ്റിന് ക്ഷീണം ഉണ്ടാക്കാത്തതുമായ ഭക്ഷണവിഭവങ്ങള്‍ നാം കണ്ടെത്തണം. അതിനായി ഹൈപര്‍മാര്‍ക്കറ്റുകളിലേക്കോ ഷോപിങ് മാളുകളിലേക്കോ പോകേണ്ടതില്ല. അഥവാ പോകേണ്ടിവന്നാല്‍തന്നെയും മാസത്തിലൊരിക്കല്‍ മാത്രം പോകുക.അല്ലാത്തപക്ഷം ദിനേനയുള്ള വിവിധഓഫറുകളില്‍ വഞ്ചിതരായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനിടയുണ്ട്.

ഭക്ഷണം വീട്ടിനകത്തുതന്നെ പാചകംചെയ്യുന്നതാണ് കൂടുതല്‍ ലാഭകരമെന്നും രുചികരമെന്നും ഓര്‍ക്കുക. ഏതെങ്കിലും കാരണവശാല്‍ ബാക്കിവന്നാല്‍ പോലും അത് സമീപത്തുള്ള പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൊടുക്കാന്‍ മടിക്കരുത്.

ദേഷ്യം നിയന്ത്രിക്കുക

സാധാരണയായി റമദാന്റെ പകലുകളില്‍ കുട്ടികളോട് ഒച്ചയിടുകയും അലറുകയുംചെയ്യുന്നവരാണ് മാതാപിതാക്കള്‍. നമസ്‌കാരത്തിനും പ്രാര്‍ഥനകള്‍ക്കുമായി തയ്യാറെടുക്കുന്ന ഘട്ടത്തില്‍ കുസൃതികളായ സന്താനങ്ങള്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍കണ്ടാല്‍ ആര്‍ക്കും പെട്ടെന്ന് ദേഷ്യം വരാം. എന്നാല്‍ ആ ദേഷ്യം പ്രകടിപ്പിക്കുകയല്ല വേണ്ടത്. മറിച്ച് അവരെ മറ്റൊരു ഗുണപരമായ പ്രവൃത്തിയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. റമദാനില്‍ നാം ആര്‍ജിക്കുന്ന ആത്മനിയന്ത്രണം തുടര്‍ന്നുള്ള മാസങ്ങളിലും പ്രയോഗിക്കാന്‍ ഒരുനിമിത്തമാണ് സന്താനങ്ങള്‍ എന്ന് മനസ്സിലാക്കുക. കുട്ടികളോടൊത്ത് അല്‍പസമയം ചെലവഴിക്കാനും അവരുടെ പ്രായത്തിന് യോജിക്കുന്ന പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിക്കൊടുക്കാനും രക്ഷിതാക്കള്‍ ശ്രമിച്ചാല്‍ അത് വലിയൊരു സദ്കര്‍മമായിത്തീരുംഎന്ന് ഓരോരുത്തരും തിരിച്ചറിയണം. കുട്ടികളോട് ദേഷ്യപ്പെടുന്നത് അവരുടെ സ്വഭാവത്തെ ഗുരുതരമായി ബാധിക്കുകതന്നെചെയ്യും.

കുട്ടികളെ കൂടുതലായി നമസ്‌കാരങ്ങള്‍ക്കും ഖുര്‍ആന്‍ വായനയ്ക്കും പ്രേരിപ്പിച്ചാല്‍ അത് വളരെയേറെ ഗുണംചെയ്യും. അതിന് പ്രചോദനമേകുംവിധം അവര്‍ക്കിടയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാം.

അതിനാല്‍ റമദാനിനെ സവിശേഷമായ രീതിയില്‍ നോക്കിക്കാണാന്‍ നാംതയ്യാറാകുക. അതിനെ പ്രാര്‍ഥനകളുടെയും ആരാധനകളുടെയും മാസമാക്കി ആഘോഷിക്കുന്നതിനുപരി മാറ്റത്തിനുള്ള  വിശേഷാവസരമായി കണ്ട്  പ്രയോജനപ്പെടുത്തുക.

Topics